ചില കഥകൾ കാലത്തെ അതിജീവിക്കും, ചില കഥാപാത്രങ്ങൾ തലമുറകളുടെ ഹൃദയങ്ങളിൽ അനശ്വരമായി നിലനിൽക്കും. അത്തരത്തിൽ ഭാരതീയ സംസ്കാരത്തിൻ്റെയും വിശ്വാസത്തിൻ്റെയും ആത്മാവിൽ ആഴത്തിൽ വേരൂന്നിയ ഇതിഹാസമാണ് രാമായണം. വായിച്ചും കേട്ടും അറിഞ്ഞും വളർന്ന ആ മഹാകാവ്യം വെള്ളിത്തിരയിൽ പുതിയൊരു ദൃശ്യവിസ്മയമായി പുനർജനിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. രൺബീർ കപൂറിനെ രാമനായി അവതരിപ്പിക്കുന്ന നിതേഷ് തിവാരി സംവിധാനം ചെയ്ത് നമിത് മൽഹോത്ര നിർമ്മിച്ച രാമായണ: റൈസ് ഓഫ് എ ലെജൻഡ്. ഭാരതീയ ഇതിഹാസമായ രാമായണത്തെ ആഗോള നിലവാരത്തിലുള്ള ദൃശ്യവിസ്മയമായി അവതരിപ്പിച്ചിരിക്കുന്നു. വാല്മീകിയുടെ മൂലഗ്രന്ഥത്തോട് ചേർന്നുനിൽക്കുന്ന ഒരു ദൃശ്യാവിഷ്കാരം. ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ഇന്ത്യൻ സംഗീത മാന്ത്രികൻ എ.ആർ. റഹ്‌മാനും ഓസ്‌കാർ ജേതാവ് ഹാൻസ് സിമ്മറും ചേർന്നാണ്. സിമ്മറിൻ്റെ ആദ്യത്തെ ഇന്ത്യൻ ചിത്രം കൂടിയെന്ന പ്രത്യേകതയുമുണ്ട്. ഇതിൽ സംഗീതം ഉപയോഗിച്ചിരിക്കുന്നത് കഥാപാത്രങ്ങൾക്കനുസരിച്ച് വ്യത്യസ്ത രീതികളിലാണ്. വലിയ ഇൻസ്ട്രമെൻ്റുകളും സ്‌ട്രിങ്സ് സംഗീതവും എന്നാൽ വെസ്റ്റേൺ ഓർക്കസ് ട്രയ്ക്കൊപ്പം സിത്താർ വീണ ഫളൂട്ട് തബല തുടങ്ങിയ പരമ്പരാഗത ശൈലിയിലുള്ള ഇന്ത്യൻ വാദ്യോപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു ഗ്രാഫിക്‌സ് വിസ്മയം തന്നെയാണ്. ഹോളിവുഡിലെ ഏറ്റവും പ്രശസ്തമായ ഡബിൾ നെഗറ്റീവ് എന്ന വിഷ്വൽ എഫക്ട്‌സ് സ്റ്റുഡിയോയാണ് ഈ ഗ്രാഫിക്‌സ് വിസ്‌മയത്തിന് പിന്നിൽ. നിരവധി ഓസ്‌കാർ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ബ്രഹ്‌മാണ്ഡ ചിത്രങ്ങളിൽ പ്രവർത്തിച്ച ഈ കമ്പനി നമ്മുടെ രാമായണത്തിനും ഒരു അന്താരാഷ്ട്ര നിലവാരം നൽകി എന്ന് നിസംശയം പറയാം. സ്വർണ്ണപ്രഭയാൽ കണ്ണഞ്ചിപ്പിക്കുന്ന രാവണ കൊട്ടാരവും പ്രൗഢ ഗംഭീരമായ അയോധ്യാ നഗരിയും കാണികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. ലോർഡ് ഓഫ് ദ റിംഗ്‌സിനോടും അവതാറിനോടുമൊക്കെ കടപിടിക്കുന്ന ഒരു ചലച്ചിത്ര വിസ്മയം. ഒരു ഇതിഹാസത്തിന് ചലച്ചിത്ര രൂപം കൊടുക്കുമ്പോൾ കഥയിൽ മൗലികമായ മാറ്റം വരുത്താതെ ഇതുവരെ കണ്ടതിൽ നിന്നും കേട്ടതിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും കൊടുക്കുമ്പോഴാണല്ലോ ഒരു സംവിധായകൻ്റെ വിജയമെന്ന് പറയുന്നത്. ഇവിടെയാണ് നിതീഷ് തിവാരി എന്ന സംവിധായകൻ്റെ കൈയ്യൊപ്പ് കാണാൻ കഴിയുന്നത്.
