മാതൃരാജ്യത്തിനു വേണ്ടി അനിവാര്യയുദ്ധം: പുട്ടിൻ

Facebook
Twitter
WhatsApp
Email

മോസ്കോ ∙ രണ്ടാംലോകയുദ്ധ സമയത്ത് നാസി ജർമനിക്കു മേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ 77–ാം വാർഷികം മോസ്കോയിലെ റെഡ്സ്ക്വയറിൽ ആഘോഷിച്ചു. മാതൃരാജ്യത്തിനു വേണ്ടിയും ഭാവി തലമുറയ്ക്കുവേണ്ടിയുമാണ് യുദ്ധം ചെയ്യുന്നതെന്ന് സൈനിക പരേഡിനെ അഭിസംബോധന ചെയ്തുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ചരിത്രപരമായി റഷ്യയുടെ കൈവശമുള്ള സ്ഥലങ്ങളിൽ ‘നാറ്റോ’യുടെ പിന്തുണയോടെ നടക്കുന്ന അധിനിവേശത്തെ ചെറുക്കാൻ വേണ്ട അനിവാര്യ നടപടിയായി യുദ്ധത്തെ പുട്ടിൻ വിശേഷിപ്പിച്ചു. അതേസമയം, യുക്രെയ്ൻ എന്ന വാക്ക് ഉപയോഗിച്ചില്ല. യുദ്ധം എത്രനാൾ നീണ്ടുനിൽക്കുമെന്ന സൂചനയും പ്രസംഗത്തിലുണ്ടായിരുന്നില്ല.

റഷ്യയെ ആക്രമിക്കാൻ നാറ്റോയ്ക്കും ക്രൈമിയയ്ക്ക് എതിരെ യുദ്ധം ചെയ്യാൻ യുക്രെയ്നിനും പദ്ധതികളൊന്നുമില്ലെന്നാണ് പുട്ടിന്റെ ആരോപണത്തിന് മറുപടിയായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മൈക്കലിയോ പോഡ‍ോലൈക് പറഞ്ഞത്. പുട്ടിനും സംഘവും നാസി ജർമനിയുടെ ഫാസിസത്തെ സ്വീകരിക്കുകയും റഷ്യയുടെ ചരിത്രത്തെ തള്ളുകയുമാണ് ചെയ്യുന്നതെന്ന് ബ്രിട്ടിഷ് പ്രതിരോധമന്ത്രി ബെൻ വാലസ് വിമർശിച്ചു.

ഇനി 2 വിജയദിനങ്ങൾ: സെലെൻസ്കി

കീവ് ∙ നാസി ജർമനിയെ മുട്ടുകുത്തിച്ച ദിവസം, റഷ്യൻ സേനയെ തോൽപ്പിച്ച ദിവസം– അങ്ങനെ യുക്രെയ്നിന് ഭാവിയിൽ രണ്ട് വിജയദിനങ്ങൾ ഉണ്ടാവുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തിങ്കളാഴ്ച പ്രഖ്യാപിച്ചു. 80 ലക്ഷം യുക്രെയ്ൻ പൗരൻമാരാണ് രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടതെന്ന് സെലെൻസ്കി ഓർമിപ്പിച്ചു. രാജ്യത്തിന്റെ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ലെന്നും റഷ്യയുമായുള്ള യുദ്ധം ജയിക്കുമെന്നും സെലെൻസ്കി പ്രഖ്യാപിച്ചു.

റഷ്യൻ അംബാസഡറുടെ ദേഹത്ത് ചായം ഒഴിച്ചു

വാഴ്സ ∙ പോളണ്ടിലെ റഷ്യൻ അംബാസഡർ സെർജി ആൻഡ്രീവിനു മേൽ യുദ്ധവിരുദ്ധ പ്രവർത്തകർ ചുവന്ന ചായമൊഴിച്ചു. രണ്ടാം ലോകയുദ്ധത്തിൽ മരിച്ച റഷ്യൻ സൈനികർക്ക് ആദരമർപ്പിക്കാൻ സെമിത്തേരിയിൽ എത്തിയതായിരുന്നു അംബാസഡർ. അവിടെ കാത്തുനിന്ന ഒരു സംഘമാണ് ചായം ഒഴിച്ചത്. അംബാസഡറുടെ മുഖത്തും മറ്റും ചായം വീണു.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

About The Author

Leave a Reply

Your email address will not be published. Required fields are marked *