പക്ഷിപാതാളം – സിസിലി ജോർജ് (നോവൽ ആരംഭിക്കുന്നു) | അദ്ധ്യായം 1

Facebook
Twitter
WhatsApp
Email

 

മുള്ളുവേലി അതിരുതീർത്ത മൂന്നേക്കർ തെങ്ങിൻ തോട്ടത്തിനു മദ്ധ്യേ  പരന്നുകിടക്കുന്ന ‘വൈദ്യഗ്രഹം’. തിളയ് ക്കുന്ന തൈലത്തിന്റെ മണം അന്തരീക്ഷത്തിലെപ്പൊഴും നിറഞ്ഞു നിൽക്കും. ഇന്നു മൂക്കു തുളച്ചു കയറുന്ന ഹൃദ്യമായ പരിമളം വീശി പരന്നുനിന്ന അന്തരീക്ഷമാണ്. മൂപ്പെത്തി അരിപ്പയിൽ അരിച്ചു മാറ്റുന്ന ‘ക്ഷീരബല’യുടെ നൂറ്റിയൊന്നു ദിവസവും പുറത്തു നിൽക്കുന്നവർക്ക് ലഭിക്കുന്ന ‘കൽക്കത്തിന്റെ’ പങ്കു കാത്തു പാത്തുണ്ണിയും, കാളിക്കുട്ടിയും, ലക്ഷ്മിയും മറിയകുട്ടിയമ്മാമയും വാക്കു തർക്കത്തിലാണ്. മരുന്ന് ശാലയുടെ പുറം ഭിത്തി  ചാരി അപ്പൂട്ടിയും ഈ വഴക്കിന് ആക്കം കൂട്ടുന്നുണ്ട്. അന്തരീക്ഷം സുഗന്ധപൂരിതമാണ്.

ചുവന്നു തുടുത്ത കാലടികൾ ധൃതിയിൽ പെറുക്കി വെച്ചു വേലുണ്ണി വൈദ്യർ അകത്തേക്കു കടന്നു പോയി. ‘ക്ഷീരബല’ യുടെ പാകം മുറുകിയിരിക്കും. ശിങ്കിടി പരമു വിവരമറിയിച്ചതനുസരിച്ചാണു വൈദ്യരുടെ വരവ്. തങ്കവർണ്ണമുള്ള വിരൽത്തുമ്പിൽ, തിളയ്ക്കുന്ന നെയ്യിൽ വരണ്ടുണങ്ങുന്ന കൽക്കൻ കോരിയെടുത്തു, ഒന്നു ഞെരടി, കറുത്ത രോമം എഴുന്നു നിൽക്കുന്ന നാസികയ്ക്കടുത്തു പിടിച്ചു മണം നോക്കി, വേലുണ്ണി വൈദ്യർ കല്പിക്കും ‘ഇറക്കിക്കോ’.

പിന്നൊരു തിടുക്കമാണ്. അരിപ്പ ഒരുക്കിവച്ചു കാത്തിരിക്കുന്ന പരമു ധൃതിയിൽ നെയ്യരിച്ചെടുക്കുന്ന പ്രക്രിയ തുടങ്ങുകയായി. മുറ്റത്തു കാത്തു നിൽക്കുന്നവർ ശബ്ദമടക്കി, ചെവി കൂർപ്പിച്ച് ഓരോ നിമിഷവും തള്ളിനീക്കുന്ന സമയമാണത്. കൊച്ചു വർത്തമാനത്തിനൊക്കെ ഇനി വിരാമമാണ്. കടിച്ചാൽ പൊട്ടാത്ത കൽക്കത്തിന്റെ മട്ടുമായി അമ്മുക്കുട്ടിയമ്മ പാൽപ്പുഞ്ചിരി വിതറിവരാൻ ഇനി അധികം താമസമില്ല.