ഇനി കഥാപാത്രങ്ങളിലേക്ക് വന്നാൽ ഓരോ കഥാപാത്രവും ഗംഭീരം എന്നേ പറയാനുള്ളൂ. ശക്തമായ തിരക്കഥയും എടുത്തുപറയേണ്ട ഒന്നാണ്. ബോളിവുഡിലെ ശ്രദ്ധേയ അഭിനേതാവായ രൺബീർ കപൂറാണ് ശ്രീരാമനായി വേഷമിട്ടത്. ഈ നടൻ്റെ കരിയറിലെ ഏറ്റവും മികച്ച വെല്ലുവിളി ഉയർത്തുന്ന വേഷമാണിത്. ശ്രീരാമൻ്റെ ശാന്ത സ്വഭാവവും ധാർമ്മികതയും വ്യക്തിത്വവുമൊക്കെ തൻ്റെ ശരീര ഭാഷയിലെ മാറ്റങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ പരിചിതയായ സായ് പല്ലവിയാണ് സീതയുടെ വേഷത്തിൽ. പവിത്രവും രാജകീയവുമായ വേഷത്തിൽ സീതയും പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. കെജിഎഫ് സിനിമകളിലുടെ ഇന്ത്യയൊട്ടാകെ ആരാധകവൃന്ദമുള്ള യാഷാണ് രാവണനായി എത്തുന്നത്. രാവണൻ്റെ ശക്തിയും ഗാംഭീര്യവും വ്യക്തിത്വവും യാഷ് വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ ആദ്യ ഭാഗം കണ്ടിറങ്ങുന്ന പ്രേക്ഷകൻ രാവണൻ്റെ ആരാധകനായി മാറും. ശാസത്രവും ശസ്‌ത്രവും അറിയുന്ന പണ്ഡിതനായ രാവണൻ, പരമശിവഭക്തനായ സ്ത്രീകളെ ബഹുമാനിക്കുന്ന, തൻ്റെ കുലത്തിൽ അഭിമാനിയായ, ശിവതാണ്ഡവം ആടുന്ന രാവണൻ ശരിക്കും പ്രേക്ഷക മനസ്സിലേക്ക് കയറുമെന്നതിൽ ഒട്ടും സംശയമില്ല. രാമാനന്ദ സാഗറിൻ്റെ രാമായണം സീരിയലിൽ നിന്ന് വ്യത്യസ്തമായി രാവണൻ്റെ പത്ത് തലയെന്ന ഐതിഹ്യം സംവിധായകൻ മറ്റൊരു രീതിയിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി തോന്നി. രാവണൻ്റെ പത്ത് ഭാവങ്ങളാണ് പത്ത് തലയെ പ്രതിനിധാനം ചെയ്യുന്നത്. അതായത് കാമം, ക്രോധം, മോഹം, ലോഭം, മദം , മാത്സര്യം, മനസ്സ്, ചിത്തം, അഹങ്കാരം, ബുദ്ധി തുടങ്ങിയ ഭാവങ്ങളാണ് രാവണനെ നിയന്ത്രിച്ചിരുന്നതെന്ന് സംവിധായകൻ പറഞ്ഞുവയ്ക്കുന്നു. ഈ പത്ത് തലകളുമായി രാവണൻ്റെ സംഭാഷണം അവതരിപ്പിച്ചതും സംവിധായകൻ്റെ ബ്രില്യൻസെന്ന് പറയാം.
