അഡ്മിന് ഡിലീറ്റ് ചെയ്യാം, ഗ്രൂപ്പിൽ 512 പേർ; ഒരു സിനിമ മുഴുവൻ അയയ്ക്കാം: അപ്ഡേറ്റുകൾ ഇവ

Facebook
Twitter
WhatsApp
Email

അംഗങ്ങളുടെ കടുംകൈകൾ നിസ്സഹായരായി നോക്കിനിന്ന വാട്സാപ് അഡ്മിൻമാരുടെ കാലം കഴിയുന്നു. കുഴപ്പം പിടിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നൽകി വാട്സാപ് അടിമുടി മാറുകയാണ്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. പുതിയ അപ്ഡേറ്റ് വരുന്നതോടെ വേണമെങ്കിൽ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങൾ വരുന്ന ആഴ്ചകളിൽ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും.

ഓരോ സന്ദേശത്തിനും ഇമോജികൾ വഴി, സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്‌ഷൻസ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം. ഇതിനു പുറമേ പുതുതായി വാട്സാപ് പ്രഖ്യാപിച്ചിരിക്കുന്ന അപ്ഡേറ്റുകൾ ഇവയാണ്.

∙ ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നത് 512 ആയി വർധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേർ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.

∙ ഗ്രൂപ്പിലെ അംഗങ്ങൾ വേണ്ടാത്തതെന്തെങ്കിലും പോസ്റ്റ് ചെയ്താൽ അതു ഡിലീറ്റ് ചെയ്യാൻ അഡ്മിൻ അംഗത്തിന്റെ കാലുപിടിക്കേണ്ട കാര്യമില്ല. മെസേജിൽ അമർത്തിപ്പിടിച്ച് ഡിലീറ്റ് ചെയ്യാം.

∙ 2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ ഒറ്റത്തവണ അയയ്ക്കാം. നിലവി‍ൽ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂർണമായി അയയ്ക്കാനാവും. വലിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്ന ടെലിഗ്രാം മെസഞ്ചർ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കെയാണ് വാട്സാപ്പിലെ മാറ്റം.

∙ വോയ്സ് കോളിൽ ഒരേസമയം 32 പേരെ വരെ ചേർക്കാം. ഇപ്പോൾ 8 പേരെയാണു ചേർക്കാവുന്നത്. 32 പേരിൽ കൂടുതലുള്ള കോളുകൾക്ക് നിലവിലുള്ള ഗ്രൂപ്പ് കോൾ സംവിധാനം തന്നെ ഉപയോഗിക്കാം.

വാട്സാപ് അപ്ഡേറ്റ് ചെയ്തിട്ടും ഈ സൗകര്യങ്ങളൊന്നും കിട്ടിയില്ലെങ്കിൽ ആശങ്കപ്പെടാനില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതൊക്കെ എല്ലാവരിലേക്കും എത്തും.

English Summary: Whatsapp new features

About The Author

Leave a Reply

Your email address will not be published. Required fields are marked *