താമരപ്പൂവിൽ വാഴുന്ന ദേവിയുടെ  രൂപസാദൃശ്യമാണ് അമ്മക്കുട്ടിയമ്മയ്ക്ക്. നീട്ടി എഴുതിയ കൺപീലി ഈ നാല്പതാം വയസ്സിലും മനോഹരമാണ. ഉയർത്തിക്കെ ട്ടിവെച്ച മുടിക്കെട്ടും,ചുവന്ന ചുട്ടി അണിഞ്ഞ കഴുത്തും പാൽപുഞ്ചിരിയുമൊക്കെ അവരെ ദേവത സാദൃശ്യയാക്കി. തുണ്ടം തുണ്ടമായി മുറിച്ച കൽക്കൻ ഓരോരുത്തർക്കും പകുത്തു നൽകി അവർ കുശലം ചോദിച്ചു.

വൈദികർക്കു മൂന്ന് പെൺമക്കളാണ്. വൈദ്യശാലയുടെ ഭാവി നടത്തിപ്പിന് ഒരു മകൻ ഇല്ലാത്ത ദുഃഖം അമ്മുക്കുട്ടിയമ്മയ്ക്ക് ഉണ്ടായിരിക്കും.

എന്നാൽ വൈദ്യർക്കു അങ്ങനെ ഒരു ചിന്തയില്ല.

‘ലോകമേ തറവാട്,തനിക്കീ ചെടികളും

പുൽകളും പൂക്കളും കൂടിത്തൻ കുടുംബക്കാർ’ എന്ന തുറന്ന മനസ്സാണ് വൈദ്യർക്കുള്ളത്.

മക്കളെപ്പറ്റി കൂടുതൽ എന്തു പറയാൻ! മൂന്ന് സൗന്ദര്യ ധാമങ്ങൾ മൂത്ത മകൾ ശ്രീദേവി പഠനം മതിയാക്കി വീട്ടിൽ തന്നെയുണ്ട്. സർവ്വാഭരണ വിഭൂഷിതയായി, കാവിലമ്മയെ തൊഴുതിറങ്ങുന്ന ശ്രീദേവിയെ നോക്കി കണ്ണുള്ളവരൊക്കെ നിന്നുപോകും. നിലംതൊടുന്ന വീതി കസവുമുണ്ട് അല്പം ഉയർത്തി തങ്ക കണങ്കാൽ പെറുക്കി വെച്ചു തുളുമ്പുന്ന നിതംബം കുലുക്കിയുള്ള ആ നടത്തം! ആരുടെ നെഞ്ചും ഒന്ന് മിടിക്കും. അരയ്ക്കു താഴെ തുമ്പു കെട്ടിയിട്ട ചുരുണ്ട  നീണ്ട കബരി ഭാരതത്തിൽ പൂജിച്ച തെച്ചിപ്പൂവിരുന്ന പൂപ്പുഞ്ചിരി തൂകുന്നു. തങ്കത്താരൊത്ത കരവല്ലരിയിൽ തിളങ്ങുന്ന കൊച്ചുരുളിയിൽ പതയുന്ന പാൽ പായസത്തേക്കാൾ മധുരമാണാമുഖകാന്തി. ആകാശത്തുനിന്നൊരമ്പിളിക്കല താഴേക്കു പതിച്ചതു പോലെ ആ

മുഖാരവിന്ദം തിളങ്ങിനിന്നു. താടിക്കുഴിക്ക ടുത്തു കറുത്ത മുത്തു പതിച്ച പോലെ ഒരുണ്ണി മറുക്.

സൗന്ദര്യം വഴിഞ്ഞൊഴുകുന്നുവെന്ന ഭാവമൊന്നും അവൾക്കില്ല. എല്ലാം ദേവീ കടാക്ഷമെന്നെ അവൾ കരുതിയിട്ടുള്ളു. വീട്ടിൽ ഒന്നിനും കുറവില്ല. പരിതപിക്കാനുള്ള ഒരവസരവും ഉണ്ടായിട്ടില്ല. കൂടെ തുണയ്ക്കു വരുന്ന കാളിക്കുട്ടി അനുഭവിക്കുന്ന തിക്താനുഭവങ്ങളിൽ ഒന്നു പോലും അവൾക്കുണ്ടായിട്ടില്ല. മനുഷ്യരെല്ലാം ദൈവത്തിന്റെ മക്കളായിട്ടും പലർക്കും പല അനുഭവങ്ങളാണല്ലോ. ക്ഷേത്രത്തിൽ നിന്നും മടങ്ങി ഭവനത്തിൽ എത്തിയാൽ ദൈവസ്തുതികൾ പാടി വീട്ടിലെ പൂജാമുറിയിൽ അവൾ തിരിതെളിക്കും. നിത്യവും പിതാവിന്റെ അരികിൽ ചികിത്സയ്ക്കായി വരുന്ന രോഗികളുടെ രോഗശാന്തിക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് കുഞ്ഞുപ്രായത്തിൽ തന്നെ മാതാപിതാക്കൾ പറഞ്ഞു പഠിപ്പിച്ചിരുന്നു. തനിക്കു കിട്ടിയ എല്ലാ അനുഗ്രഹങ്ങളും ദൈവകൃപയാലും പൂർവ്വീകരുടെ നന്മപ്രവർത്തികളാലും ലഭിച്ചതാണെന്നും അവക്കുറപ്പുണ്ട്.

