അതിമനോഹരമായി പടുത്തുയർത്തിയ പുതിയ ബംഗ്ലാവിലേക്ക് പോലീസ് നായടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാരും രാഷ്ട്രീയ സാമുദായിക നേതാക്കന്മാരും എത്തിച്ചേർന്നു. ബംഗ്ലാവിന് മുന്നിലെ പൂന്തോപ്പിൽ റോസ്സാപ്പൂക്കൾ വിരുന്നുകാരെപ്പോലെ നിറകുടമണിഞ്ഞ് മന്ദഹാസത്തോടെ നിൽക്കുന്നു. ബംഗ്ലാവിന് വടക്കുഭാഗത്തായിട്ടാണ് അറയും നിരയുമുള്ള പഴയ തറവാട്. അവിടെയാണ് നാട്ടിലെ പ്രമാണി ശങ്കരൻ നായരുടെ ഭാര്യയും മകനും താമസിക്കുന്നത്. രാവിലെ ചൂടുള്ള ചായയുമായി ഭാര്യ രമാദേവി വരുമ്പോഴാണ് ആ കാഴ്ച കണ്ടത്.
ശങ്കരൻ നായർ കൊല്ലപ്പെട്ടിരിക്കുന്നു. അതും ലൈംഗിക അവയവം ഛേദിക്കപ്പെട്ട നിലയിൽ. സംഭവമറിഞ്ഞ നാട്ടുകാർ ആശ്ചര്യപ്പെട്ടു. എല്ലാവരുടെയും നാവിൻ തുമ്പിൽ ഒരു ചോദ്യമേയുള്ളൂ. ആരാണീ കൊടുംക്രൂരത ചെയ്തത്? എത്രയോ നല്ലൊരു മനുഷ്യനായിരുന്നു. പോലീസ് നായ് കൊല്ലപ്പെട്ട മുറിക്കുള്ളിൽ മണത്തിട്ട് പുറത്തിറങ്ങി വീടിന്റെ ഒരു ഭാഗത്തും ഗേറ്റിലേക്കും ഓടി. നായ് കൂടുതൽ മുന്നോട്ടു പോകാതെ പ്രതികാരമെന്നതുപോലെ കുരച്ചു.
കോടീശ്വരനും സമുദായിക നേതാവും വിവിധ സ്കൂളുകളുടെ ഉടമയുമായ ശങ്കരനെതിരെ ഒരു വിരൽപോലുമനങ്ങില്ല ഈ നാട്ടിൽ. അങ്ങനെയിരിക്കെ ഇതെങ്ങനെ സംഭവിച്ചു. അതിനാവശ്യമുള്ള തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥന്മാർ ശേഖരിക്കുന്നുണ്ടെങ്കിലും പോലീസ് എസ്.പി. അബ്ദുള്ള കോയക്ക് സംശയങ്ങൾ ഏറിയിരുന്നു. പുറത്ത് തിങ്ങിക്കൂടിയ ജനത്തെ ഒഴിവാക്കാൻ പോലീസ് ലാത്തി വീശി. സംഭവമറിഞ്ഞ് സ്കൂൾ അദ്ധ്യാപകരും കുട്ടികളും എത്തിക്കൊണ്ടിരുന്നു. അകത്തളത്തില്‍ വളരെ സൂക്ഷ്മതയോടെയാണ് പരിശോധനകൾ നടക്കുന്നത്.
ആദ്യത്തെ പരിശോധനയിൽ പോലീസുകാർക്ക് ഒരു കാര്യം ബോദ്ധ്യപ്പെട്ടു. ഒരു തുമ്പും ബാക്കി വെക്കാതെയാണ് കുറ്റവാളികൾ രക്ഷപ്പെട്ടിരിക്കുന്നത്. കുറ്റവാളിയുടെ രേഖാചിത്രത്തിനുപോലും സാധ്യതയില്ല. അബ്ദുള്ളയും അന്വേഷണ ഉദ്യോഗസ്ഥരും അടക്കത്തിൽ പലതും പറഞ്ഞു. പ്രതീക്ഷയ്ക്കൊത്തുയരാൻ സാധിക്കുന്നില്ല. ഇതിന്റെ പിന്നിൽ ഏതോ അദൃശ്യകരമെന്നയാൾ മനസ്സിലാക്കി. അടുത്ത മുറിയിൽ നിറകണ്ണുകളോടെ പ്രിയപ്പെട്ടവരും ബന്ധുക്കളുമുണ്ട്.
കുറ്റവാളികളെ പിൻതുടർന്ന് കണ്ടുപിടിക്കാനോ അതിന്റെ ഉറവിടം കണ്ടെത്താനോ കഴിയാത്ത അവസ്ഥയിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാധ്യതയും അബ്ദുള്ള തള്ളിക്കളഞ്ഞില്ല. ഈ കേസ് കൈ പൊള്ളിക്കുമെന്ന് വളരെ വേഗം തന്നെ അയാൾ മനസിലാക്കിക്കഴിഞ്ഞിരുന്നു.
പത്രക്കാരും ഫോട്ടോഗ്രാഫർമാരും പാഞ്ഞെത്തി. അവർക്കത് ഒരു ചൂടുവാർത്തയായിരുന്നു. പത്രക്കാരുടെ ചോദ്യങ്ങളില്‍ നിന്ന് അബ്ദുള്ള ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പക്ഷേ, അവർ വിടാതെ പിന്നാലെ കൂടി.
