karyasthan

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 2 വാടാമുല്ലകൾ | കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

2

vഅധ്യായം – 2

വാടാമുല്ലകൾ

ഒരു മണിക്കൂർ സഞ്ചരിച്ച് അവർ ബംഗ്ലാവിന് മുന്നിലെത്തി. പോലീസ് ജീപ്പിൽ നിന്ന് അബ്ദുള്ളയും സ്വന്തം കാറില്‍ നിന്ന് കിരണും പുറത്തിറങ്ങി. എങ്ങും നിശബ്ദത മാത്രം. വിവിധ നിറത്തിലുള്ള പൂക്കൾ കണ്ണിന് കുളിർമ നൽകി. ബംഗ്ലാവിന് മുന്നിലെ മാവിൻ തുമ്പത്ത് പഴുത്തു കിടന്ന മാമ്പഴങ്ങൾ ആർത്തിയോടെ കിളികൾ കൊത്തിത്തിന്നുന്നത് കണ്ട് അണ്ണാറക്കണ്ണന്മാർ പാഞ്ഞെത്തി. പെട്ടെന്ന് കിളികള്‍ പറന്നുപോയത് അവൾ അത്ഭുതത്തോടെ കണ്ടു. തലയിൽ ധരിച്ചിരുന്ന ലണ്ടൻ തൊപ്പിയൂരി അവൾ എല്ലായിടവും വീക്ഷിച്ചു. പറമ്പിലെ തെങ്ങോലകൾ കാറ്റിൽ ആലോലമാടി.

തൊപ്പി തലയിൽ ചൂടി അവർക്കൊപ്പം വരാന്തയിലേക്ക് കയറി. മുറ്റത്തു നിന്ന ഡ്രൈവർ പോലീസിനോടു പറഞ്ഞു “ആരെയും ഇങ്ങോട്ടു വരാൻ അനുവദിക്കരുത്.”

അബ്ദുള്ള മുറി തുറന്നുകൊടുത്തു. അയാളുടെ മനസിൽനിന്ന് സംഘർഷങ്ങളെല്ലാം അകന്നുകഴിഞ്ഞിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെട്ടതിൽ അയാൾ ആനന്ദം കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ച എന്തെല്ലാം കാണേണ്ടി വന്നു. ടെലിഫോണിലൂടെ ഓരോരുത്തരോടും ഉത്തരം പറഞ്ഞു മടുത്തു. ഏതു കേസും തെളിയിക്കാൻ കഴിവുള്ളവളെ ഏൽപിച്ചതു നന്നായി. അവൾ തെളിയിക്കട്ടെ. മാത്രമല്ല പോലീസിനുള്ളത്ര ജോലിയൊന്നും ഇവർക്കില്ലല്ലോ. അവരും കുറെ ബുദ്ധിമുട്ടുകൾ സഹിക്കണം.

അവൾ മുറിക്കുള്ളിൽ തിരച്ചിൽ തുടർന്നു. അലമാരയിലിരുന്ന ചില ഫയലുകൾ എടുത്തുനോക്കിയിട്ട് മാറ്റിവച്ചു. എല്ലാം വളരെ വ്യഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. മുറിക്കുള്ളിൽ എല്ലാം വളരെ അടുക്കും ചിട്ടയോടുകൂടിയുമാണ് കാണപ്പെട്ടത്. മുറിയിൽ നിന്ന് ലഭിച്ച വീഡിയോ സി.ഡികളും ഒരു ഡയറിയും മാറ്റിവച്ചു. കുറ്റവാളിയെ കണ്ടെത്തുമോ? അബ്ദുള്ള സ്വയം ചോദിച്ചു. കമ്പ്യൂട്ടറിൽ നിന്ന് പലതും സിഡിയിലേക്ക് മാറ്റുന്നുണ്ട്. ഇവൾ കമ്പ്യൂട്ടർ വിദഗ്ധയാണോ?പഴയ തറവാട്ടുമുറ്റത്ത് എല്ലാം ആശങ്കയോടെ കണ്ടുനിന്ന രമാദേവിക്കും കാവൽക്കാരൻ മണ്ടൻ മാധവനും ചില സ്ത്രീകൾക്കും ഒരേ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. ഇവർ യഥാർത്ഥ പ്രതികളെ പിടികൂടിയോ? ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയെന്നാണ് അറിഞ്ഞത്. ഇന്ന് പോലീസ് സംവിധാനമെല്ലാം ഭരണകക്ഷിയുടെ താൽപര്യമനുസരിച്ചാണ് കേസ്സുകൾ കൊള്ളുന്നതും തള്ളുന്നതുമെന്നാണ് പറയുന്നത്. കൊലയാളികളെ പറ്റിയറിയാൻ രമാദേവിയുടെ മനസ് വെമ്പൽ കൊണ്ടു. കാറ്റെങ്ങും ആടിത്തകർക്കുന്നതുപോലെ രമയുടെ മനസും ആടിത്തുടങ്ങി.

മാധവനോട് ആവശ്യപ്പെട്ടു. “മാധവാ ആ നിൽക്കുന്ന പോലീസുകാരനോട് പോയി ഒന്നു ചോദിക്കൂ കൊലയാളിയെ കിട്ടിയോ എന്ന്.” മാധവൻ ആദരവോടെ പറഞ്ഞു, “ആട്ട് തമ്പ്രാട്ടി.”

അറുപത്താറ് വയസും മെലിഞ്ഞ ശരീരവും നര ബാധിച്ച മുടിയും വിഷണ്ണമായ മുഖഭാവവുമുള്ള കാര്യസ്ഥൻ അമ്പരപ്പോടെ ഏതാനും ചുവട്ടടി മുന്നോട്ടു നടന്ന് തോളിൽ കിടന്ന വെള്ളത്തോർത്ത് രണ്ടു കൈകളിലും കൂപ്പി പിടിച്ച് ചോദിച്ചു. “ഏമാനേ…”

വഴിയിലേക്ക് നോക്കിനിന്ന പോലീസുകാരൻ തിരിഞ്ഞുനോക്കി രൂക്ഷഭാവത്തിൽ ചോദിച്ചു, “എന്താടോ?”

