ഉള്ളുരുക്കങ്ങളുടെ “ഉള്ളൊഴുക്ക്” – ഗിരിജാവാര്യർ

Facebook
Twitter
WhatsApp
Email

“ഒരു പെണ്ണിനേ മറ്റൊരു പെണ്ണിനെ പൂർണ്ണമായും മനസ്സിലാക്കാനാവൂ” എന്ന് അടിവരയിട്ടുറപ്പിക്കുന്ന സിനിമ! ഉള്ളുരുക്കങ്ങളുടെ നീർച്ചാലുകൾ പലവഴിയിലൂടെ ഒത്തുകൂടി ഒരു പ്രളയപ്രവാഹമായി ആസ്വാദകനു മുന്നിലൂടെ ഒഴുകുന്നു! അനുഭവങ്ങളുടെ ശക്തമായ കൊടുങ്കാറ്റിൽ, നീർക്കുമിളകൾ വ്യത്യസ്തദിശകളിലേക്കായി ചിതറുമെങ്കിലും, ഒടുവിലവയും, സ്നേഹത്തിന്റെ അടിയൊഴുക്കിലേക്ക് അലിഞ്ഞുതീരുന്ന ഹൃദയഹാരിയായ കാഴ്ച! ആ അമ്മായിയമ്മയുടെയും മരുമകളുടെയും നോവുകൾക്ക് ഒരേ നിറമാണ്, അനാഥത്വത്തിന്റെ ഗന്ധമാണ്! ഉപാധികളില്ലാത്ത സ്നേഹം ഒരിക്കലെങ്കിലും അറിഞ്ഞനുഭവിക്കാനുള്ള തീവ്രമായ അഭിവാഞ്ഛയാണ്!

തോരാമഴയുടെ പശ്ചാത്തലത്തിൽ കടഞ്ഞെടുത്തൊരു സിനിമ, നോവിന്റെ പെരുമഴക്കാലത്തെ ഓർമിപ്പിച്ചു. മകന്റെ ശവമടക്ക് നടത്താൻ വേണ്ടി, വെള്ളമിറങ്ങാൻ കാത്തിരിക്കുന്ന അമ്മ, ഒടുവിൽ തന്റെ കാത്തിരിപ്പിന്റെ രഹസ്യം വാസ്തവത്തിൽ അതായിരുന്നില്ലെന്നു അറിയിക്കുന്ന മുഹൂർത്തം ആരുടെ കണ്ണുകളെയാണ് ഈറനണിയിക്കാത്തത്? സ്നേഹിക്കപ്പെടാൻ, അതു കൈമോശം വരാതിരിക്കാൻ, ഉള്ള ഓരോരുത്തരുടെയും തത്രപ്പാടുകൾ, അതിൽനിന്നുണ്ടാവുന്ന സ്വാർത്ഥമോഹങ്ങൾ, തെറ്റോ ശരിയോ എന്ന് ഇഴപിരിച്ചു വിശകലനം ചെയ്യാനാവാത്തവിധം മനസ്സ് ചെയ്തുകൂട്ടുന്ന, ചിന്തിച്ചുകൂട്ടുന്ന വികലമായ ധാരണകൾ എല്ലാമെല്ലാം കഥാപാത്രങ്ങളിലൂടെ എത്ര അനായാസമായാണ് മറനീക്കി പുറത്തുവരുന്നത്! പലപ്പോഴും ഒരു വാക്കുപോലും അസ്ഥാനത്താണെന്ന് നമുക്കു തോന്നിപ്പോവുന്ന സന്ദർഭങ്ങളിൽ ഒരു ഭാവം കൊണ്ടോ , മറ്റുചിലപ്പോൾ ഒരു നോട്ടം കൊണ്ടോ സംവിധായകൻ ക്രിസ്റ്റോ ടോമി അത് ഭംഗിയായി നിർവ്വഹിച്ചുപോകുന്നതുകാണുമ്പോൾ “പ്രശംസനീയം” എന്നല്ലാതെ മറ്റെന്തു പറയാൻ?

മഴയൊന്നു തിമർത്തു പെയ്താൽ വെള്ളം കയറുന്ന വീടുകളും പാടങ്ങളും ചേർന്ന കുട്ടനാടൻ ഗ്രാമീണഭംഗിയാണ് സിനിമയുടെ ഹൈലൈറ്റ്! തോമസുകുട്ടിയുടെ പെങ്ങളുടെ മകൾക്ക് തുഴച്ചിലിന്റെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുക്കുന്ന അഞ്ജു, കുഞ്ഞിനെ ഓർമ്മിപ്പിക്കുന്നത് “ശക്തമായി തുഴയണം “എന്നാണ്! വളർന്നുവരുന്ന ഓരോ പെൺകുട്ടിയും ശക്തമായി തുഴഞ്ഞെങ്കിലേ ഒഴുക്കിനെതിരെ പിടിച്ചുനിൽക്കാനാവൂ!

തന്റെ ആരോരുമല്ലാത്ത കുഞ്ഞാണെന്നറിഞ്ഞിട്ടും അവൻ പിറന്നുവീഴുമ്പോൾ ആദ്യം അണിയിക്കേണ്ടത്, താൻ കൊടുത്ത പൊന്നും, ഉടുപ്പും ആണെന്നു പറയുന്ന ആ അമ്മ, അഭിനയത്തിന്റെ ഉള്ളൊഴുക്കുകളേറെ നീന്തിക്കയറിയ ഉർവ്വശിയുടെ കൈയിൽ ഭദ്രം! അഞ്ജുവിന്റെ ഉള്ളിൽ മിന്നിമറയുന്ന കുറ്റബോധവും സ്നേഹവും ആ കുഞ്ഞുടുപ്പിലെ,അമ്മതുന്നിയ എംബ്രോയിഡറിപൂക്കളിൽ ഞെരിഞ്ഞമരുന്ന വിരൽത്തുമ്പുകളിലൂടെ വ്യക്തമാക്കിയ പാർവ്വതി തെരുവോത്ത് മലയാളസിനിമാലോകത്തിനു മുതൽക്കൂട്ടാണെന്നു ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.

കഥ, ഛായാഗ്രഹണം, സംവിധാനം, അഭിനേതാക്കൾ എല്ലാ അർത്ഥത്തിലും പൂർണ്ണത അവകാശപ്പെടാനാവുന്നൊരു ‘ഒഴുക്കു’കാണണോ? അതാണ് “ഉള്ളൊഴുക്ക് “

About The Author

Leave a Reply

Your email address will not be published. Required fields are marked *