എസ്പി ഒന്നുമാത്രം പറഞ്ഞു, “കുറ്റവാളിയാരെന്ന് നിങ്ങളെപ്പോലെതന്നെ ഞങ്ങൾക്കും അറിയില്ല. അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഒരുകാര്യംകൂടി പറയാം. വായനക്കാരനെ തൃപ്തിപ്പെടുത്താനും പത്രത്തിന്റെ കോപ്പി കൂട്ടാനും ആവശ്യമില്ലാത്തതൊന്നും എഴുതിപ്പിടിപ്പിക്കരുത്.”
അതിന് ഒരു പത്രക്കാരൻ ഉത്തരം കൊടുത്തത് ഇങ്ങനെയാണ്. “സാറെ അതൊക്കെ സിനിമയിലെ നടക്കൂ, ജീവിതത്തിൽ നടക്കുമോ?” ഇന്നത്തെ ചില പത്രപ്രവർത്തകർ അപകടകാരികളായതുകൊണ്ട് കേസന്വേഷണത്തെ ബാധിക്കുന്ന ഒരു കാര്യവും തുറന്നു പറയാന്‍ അബ്ദുള്ള തയ്യാറായില്ല. പെട്ടെന്ന് സൈറൻ മുഴക്കിക്കൊണ്ട് ആംബുലൻസ് അവിടെയെത്തി. ശവശരീരം ആംബുലൻസിലേക്ക് കയറ്റുന്നത് കണ്ണീരിൽ കുതിർന്ന് സമനില തെറ്റിയവളെപ്പോലെ രമാദേവിയും പതിനാലു വയസുള്ള മകൻ അനിലും ബന്ധുക്കളും കാവൽക്കാരൻ മണ്ടൻ മാധവനും വേദനയോടെ കണ്ടു.
അബ്ദുള്ള സംശയദൃഷ്ടിയോടെ രമാദേവിയെ നോക്കി. ഇയാൾ എന്തിനാണ് രാത്രി ഉറങ്ങാൻ മാത്രം ഈ വീട്ടിലേക്ക് വരുന്നത്? പോക്കറ്റിലിരുന്ന മൊബൈലിൽ വനംവകുപ്പുമന്ത്രി ശബ്ദിച്ചു.
മന്ത്രി പറഞ്ഞു നിർത്തിയപ്പോള്‍ അയാൾ പറഞ്ഞു, “കുറ്റവാളികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു സർ.”
മുറ്റത്തെ വിശാലമായ പൂന്തോപ്പിലെ പൂക്കൾ ഇളംതെന്നലിൽ പുഞ്ചിരിതൂകി ബംഗ്ലാവിലുള്ളവരെ നോക്കുന്നുണ്ടായിരുന്നുവെങ്കിലും അവിടെയുള്ള ആർക്കും പുഞ്ചിരിക്കാനായില്ല. എല്ലാവരിലും ദുഃഖവും പരിഭ്രാന്തിയും ഉത്കണ്ഠയും നിറഞ്ഞുനിന്നു. സൂര്യകാന്തിയിൽ പൂക്കൾ പുഞ്ചിരിച്ചുകൊണ്ടിരുന്നു.
അടുത്ത ദിവസം തന്നെ ശങ്കരന്റെ ഭൗതികശരീരം സ്ഥലത്തേ പ്രമുഖരുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. അവിടെയും ചോദ്യങ്ങൾ ധാരാളമുണ്ടായി. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ വനം മന്ത്രി കാശി പിള്ളയോട് സ്ഥലത്തേ എല്ലാ പ്രമുഖ മതരാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടത് ഒന്നുമാത്രം. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തിയില്ലെങ്കിൽ ഞങ്ങൾ സമരം ചെയ്യാൻ നിർബന്ധിതരാകും. ഒരാഴ്ച കഴിഞ്ഞിട്ടും ഈ കേസിന് ഒരു തുമ്പുമുണ്ടാക്കാൻ പോലീസിനായിട്ടില്ല. ഉന്നത കുറ്റാന്വേഷണ ഏജൻസികൾക്ക് കൈമാറാതെ ഈ കൊലപാതകം തെളിയിക്കാനാവില്ലെന്നും അവർ വാദിച്ചു.
പോലീസിനെ ന്യായീകരിക്കാന്‍ മന്ത്രി മുതിർന്നില്ല. അന്വേഷണം തുടരുകയാണ്. കൂടുതൽ ചോദ്യങ്ങൾ ഉയരുന്നതിന് മുന്നേ അവരോടായി പറഞ്ഞു. ഇത്ര സ്നേഹസമ്പന്നനും മാന്യനും പരോപകാരിയുമായ ഇദ്ദേഹത്തെ കൊല്ലാൻ മനുഷ്യന് മനസ് വരുമോ? അവർ ഏത് കൂരിരുട്ടിൽ പോയി പാർത്താലും പോലീസ് അവരെ വെളിച്ചത്ത് കൊണ്ടുവരികതന്നെ ചെയ്യും. ഏത് പ്രശ്നത്തെ നേരിടാനും എതിരാളികളുടെ നാവിനെ അടപ്പിക്കാനുമുള്ള എല്ലാ തന്ത്രങ്ങളുമറിയാവുന്ന മന്ത്രി അവരുടെ സ്നേഹാദരങ്ങൾ നേടി കൈകൂപ്പി യാത്രയായി. ഉടനടി സ്ഥലം വിട്ടില്ലെങ്കിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിവരുമെന്ന് അവർക്ക് അറിയാമായിരുന്നു.