മാധവൻ വിക്കി വിക്കി അറിയിച്ചു. “ഏനോട് തമ്പ്രാട്ടി പറഞ്ഞേ കൊല…കൊലപ്പുള്ളീനെ പിടിച്ചോന്ന്…”

നിമിഷനേരത്തേക്ക് പോലീസുകാരൻ മാധവനെ സൂക്ഷിച്ചു നോക്കി. ആ നോട്ടത്തിൽ മാധവന്റെ മുഖം മങ്ങി. കണ്ണുകൾ വരണ്ടിരുന്നു. അതോടെ ചോദ്യമവസാനിച്ചു. പോലീസുകാരൻ തലയിൽ ധരിച്ചിരുന്ന തൊപ്പി അഴിച്ചിട്ട് അറിയിച്ചു, “ഒടനെ പിടിക്കും. അവൻ ഏത് കല്ലറയിൽ ഒളിച്ചാലും കേരളാപോലീസവനെ പൊക്കും. മനസ്സിലായോ?”

അത് കേട്ടാൽ തോന്നും ഇയാളാണ് അതിൽ കേമൻ എന്ന്. പേടിച്ചരണ്ട കണ്ണുകളോടെ മാധവൻ തലയാട്ടി തലകുനിച്ച് തിരികെ നടന്നു. പോലീസുകാരൻ പറഞ്ഞത് രമാദേവിയെ അറിയിച്ചു. ആ വാക്കുകൾ മനസ്സിന് ഒരാശ്വാസം പകരുകതന്നെ ചെയ്തു. അകത്തുനിന്ന് ടെലിഫോൺ ബെല്ലടികേട്ട് രമാദേവി അകത്തേക്കു നടന്നു. മുറിക്കുള്ളിലെ ഓരോ ഉപകരണങ്ങളും കക്കൂസും കുളിമുറിയുമടക്കം കൃത്യമായി പരിശോധിക്കുന്നത് കണ്ട് അബ്ദുള്ള ചിന്താകുലനായി. പോലീസ് കണ്ടെത്തിയതിനേക്കാൾ കൂടുതലെന്തെങ്കിലും ഇവൾ കണ്ടെത്തിയോ? കൊലപാതകങ്ങൾ തെളിയിക്കുന്നതിൽ സാമർത്ഥ്യമുള്ളവളെന്നാണ് ക്രൈംബ്രാഞ്ചിൽ നിന്നുള്ള അറിവ്. രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിൽ തെളിയിക്കാതെ കിടന്ന ഒരു കേസ് പുറത്തുകൊണ്ടുവന്നത് ഇവളുടെ കഴിവാണെന്നാണ് പറഞ്ഞു കേൾക്കുന്നത്. അതും കൊലപാതകിയായ പുരുഷനോടു പ്രണയം നടിച്ചാണത്രെ അറസ്റ്റ് ചെയ്തത്! കൊള്ളയും കൊലയും നടത്തുന്നയാൾ എത്ര തന്ത്രശാലിയായാലും തന്റെ കുതന്ത്രങ്ങളിലൂടെ അനായാസമായി കീഴടക്കാനുള്ള ഒരു മനോബലം അവൾക്കുണ്ട്. കുറ്റവാളിയെ കണ്ടെത്താൻ സൈറൻ മുഴക്കി അവൾ പോകാറില്ല. അതെപ്പറ്റിയുള്ള ഒരു സൂചനയും മുതിർന്ന പദവിയിലുള്ളവർക്കും അവൾ കൊടുക്കാറില്ല. കുറ്റാന്വേഷണരംഗത്ത് പുരുഷനെക്കാൾ ഒരു കെണിയിലും വീഴാതെ മുന്നോട്ടുപോകാനുള്ള കഴിവ് അവൾക്കുണ്ട്. കുറ്റവാളികളെ പിൻതുടർന്ന് കണ്ടുപിടിക്കുക, അതത്ര നിസ്സാരമല്ല. എപ്പോഴും പോലീസിന്റെ മേൽ കുറ്റം ചുമത്തുന്ന മാധ്യമങ്ങൾ ക്രൈംബ്രാഞ്ചിന്റെ മേലും കുതിരകേറാതിരിക്കില്ല. അതുകൊണ്ടായിരിക്കും തന്നെപ്പറ്റിയുള്ള ഒരു വിവരങ്ങളും മറ്റാർക്കും കൈമാറരുതെന്ന് അവൾ അറിയിച്ചത്. കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന സമീപനങ്ങൾ പോലീസിന്റെ ഭാഗത്തുനിന്ന് മാത്രമല്ല അതിനെ പിൻതുടർന്നു നശിപ്പിക്കുന്ന രാഷ്ട്രീയസമ്മർദ്ദങ്ങളുമുണ്ടായിട്ടുണ്ട്. സത്യത്തിൽ കുറ്റവും ശിക്ഷയും ഒരു പരീക്ഷണമായി മാറിയിട്ടുണ്ട്. പല ന്യായാധിപന്മാർ പോലും അധികാരികളുടെ താളത്തിന് തുള്ളുന്ന കാലം.