വഴിയിൽ വെച്ച് ആരെയും കൂടുതൽ ശ്രദ്ധിയ്ക്കാതെ ഭൂമി ദേവിക്ക് നോവാതെ മൃദുപാദചലനങ്ങളിലൂടെ നടന്നുവരുന്ന ശ്രീദേവിയുടെ കണ്ണുകൾ അറിയാതെ ഒരു മുഖത്തു പതിഞ്ഞു പോയി. പടിപ്പുര മാളികയുടെ പുറത്ത് ആലോചനാ നിമഗ്‌നനായി, വേപഥുവോടെ  നിന്ന അയാൾ, സത്യത്തിൽ ശ്രീദേവിക്കരികിലേയ്ക്ക് ഓടി വരികയായിരുന്നു. ഒരു നിമിഷം ശ്രീദേവി ഞെട്ടിപ്പോയി. ആരാണിയാൾ തുറന്നുകിടക്കുന്ന വാതിലിലൂടെ അകത്തു കടന്നു കാര്യസാധ്യം നേടി പോകേണ്ട ആവശ്യമേ അയാൾക്കുള്ളു. തന്റെ മുന്നിലേക്കിയാൾ എന്തിനാണാവോ ഓടി അണഞ്ഞത്. പരിഭ്രമത്തോടെ അവൾ ചോദിച്ചു.

‘എന്തെ’

അയാൾ പരുങ്ങിക്കൊണ്ടു പറഞ്ഞു.

‘ ഞാൻ….. ഞാൻ….. ഞാൻ….. ശ്രീദേവിയെ അറിയും…… കൂടെ പഠിച്ച കല്യാണിക്കുട്ടിയെ ഓർക്കുന്നുണ്ടോ? അവൾ എന്റെ അനിയത്തിയാണ്.’

‘അതെയോ?അവൾക്ക് സുഖമല്ലേ?’

‘അതെ ഞാൻ വൈദ്യപഠനം പൂർത്തിയാക്കി.ഇവിടെ അച്ഛന്റെ കൂടെ നിന്ന് പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നു.’

‘ അച്ഛനെ കണ്ടില്ലേ?’

‘ ഇല്ല ആദ്യം ശ്രീദേവിയെ കാണണമെന്ന് അനിയത്തി പറഞ്ഞിരുന്നു’

‘ അതൊന്നും വേണ്ടായിരുന്നു. അവളെ അന്വേഷിച്ചതായി പറയൂ അച്ഛനെ നേരെ പോയി കണ്ടേക്കു’

ശ്രീദേവി അകത്തേക്കു നടന്നു പോയി. പേരു ചോദിക്കാൻ വിട്ടുപോയെങ്കിലും ആ മുഖം ശ്രീദേവിയുടെ ഹൃദയത്തിൽ ചില ചലനങ്ങൾ ഉണ്ടാക്കിയോ?തിരിഞ്ഞു നോക്കാൻ ആഗ്രഹമുണ്ടായിട്ടും ശ്രീദേവി അതു ചെയ്തില്ല. ഇത്തരം ചാപല്യങ്ങളിലൊന്നും പെടരുതെന്ന് അവൾക്ക് അറിയാമായിരുന്നു. എന്നിട്ടും അയാൾ അവളുടെ ഉള്ളിൽ ചില പോറലുകൾ സൃഷ്ടിച്ചിരുന്നു. എത്ര മറക്കാൻ ശ്രമിച്ചിട്ടും പലപ്പോഴും ആ നില്പ്പും,ഭാവവും അവളെ അലോസരപ്പെടുത്തിയിരുന്നു. ദിവസങ്ങൾക്കുശേഷം അവിചാരിതമായി പടിപ്പുര മാളികയിൽനിന്നും ഇറങ്ങി വരുന്ന അയാളെ വീണ്ടും കണ്ടു.