പോലീസ് നാടെങ്ങും തെരച്ചിൽ ശക്തമാക്കി. രാത്രികാലങ്ങളില്‍ പോലീസ് ജീപ്പ് വിജനവീഥികളിൽ ചീറിപ്പാഞ്ഞു. ജീപ്പിന്റെ പ്രകാശം മരച്ചില്ലകളിലും അടഞ്ഞു കിടക്കുന്ന കടമുറികളുടെ വാതിലുകളിലും പ്രകാശിച്ചു. കടത്തിണ്ണയിലുറങ്ങുന്ന പ്രായമുള്ളവരെ തട്ടി ഉണർത്തി ചോദ്യം ചെയ്തെങ്കിലും കുറ്റവാളികളെ മാത്രം കണ്ടില്ല. പോലീസ് തിരച്ചിലിനിടയിൽ സ്പിരിറ്റ് കടത്തുന്നവരെ പിടികൂടിയതിൽ സന്തോഷിച്ചു. അത് കാർത്തികേയൻ മുതലാളിയുടെ ജീപ്പായിരുന്നു.
ആദ്യം ദേഷ്യവും നീരസവും വെളിപ്പെടുത്തിയ പോലീസുകാർ ആയിരത്തിന്റെ നോട്ടുകൾ കണ്ടപ്പോൾ വായടച്ചു. ഭീതിയുടെ പിടിയിലമർന്നവർക്ക് സന്തോഷമായി. നാട്ടിലെ സാമൂഹികദ്രോഹികൾ, ഗുണ്ടകൾ, ശങ്കരന്റെ ബന്ധുക്കൾ അങ്ങിനെ കേസുമായി ബന്ധപ്പെട്ട എല്ലാവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ടെലിഫോണിലെങ്കിലും ശങ്കരനുമായി ബന്ധമുള്ള എല്ലാ ഉന്നതരുമായും ബന്ധപ്പെട്ടു. ആരിൽ നിന്നും കൃത്യമായി ഒന്നും ലഭിച്ചില്ല. മാന്യനും സൗമ്യനുമായ ഒരാളെ കൊല്ലുകയെന്നത് സ്വപ്നത്തിൽ നിനയ്ക്കാത്ത കാര്യമാണെന്നും സുഹൃത്തുക്കൾ ആവർത്തിച്ചു.
വളരെ താൽപര്യമെടുത്ത് കേസ്സന്വേഷിച്ച പോലീസുകാർ നിരാശരായി. വീട്ടുകാരും നാട്ടുകാരും പോലീസിന്റെ വീഴ്ചയെ പരസ്യമായി വിമർശിച്ചു. സ്വന്തം പാർട്ടിയിലുള്ളവരായിരുന്നില്ലെങ്കിൽ എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. ഭരണപക്ഷം – പ്രതിപക്ഷം നോക്കി കുറ്റവാളികളെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന പ്രവണത സർക്കാർ അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യങ്ങളുമായി റോഡിലിറങ്ങിയ ജാതിമതസംഘടനകൾ ആവശ്യപ്പെട്ടു. പോലീസുമായി പലരും സംസാരിച്ചെങ്കിലും ഒരു പരിഹാരവും കണ്ടെത്താനായില്ല. സത്യസന്ധമായി കേസന്വേഷിച്ചാൽ ഏത് കേസും തെളിയും.
നമുക്കിടയിൽ യഥേഷ്ടം മിന്നിത്തിളങ്ങുന്ന കാറുകളിൽ സഞ്ചരിക്കുകയാണ് കൊലപ്പുള്ളികൾ. എന്നിട്ടും പോലീസിന് കാണാൻ കണ്ണുകളില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ കുറെ നിരപരാധികളെ ചോദ്യം ചെയ്യുകയല്ലാതെ മറ്റൊന്നും നടക്കുന്നില്ല. നിയമസഭയിലെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷം കൊലപാതകം വിഷയം ഉന്നയിച്ചു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നടത്തേണ്ട സർക്കാർ ഈ കൊലപാതകത്തിൽ ഇന്നുവരെ കുറ്റവാളികളെ കണ്ടെത്തിയിട്ടില്ല. ആഴ്ചകൾ പലത് കഴിഞ്ഞിരിക്കുന്നു. ഇന്നുവരെ കുറ്റവാളികളെ കണ്ടെത്താനായില്ല. മറ്റുള്ള എംഎൽഎമാരും ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ടു. കുറ്റവാളികളെ കണ്ടെത്താൻ നിങ്ങളെപ്പോലെ എനിക്കും താൽപര്യമുണ്ടെന്നറിയിച്ച ആഭ്യന്തര മന്ത്രി ഉടനടി ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ഉറപ്പുകൊടുത്തു. അത് ജില്ലാപോലീസ് മേധാവി അബ്ദുള്ളയ്ക്ക് ആശ്വാസമായി. നാട്ടുകാരുടെ പ്രതിഷേധമടക്കാൻ അതുതന്നെയാണ് നല്ലത്. ഇതിനുള്ളിലെ ദുരൂഹതകൾ ഇനിയെങ്കിലും പുറത്തുവരട്ടെ. അതിലൂടെ ഇതിനുത്തരവാദി ആരെന്നറിയാൻ കഴിയും.