മുകളിലെ നിലയിൽ നിന്ന് താഴേയ്ക്ക് വന്ന കിരണിന്റെ മുഖത്ത് ഒരാത്മവിശ്വാസം നിഴലിക്കുന്നുണ്ട്. ഒരു കാര്യം അബ്ദുള്ള മനസ്സിലുറപ്പിച്ചു. അവൾ കൃത്യമായി എന്തോ കണ്ടെത്തിയത് മുഖത്ത് തെളിയുന്നുണ്ട്. ഒരുപക്ഷേ, കഠിനപ്രയത്നംകൊണ്ട് അവൾ കുറ്റവാളികളെ കണ്ടെത്തിയിരിക്കാം. എല്ലാം കാണാനിരിക്കുന്ന കാഴ്ചകളല്ലേ? അതിനുമുമ്പ് ഒരു തീരുമാനത്തിൽ എത്തുന്നത് നന്നല്ല. അബ്ദുള്ളയുടെ മൊബൈൽ ശബ്ദിച്ചു. അയാൾ വരാന്തയിലെത്തി ആരുമായോ സംസാരിച്ചു. സംഭാഷണത്തിന് വേഗത്തിൽ വിരാമമിട്ടുകൊണ്ട് അകത്തേക്കു ചെന്നു. അവൾ അവിടെനിന്നുമെടുത്ത സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്. തലകുനിച്ചിരുന്ന് എഴുതുന്ന കിരണിനെ മിഴികൾ എടുക്കാതെ അബ്ദുള്ള നോക്കി. മദ്ധ്യവയസ്കനും മൂന്നുകുട്ടികളുടെ പിതാവുമാണെന്ന കാര്യം അപ്പോഴങ്ങു മറന്നു. തളിർത്തു തഴച്ചു വളരുന്ന അവളുടെ ശരീരഭംഗിയിലായിരുന്നു അയാളുടെ കണ്ണുകൾ. എല്ലാ സ്ത്രീകളെക്കാൾ ഒരാകർഷണം അവളിലുണ്ട്. അതിൽ നിന്ന് ഒരു പുരുഷനും ഒഴിഞ്ഞുമാറാനാകില്ല. അങ്ങിനെ ഒഴിഞ്ഞു മാറാത്ത ഒരുത്തന്റെ ലൈംഗിക അവയവം ഛേദിച്ചു കളഞ്ഞ മുറിയിലാണ് താനിരിക്കുന്നതെന്ന കാര്യം അപ്പോഴാണ് അയാൾ ഓർത്തത്. പെട്ടെന്ന് അബ്ദുള്ളയുടെ മനസ് മാറി. കൊല്ലപ്പെട്ട ആളുടെ പല സുഹൃത്തുക്കളെയും ബന്ധപ്പെട്ടപ്പോൾ അവരെല്ലാം പറഞ്ഞത് ഒരിക്കലും അദ്ദേഹമൊരു സ്ത്രീലമ്പടൻ അല്ലെന്നാണ്. ഈ കേസ്സിൽ അതൊരു അപ്രധാനവിഷയമാണ്. എങ്കിലും മാന്യനായ മനുഷ്യന്റെ അവയവം എന്തിനാണ് മുറിച്ചു മാറ്റിയത്. അതിന്നും ഒരു സംശയം മാത്രമല്ല ഉത്തരം കിട്ടാത്ത ചോദ്യം കൂടിയാണ്.

വേഷത്തിലും കിരൺ ഒരു പരിഷ്കൃതയായി തോന്നി. ലണ്ടനിൽ പഠിച്ചതുകൊണ്ടാകാം. ഒരുതരി പൊന്നോ, കറുത്ത പുരികക്കൊടികളോ, ചായം പൂശിയ ചുണ്ടോ കവിളുകളോ നഖങ്ങളോ അഴിഞ്ഞലഞ്ഞ മുടിയോ ഒന്നുമില്ല. അങ്ങിനെ ഒരാർഭാടങ്ങളുമില്ലെങ്കിലും ഒരു പുരുഷനുമാത്രമല്ല സ്ത്രീക്കുപോലും ആത്മസംതൃപ്തി നൽകുന്ന സൗന്ദര്യത്തിന് ഉടമയാണവൾ. അവൾ എഴുതി തയ്യാറാക്കി ഒപ്പിട്ട പേപ്പർ കൊടുത്തിട്ടു പറഞ്ഞു. “ഇതൊക്കെ ഞാൻ കൊണ്ടുപോകുന്നു, ഓ.കെ.”

അവൾ ഉത്കണ്ഠയോടെ നോക്കി. “വൈ നോട്ട്. ചോദിച്ചോളൂ.”

“മാഡം കുറെ വർഷങ്ങൾ ലണ്ടനിൽ ഉണ്ടായിരുന്നുവല്ലോ? അവിടെ കുറ്റവാളികൾ രക്ഷപ്പെടാറുണ്ടോ?”