ശ്രീദേവി ‘… അയാൾ വിളിച്ചു. അവൾ ഒന്നും പറയാനാവാതെ നിന്നു

പോയി. ‘എന്റെ പേര് ബാലഗോപൻ. ഞാൻ ഇവിടെ അച്ഛന്റെ

കൂടെയുണ്ട്’

‘ നന്നായി. ഞാൻ അറിഞ്ഞില്ല’

കഷ്ടപ്പെട്ടാണ് ഇത്രയും പറഞ്ഞത്. ശ്രീദേവിക്ക് പണ്ടൊന്നും തോന്നാത്ത ഒരു

വൈക്ലബ്യം അനുഭവപ്പെട്ടു. കൂടുതൽ അവിടെ തങ്ങാതെ അവൾ

അകത്തേക്കു പോയി.

വീട്ടിൽ ശ്രീദേവിയുടെ വിവാഹാലോചനകൾ മുറുകിത്തു ടങ്ങിയിരുന്നു.

വീണുകിട്ടിയപോലെയാണ് ബാലഗോപന്റെ ആഗമനം വൈദ്യർക്കു

തോന്നിയത്. നല്ല പയ്യൻ. നല്ല അറിവും, പെരുമാറ്റഗുണവും. അന്യം

നിൽക്കാതെ തന്റെ വൈദ്യഗൃഹം ഏറ്റെടുക്കാൻ അയാൾക്ക് കഴിയും.

ശ്രീദേവിയും വീട്ടിൽത്തന്നെ കാണുമല്ലോ. വൈദ്യർ ഭാര്യയുമായി

ആലോചിച്ചു. അവർക്കും സമ്മതം. വിവരം ശ്രീദേവിയുടെ കാതിലും

എത്തി.

‘ രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ’

കാളിക്കുട്ടി വിവരം അ റിഞ്ഞപ്പോൾ ഫലിതം പറഞ്ഞു. താൻ വളരെ

ഇഷ്ടപ്പെട്ട കൂട്ടുകാരിയുടെ സഹോദരഭാര്യയായി ആ ഗൃ ഹത്തിൽ

പോകാനുള്ള ദിവസങ്ങൾ അടുത്തുവന്നപ്പോൾ ശ്രീദേവിയുടെ ഉള്ളുകാ

ളിയെങ്കിലും എങ്കിലും ഒരാശ്വാസം തോന്നി. അത് തന്റെ കൂട്ടുകാരിയുടെ

ഭവനമാണല്ലോ. ആലോചന മുറുകി. വരന്റ്‌റെ ഗൃഹത്തിൽ ഇവിടുത്തെ

അത്ര സാമ്പത്തികനേട്ടം ഇല്ല. എന്നാലും ആ കുറവ് നികത്താവുന്നതേയുള്ളു.

ആഢ്യത്വം ഒട്ടും കുറവില്ല. നാട്ടിലാകെ ഉത്സവപ്രതീതി വിതച്ചുകൊണ്ട് ആ

മംഗല്യ കർമ്മം നടന്നു. ശ്രീദേവി വരന്റെ ഭവനത്തിലും ശ്രീദേവിയായി

വിളങ്ങി. ബാലഗോപന് പഠനം തുടരാൻ സൗകര്യാർത്ഥം അവർ താമസം

പിന്നീട് വൈദ്യഗൃഹത്തിൽ ആക്കി.

‘ കാവിലമ്മ തുണച്ചു’. അമ്മുക്കുട്ടിയമ്മ എല്ലാവരോടും പറഞ്ഞു.

