കുത്തിയോട്ട അനുഷ്ഠാനത്തിലെ അനന്യമുദ്രയായ ഏവൂരേത്ത് സനൽകുമാർ
ഓണാട്ടുകരയുടെ മണ്ണിൽ ഏവൂരേത്ത് സനൽകുമാർ എന്ന പേര് കുത്തിയോട്ട അനുഷ്ഠാനകലയുടെ പര്യായമാണ്. കുത്തിയോട്ടത്തിന്റെ മൂന്നു മുഖ്യഘടകങ്ങളായ പാട്ട്, ചുവട്, ചൂരൽ മുറിയൽ കർമ്മം എന്നിവയിൽ ഒരുപോലെ നിഷ്ണാതനായ കലാകാരനാണദ്ദേഹം. അങ്ങനെയുള്ളവർ തീരെകുറവാണ്. രാമപുരം ദേവീക്ഷേത്രത്തിലെ പടിത്തരത്തിലൂടെ ഈ കലാരൂപത്തിലേക്ക് എത്തിയ അദ്ദേഹം, അരനൂറ്റാണ്ടിലേറെക്കാലം ഈ മൂന്നു വിധ കർമ്മങ്ങളിലും സമർപ്പണത്തോടെ പ്രവർത്തിച്ചുവരുന്നു. എഴുപതിലധികം അപൂർവ്വ പാട്ടുകൾ സമാഹരിച്ച്, കേട്ടും പറഞ്ഞും പഠിച്ചിരുന്ന രീതിയെ രേഖാമൂലമാക്കി മാറ്റിയ അദ്ദേഹം, ഓണാട്ടുകരയിലെ എട്ടോളം ക്ഷേത്രങ്ങളിൽ പ്രധാന ആശാനായി എഴുപതുകുത്തിയോട്ട നിർവഹണം നടത്തിയിട്ടുണ്ട്. ഇത്രയധികം പാട്ടുകളുടെ സമ്പാദ്യവും എട്ടു ക്ഷേത്രങ്ങളിൽ അനുഷ്ഠാന നിർവഹണവും നടത്തിയ മറ്റൊരു ആശാനും ഇന്ന് ഈ കലയിൽ നിലവിലില്ല എന്ന പ്രത്യേകത കൂടിയുണ്ട്. ഈ മൂന്നു മാനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ഏകത്വമാണ് അദ്ദേഹത്തെ കുത്തിയോട്ടാനുഷ്ഠാന രംഗത്ത് അനന്യനാക്കുന്നത്.
ബാല്യവും വിദ്യാഭ്യാസവും
കുട്ടനാട് ചേനങ്കരി സ്വദേശിയായ കെ. ശ്രീവത്സൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച സനൽകുമാർ, രാമപുരം വടക്ക് ഐശ്വര്യപ്രദായനി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി. ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹൈസ്കൂളിലെ പത്താംക്ലാസ്സ് പഠനത്തിനുശേഷം, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ ഫോർത്ത് ഗ്രൂപ്പ് കൊമേഴ്സ് പ്രധാനവിഷയമായി പ്രീഡിഗ്രി പാസായി. ഇക്കാലത്ത് നാടകനടൻ കല്ലറ മോഹൻദാസ് സഹപാഠിയും പ്രശസ്ത ഗായകൻ കാവാലം ശ്രീകുമാർ, ചലച്ചിത്രനിർമ്മാതാവ് പി. സന്തോഷ്കുമാർ നടൻ മോഹൻലാൽ സീനിയറായും എന്നിവർ അവിടെ പഠിച്ചിരുന്നു. ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജിൽ നിന്ന് കൊമേഴ്സിൽ ഡിഗ്രി നേടിയ ശേഷം കായംകുളത്തെ പ്രമുഖ പുസ്തകശാലയായ വാരിയേഴ്സ് ബുക്ക് ഹൗസിൽ ജോലിയിൽ പ്രവേശിച്ചു. ആ കാലഘട്ടത്തിൽ ധാരാളം പുസ്തകങ്ങൾ വായിക്കാനായത് തന്റെ ഏറ്റവും വലിയ നേട്ടമായി അദ്ദേഹം കരുതുന്നു. പിന്നീട് മുംബൈയിലെ സ്വകാര്യ കമ്പനിയിലും, തുടർന്ന് കാർത്തികപ്പള്ളി താലൂക്ക് മാർക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയിലും ക്ലാർക്കായി ജോലി ചെയ്ത് സെക്രട്ടറിയായി വിരമിച്ചു.
