വായനയുടെ തരം തിരിവുകൾ എനിക്കറിയില്ല.
നിങ്ങൾ എന്തിനു വായിക്കുന്നുവെന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളു. വായന ഒരാനന്ദമാണ് ആശ്വാസമാണ് ഒരാവേശമാണ്.
മേശപ്പുറത്ത് കുമിഞ്ഞുകൂടിയ ഈ പുസ്തകങ്ങളില്ലായിരുന്നെങ്കിൽ ജീവിതം ഒരു തരിശു ഭൂമിയാവുമായിരുന്നു.
കേട്ടിട്ടില്ലേ ?
പൂക്കാതിരിക്കാൻ എനിക്കാവില്ല.
ഒരു ചെടിയുടെ ആത്‌മ നൊമ്പരമാണിത്.
പുസ്തകമില്ലാത്ത ജീവിതത്തെക്കുറിച്ച് തനിക്കു ചിന്തിക്കാൻ കഴിയില്ല എന്നെഴുതിയ ഒരെഴുത്തുകാരനെ ഓർത്തു പോയി.
എഴുത്തു പോലെ വായനയും ഒരു ത്യാഗമാണ്.
എം ടി യുടെ തിരഞ്ഞെടുത്ത ലേഖനങ്ങളിലൂടെ മനസ് ഓളപ്പരപ്പിലെ തൂവൽ പോലെ ഒഴുകുകയായിരുന്നു.
കസേരക്കു പിന്നിലെ തുറന്നിട്ട ജാലകങ്ങളിലൂടെ അസ്തമിക്കുന്ന സൂര്യന്റെ ചുവപ്പ് പുസ്തകത്താളിൽ പതിക്കുന്നു.
ഈ പുസ്തകത്തിൽ രമണ തരംഗം എന്നൊരു അധ്യായമുണ്ട്. വായനയുടെ ത്യാഗമാണ് ഇതിൽ കോറിയിട്ടിരിക്കുന്നത്. ചങ്ങമ്പുഴയുടെ വിശ്വപ്രസിദ്ധമായ രമണൻ വാങ്ങുവാൻ പോവുകയും പുസ്തകം വളരെപ്പെട്ടന്ന് വിറ്റു തീർന്നതിനാൽ എവിടെ നിന്നോ ഒരു കയ്യെഴുത്ത് പ്രതി വാങ്ങി രാത്രി ഉറങ്ങാതെ പകർത്തിയെഴുതിയ കഥ മലയാളത്തിന്റെ പ്രിയ കഥാകാരൻ എം ടി ഹൃദയ സ്പർശിയായി എഴുതുന്നു.
വായന ഒരാവേശമാണ്.
ഒരിക്കലും
തളരാത്ത ആവേശം.