കൈകസിയായി മലയാളികളുടെ പ്രിയ താരവും സ്വഭാവ നടിയുമായ ശോഭനയുമുണ്ട്. തൻ്റെ കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ശോഭന തൻ്റെ അഭിനയ ശൈലികൊണ്ട് നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു .
മറ്റൊരു മലയാളി സാന്നിധ്യം കൂടി ഈ സിനിമയിലുണ്ട് . വിഭീഷണൻ്റെ റോളിൽ എത്തുന്ന ഹരീഷ് ഉത്തമൻ.
കൂടാതെ ഈ സിനിമയ്ക്ക് സൗണ്ട് മിക്സിംഗ് നടത്തിയ ടീമിൻ്റെ തലവൻ അജയകുമാർ പി ബി യും മലയാളി .
ഈ സിനിമയിൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സീനുകളിൽ മറ്റൊന്ന് ജടായുവും രാവണനുമായുള്ള യുദ്ധമാണ്. പുതിയ കാലത്തിൻ്റെ സാധ്യതകൾ ഉപയോഗിച്ചുള്ള യുദ്ധസീനുകൾ അതിഗംഭീരം എന്നേ പറയാനുള്ളു. ഈ സിനിമയിലുടെ കേരളത്തിലെ കൊല്ലം ജില്ലയിലെ ജടായുപാറ യും വൈറലാകുന്നു. രാവണനുമായി ധീരമായി പോരാടിയ ജടായുവിൻ്റെ ചിറകുകൾ രാവണൻ വെട്ടിമാറ്റിയപ്പോൾ മുറിവേറ്റ ജടായു ചടയമംഗലത്തെ പാറയിൽ വീണുവെന്ന് ഐതിഹ്യം.
രാമൻ തന്നെ പരശുരാമനായും വന്നു എന്ന പ്രത്യേകത കൂടിയു ണ്ട്. പക്ഷേ തികച്ചും വേറിട്ട രീതിയിലായിരുന്നു രണ്ട് കഥാപാത്രങ്ങളുടെയും വേഷപകർച്ചകൾ. ആസ്വാദനത്തിന് ഒട്ടും കോട്ടം തട്ടാത്ത രീതിയിലുള്ള ഡബ്ബിഗും ഈ ചിത്രത്തിൻ്റെ സവിശേഷതയാണ്.
കാലാതീതമായ രാമായണം വീണ്ടും വെള്ളിത്തിരയിൽ പുനർജനിക്കുമ്പോൾ അത് കേവലം ഒരു സിനിമാനുഭവമല്ല മറിച്ച് ഒരു സംസ്‌കാരത്തിൻ്റെയും വിശ്വാസത്തിൻ്റെയും പുനരാവിഷ്കാരം കൂടിയാണ്. ചില കഥകൾ കാലത്തെ അതിജീവിക്കും കഥാപാത്രങ്ങൾ തലമുറകളുടെ മനസ്സിൽ ജീവിക്കും.
രാമായണത്തിലെ അതിശക്തനായ കഥാപാത്രമായ ഹനുമാൻ്റെ എൻട്രിയിലാണ് ഒന്നാം ഭാഗം നിർത്തിയിരിക്കുന്നത്. ആദ്യഭാഗം ഇത്ര ഗംഭീരമെങ്കിൽ രണ്ടാം ഭാഗം ഏത് ലെവലിൽ ആയിരിക്കുമെന്നാണ് സിനിമാപ്രേമികൾ ഇപ്പോൾ ചിന്തിക്കുന്നത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചലച്ചിത്ര സംരംഭങ്ങളിലൊന്നായ രാമായണത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. രാമായണത്തെ കൂടുതൽ ആഴത്തിൽ വായിക്കുവാനും അറിയുവാനുമുള്ള ഒരു ചിന്ത ഓരോ പ്രേക്ഷക മനസ്സിലേക്ക് ബോധപൂർവ്വമോ അല്ലാതെയോ തോന്നിപ്പിച്ചിട്ടുണ്ടെന്ന് ചിന്തിച്ചു പോകുന്നു. പുതിയ തലമുറ ഈ ചിത്രം നെഞ്ചിലേറ്റി കഴിഞ്ഞു. ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ്.