കുത്തിയോട്ടത്തിലേക്കുള്ള ആദ്യചുവട്
1976-ൽ പത്താംക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് സനൽകുമാർ കുത്തിയോട്ട അനുഷ്ഠാനവുമായി ബന്ധപ്പെട്ടത്. രാമപുരം ദേവീക്ഷേത്രത്തിലെ പ്രധാന വഴിപാടായിരുന്നു കുത്തിയോട്ടം. കുട്ടിക്കാലത്തേ ഈ അനുഷ്ഠാനകല കണ്ടും പാട്ടുകൾ കേട്ടും വളർന്ന അദ്ദേഹത്തിന് പാടാനുള്ള താൽപര്യം മുൻപേ ഉണ്ടായിരുന്നു. ക്ഷേത്രത്തിനടുത്തുള്ള മുണ്ടോലിൽ നാരായണപ്പണിക്കർ ആയിരുന്നു ആദ്യഗുരു; പിന്നീട് കീരിക്കാട് സ്വദേശി മഹാദേവൻ നായർ ഗുരുവായി.
അക്കാലത്ത് ‘പാട്ടുകളും ചുവടുകളും’ എന്ന രീതി പതിവില്ലായിരുന്നു. പ്രദർശനത്തിനുവേണ്ടിയുള്ള കുത്തിയോട്ട ചുവടുകും ഉണ്ടായിരുന്നില്ല. പാട്ടുകാരനായി തുടങ്ങി. പിന്നീട് ചുവടുകൾ പഠിച്ചു. പാടുന്നതും പറയുന്നതും കേട്ടുകേട്ട് പഠിക്കുകയായിരുന്നു രീതി. ഉത്സവത്തിന് ഒരാഴ്ച മുൻപ് പരിശീലനം തുടങ്ങും; കരയിലെ താൽപര്യമുള്ളവരുടെ വീടുകളിൽ വച്ചായിരുന്നു പരിശീലനം. ഓരോ ദിവസവും ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിമാറി നടക്കുന്ന ഈ രീതിക്ക് നാട്ടുകാർ ഏറെ താൽപര്യം കാട്ടിയിരുന്നു. 90-കൾക്ക് ശേഷമാണ് ‘പാട്ടുകളും ചുവടുകളും’ എന്ന രീതി ഉടലെടുത്തത്; കുത്തിയോട്ടത്തിൽ ആകൃഷ്ടരായി സമിതികൾ രൂപവത്കരിച്ചതോടെ ഈ പ്രവണത വർദ്ധിച്ചു.
പടിത്തരവും അനുഷ്ഠാനങ്ങളും
രാമപുരം ക്ഷേത്രത്തിൽ കുത്തിയോട്ടം ‘പടിത്തര’മായിട്ടാണ് നടന്നുവന്നിരുന്നത്. ഓരോ വർഷവും മൂന്നു കരയിൽ നിന്നും കുത്തിയോട്ടമെത്തും. കരക്കാർക്കായിരുന്നു നടത്തിപ്പുചുമതല. വഴിപാടുകാർ ഇല്ലാത്തപ്പോൾ മാത്രമല്ല, ദേവസ്വത്തിന്റെ നേതൃത്വത്തിൽ നിർബന്ധമായും നടക്കുന്നതാണ് പടിത്തരം. പരിശീലനത്തിന് പ്രത്യേക പന്തലില്ല; ഗണപതിയൊരുക്കും ഒരു വിളക്കുമായി ഓരോ വീട്ടിലും പരിശീലനം. ഉത്സവ ദിവസം മുത്തുക്കുടയും വാദ്യങ്ങളുമായി ഘോഷയാത്രയിൽ ക്ഷേത്രത്തിലെത്തി അശ്വതിനാളിൽ വഴിപാട് സമർപ്പിക്കും.
അക്കാലത്ത് ദേവിമാഹാത്മ്യത്തിനും രാമപുരം ദേവിസ്തുതികൾക്കുമായിരുന്നു പ്രാധാന്യം. ബാണയുദ്ധം കഥയും പാടുമായിരുന്നു. ദേവിമാഹാത്മ്യത്തിൽ എട്ടു പാദങ്ങളും ധാരാളം വരികളുണ്ടെങ്കിലും ആദ്യ നാലു പാദത്തിലെ ഏതാനും വരികൾ മാത്രമായിരുന്നു പാടുകപതിവ്. എന്നാൽ മഹാദേവൻപിള്ള ആശാന്റെ അടുത്തുനിന്നാണ് മുഴുവൻ പാട്ടും പഠിക്കാനായി. അദ്ദേഹത്തിൽനിന്നാണ്, പന്ത്രണ്ടു താനവട്ടങ്ങൾ വരെയുള്ള പാട്ടുകൾ കുത്തിയോട്ടസാഹിത്യത്തിലുണ്ടെന്ന് മനസ്സിലാക്കിയത്. പതിനഞ്ചു വർഷം ആദ്യ ഗുരുവിനൊപ്പം സഞ്ചരിച്ചു; പാട്ടിന്റെ ചിട്ടകൾ, താനവട്ടങ്ങൾ, അക്ഷരപ്രയോഗങ്ങൾ എന്നിവ ആ കാലയളവിൽ ആഴത്തിൽ പഠിച്ചു.