രണ്ടാമത്തെ മകൾ നന്ദിനിക്ക് ഇതത്ര ഇഷ്ടപ്പെട്ടില്ല. വിവാഹം കഴിഞ്ഞ്

വധു ഭർത്താവിനോട് ഒത്തു മറുനാട്ടിൽ കഴിയുന്നതും വല്ലപ്പോഴുമൊക്കെ

ആർഭാടത്തോടെ ഭവനത്തിൽ വന്നുകയറുന്നതുമൊ ക്കെയായിരുന്നു അവളുടെ

സ്വപ്നം. പഠിച്ചു ഒരു ഡിഗ്രി എടുക്കണമെന്നും ജോലി നേടണമെന്നുമൊക്കെ

അവൾ ഉറ ച്ചിരുന്നു. പഠനത്തിൽ അവൾ ബഹുമിടുക്കിയുമാ യായിരുന്നു.

ചടുലമായ നടപ്പും, സംസാര രീതിയുമൊക്കെ അവളുടെ സ്വതസിദ്ധമായ

കഴിവുകളായിരുന്നു. ക്ലാസിൽ എന്നും ഒന്നാം സ്ഥാനം പിടിച്ചെടുത്തിരുന്നു

നന്ദിനി. മൂന്നുനാല് മൈൽ ദൂരെയുള്ള ഹൈസ്‌കൂളിൽ നടന്നു പോയി

പഠിക്കാൻ അവൾ തയ്യാറായിരുന്നു. ചരൽക്കല്ല് വിരിച്ച നാട്ടു പാതയിലൂടെ

 

നടക്കുമ്പോൾ അവൾ ഒറ്റയ്ക്കായിരുന്നു. പെൺകുട്ടികൾ അധികം ദൂരം

പഠിച്ചെത്താത്ത ആ കാലത്ത് വളരെ കുറച്ച് ആൺകുട്ടികൾ

മാത്രമേപുസ്തക കെട്ടുമായി സഹയാത്രികരായി ഉണ്ടാകാറുള്ളു.

നന്ദിനിയോട് എല്ലാവർക്കും സ്‌നേഹ ബഹുമാനമേയുണ്ടായിരുന്നുള്ളു.

ഏതവസ്ഥയിലും സഹോദരതുല്യമായ സ്‌നേഹം സഹപാഠികൾ അവൾക്ക്

നൽകി.

സൗന്ദര്യത്തിൽ ചേച്ചിയെ വെല്ലുന്ന വളായിരുന്നു

നന്ദിനി.എന്നാൽ ഗ്രാമീണ സൗന്ദര്യത്തെ വെല്ലുന്ന മനശക്തി

അവൾക്കുണ്ടായിരുന്നു. അന്നനടയായിരുന്നില്ല അവളുടേത്. എന്തോ വലിയ

കാര്യം സാധിക്കാൻ തത്രപെട്ടുപോകുന്ന ഒരു ധീരവനിതയുടെ ഭാവം

അവളിൽ ഒളിവിതറി. ‘ഝാൻസി റാണി’ എന്ന ഒരു വിളിപ്പേര്

ആൺകുട്ടികൾ രഹസ്യമായി കൈമാറി. കുതിരപ്പുറത്തിരുന്നു അധികാരാഡംബരത്തിന്റെ വീറുറ്റ നാരി യായി  ഝാൻസിറാണി നാട് ഭരിച്ച  കാര്യമൊന്നും നന്ദിനി ഓർക്കാറില്ല.തനിക്ക് ഇങ്ങനെയൊരു ഇമേജ് ഉള്ളതും അവളറിഞ്ഞില്ല.