ശങ്കരന്റെ കൊലപാതകമന്വേഷിക്കാൻ നിയോഗിക്കപ്പെട്ടത് സ്പെഷ്യൽ ക്രൈംബ്രാഞ്ച് വനിതാ എസ്പി കിരൺ സൈമൺ. മാവേലിക്കരക്കാരിയായ കിരണിന് ഐപിഎസ് പദവി ലഭിച്ചിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ. ഈ രണ്ട് വർഷത്തിനിടയിൽ പിടികിട്ടാപ്പുള്ളികളായ പലരെയും തുറുങ്കിലടയ്ക്കാൻ അവൾക്ക് കഴിഞ്ഞു. തലസ്ഥാനനഗരിയിൽ നിന്നുള്ള യാത്ര ജന്മദേശത്തേക്കായത് വളരെ സന്തോഷം. അവളുടെ അച്ഛൻ ചാരുംമൂടൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരനാണ്, സൈമൺ ശാമുവേൽ. അച്ഛന്റെ ഡിറ്റക്ടീവ് നോവലുകൾ കുറ്റാന്വേഷണത്തിന് വളരെ സഹായിച്ചിട്ടുണ്ട് കിരണിനെ. മുറിക്കുള്ളിലെ കമ്പ്യൂട്ടറിൽ എന്തോ പരതിക്കൊണ്ടിരിക്കുമ്പോഴാണ് പുറത്തുനിന്നുള്ള വാതിൽ ആരോ തട്ടുന്നത്.
അനുവാദം കിട്ടിയപ്പോൾ ആൾ അകത്തു വന്നു, സല്യൂട്ട് ചെയ്ത് ഫയൽ മേശപ്പുറത്തു വച്ചിട്ടു മടങ്ങി. അവൾ തുറന്നുനോക്കി. ശങ്കരൻ കേസുമായി ബന്ധപ്പെട്ട പുതിയ ഫയൽ. രാവിലെതന്നെ മേലുദ്യോഗസ്ഥനിൽ നിന്ന് വിവരമറിഞ്ഞിരുന്നു. പുതിയ ദൗത്യം മറ്റൊരാൾക്ക് കൈമാറാതെ തന്നെ ഏൽപ്പിച്ചതിന്റെ പ്രധാനകാരണം ആ ദേശക്കാരി ആയതുകൊണ്ട് മാത്രമാണ്. അത് കേസന്വേഷണത്തിന് സഹായകമാകും. ഫയൽ വീണ്ടും മേശപ്പുറത്തു വച്ചു. നിമിഷങ്ങള്‍ ചിന്തയിലാണ്ടിരുന്നു. കണ്ണുകൾ തിളങ്ങി, സന്തോഷം തുളുമ്പുന്ന കവിളിണകൾ, ഹൃദയം തുടിച്ചുമറിഞ്ഞു. അവൾ ഫയലിലേക്ക് തുറിച്ചുനോക്കി. മമ്മിക്കും പപ്പായ്ക്കുമൊപ്പം കഴിയാനുള്ള അവസരങ്ങൾ ഇത്രപെട്ടെന്ന് കൈവരുമെന്ന് കരുതിയതല്ല. ഒരു മാസത്തിൽ കൂടുതലായി അവരെയൊന്ന് കണ്ടിട്ട്. ഫോണിലൂടെയുള്ള ശബ്ദം കേൾക്കുമ്പോഴാണ് ഒരാശ്വാസമനുഭവപ്പെടുന്നത്. സ്വന്തമായി കേസ്സന്വേഷണമില്ലെങ്കിൽ പോലീസ് പ്രബോധന ക്ലാസ്സെന്ന പേരിൽ ഡൽഹി, ബോംബെ നഗരങ്ങളിൽ ആഴ്ചകൾ പറഞ്ഞുവിടും. ഈ രംഗത്ത് ഒരു ഉന്നതസ്ഥാനത്ത് എത്തണമെന്ന ആഗ്രഹമുള്ളതുകൊണ്ട് അൽപമൊക്കെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാലും അതിലെല്ലാം പങ്കെടുക്കും.
തിരുവനന്തപുരത്ത് ആകെയുള്ള ഒരാശ്രയം കൃഷിവകുപ്പുമന്ത്രി കരുണാകരനാണ്. കിരണിന്റെ ആത്മസുഹൃത്ത്. ഈ വാർത്ത അവനറിഞ്ഞിട്ടുണ്ടോ അതറിയില്ല. മൊബൈലിൽ വിളിച്ചു.
“മന്ത്രികുമാരൻ ഓഫീസിലുണ്ടോ?” അവൾ മറുപടി പറയുന്നത് കേട്ടിട്ടറിയിച്ചു. “മീറ്റിംഗിന് പോകാൻ രണ്ടു മണിക്കൂറുണ്ടല്ലോ. ഞാനുടനെ വരാം.”