അബ്ദുള്ളയെ അവൾ സന്തോഷത്തോടെ നോക്കി. ആദ്യം കരുതിയത് ഈ കൊലപാതകത്തെക്കുറിച്ചായിരിക്കുമെന്നാണ്. അയാളുടെ കൊഴുത്തു തടിച്ച ശരീരത്തിലും തലമണ്ടയിലും അറിവ് മുളയ്ക്കുന്നുണ്ട്. മറ്റുള്ളവരിൽ നിന്ന് പഠിക്കാനും വായിച്ച് വളരാനും പോലീസ് സേനയിൽ പലർക്കും താൽപര്യമില്ല. അൽപം സമയം കിട്ടുമെങ്കിൽ മറ്റ് സ്വർത്ഥതാൽപര്യങ്ങൾക്കാണ് അവർ സമയം ചിലവഴിക്കാറ്. ഇത് ഭരണകർത്താക്കൾ മുതൽ താഴേയ്ക്ക് കാണുന്ന പ്രതിഭാസമാണ്. അബ്ദുള്ളയെ അവൾ മാനിച്ചുകൊണ്ടു പറഞ്ഞു, “ബ്രിട്ടണിൽ കുറ്റവാളികൾ രക്ഷപ്പെടുന്ന പതിവില്ല, കാരണം, കേസുകളില്‍ ബാഹ്യ ഇടെപെടല്‍ ഉണ്ടാകാറില്ല. അന്വേഷണം സുതാര്യമാണ്. അതിനാൽ ശിക്ഷ ഉറപ്പാണ്. ഏതൊരു കുറ്റം ചെയ്യുന്നവനും ശിക്ഷ കിട്ടുമെന്നുള്ള ബോധ്യവും ഉറപ്പുമുണ്ട്. അതു മന്ത്രിയല്ല ആരായാലും അവിടെ നിയമങ്ങൾ അനുസരിക്കുന്നവരാണ്. ഇവിടെ കാണുന്നത് ലംഘനമാണ്. ഇവിടെ നമ്മൾ പൊതുധാരയിൽ കണ്ടുകൊണ്ടിരിക്കുന്നത് എന്താണ്? അധികാരമുള്ളവർ, സ്വാധീനമുള്ളവർ ന്യായങ്ങളെ അന്യായങ്ങളാക്കുന്നു. അതിനുതകുന്ന വകുപ്പുകളുമുണ്ട്. ഇവിടുത്തെ മാധ്യമങ്ങൾ പോലും പോലീസിന് വില്ലൻ റോളല്ലേ പതിച്ചു നൽകിയിരിക്കുന്നത്? കാരണമെന്താണ്? ഇരയ്ക്ക് നീതി കിട്ടുന്നില്ല. സത്യസന്ധത മറയാക്കി അഴിമതി നടത്തുന്ന ജനാധിപത്യത്തിന്റെ മറവിലല്ലേ? കുറ്റവും ശിക്ഷയുടെയും കാര്യത്തിൽ ഗൾഫ് രാജ്യങ്ങളും ഒട്ടും പിറകിലല്ല. ഒരു കാര്യമേ എനിക്കു പറയാനുള്ളൂ. ആരായാലും നീതിനിഷേധത്തിന് പോലീസ് കൂട്ട് നിൽക്കരുത്. കാരണം നാളെ നമ്മുടെ കുട്ടികളും ഇതനുഭവിക്കേണ്ടി വരും.”

അവളിൽ നിന്ന് പല കാര്യങ്ങളും അറിയണമെന്നുണ്ട്. പോലീസുകാർക്കും ബോധവത്ക്കരണം അത്യന്താപേക്ഷിതമാണെന്നു തോന്നി. മുറ്റത്തിറങ്ങിയപ്പോൾ അബ്ദുള്ള ഒരു കാര്യമറിയിച്ചു. “ഞാൻ ചാരുംമൂടന്‍ സാറിന്റെ ഒരാരാധകനാണ്. അദ്ദേഹത്തിന്റെ ഒരു നോവലിൽ വായിച്ച വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്– നമ്മുടെ മുന്നിൽ കാണുന്ന എല്ലാ തിന്മകൾക്കും പാപങ്ങൾക്കും പ്രധാനപ്പെട്ട കാരണം അജ്ഞതയും അറിവില്ലായ്മയും പട്ടിണിയുമെന്നാണ്. അവരെപ്പോലുള്ളവർ ഈ ലോകത്ത് ദീർഘകാലം ജീവിച്ചിരിക്കണമെന്നാണാഗ്രഹം. എന്റെ സ്നേഹാന്വേഷണം അദ്ദേഹത്തോട് പറയണം.”

അവൾ സമ്മതം മൂളിയിട്ട് ഹസ്തദാനം ചെയ്ത് നന്ദി പറഞ്ഞു പിരിഞ്ഞു. താമരക്കുളം ഗ്രാമത്തിന്റെ പ്രകൃതിരമണീയത ആസ്വദിച്ചുകൊണ്ടവൾ പുതുക്കാടൻ തറവാട്ടിലേക്ക് പോയി. സൈമൺ ജനിച്ചത് ചാരുമൂട്ടിലാണെങ്കിലും വളർന്നത് മാവേലിക്കരയാണ്. ചാരുംമൂടൻ എന്ന തൂലികാനാമം തന്റെ കൃതികളില്‍ കൊടുക്കാനുള്ള പ്രധാനകാരണം ജന്മദേശത്തോടുള്ള സ്നേഹബഹുമാനങ്ങളാണ്. ഇടയ്ക്കവൾ കാറ് റോഡരികിൽ മാറ്റി നിർത്തിയിട്ട് കരുണുമായി ഫോണിൽ സംസാരിച്ചു. റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരുന്നു. കാക്കകള്‍ വട്ടമിട്ട് പറന്നുയരുന്നുണ്ട്. അടുത്തുള്ളൊരു പലചരക്ക് കടയിൽനിന്ന് അരിയും മറ്റു സാധനങ്ങളും വാങ്ങി ആൾക്കാർ നടക്കുന്നുണ്ട്. അവൾ കാറിലിരുന്ന് ചുറ്റുപാടുകൾ കണ്ണോടിച്ചു.

മൊബൈൽ ശബ്ദിച്ചു. മമ്മിയാണ്. “ഹായ് മമ്മീ, ഞാനുടനെ വീട്ടിലെത്തും.”

ഓമന ചോദിച്ചു “നീ സത്യമാണോ പറയുന്നത്?”

അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിന് മുമ്പ് പലപ്പോഴും പറഞ്ഞ് പറ്റിച്ചിട്ടുണ്ട്. മകളുടെ പ്രായത്തെയാണ് പെറ്റമ്മ പേടിക്കുന്നത്. അത് വൈദ്യുതി പ്രവാഹംപോലെയാണെന്ന് പറഞ്ഞ് പേടിപ്പിക്കും. ചില പെൺകുട്ടികളുടെ പൊതുസ്വഭാവം വച്ചാണ് മമ്മി പറയുന്നത്. പെറ്റമ്മ പറഞ്ഞില്ലെങ്കിലും സുരക്ഷിതത്വം നോക്കാത്ത പെൺകുട്ടികളുണ്ടോ?