നീണ്ടു ചുരുണ്ടു നിതംബത്തിന് താഴെ താളമിടുന്ന കാർകൂന്തൽ തുമ്പ് കെട്ടി, അമ്മ നിർബന്ധിച്ചു തിരുകിക്കൊടുക്കുന്ന തുളസികക്കതിർ വഴിയിൽവെച്ച് എടുത്തുമാറ്റി ഒരല്പം ഉയർത്തിക്കെട്ടിയാലേ നന്ദിനിക്കു  സമാധാനമാകൂ. എന്നും വൈകിട്ട് മുടി കെട്ട് അഴിച്ചു വിതിർത്തിടുബോൾ അമ്മ പിറുപിറുക്കും’ ഈറൻ നാറുന്നു.’ നീളൻ പാവാടയും ഹാഫ് സാരിയും അണിഞ്ഞു, ആഭരണഭ്രമം ഇല്ലാത്തതിനാൽ ഒഴിഞ്ഞ കഴുത്തും കാതും  ഒക്കെയായി അവൾ ഇറങ്ങുമ്പോൾ അമ്മ വീണ്ടും പിറുപിറുക്കും.’ കുടുംബത്തിന് ഒരു അന്തസ്സില്ലേ’. നന്ദിനി വെറുതെ ചിരിക്കും. ഈ അന്തസ്സു ഇരിക്കുന്നതു പൊന്നിലാണോ? പെൺകുട്ടികൾക്കു സ്വന്തം കഴിവിൽ അഭിമാനം ഇല്ലാത്തതെ ന്തേ? ബാഹ്യസൗന്ദര്യത്തിനു മുൻതൂക്കം കൊടുക്കാൻ മാത്രം നിസ്സഹായയാവുന്നു   സ്ത്രീകൾ

നന്ദിനിയുടെ ചിന്തകൾ അമ്മയെ വളരെയേറെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു. തൊഴിലിന്റെ മഹാത്മ്യമറിയുന്ന വൈദ്യരോട് ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. മനുഷ്യ ശരീരത്തിന്റെ നാഡി ഞരമ്പുകളും അവയുടെ പ്രവർത്തന വൈവിധ്യവും അദ്ദേഹം പുതിയ പുതിയ കണ്ടുപിടുത്തങ്ങൾക്ക് ഉപാധിയാക്കുകയായിരുന്നു. മാധ്യമങ്ങൾ മനുഷ്യമനസ്സുകളെ അമ്മാനമാടി തുടങ്ങിയിരുന്നു. എല്ലാം കച്ചവടമാക്കി മാറ്റാൻ ചെറുകിട നാട്ടുവൈദ്യന്മാർ പോലും ശ്രമിക്കുന്നു. അലോപ്പതിയുടെ കടന്നുകയറ്റം വേറെ. പാർശ്വഫലങ്ങൾ ഒന്നും ചിന്തിക്കാതെ ആളുകളെ ആകർഷിച്ചു പിടിക്കാൻ അവർക്ക് കഴിയുന്നുമുണ്ട്.ഭാരതീയ ആചാര്യന്മാർ സംഭാവനയായി നല്കിയ പാരമ്പര്യ വിദ്യയൊന്നും വിലപ്പോകാത്ത ഒരു അവസ്ഥയിലാണ് ഇന്ന് ലോകം പോകുന്നതു തന്നെ. ആയുർവേദത്തിന്റെ മൂല്യം ഇടിയാതെ നോക്കണം. കൂട്ടത്തിൽ പൊതുജനാരോഗ്യത്തിനുതകുന്ന ഒരു നല്ല മരുന്നിന്റെ പരീക്ഷണ നിരീക്ഷണത്തിലുമായിരുന്നു അദ്ദേഹം. ബാലഗോപന്റെ യുവമനസ്സും കൂടെ തുണയ്ക്ക് എത്തിയതിനാൽ, ഉദ്യമം ഉടനെതന്നെ പ്രാവർത്തികമാക്കാൻ കഴിയുമെന്ന ഒരാത്മവിശ്വാസവും അദ്ദേഹത്തിനുണർവേകി. ഒരു മകൻ ഇല്ലാത്ത കുറവും ആ വഴി നികത്തപ്പെട്ടിരിക്കയാണ്. സന്തത സഹചാരിയായി ബാലഗോപൻ വന്നത് ഒരനുഗ്രഹം തന്നെയാണ്. കുല ദൈവങ്ങൾക്ക് തന്നോടുള്ള പ്രീതി തന്നെ കാരണം. ഇപ്രാവശ്യത്തെ ഉത്സവം ഗംഭീരമാക്കണം. ദേവി പ്രീതി കുടുംബത്തിന് ഐശ്വര്യം ഉണ്ടാകും.