വേഗത്തിലവൾ പുറത്തേക്കിറങ്ങി. വാതിൽക്കല്‍ നിന്ന് പോലീസുകാരൻ സല്യൂട്ട് ചെയ്തു. ഷർട്ടും ജീൻസുമാണ് വേഷം. മന്ത്രി കരുൺ അവളെ പ്രതീക്ഷിച്ചിരുന്നു.
തിരക്കുള്ള റോഡിലൂടെ കാറോടിച്ചുകൊണ്ടിരിക്കെ സന്തോഷത്താൽ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. മന്ത്രിയുടെ ഓഫിസിലേക്ക് ചെന്ന കിരണിനെ സെക്രട്ടറി അകത്തേക്ക് കയറ്റി വിട്ടിട്ട് കതകടച്ചു. കിരൺ വരുമ്പോഴൊക്കെ മന്ത്രിക്ക് ടെലിഫോൺപോലും സെക്രട്ടറി കൊടുക്കാറില്ല. എപ്പോഴും ഒരേ ഉത്തരമേയുള്ളൂ. മന്ത്രി മീറ്റിംഗിലാണ്. മുറിക്കുള്ളിൽ കയറിയ കിരൺ കളിയാക്കി ചോദിച്ചു, “എന്താ സല്യൂട്ട് ചെയ്യണോ?”
കസേരയിൽ ഇരുന്നിട്ട് പറഞ്ഞു “അല്ല എന്നെപ്പോലുള്ളവരെ സല്യൂട്ട് ചെയ്യേണ്ടത് നിന്നെപ്പോലുള്ളവരല്ലേ? മന്ത്രിയായതുകൊണ്ട് ആ യോഗ്യത ഇല്ലാതെ വരുമോ?”
അവളുടെ മുഖത്തേക്ക് നോക്കി ഒന്നു പുഞ്ചിരിക്ക മാത്രം ചെയ്തു. യുവജനങ്ങളുടെ മാർഗ്ഗദർശി, സത്യവും നീതിയും ധർമ്മവും മാത്രം കൈമുതലാക്കിയ കരുൺ അവളുടെ മനസ്സിൽ ഇടംനേടിയിട്ട് എത്രയോ നാളുകളായിരിക്കുന്നു. ഒരിക്കൽ അവളത് തുറന്നുപറയുകയും ചെയ്തതാണ്. മൗനമായി നിന്ന കരുണിനോട് രണ്ടിലൊന്ന് തുറന്നു പറയാൻ ആവശ്യപ്പെട്ടപ്പോൾ കുശവൻ കല്ലുകൊണ്ട് കളിക്കരുതെന്ന ചിന്തയാണ് മനസ്സിലുണ്ടായത്.
അന്ന് പറഞ്ഞ മറുപടി ഇപ്പോഴും ഓർക്കുന്നു. “കിരൺ, നമ്മൾ വിദ്യാർത്ഥികളാണ്. ഈ പ്രണയം, പ്രേമം അതൊക്കെ മാറ്റി പഠിക്കുന്നതിനെപ്പറ്റി മാത്രം ചിന്തിക്കാം. ദയവു ചെയ്ത് ഇനിയും ഇതാവർത്തിക്കരുത്.” ആ വാക്കുകൾ മനസ്സിനെ വല്ലാതെ സ്പർശിച്ചു. ആദ്യം ഒരൽപം ദുഃഖം തോന്നിയെങ്കിലും വേദന പുറത്തു കാട്ടിയില്ല. പഠിക്കുന്ന കാലത്ത് പാഠപുസ്തകങ്ങളല്ലാതെ മറ്റൊരു ജീവിതപാഠവും അറിയില്ലായിരുന്നു. അന്നവൻ പറഞ്ഞ വാക്കുകൾ വളരെ വിലപ്പെട്ടതാണെന്ന് ഇന്ന് തോന്നുന്നു. ജീവിതത്തെ വലുതാക്കാനുള്ളതാണ്. മറിച്ച് വലിച്ചിഴയ്ക്കാനുള്ളതല്ലെന്ന് മനസ്സിലാക്കി.
അവന്റെ മുഖത്തുനിന്നും മിഴികളിളക്കാതെ നോക്കിയിരിക്കുന്നവളോട് മറുപടിയായി പറഞ്ഞു. “വിദ്യാഭ്യാസ യോഗ്യത വച്ചുനോക്കുമ്പോൾ എനിക്കതിനോടു യോജിപ്പാണ്. നിങ്ങൾ എത്ര കഷ്ടപ്പെട്ട് പഠിച്ചാണ് ഈ നിലയിലായത്. നീ ലണ്ടനിൽ പോയി പഠിച്ചതുകൊണ്ടാണ് പലതും ഇവിടെ പഴഞ്ചനായി തോന്നുന്നത്. അവിടൊന്നും ഇങ്ങനെ സല്യൂട്ട് ചെയ്യുന്നില്ലല്ലോ.”
അവൾ മധുരമായി മന്ദഹസിച്ചിട്ട് പറഞ്ഞു. “ഞാൻ കേട്ടിട്ടുണ്ട് നിന്നെ ആരും സല്യൂട്ട് ചെയ്യുന്നത് ഇഷ്ടമല്ലെന്ന്.”