പാരമ്പര്യത്തിന്റെ സംരക്ഷകൻ
50 വർഷത്തിനിപ്പുറം സനൽകുമാർ ആശങ്കപ്പെടുന്നത് കുത്തിയോട്ടത്തിൽ ചിട്ടകൾ പലതും മാറിപ്പോയതിൽ മാത്രമല്ല, അടിസ്ഥാനപരമായ ഘടകങ്ങൾ തന്നെ നഷ്ടപ്പെടുന്നതിലാണ്. കുത്തിയോട്ടപ്പാട്ടിനുള്ള പ്രാധാന്യം കുറഞ്ഞുവരുന്നു; കുമ്മികൾക്ക് ശ്രോതാക്കൾ കൂടുന്നു. ചുവടുകൾ പേരിനുമാത്രമായി; താളപ്രാധാന്യം സംഗീതത്തിന് വഴിമാറിക്കൊടുത്തു. ‘എടത്താളവും എടുത്തുപാട്ടും’ പോലുള്ള പ്രത്യേകതകൾ പൂർണമായും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എങ്കിലും, കാർത്തികപ്പള്ളി പാതിരംകുളങ്ങര ക്ഷേത്രത്തിൽ നടക്കുന്ന അനുഷ്ഠാനത്തിൽ നാമമാത്രമായെങ്കിലും ആ രീതി തുടരുന്നുണ്ട്.
പാരമ്പര്യമായുള്ള ചുവടുകൾക്ക് ഇന്ന് തീരെ പ്രാധാന്യമില്ല. 60 മുതൽ 120 വരെ അംഗങ്ങളുള്ള സമിതികൾ രൂപപ്പെട്ടപ്പോൾ ഗുണനിലവാരത്തേക്കാൾ അളവിന് പ്രാധാന്യം വന്നു. എന്നാൽ വ്രതനിഷ്ഠകൾ – മത്സ്യമാംസാദികൾ വർജിക്കൽ, മനഃശുദ്ധി – ഇപ്പോഴും കൃത്യമായി പാലിക്കപ്പെടുന്നു. തന്റെ സമിതിയിൽ ഈ ആശയം നിരന്തരം പകർന്നുകൊടുക്കുന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വബോധത്തെ കാണിക്കുന്നു.
കുത്തിയോട്ട അനുഷ്ഠാനത്തിന് ഒരു സാഹിത്യമുണ്ട്. കുത്തിയോട്ടപ്പാട്ടുകൾ എന്നാണ് അവയ്ക്കുപേര്. നാട്ടിൽ പലരുടെ കൈകളിലുമുള്ള അത്തരം പാട്ടുകൾ, അവരെ സമീപിച്ചുകേട്ട് എഴുതിയെടുക്കുകയും തെറ്റുകൾ തിരുത്തി ശുദ്ധമാക്കുകയും ചെയ്ത്, എഴുപതിലധികം അപൂർവ പാട്ടുകൾ സനൽകുമാർ സമാഹരിച്ചിട്ടുണ്ട്. ഇത്രയും വലിയ ഒരു പാട്ടുശേഖരം ഈ മേഖലയിൽ മറ്റാർക്കുമില്ല എന്നത് അദ്ദേഹത്തിന്റെ അക്ഷീണമായ സമർപ്പണത്തിന്റെ തെളിവാണ്. ഓണാട്ടുകരയിലെ പതിനേഴോളം ക്ഷേത്രങ്ങളിൽ കുത്തിയോട്ടം നടക്കുന്നുണ്ട്; അതിൽ എട്ടു ക്ഷേത്രങ്ങളിൽ പ്രധാന ആശാനായി ചൂരൽ മുറിഞ്ഞ് അനുഷ്ഠാനം നിർവഹിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അത്രയും ക്ഷേത്രങ്ങളിൽ അനുഷ്ഠാനം നിർവഹിച്ച മറ്റൊരു ആശാനും ഇന്ന് ജീവിച്ചിരിപ്പില്ല എന്നത് ഈ കലയിലെ അദ്ദേഹത്തിന്റെ അനന്യമായ സ്ഥാനത്തെ കൂടുതൽ ഉറപ്പിക്കുന്നു.