അവൾ സന്തോഷത്തോടെ പറഞ്ഞു. “ഒരു പത്തുമിനിറ്റിനകം ഞാനങ്ങ് എത്തും ടീച്ചറെ.” അവൾ കാറോടിച്ചുപോയി. എല്ലാ അമ്മമാർക്കുമുള്ള മനോദുഃഖമായിരിക്കും എന്റെ അമ്മയ്ക്കുമുള്ളത്. അത് ഇവിടുത്തെ സ്ത്രീകളുടെ ഭാഗ്യദോഷം. അവളും ചിന്തിച്ചു. എത്രനാളിങ്ങനെ മാതാപിതാക്കളെ ധിക്കരിച്ചും പറഞ്ഞ് പറ്റിച്ചും ജീവിക്കും. എന്തുകൊണ്ടോ അവർ നിർദേശിക്കുന്ന പുരുഷനെ ഉൾക്കൊള്ളാനാകുന്നില്ല. ഈ ജീവിതത്തില്‍ ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ. അയാളുടെ സ്പർശം മാത്രമേ ഞാനനുഭവിച്ചിട്ടുള്ളൂ. അയാളുടെ കാമുകിയായി ഇപ്പോഴും കഴിയുന്നു. ഞാനതിൽ സന്തുഷ്ടയാണ്. വിവാഹം സമൂഹം നൽകുന്ന ഒരധികാരം അല്ലാതെ എന്താണ്. ജീവിതകാലം മുഴുവൻ പ്രണയം പങ്കുവച്ച് കഴിയാനാണ് താൽപര്യം. സത്യത്തിൽ വിവാഹം ഒരു ഭീഷണിപോലെ മുന്നിൽ നിൽക്കുകയാണ്. എപ്പോഴും മമ്മി പറയുന്ന ഒരുകാര്യമാണ്. വിവാഹം കഴിക്കേണ്ട പ്രായത്തിൽ പെൺകുട്ടികൾ വിവാഹം കഴിച്ചിരിക്കണം. അതിന് മറുപടിയായി പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. “അതെന്താണ് മമ്മീ, വിവാഹം കഴിച്ചില്ലെങ്കിൽ സ്ത്രീയങ്ങ് തകർന്നുപോകുമോ?” പപ്പ അതുകേട്ട് ചിരിക്ക മാത്രമാണ് ചെയ്തത്. സത്യത്തിൽ മമ്മിയാണ് വെറും നാടൻ എന്ന് തോന്നിപ്പോകും. പലപ്പോഴും എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് വീട്ടിലേക്ക് അറിഞ്ഞുകൊണ്ട് വരാറില്ല. വന്നുകഴിഞ്ഞാൽ മമ്മി വിവാഹവിഷയം എടുത്തിടും. യോഗ്യരായ എത്രയെത്ര ചെറുപ്പക്കാരുടെ വിവാഹാലോചനകളും ഫോട്ടോകളുമാണ് മമ്മി കാണിച്ചിട്ടുള്ളത്. ഇന്ന് ചെല്ലുമ്പോഴും കയ്യിൽ കുറെ കരുതി വച്ചിട്ടുണ്ടാകും. ഇന്നത്തെ കാലത്ത് ആത്മവിശ്വാസത്തോടെ ഒരു കൂട്ടാളിയെ കണ്ടെത്താൻ കഴിയുമോ? അവളുടെ കണ്ണുകൾ മങ്ങുക മാത്രം ചെയ്തു.

സമ്പന്നൻമാരായ ധാരാളം പുരുഷന്മാർ ഈ മണ്ണിലുണ്ട്. അവർക്കാവശ്യം പ്രധാനമായും എന്താണ്? സ്ത്രീധനവും, സ്വര്‍ണവും, സ്ത്രീശരീരവും മാത്രം. സ്ത്രീയുടെ ശരീരം ഒരു കശാപ്പുകാരന് വേണ്ടി മാറ്റി വയ്ക്കണോ? ഇങ്ങനെയുള്ള കശാപ്പുകാരന്മാരെ ധാരാളം കണ്ടിട്ടുണ്ട്. ഞാൻ ഒരുത്തന്റെയും കശാപ്പുശാലയിലെ മൃഗമല്ല. പുരുഷന്റെ ആജ്ഞകൾ അനുസരിക്കാൻ ഒരടിമയുമല്ല. ചില സത്യങ്ങൾ കാണുമ്പോൾ പുരുഷന്മാരോട് വെറുപ്പും അറപ്പുമാണ് തോന്നുന്നത്. സ്ത്രീകൾ അറവുശാലയിലെ മൃഗങ്ങളല്ല. അവർ മണ്ണിലെ രാജകുമാരിമാരാണ്. അവർക്ക് സന്തോഷം പകരാൻ കരുത്തും മനസ്സുമുള്ളവരായാണ് കരുണിനെപ്പോലെ അച്ഛനെപ്പോലെയുള്ളവരുടെ കൈകളിൽ സ്ത്രീകൾ സുരക്ഷിതരാണ്. അങ്ങനെയുള്ള പുരുഷന്മാരെ ലഭിക്കുന്ന ഏതൊരു സ്ത്രീയും ഭാഗ്യവതികളാണ്. അവർക്കൊന്നും അടിമകളായി കഴിയേണ്ടി വരില്ല. സ്വയം ശപിക്കാൻ അവസരമുണ്ടാകില്ല. സ്വന്തം വീട്ടില്‍ ഒരഭയാർത്ഥിയെപ്പോലെ കഴിയേണ്ടതില്ല. സ്വന്തം കിടപ്പറയിൽ വേദനകൊണ്ട് പിടയേണ്ടതില്ല.