“അതെ കിരൺ. എന്തിനാണ് പോലീസുകാരൻ എന്നെ കാണുമ്പോൾ സല്യൂട്ട് ചെയ്യുന്നത്. ഞാനും അയാളെപ്പോലെ ഒരു ജോലിക്കാരൻ. അതിരിക്കട്ടെ നിനക്കെന്താ പറയാനുള്ളത്?”
കരുൺ സംശയത്തോടെ നോക്കി. എന്തെന്നില്ലാത്ത ഒരു സന്തോഷം ആ മുഖത്ത് കണ്ടു. അനന്തതയിലേക്ക് പറന്നുയരാൻ വെമ്പൽ കൊള്ളുന്ന ഒരു കുഞ്ഞുപക്ഷിയെപ്പോലെ അവൾ നോക്കി. എന്താണ് സംഭവിച്ചത്? എന്തോ പ്രധാനപ്പെട്ട ഒന്നു സംഭവിച്ചിട്ടുണ്ട്. വിവാഹാലോചന വല്ലതുമാണോ? കഠിനഹൃദയനായ എന്നെ നോക്കിയിരുന്നാൽ രക്ഷപെടില്ലെന്ന് മാത്രമല്ല ഒരുപാടു ദുഃഖിക്കേണ്ടി വരുമെന്നും അവൾ മനസ്സിലാക്കിക്കാണും. ഇവൾ എന്നെ എന്തോ ഒളിപ്പിക്കുന്നുണ്ട്.
“എന്താ എസ്.പി.ക്ക് വിവാഹാലോചന വല്ലതും വന്നോ?” അവൾ ഗൗരവത്തിൽ ഒന്നു മൂളിയിട്ട് മുന്നിലിരുന്ന ഒരു ഫയലെടുത്ത് അവന്റെ മുഖത്തേക്കെറിഞ്ഞു. കരുൺ മുഖത്തേക്കു വന്ന ഫയൽ പിടിച്ചിട്ട് ചോദിച്ചു.
“എന്താ നീ കാണിക്കുന്നെ? ഏതോ പാവത്തിന്റെ ഫയലാ. ഒപ്പിടാൻ വെച്ചിരിക്കയാ. അല്ലാ ഈ കല്യാണക്കാര്യം പറയുമ്പം നിനക്കെന്താ ഇത്ര ദേഷ്യം. നിനക്ക് നല്ല മനസ്സുണ്ടെങ്കിൽ കഴിച്ചാൽ മതി. അല്ല നിന്റെ പപ്പയും മമ്മിയും എന്നോടാ മോളെ പരാതി പറയുന്നെ.”
അവളുടെ മുഖത്തെ പ്രസരിപ്പെല്ലാം മാറി. അവനെ ദേഷ്യപ്പെട്ടു നോക്കി. ഒന്നും അറിയാത്തവനെപ്പോലെ അഭിനയിക്കുന്നു. അകത്തെ ഫോണിൽ വിരലമർത്തിയപ്പോൾ മുറി തുറന്ന് സെക്രട്ടറി വന്നു.
“രണ്ടു ചായ. എന്തെങ്കിലും…” സെക്രട്ടറിക്ക് കാര്യം മനസ്സിലായി. മുന്നിൽ അടങ്ങാത്ത അമർഷവുമായി കിരൺ മൂകയായി മുഖം താഴ്ത്തിയിരുന്നു. കരുൺ പുഞ്ചിരിയോടെ നോക്കി. ആരെയും ആശ്ചര്യപ്പെടുത്തുന്ന ശരീരസൗന്ദര്യമുള്ളവൾ. അവളെ വാരിപ്പുണരാൻ ഏതൊരു പുരുഷനും ആഗ്രഹിച്ചു പോകും. സമ്പന്ന കുടുംബത്തിലെ ഏകമകൾ. നല്ല ഉയരത്തിനൊത്ത ശരീരം. സ്വദേശത്തും വിദേശത്തും ഉപരിപഠനങ്ങൾ. കരാട്ടേയിൽ ബ്ലാക് ബെൽറ്റ്. പഠനകാലത്ത് കായികരംഗത്തെ ജില്ലാ ചാമ്പ്യൻ. എല്ലാം കണക്കുകൂട്ടി നോക്കുമ്പോൾ താൻ അവളുമായി ആനയും ആടുംപോലുള്ള വ്യത്യാസമുണ്ട്. എന്താണ് തന്റെ യോഗ്യത? ജീവിത ദുഃഖങ്ങളിൽ ഇന്നും അഴലുന്നവൻ. ദരിദ്രൻ, ദുർബലൻ, നിസ്സഹായൻ, സത്യത്തിൽ എനിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നത് ദുഃഖങ്ങൾ അല്ലാതെ എന്താണ്? ജീവിതത്തിൽ താങ്ങും തണലുമായി നിന്ന കുടുംബമാണ് അവളുടേത്. സ്വന്തം മകനെപ്പോലെ സ്നേഹിക്കുന്നവരെ മകളെ സ്വന്തമാക്കി ദുഃഖിപ്പിക്കാൻ മനസ്സനുവദിക്കുന്നില്ല. ഉള്ളിൽ വേദന തങ്ങി നിൽക്കുമ്പോഴാണ് ചായയും പലഹാരങ്ങളുമായി ഓഫീസ് പ്യൂൺ കടന്നുവന്നത്. ഒരു പാത്രത്തിൽ ഉഴുന്നുവടയും പരിപ്പുവടയും നെയ്യപ്പവുമുണ്ട്. അത് വെച്ചിട്ട് പ്യൂൺ മടങ്ങി.
