കീഴ്ച്ചുണ്ടിലെ കറുത്ത മറുകും , നുണക്കുഴികളും – മോഹന്‍ദാസ്

Facebook
Twitter
WhatsApp
Email

കോട്ടയത്തു നിന്നും കൊച്ചിയിലേക്കുള്ള വേണാട് എക്സ്പ്രസിലെ എന്റെ പതിവുയാത്രകള്‍ രസകരമായ ഒത്തിരിയോര്‍മ്മകള്‍ നല്‍കിയിട്ടുണ്ട്.

ട്രെയിനില്‍ സമാനചിന്താഗതിക്കാരായ ഞങ്ങള്‍ ഒത്തുചേര്‍ന്ന് ഒരു ഗ്രൂപ്പായിട്ടാണ് യാത്ര.

കാക്കനാട് SEZ ല്‍ ഓഫീസറായ ഹരിച്ചേട്ടനായിരുന്നു ഗ്രൂപ്പ് ലീഡര്‍. ധാരാളം വായിക്കുകയും നല്ല കഥകളെഴുതുകയും ചെയ്യുന്ന, റിലയന്‍സില്‍ ജോലി ചെയ്യുന്ന രഞ്ചന്‍ തുടങ്ങിയ മനസ്സടുപ്പമുള്ള നല്ല സുഹൃത്തുക്കള്‍ ഗ്രൂപ്പിലുണ്ടായിരുന്നു.
എഴുതിയ കാര്യങ്ങള്‍ വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നത് ഞങ്ങളുടെ പതിവ് ശീലമായിരുന്നു.

അങ്ങനെ ബഷീര്‍ എഴുതിയതുപോലെ പ്രശാന്തസുന്ദരമായ കാലം. ഒരു ദിവസം ഞങ്ങളുടെ കംപാര്‍ട്ടുമെന്‍റില്‍ അതിഥിയായി അവളുമെത്തി. പ്രസ് അക്കാദമിയില്‍നിന്നും ജേണലിസം കഴിഞ്ഞ് പ്രമുഖ മാധ്യമത്തില്‍ കുറച്ച് ദിവസം ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്നതിനെത്തിയതാണ്.

ചന്ദനനിറവും ചിരിക്കുമ്പോള്‍ വിടരുന്ന ആ നുണക്കുഴികളും മനോഹരമായിരുന്നു. വളരെപ്പെട്ടന്ന് അവള്‍ ആ ഗ്രൂപ്പിന്‍റെ ഭാഗമായി.

ഗ്രൂപ്പ് ലീഡര്‍ ഹരിച്ചേട്ടന്‍ അവളോട് പേര് ചോദിച്ചു. അവള്‍ പേര് പറഞ്ഞു. മനോഹരമായ പേര്.

സീറ്റിലേക്ക് പിന്നോക്കം ചാരി കണ്ണുകളടച്ച് ഞാന്‍ പറഞ്ഞു:

‘രാത്രിയുടെ പേരുള്ള പെണ്‍കുട്ടി.’

തൊടങ്ങി അവന്‍റെ സാഹിത്യം. ഹരിച്ചേട്ടന് ദേഷ്യം വന്നു.

‘ശരിയാണ്. രാത്രിയുടെ പേരുള്ള പെണ്‍കുട്ടി.’

രഞ്ചന്‍ എന്‍റെ സഹായത്തിനെത്തി.

അവള്‍ കടന്നുവരുമ്പോള്‍ കര്‍പ്പൂരത്തിന്‍റെ ഗന്ധം അവിടെ പടരുമായിരുന്നു.

എഴുതിയ കഥയും കവിതയും ഞങ്ങള്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നല്ലോ ?

ഈ ചര്‍ച്ചകളില്‍ അവളും ചെറിയ രീതിയില്‍ പങ്കെടുക്കുമായിരുന്നു.

അന്ന് ഞാന്‍ എഴുതിയ ചില വരികളാണ് വായിച്ചത്. കഥാപാത്രം അവളായിരുന്നു.

വരികൾ ഏകദേശം ഇങ്ങനെയായിരുന്നു :

”അവള്‍ക്ക് രാത്രിയുടെ പേരായിരുന്നു

ഹരിചന്ദനത്തിന്‍റെ നിറവും
കര്‍പ്പൂരത്തിന്‍റെ മണവുമായിരുന്നു.

ചിരിക്കുമ്പോള്‍
വിടരുന്ന
നുണക്കുഴികളും

വലതുകീഴ്ച്ചുണ്ടിലെ കറുത്ത മറുകും…”

തുടര്‍ന്നു വായിക്കാന്‍ ഹരിച്ചേട്ടന്‍ സമ്മതിച്ചിച്ച. പുള്ളി ബഹളം വയ്ക്കുകയാണ്.

‘ഇത് ഈ കുട്ടിയെക്കുറിച്ചാണ്,
ഈ കുട്ടിയെക്കുറിച്ചു മാത്രമാണ്.”

അവള്‍ നിശബ്ദയായിരുന്നു. ട്രെയിന്‍ സൗത്തിലെത്തി.

എല്ലാവരും ഇറങ്ങി. പോകുമ്പോള്‍ അവള്‍ ഒരു പുഞ്ചിരി സമ്മാനിച്ചാണ് മടങ്ങിയത്.

അപ്പോഴാണ് ആശ്വാസമായത്.

ഇന്‍റേണ്‍ഷിപ്പ് കഴിഞ്ഞ് ആ കുട്ടി ഒരുപ്രമുഖ പത്രത്തില്‍ ജോയിന്‍ ചെയ്തു.

നാളുകള്‍ക്കു ശേഷം ഞാന്‍ പതിവുപോലെ സൗത്തില്‍
ട്രെയ്നിറങ്ങുമ്പോള്‍ പിന്നില്‍ ഒരു വിളി.

ദാസേ.
ഏറ്റവും അടുപ്പമുള്ളവര്‍ അങ്ങനെ വിളിക്കാറുണ്ട്.

അടുത്തു ചെന്നപ്പോള്‍.
ഹരിചന്ദനത്തിന്‍റെ നിറവും കര്‍പ്പൂരത്തിന്‍റെ മണവും കീഴിച്ചുണ്ടിലെ ആ കറുത്ത മറുകും, വിടരുന്ന നുണക്കുഴികളും എങ്ങനെ മറക്കാനാവും?

ഒരു മൗനം.

അവളാണ് ഞങ്ങള്‍ക്കിടയിലെ മൗനം പൂരിച്ചിച്ചത്.

എന്താ മിഴിച്ചു നോക്കുന്നത്.

രാത്രിയുടെ പേരുള്ള …..അവള്‍ നിര്‍ത്തി

ഞങ്ങള്‍ ചിരിച്ചു.

വേണാട് എക്സ്പ്രസിന്റെ ചൂളംവിളിയില്‍ ചിരികൾ അലിഞ്ഞു ചേര്‍ന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *