ആഗോള വ്യാപകമായി ഈ പകർച്ചപ്പനി മഹാമാരിയായി കണക്കാക്കപ്പെടുന്നു. പക്ഷിപ്പനി വൈറസ് സൂക്ഷ്മമായ സ്രവത്തുള്ളികളിലൂടെ വായുവിൽ പടരുമെങ്കിലും പക്ഷിപ്പനി വായുവിലൂടെ പകരുന്ന ഒരു രോഗമായി കരുതുന്നില്ല.
ഏവിയൻ ഇൻഫ്ലുവൻസ വൈറസ് മനുഷ്യരിൽ പകരുന്നത് പക്ഷിപ്പനി ബാധിതരുമായോ രോഗബാധയേറ്റ പക്ഷികളുമായോ ഉള്ള സമ്പർക്കത്താലാണ്. കോഴികൾ ഉൾപ്പെടെ പക്ഷികൾക്ക് ബാധിക്കുന്ന ഒരു പനിയാണങ്കിലും കോഴികളെ ബാധിക്കുന്നതിനാലാണ് കൂടുതൽ ആകാംക്ഷ. നമ്മുടെ വീടുകളിലും കോഴി ഫാമുകളിലും നാം കോഴികളെ വളർത്തുകയും അവയുടെ ഇറച്ചിയും മുട്ടയും ഭക്ഷണമാക്കുകയും ചെയ്യുന്നു. അതിനാൽ പക്ഷിപ്പനി കോഴികളിൽ നിന്നും മനുഷ്യരിലേക്ക് പകരാനാണ് കൂടുതൽ സാധ്യത.
പക്ഷിപ്പനി പിടിച്ച പക്ഷി (കോഴി) യുടെ ചുണ്ട് (വായ്), കണ്ണ്, മൂക്ക്, എന്നിവിടങ്ങളിലൂടെ പുറത്തു വരുന്ന ശരീര സ്രവങ്ങൾ, മുട്ട, കാഷ്ടം, തൂവൽ, എന്നിവയിൽ പക്ഷിപ്പനി വൈറസ് ഉണ്ടായിരിക്കും. അതിനാൽ അവയുമായി സമ്പർക്കപ്പെടുന്നതിലൂടെ അണുബാധ ഉണ്ടാവാം. സ്രവങ്ങൾ, കാഷ്ടം, തൂവൽ, എന്നിവ കൊണ്ട് അണു മലിനമായ ഇടങ്ങളിലെ സമ്പർക്കവും പക്ഷിപ്പനിക്ക് കാരണമാവാം. പക്ഷിക്കൂട്, കോഴിക്കൂട്, ഫാമിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ഇറച്ചി വെട്ടാനുപയോഗിക്കുന്ന കത്തി, ടേബിൾ, എന്നിവയിലൂടെയും പക്ഷിപ്പനി പകരാം.
പക്ഷിപ്പനി പിടിച്ച കോഴിയുടെ ഇറച്ചി നന്നായി പാകം ചെയ്യാതെ കഴിക്കുക, അവയുടെ മുട്ട വെന്തുറയ്ക്കാതെ കഴിക്കുക, മുട്ട വാട്ടി കുടിക്കുക, തുടങ്ങിയ ശീലങ്ങൾ പക്ഷിപ്പനിക്ക് ഇടയാക്കുന്നു.
രോഗബാധയുള്ള കോഴിയെ പരിചരിക്കുന്നവർ, കോഴി ചന്തയിലെ പണിക്കാർ, കോഴി കച്ചവടക്കാർ, കോഴിയെ കശാപ്പ് ചെയ്യുന്നവർ, എന്നിവരെ പക്ഷിപ്പനി വേഗത്തിൽ പിടിപെടുന്നു.
വീടുകളിലെ വളർത്തു പക്ഷികൾക്കും കോഴികൾക്കും പക്ഷിപ്പനി പിടിക്കുകയാണെങ്കിൽ അവയുമായി നിരന്തര സമ്പർക്കമുള്ളവർക്കും പക്ഷിപ്പനി പിടിക്കാനിടയുണ്ട്.
ഫാമുകളിൽ കോഴികൾ തിങ്ങി ഞെരുങ്ങിയാണ് കഴിയുന്നത്. അതിനാൽ അവയിൽ ഒന്നിന് പനി പിടിച്ചാൽ ഫാമിലെ മുഴുവൻ കോഴികൾക്കും വൈകാതെ രോഗം പിടിപെടും. പിന്നെ മനുഷ്യരിലേക്കും പലവിധേന ബാധിക്കാവുന്നതാണ്.
ഏവിയൻ ഇൻഫ്ലുവൻസ – എ വൈറസിന്റെ തീവ്രസ്വഭാവമുള്ള സ്ട്രെയ്നുകൾ ഇറച്ചി കോഴികളിലാണ് പ്രധാനമായും കാണപ്പെടുന്നത്. ഇതര പക്ഷികളിലും ഈ വൈറസിന്റെ സാന്നിധ്യം വളരെ അപൂർവമായി കാണാം. യൂറോപ്പിൽ ഈ രോഗം പടർന്നു പിടിച്ചത് ഏഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത ഇറച്ചി കോഴികളിൽ നിന്നാണ്.