“ദേ നിനക്ക് ഇഷ്ടമുള്ള നെയ്യപ്പമുണ്ട്. കഴിക്ക്. പറഞ്ഞത് തെറ്റെങ്കിൽ അയാം സോറി.”
അവളുടെ ദേഷ്യം മാറി വന്നു. “നീയാരാ എന്നെ കല്യാണം കഴിപ്പിക്കാൻ?”
“അയ്യോ ഞാനാരുമല്ലേ…” അവൻ എഴുന്നേറ്റുവന്ന് നെയ്യപ്പമെടുത്ത് കയ്യിൽ വച്ചുകൊടുത്തിട്ട് വീണ്ടും ചോദിച്ചു, “എന്താ പറയാനുള്ളത്?”
ഒരു ഉഴുന്നുവട കഴിച്ചുകൊണ്ട് ചോദിച്ചു. അവളുടെ മുഖത്ത് എന്തോ ഒക്കെ മിന്നിമറഞ്ഞു. അവൾ പറയുന്നത് കേൾക്കാൻ കാതോർത്തു. അവൾ എല്ലാം തുറന്നു പറഞ്ഞു. അവന്റെ പ്രതികരണത്തിനായി മുഖത്തേക്ക് നോക്കി.
“അത് ഏറ്റവും നല്ലൊരു വാർത്തയാണ്. സ്വന്തം മണ്ഡലത്തിൽ ഇങ്ങനെ ഒരു കൊടുംകൊലപാതകം നടന്നത് കേട്ടപ്പോൾ ഞെട്ടലാണുണ്ടായത്. ഞാനും ആഭ്യന്തരമന്ത്രിയെ കണ്ട് കഴിവുള്ള ആരെയെങ്കിലും ഈ കേസ് ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു കൊലപാതകമെന്ന് പറഞ്ഞാല്‍ നാട്ടുകാർക്ക് ഒരു മുറിവ് തന്നെയാണ്. ആ മുറിവ് ഉണങ്ങണമെങ്കിൽ ആ കൊലപാതകിയെ കണ്ടെത്തി തൂക്കിക്കൊല്ലുകതന്നെവേണം. ആ കുടുംബത്തിന്റെ വേദന, കണ്ണുനീർ, ഒറ്റപ്പെടൽ, നഷ്ടം, ഈ കൊലയാളിക്കറിയില്ലല്ലോ. എന്തായാലും കുറ്റവാളികളെ കണ്ടെത്താനുള്ള നിയോഗം മിടുക്കിയായ ഓഫീസർക്കു തന്നെ കിട്ടി. ഇതിലെ ഒരു രഹസ്യങ്ങളും മറ്റാരും അറിയാതിരിക്കാൻ ശ്രദ്ധിക്കണം. ലോക്കൽ പോലീസിന് ഒരു തെളിവും ഇതുവരെ ലഭിക്കാത്ത കേസ്സാണ്. അതിനാൽ അന്വേഷണവും അത്ര നിസ്സാരമായിരിക്കില്ല.”
കരുൺ കൂടുതൽ വാചാലനായി കണ്ടപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരിയും മിഴികളില്‍ ആവേശവും ഇളകി മറിഞ്ഞു. അവളുടെ മൊബൈൽ ശബ്ദിച്ചു. മറുപടി പറഞ്ഞിട്ട് അവൾ കസേരയിൽ നിന്നെഴുന്നേറ്റ് പോകാൻ തിടുക്കം കൂട്ടി. കരുൺ അടുത്ത് ചെന്ന് മാറോടമർത്തി എല്ലാ നന്മകളും നേർന്നു. കരുൺ നെഞ്ചോടു ചേർത്തമർത്തിയപ്പോൾ മോഹങ്ങൾ ഉള്ളിൽ ഉദിച്ചുയരുകതന്നെ ചെയ്തു. കവിൾത്തടങ്ങൾ ചുവന്നുതുടുത്തു, കണ്ണുകൾ പ്രകാശിച്ചു, ശരീരമാകമാനം കോരിത്തരിക്കുകയും ചെയ്തു. ഉള്ളിൽ പിറുപിറുത്തു. “കള്ളൻ, നിനക്കെന്നെ കല്യാണം കഴിച്ചാലെന്താ?” അവൾ കൈത്തണ്ടയിൽ പിടിച്ചുകൊണ്ടുചോദിച്ചു.
“നീയെന്നാ നാട്ടിലേക്കു വരുന്നെ?”
“അടുത്താഴ്ച എനിക്കവിടെ ഒരു പരിപാടിയുണ്ട്. ഞാൻ വിളിക്കാം. നീയെന്നാ പോകുന്നെ?”