ഇളയ മകൾ നാരായണിക്ക് ദേവിയുടെ തനിരൂപമാണ്. ചുവന്ന പട്ടുടുത്ത് സർവ്വാഭരണ വിഭൂഷിതയായി ശ്രീകോവിലിൽ വിളങ്ങുന്ന സ്വരൂപത്തിന് നേരെ നോക്കി നിൽക്കുമ്പോൾ പലപ്പോഴും അമ്മുക്കുട്ടിയമ്മ തന്നെത്തന്നെ ശപിക്കും. പരിപാവനമായ ദേവി സന്നിധിയിൽ സ്വന്തം ഉദരത്തിൽ പിറന്ന വെറും മനുഷ്യജന്മമായ നാരായണിയെപ്പറ്റി ചിന്തിക്കുന്നത് എത്ര അനുചിതമാണ്. സ്വയം ശപിച്ചു  ദേവിയോട് മാപ്പ് പറഞ്ഞു നേരെ തിരിഞ്ഞു നോക്കിയത് താലത്തിൽ മഞ്ഞ പുഷ്പമാലിന്യവുമായി ചിരിച്ചുകൊണ്ട് വരുന്ന നാരായണിയുടെ മുഖത്ത്. എന്തൊരു അഴകാണ് ഇവൾക്ക്! ചുവന്ന പട്ടുപാവാടയും പാലയ്ക്കമോതിരവും കുഴി മിന്നിയും  അണിഞ്ഞു മൂന്നുനില കൊടക്കടുക്കൻ താളത്തിൽ കുലുക്കി നാരായണി ചിരിതൂകിനിന്നു. നെറ്റിയിൽ നിറയെ കുറുനിരകൾ വിതറി, തങ്ക നിറമുള്ള തൂനെറ്റിയിൽ മഞ്ഞൾ കുറി അണിഞ്ഞു, കമല നേത്രങ്ങൾ നീട്ടി എഴുതി പൂനിലാവ് പോലെ ചിരിതൂകി അവൾ കൊഞ്ചി.

അമ്മേ…ഇന്നച്ഛനും വന്നിട്ടുണ്ട് ഇവിടെ’

‘ ഉവ്വോ…എന്താ വിശേഷം?’

‘ആ… ഇത്തവണ ഉത്സവം

കെങ്കേമമാണത്രെ.’

‘ അതെന്താ… വിശേഷമെന്തെങ്കിലും….?

‘ അറിയില്ല…. പുതിയ ഒരു മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്ന് ഗോപേട്ടൻ പറഞ്ഞു. അവരും വരുന്നുണ്ട് ‘ അമ്മുക്കുട്ടിയമ്മ തനിയെ പിറുപിറുത്തു.

ആകാശത്ത് ചുറ്റിപ്പറക്കുന്ന ഒരു കൃഷ്ണപ്പരുന്ത് ആലിൻ കൊമ്പിൽ വിശ്രമം തേടിയപ്പോൾ കുറെ ഇലകൾ ഒന്നിച്ചു പൊഴിഞ്ഞ് അമ്മുക്കുട്ടിയമ്മയുടെ നിറുകയിൽ വീണു

‘ എന്റെ ദേവി’

അവർ ഞെട്ടിപ്പോയി. തന്റെ മനസ്സ് വായിക്കുന്ന ദീവിയാണോ ഇപ്പോൾ ഈ അത്ഭുതം കാണിച്ചത്?

നടകൾ വേഗത്തിൽ ഇറങ്ങി ഭവനത്തിലേക്ക് നടക്കുമ്പോഴും നന്ദിനിയെപ്പറ്റി ഒരശുഭ ചിന്ത അമ്മുക്കുട്ടി യമ്മയിൽ നിറഞ്ഞുനിന്നു.

‘ഒന്നും വരുത്തല്ലേ ദേവി.’

ഒരിക്കൽക്കൂടി നടയ്ക്കുനേരെ തിരിഞ്ഞു തൊഴുത് അവർ വേഗം വേഗം നടന്നു.

About The Author

One thought on “പക്ഷിപാതാളം – സിസിലി ജോർജ് (നോവൽ ആരംഭിക്കുന്നു) | അദ്ധ്യായം 1”

Leave a Reply

Your email address will not be published. Required fields are marked *