കാർ ഗേറ്റിനുള്ളിലൂടെ അകത്തേക്കു പോയി. കാർ പോർച്ചിലെത്തിയപ്പോൾ പ്രിൻസിപ്പൽ ഓമന അകത്തുനിന്ന് ഓടിയെത്തി ആലിംഗനം ചെയ്ത് കവിളിൽ ചുംബിച്ചു. അമ്പത്തിനാലു വയസുള്ള ഓമനയുടെ മുടികളിൽ നര ചെറുതായി ബാധിച്ചിട്ടുണ്ടെങ്കിലും ഒരു നാൽപത് വയസുകാരിയായി മാത്രമേ തോന്നൂ. മകളെ അതീവ സന്തോഷത്തോടെ അകത്തേക്കു കൂട്ടിക്കൊണ്ടുവന്നു. സൂര്യപ്രകാശം മങ്ങിയും തെളിഞ്ഞുമിരുന്നു. ഓമന അടുക്കളയിലേക്ക് വേഗത്തിൽ പോയി. അവൾ മുകളിലെ നിലയിലേക്ക് കോണിപ്പടികൾ ചവുട്ടി. പപ്പ ഇരിക്കുന്ന മുറിയിലേക്ക് ജനാലയിലൂടെ നോക്കി. ചെറിയ താടിരോമങ്ങളുള്ള ചാരുംമൂടൻ ഏതോ ചിന്തകളിൽ മുഴുകി വെള്ളപ്പേപ്പറിൽ എഴുതുകയാണ്. ഏതോ പുതിയൊരു സൃഷ്ടിക്ക് ജീവൻ കൊടുക്കുകയാണെന്ന് മനസ്സിലാക്കി. അവൾ പുറത്ത് പുഞ്ചിരിതൂകി നിന്നിട്ട് അകത്തേക്കു ചെല്ലണമോ വേണ്ടായോ എന്ന് ചിന്തിച്ചു. പപ്പ എഴുതുന്ന സമയം മമ്മിപോലും അകത്തേക്ക് ചെല്ലാറില്ല. മുറിക്കുള്ളിലും മേശപ്പുറത്തും ധാരാളം പുസ്തകങ്ങൾ, പത്രമാസികകൾ. മേശപ്പുറത്ത് ഒരു കമ്പ്യൂട്ടറുണ്ട്. വിദേശത്തുള്ള കുറച്ചുപേർ ഇന്ന് വായിക്കുന്നത് ഓൺലൈനും ഐപോഡുകളും. മൊബൈൽ ഫോണിലൂടെയെങ്കിലും പുസ്തകങ്ങൾ വായിച്ച് നിർവൃതിയുടെ മാധുര്യം അനുഭവിക്കുന്നവരാണ് മലയാളികൾ. ബ്രിട്ടീഷുകാരും അങ്ങിനെതന്നെ. സ്വന്തം പിതാവെങ്കിലും എന്നും അദ്ദേഹത്തോട് ആരാധന മാത്രമേ തോന്നിയിട്ടുള്ളൂ. അതിന്റെ പ്രധാന കാരണം അദ്ദേഹം അധ്വാനിക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്നവർക്കൊപ്പമാണ്. അത് അക്ഷരങ്ങളിൽ മാത്രമല്ല ജ്വലിച്ചു നിൽക്കുന്നത്. എത്രയോ സാഹിത്യകാരന്മാർ സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തി പദവിക്കും അവാർഡിനുമൊക്കെയായി അലഞ്ഞുതിരിയുമ്പോള്‍ അതൊക്കെ സാഹിത്യത്തിന്റെ ദുരവസ്ഥയായും സമൂഹത്തോടുള്ള ഉത്തരവാദിത്വം അവർ മറക്കുന്നുണ്ടെന്നുമാണ് പപ്പായുടെ ലേഖനം വായിച്ചപ്പോൾ കണ്ടത്.

പപ്പയെ ചെന്നു സൂക്ഷിച്ചു നോക്കിയതിനുശേഷം, മമ്മി ചെയ്യാറുള്ളതുപോലെ മൊബൈലിൽ കൂടി വിളിക്കാൻ തീരുമാനിച്ചു. ജീൻസിന്റെയുള്ളിൽ നിന്ന് മൊബൈൽ എടുത്തു വിളിച്ചു. മേശപ്പുറത്തിരുന്ന മൊബൈൽ ശബ്ദിച്ചു. ഫോണിലൂടെ നോക്കി. മകളുടെ നമ്പർ കണ്ടപ്പോൾ വിരൽത്തുമ്പിൽ വിരിഞ്ഞു നിൽക്കുന്ന അക്ഷരംപോലെ ആ മുഖം വിടർന്നു. പ്രകാശിച്ചു.

“നീ എത്തിയോ? മമ്മി പറഞ്ഞു നീ ഇന്നു വരുമെന്ന്.”

“പപ്പായുടെ അനുവാദത്തിനായി ഞാൻ കൺമുന്നിൽ തന്നെയുണ്ട്. എനിക്കങ്ങോട്ടു വരാമോ?”