“ഞാൻ മറ്റെന്നാൾ രാവിലെ പോകും. ശരി, ഓകെ ബൈ.” കയ്യിൽ ഒരു നെയ്യപ്പം എടുക്കാനും അവൾ മറന്നില്ല. അത് കഴിച്ചുകൊണ്ടു പോകുന്നതും നോക്കി കരുൺ നിമിഷങ്ങൾ നിന്നു.
നാട്ടിലെത്തി കിരൺ സ്വന്തം വീട്ടിൽ പോകാതെ ആദ്യം പോയത് ജില്ലാ പോലീസ് മേധാവി അബ്ദുള്ളയെ കാണാനാണ്. മുറിയിലെത്തിയ വനിതാ എസ്.പി.യെ സ്നേഹബഹുമാനത്തോടെയാണ് ജില്ലാ പോലീസ് മേധാവി സ്വീകരിച്ചത്. കേസ് വളരെ ദുർബലമാണെന്ന് ആദ്യത്തെ കാഴ്ചയിൽത്തന്നെ എസ്.പി. വെളിപ്പെടുത്തി. കുറ്റവാളികളായി ഇതുവരെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പത്രക്കാർ തൊപ്പും തൊങ്ങലും വച്ച് കഥകൾ എഴുതി ജനങ്ങളെ ആകാംക്ഷാഭരിതരാക്കുന്നു. കൊലപാതകവുമായി ബന്ധമില്ലാത്തവരെ കസ്റ്റഡിയിൽ എടുത്തു പീഡിപ്പിക്കുന്നു എന്നുവരെ അവർ എഴുതിയിട്ടുണ്ട്. ഇത് വളരെ ആസൂത്രിതമായ ഒരു കൊലപാതകമാണ്. അയാൾ കഴിച്ച മദ്യത്തിൽ വിഷാംശമുണ്ട്. മറ്റൊന്ന് എന്തിന് അയാളുടെ വൃഷണങ്ങൾ ഛേദിച്ചു എന്നതാണ്. ഉള്ളിൽ ചെന്നത് വീര്യമുള്ള മദ്യമല്ലായിരുന്നു. അതെ മദ്യമുള്ള കുപ്പിയും പരിശോധിച്ചു. അതിൽ വിഷാംശം കണ്ടെത്താനായില്ല. എന്നാല്‍ ഒരൽപമുണ്ടുതാനും. അത് കഴിക്കുന്ന ഒരാൾ മരിക്കില്ല. ആ മദ്യക്കുപ്പികളാകട്ടെ മദ്യലോബികൾ നല്ല മദ്യത്തിന്റെ ലേബൽ ഒട്ടിച്ച് വിൽപന നടത്തിയവരാണ്. അതിന് കൂട്ടുനിന്ന ജീവനക്കാരെ അതുണ്ടാക്കിയവരെയെല്ലാം ഞങ്ങൾ അറസ്റ്റു ചെയ്തു കഴിഞ്ഞു. ശങ്കരൻ മദ്യം കഴിച്ച് മണിക്കൂറുകൾക്കു ശേഷമാണ് കൊല്ലപ്പെടുന്നത്. അയാളുടെ ബോധമനസ് അതുവരെ പ്രവർത്തിച്ചിരുന്നു. കഴുത്തുഞെരിച്ചു കൊന്നു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
അവർ തുടർന്നു ചോദ്യോത്തരങ്ങൾ നടത്തിയതിന് ശേഷം കേസ്സിന്റെ ഫയൽ കിരണിനെ ഏൽപിച്ചു. അവൾ ഒരു കാര്യം കൂടി മുന്നോട്ടു വച്ചു, “ഈ കേസ്സന്വേഷണവുമായി ഞാനീ നാട്ടിൽ വന്നകാര്യം മറ്റൊരാൾ അറിയരുത്. മാത്രവുമല്ല നമ്മുടെ വകുപ്പിലുള്ളവരുടെ സേവനം തൽക്കാലം എനിക്കാവശ്യമില്ല. എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ ഞാൻ മിസ്റ്റർ അബ്ദുള്ളയെ അറിയിക്കാം. എന്നാൽ ഇന്ന് എന്നോടൊപ്പം താങ്കളും വരണം. എനിക്ക് ചില പരിശോധനകൾ നടത്താനുണ്ട്.”
പെട്ടെന്ന് അബ്ദുള്ള മേശപ്പുറത്തിരുന്ന ഒരു ഫയലിൽ നിന്ന് കൊല്ലപ്പെട്ട ആളിന്റെ ഫോട്ടോകളും മെഡിക്കൽ റിപ്പോർട്ട്, മൊബൈൽ തുടങ്ങിയവ ഉൾപ്പെട്ട ഒരു കവർ അവളെ ഏൽപിച്ചു. അബ്ദുള്ള ചായക്ക് ഓർഡർ ചെയ്തെങ്കിലും അവളത് സ്നേഹപൂർവ്വം നിരസിച്ചു. അവൾ എഴുതിക്കൊണ്ടിരുന്നപ്പോൾ ആ സുന്ദരമായ മുഖത്തേക്ക് പല പോലീസുകാരും തലയുയർത്തിനോക്കി. ഇളം തെന്നൽ അവളെ തഴുകിപ്പോയി. അബ്ദുള്ള താക്കോലെടുത്ത് അവൾക്കൊപ്പം യാത്ര തിരിച്ചു.
About The Author
No related posts.