ഇന്നും ജ്വലിക്കുന്ന വിളക്ക്
ഏവൂരേത്ത് സനൽകുമാർ കുത്തിയോട്ടത്തിന്റെ ജീവനുള്ള ചരിത്രമാണ്. പാട്ട്, ചുവട്, ചൂരൽ മുറിയൽ എന്നീ മൂന്നു മേഖലകളിലും ഒരുപോലെ പ്രാവീണ്യമുള്ള, ഏറ്റവും കൂടുതൽ പാട്ടുകൾ സമാഹരിച്ച, എട്ടു ക്ഷേത്രങ്ങളിൽ അനുഷ്ഠാനം നിർവഹിച്ച ഏക ജീവിച്ചിരിക്കുന്ന ആശാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്ഥാനം അതുല്യമാണ്. പാരമ്പര്യത്തോടുള്ള അചഞ്ചലമായ അർപ്പണബോധവും അനുഷ്ഠാനങ്ങളോടുള്ള കൃത്യതയും ഈ കലാരൂപത്തിന്റെ ആത്മാവിനെ സംരക്ഷിക്കുന്നു. സ്കൂൾ വിദ്യാർത്ഥിയിൽ നിന്ന് ആശാനായി വളർന്ന അദ്ദേഹത്തിന്റെ ജീവിതം, കല എങ്ങനെ ഒരു വ്യക്തിയുടെ അസ്തിത്വത്തെ തന്നെ മാറ്റിമറിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഇന്നും പുതിയ തലമുറയ്ക്ക് ചിട്ടകൾ പകർന്നുകൊടുക്കുമ്പോൾ, “മനഃശുദ്ധിയാണ് എല്ലാത്തിനും മുകളിൽ” എന്ന തന്റെ ദർശനം അദ്ദേഹം ആവർത്തിക്കുന്നു. കുത്തിയോട്ടത്തിന്റെ പാട്ടുകളും ചുവടുകളും കാലക്രമത്തിൽ മങ്ങിമറഞ്ഞാലും, സനൽകുമാറിന്റെ അക്ഷീണമായ ഇടപെടലുകൾ ആ പൈതൃകത്തെ എന്നും ജ്വലിപ്പിച്ചുനിർത്തും.
അംഗീകാരം
പ്രാദേശിക ഭരണകൂടങ്ങളുടെയും ബഹുജന- സാംസ്കാരിക സംഘടനകളുടെയും അംഗീകാരങ്ങൾ കൂടാതെ 2022-ൽ, കേരള ഫോക്ക്ലോർ അക്കാദമി പുരസ്കാരം നൽകി സനൽകുമാറിൻ്റെ സംഭാവനകളെ അംഗീകരിച്ചിട്ടുണ്ട്. ചെട്ടികുളങ്ങര ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ, സാരംഗ കൾചറൽ ഫോറം
ഏവൂർ അനുഷ്ഠാനം ക്ഷേത്രകലാ പുനരുദ്ധാരണ സമിതി എന്നിവയുടെയും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കുടുംബം
ഗവണ്മെൻ്റ് സ്കൂൾ അദ്ധ്യാപികയായി വിരമിച്ച ശ്രീദേവിയാണ് ഭാര്യ. രണ്ടുപെൺമക്കൾ; അദ്ധ്യാപികയായ അഞ്ജലിയും ആരോഗ്യരംഗത്തു ജോലിചെയ്യുന്ന ആരതിയും. രണ്ടുപേരും കുടുംബിനികളാണ്. സ്റ്റേറ്റ് ബാങ്കിൽ നിന്നു വിരമിച്ച പുഷ്പ സഹോദരിയും, ആലപ്പുഴ സനാതന ധർമ്മ കോളജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സജിത് ഏവൂരേത്ത് സഹോദരനുമാണ്.













കുത്തിയോട്ട സംബന്ധമായ എന്ത് സംശയങ്ങൾക്കും സമീപിക്കാൻ കഴിയുന്ന ഞങ്ങളുടെ സ്വന്തം ബാബു ചേട്ടൻ… ഈ രംഗത്ത് ഉള്ളവർക്കു മാതൃക ആക്കാൻ പറ്റുന്ന വ്യക്തിത്വം…👍👍👍
നന്ദി