കണ്ണുകൾ ആ ജനാലയിലേക്ക് തിരിച്ചു. മകളുടെ പുഞ്ചിരി തൂകിയ മുഖം കണ്ടപ്പോൾ കണ്ണുകൾ പൂത്തുലഞ്ഞു. ചെറുപുഞ്ചിരിയോടെ മകളെ ആംഗ്യം കാട്ടി അകത്തേക്കു വിളിച്ചു. വളർന്നു വലുതായ മകളെ ചിറകിനടിയിൽ സൂക്ഷിക്കാതെ പറക്കാനനുവദിച്ചു. അവൾ പറന്നുപറന്നു പോയി. അതിന് ഭാര്യ കുറ്റപ്പെടുത്തുന്നത് ഭർത്താവിനെ. പ്രായമായ മകളുടെ ആഗ്രഹത്തിന് വില കൽപിച്ചത് ഒരു കുറ്Jറമായി ഇന്നും തോനd്നിയിട്ടില്ല. മകൾ പോകുന്നിടത്തെല്ലാം അംഗരക്ഷകരെ അയയ്ക്കാൻ പറ്റില്ല. ജീവിതം അവൾക്കായി കരുതി വച്ചതെല്ലാം അവൾക്കു ലഭിക്കും. ആർക്കും അത് തട്ടിയെറിയാൻ കഴിയില്ല. മകളുടെ മനസ്സിനെ വായിച്ചറിയാൻ കഴിയാത്ത അമ്മ. മകളെ താൻ മനസ്സിലാക്കിയിടത്തോളം അവളുടെ സുരക്ഷയും ഭദ്രതയും ഭാവിയും അവൾക്കറിയാം. അതറിഞ്ഞുള്ള പിന്തുണയും കൊടുത്തിട്ടുണ്ട്. കതക് തുറന്നുവന്ന കിരൺ പിതൃസ്നേഹം തുളുമ്പിയ കണ്ണുകളിൽ നോക്കി. കവിളിലും നെറ്റിയിലും ചുംബിച്ചു. സ്നേഹത്തിന്റെ തെളിനാളം കത്തുന്ന നിമിഷങ്ങൾ.

അവൾ അടുത്തുള്ള കസേരയിലിരുന്നിട്ട് ചോദിച്ചു. “പപ്പാ, പുതിയ നോവൽ ഇതുവരെ വന്നില്ലേ?” മേശപ്പുറത്തിരുന്ന ഒരു പുസ്തകമെടുത്ത് അവളെ ഏൽപിച്ചു. കണ്ണുകൾ ഒന്നിലും തറച്ചുനിൽക്കാതെ പേജുകൾ മാറ്റിമറിച്ചു നോക്കി. കണ്ണുകൾ മിന്നിത്തിളങ്ങി. കവർപേജ് ആകർഷകമാണ്. പുറത്തെ കവർ നോക്കി. സാഹിത്യസഹകരണസംഘമാണ് പ്രസാധകർ.

ധാർമ്മികതയും അധാർമ്മികതയും തമ്മിലുള്ള പോരാട്ടം. ചെളിയിൽ വളരുന്ന താമരപ്പൂവിന്റെ സൗന്ദര്യം. സൗരഭ്യം. ഹൃദയം പ്രണയപാരവശ്യം തഴുകിയുണർത്തുന്ന കൃതി. അവളുടെ കണ്ണുകൾ തിളങ്ങി വന്നു. ഡിറ്റക്ടീവ് നോവലല്ല. അതിൽ മുഴുകിയിരിക്കുമ്പോഴാണ് മമ്മി വന്ന് ഊണുകഴിക്കാൻ വിളിച്ചത്. നോവൽ മുഴുവനായി വായിക്കാതെ ആസ്വദിക്കാനാവില്ല.

പിതാവ് സമ്മതം മൂളി. അവർ എഴുന്നേറ്റ് മമ്മിക്കൊപ്പം താഴത്തേ തീൻമേശയുടെ മുന്നിലേക്ക് നടന്നു. തീൻമേശയുടെ മുന്നിൽ കൈകഴുകിയെത്തി. നല്ല സ്വാദുള്ള മണം. മകൾ വരുന്നതറിഞ്ഞ് മമ്മി ഉണ്ടാക്കി വച്ച ഭക്ഷണത്തിലേക്ക് ഒരാവേശത്തോടെ നോക്കി. അവൾ പപ്പായെ വിളിച്ചു. കൈ കഴുകിയെത്തി കസേരയിലിരുന്നു.

ഭക്ഷണങ്ങള്‍ കണ്ട് ചിരിക്കാനാണ് തോന്നിയത്. പുറത്ത് വരാത്ത ചിരി കണ്ട് കിരൺ ചോദിച്ചു, “എന്താ പപ്പാ, പെട്ടെന്നൊരു ആലോചന പോലെ…”

മനസ്സിലെ രഹസ്യം എപ്പോഴും മനുഷ്യർ പരസ്യമാക്കാറില്ല. അത് കമ്പോള വിൽപന ചരക്കുപോലെയാണ്. എത്ര വേഗത്തിലാണ് മകൾ വന്ന സന്തോഷത്തിൽ എന്തെല്ലാം വിഭവങ്ങൾ ഒരുക്കിയത്. വിശക്കുന്ന വയറുമായി ഈ സമയം എത്രപേർ ഈ മണ്ണിൽ ജീവിക്കുന്നു. മുറ്റത്തെ വിളറിയ പ്രകാശംപോലെ ആ മനസ്സും വിളറിയിരിക്കുന്നു.

സൈമൺ സന്തോഷം കലർന്ന ശബ്ദത്തിലറിയിച്ചു, “നീ വന്നപ്പോൾ ധാരാളം കറികൾ മേശപ്പുറത്തുകണ്ടു. എനിക്കത് അനുഭവിക്കാനുള്ള ഭാഗ്യമില്ലെന്ന് ഓർത്തുപോയി.”

ഉടനടി അവൾ ചോദിച്ചു, “മമ്മിക്ക് പപ്പായോടുള്ള സ്നേഹം കുറഞ്ഞോ?”

“അതിന് ഞാൻ നിന്നെപ്പോലെ ചെറുപ്പമല്ലല്ലോ. എന്തായാലും നീ വരുമ്പോഴെങ്കിലും എനിക്കീ ഭാഗ്യം ഉണ്ടാകുന്നുണ്ടല്ലോ.”

ഓമനയുടെ മുഖം തെളിഞ്ഞുവന്നു. മകളെ കാണുമ്പോഴാണ് ഉള്ളിലെ നിഗൂഢതകൾ പുറത്തുവരുന്നത്. പറഞ്ഞതിനോട് എതിർപ്പില്ല. ആരെയും പ്രീതിപ്പെടുത്താനോ ആർക്കുവേണ്ടിയും എന്തിനും ഏതിനും മുതലക്കണ്ണീർ പൊഴിക്കാനോ തലകുനിക്കുന്ന ആളുമല്ല. ആദ്യകാലപ്രണയം ഓമന ഓർത്തു. ഒരു മാസികയിൽ കണ്ട പ്രണയകഥയിലൂടെ പ്രണയം ഹൃദയത്തിൽ മുളച്ചു വന്നു. അത് ആരാധനയായി മാറി. സുഹൃദ്ബന്ധം വളർന്നു. അത് മറ്റാരുമറിയാതെ നിശബ്ദതയിലാണ്ടു. മറ്റുള്ളവരെക്കാൾ തികച്ചും വ്യത്യസ്തനായി കണ്ടത് സ്ത്രീധനവിഷയത്തിലാണ്. സ്ത്രീധനവിഷയത്തിൽ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. “എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിവാഹ സമ്മാനമാണ് എന്റെ പങ്കാളി. അതിനപ്പുറം എന്ത് സ്ത്രീധനം?” അദ്ദേഹത്തിന്റെ മുന്നിലിരുന്നത് വെറും മനുഷ്യപ്രേതങ്ങളായി തോന്നിയ നിമിഷം. ഓമനയുടെ പിതാവ് ഒരു ഞെട്ടലോടെയാണ് ആ വാക്കുകൾ ശ്രവിച്ചത്. മാനത്തെക്കാൾ അപമാനം സഹിച്ച നിമിഷം. സ്വന്തം അഭിപ്രായം വാക്കിൽ മാത്രമല്ല സ്വഭാവത്തിലും പ്രകടമാണ്. ദാമ്പത്യജീവിതം തുടങ്ങിയപ്പോഴാണ് സ്വഭാവത്തിന്റെ പരുക്കൻ ഭാവങ്ങൾ കണ്ടത്. സ്ത്രീകളുടെ ശത്രുക്കൾ ഭയവും സംശയങ്ങളുമാണ്. സ്വന്തം ഭാര്യ തനിക്കൊപ്പം സ്വതന്ത്രയായി എന്നും കഴിയാനാണ് അദ്ദേഹം ആഗ്രഹിച്ചിട്ടുള്ളത്. ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിലും അത് പറയുകയുണ്ടായി. മകളും അതിൽ നിന്ന് വ്യത്യസ്തയല്ല. മനുഷ്യന് ഏറ്റവും വലുത് വളരാനുള്ള സ്വാതന്ത്ര്യമാണെന്ന് വിശ്വാസമായിരുന്നു.

മകൾ മമ്മിയെയും പപ്പായെയും നോക്കി പുഞ്ചിരിക്കുന്നുണ്ട്. അവൾക്കറിയില്ലല്ലോ വൈകിട്ട് ഭാര്യയുടെ വരവും കാത്ത് ആകാംക്ഷയോടെയിരിക്കുന്ന ഭർത്താവിനെ. വൈകുന്നേരം ഭാര്യയുടെ കയ്യിൽനിന്ന് ചൂടുള്ള ഒരു ചായ വാങ്ങി കുടിക്കുക എന്നത് അദ്ദേഹം വളരെ ആഗ്രഹിക്കുന്നുണ്ട്. പലപ്പോഴും തോന്നും കളങ്കമില്ലാത്ത ഒരു കൊച്ചുകുട്ടിയാണെന്ന്. ശുദ്ധഗതിക്കാരനായ ഭർത്താവിനെ ഭാര്യയ്ക്കറിയാം. മകളാകട്ടെ, കളിയാക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറുമില്ല. ഭക്ഷണം കഴിക്കുന്നതിനിടയിൽ സൈമൺ ചോദിച്ചു.

“പുതിയ അന്വേഷണം എവിടെവരെയായി?”

പെട്ടെന്നവൾ വിഷയം മാറ്റി, “എസ്.പി. അബ്ദുള്ള പപ്പായെ സ്നേഹാന്വേഷണമറിയിച്ചിട്ടുണ്ട്.” കേസിനെപ്പറ്റി ഒരു വിശദീകരണം നൽകാൻ അവൾ തയ്യാറല്ലായിരുന്നു. അതിന്റെ പ്രധാന കാരണം, ആ സ്കൂളിലെ പ്രിൻസിപ്പാളാണ് മമ്മി. പുതിയ പദവിയിൽ വന്നിട്ട് ആറ് മാസങ്ങളേ ആയിട്ടുള്ളൂ. മമ്മിയിൽ നിന്ന് ചില കാര്യങ്ങൾ ഊറ്റിയെടുക്കാനുണ്ട്. അവൾ പപ്പായെ നോക്കി മറുപടി പറയാൻ തുനിയവെ അതിനെക്കാൾ ഗൗരവമുള്ള മറ്റൊരുകാര്യം പറയാനാണ് ഓമന ആഗ്രഹിച്ചത്.

“അന്വേഷണവും തെളിവെടുപ്പുമൊക്കെ അവിടെ നിൽക്കട്ടെ. ആദ്യം നീ എന്റെ ചോദ്യത്തിന് ഉത്തരം പറയ്”

അവൾ ആകാംക്ഷയോടെ നോക്കി. മമ്മിക്ക് ഇരിപ്പുറയ്ക്കില്ലെന്ന് മനസ്സിലായി. എപ്പോഴും രക്ഷാകവചമായി പപ്പായുള്ളത് ഒരാശ്വാസമായി. അവിടെ നിശബ്ദത തളംകെട്ടി. മമ്മിയുടെ വാക്കുകളിൽ നിന്നും എന്ത് ചോദ്യമാണെന്ന് അവൾ വായിച്ചെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *