ഇണയില്ലായ്മ – ജയരാജ് മിത്ര

Facebook
Twitter
WhatsApp
Email

ഗുരുപ്പൊട്ടൻ പറഞ്ഞു.
” ജയരാജ്,
ഫ്രീ റാഡിക്കൽ ഒരു പ്രശ്നമാണ്. സ്വയം ഒരു ഫ്രീ റാഡിക്കലാവാതെ നോക്കിയാൽ ; നമ്മൾക്ക് മാത്രമല്ല സമൂഹത്തിനും സ്വസ്ഥതയുണ്ടാകും.”

ഗുരുപ്പൊട്ടൻ ചിന്തയുടെ കടന്നൽക്കൂട്ടിലേയ്ക്കാണ് ഈ റാഡിക്കൽകൊണ്ടെറിഞ്ഞത്.
മറ്റേതോ ചിന്തയെ കെട്ടിപ്പുണർന്ന്; ശാന്തമായുറങ്ങിയ ചിന്തകൾ ….
അതായത്, ഇണയെ ലഭിച്ച്, ശാന്തമായിരുന്ന എൻ്റെ ചിന്തകൾ പലതും, ഈ ഫ്രീ റാഡിക്കലിൻ്റെ ഇടിയേറ്റുണർന്ന്, തെറിച്ചുവീണ് ,
സ്വയം ചിന്തിച്ചുതുടങ്ങി!

റാഡിക്കൽ അഥവാ ഫ്രീ റാഡിക്കൽ എന്നു പറയുന്നത്, ഇണയില്ലാത്തൊരു അവസ്ഥയാണ്.

രസതന്ത്രത്തിൽ അത് ജോഡിയില്ലാത്ത ആറ്റമോ അയോണോ തൻമാത്രയോ ആവാം.

പ്രപഞ്ചം മുഴുവൻ
സർവ്വചരാചരങ്ങളും ഇണയെ തിരയുകയാണ്.
കൃത്യമായ ജോഡിയൊത്താൽ, ആ ജീവി അലച്ചിൽ നിർത്തി, അടങ്ങും.

സതിയെ നഷ്ടപ്പെട്ട്, ഫ്രീ റാഡിക്കലായി മാറിയ ശിവൻ , പിന്നെ വിരഹശമനം വന്ന് അടങ്ങുന്നത്, പർവ്വതി വന്ന് കെട്ടിയപ്പോഴാണ്.

ഫ്രീ റാഡിക്കലുകൾ ഉള്ള പദാർത്ഥങ്ങൾ ഉയർന്ന chemical reaction property ഉള്ളവയായിരിക്കും.
highly conductive ആയിരിക്കും.
അതായത്, നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതോ ത്രസിച്ചുകൊണ്ടിരിക്കുന്നതോ ആയ
s,p,d,f എന്നീ ഓർബിറ്റലുകളിൽ,
ജോഡി ലഭിക്കാത്ത ഇലക്ട്രോൺ,
നിരന്തരം ,
കൂട്ടാക്കി മാറ്റുവാൻ പറ്റിയ ഇലക്ട്രോണിനെ തിരഞ്ഞ് അലയും .
ഇലക്ട്രോൺ എന്ന ; സ്വയമലയുന്ന അവൻ/അവൾ വന്നതും നിന്നതുമായ വഴികളിലെല്ലാം negative energy ആണ്.
ഒരു സിസ്റ്റത്തെ disturb ചെയ്യുന്നത് ഈ സഞ്ചാരിയാണ് .
നെഗറ്റീവായ അവൻ/അവൾ വന്നുപോയ വഴികളെല്ലാം;
അവൻ/അവൾ ഇല്ലാത്തതിൻ്റേയും;
ഇനി , ഉടനെയൊന്നും വരാൻ ഇടയില്ലെന്ന സുരക്ഷിതബോധത്തിൻ്റേയുമായ positivity നിറഞ്ഞ ഇടങ്ങൾ ആണ്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ അവൻ / അവൾ പോയെങ്കിലും; ഇനിയും വന്നേയ്ക്കുമെന്ന കാത്തിരിപ്പിൻ്റെയും പ്രതീക്ഷയുടേയും പോസിറ്റിവിറ്റി നിറഞ്ഞ ഇടങ്ങളാണ്.
അതായത്,
അവിടെ ഉണ്ടായിരുന്ന ആ ഇലക്ട്രോൺനെഗറ്റിവിറ്റി മാറിപ്പോയ ഇടമായതിനാൽ;
ഇപ്പോൾ ആ ഇടം പോസിറ്റീവ് ആണ്.
ഇതാണ് ഇലക്ട്രോണിക്സ് എന്ന ശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വം.
അതായത്,
ഇലക്ട്രോണിക്സിലെ, ഇലക്ട്രോൺ -ഹോൾ യാത്രകൾ.

ഇലക്ട്രോളിസിസ് എന്ന പ്രവർത്തനത്തിൽ, ഒരു സംയുക്തത്തിലൂടെ electricity കടത്തിവിട്ട്, അതിൻ്റെ രാസപ്രവർത്തനവേഗം/ chemical reaction speed ഉയർത്താനാവും.
ഇതുപയോഗിച്ച്, പെട്ടെന്ന് ദ്രവിച്ച് നശിച്ചുപോകാൻ ഇടയുള്ള വസ്തുക്കളിൽ കോട്ടിങ് കൊടുത്ത് അവയെ സംരക്ഷിക്കാനാവും.
അതായത്, ചെറിയൊരു പ്രചോദനം കിട്ടിയാൽ ഈ ‘അനാർക്കി ‘കൾക്ക് വലിയ വലിയ കാര്യങ്ങൾ ചെയ്യാനാകും എന്നർത്ഥം.
സ്വന്തം ഇടങ്ങൾ ഉപേക്ഷിച്ചും മറ്റുള്ളവരെ സംരക്ഷിക്കാൻ (ഇലക്ട്രോ പ്ലേറ്റിങ്, ഗാൽവനൈസിങ് ) ഈ അരാജകവാദികൾ തയ്യാറാകുന്നുണ്ട്.

കോവിഡ് സമയത്തുണ്ടായ ‘ഓക്സിജൻ കുറയൽ ‘ ഇങ്ങനെയൊരു ‘ഇണയില്ലാതാകലാൽ ‘ സംഭവിച്ചതത്രേ.
തലതിരിഞ്ഞൊരു ഓക്സിജൻ, ചെയ്ൻ റിയാക്ഷൻ സൃഷ്ടിച്ച്, തുടരെത്തുടരെ , ശരീരത്തിന് പ്രാണോർജ്ജം നൽകിക്കൊണ്ടിരുന്ന ഓക്സിജൻ കണങ്ങളെ തെറിപ്പിച്ചുകളഞ്ഞതിൽ പരിഭ്രമിച്ചാണത്രേ പലരും ശ്വാസം കിട്ടാതെ ഒടുങ്ങിയത്.
ഈ അമിതസഞ്ചാരികളായ ഓക്സിജനുകളെ തണുപ്പിക്കാനുള്ള വഴി,
അവർക്ക് വാഴാൻ ഒരു നല്ല ശരീരം ഒരുക്കിക്കൊടുക്കൽ മാത്രമാണ്.
അതായത്, നല്ല ഭക്ഷണവും നല്ല വെള്ളവും നല്ല വായുവും നൽകി, ശരീരത്തിൻ്റെ PH കൃത്യമാക്കുകയാണ് നേർവഴി.
ശരീരം ഒരു സമൂഹമെങ്കിൽ; നല്ല സമൂഹം സൃഷ്ടിക്കലാണ് യഥാർത്ഥ ചികിത്സ.

കലാകാരൻ / കലാകാരി സമൂഹത്തിലെ ഫ്രീ റാഡിക്കലുകളാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു പണ്ടത്തെ ഭരണാധികാരികളെല്ലാം.
ഒരു വ്യക്തിക്കോ സമൂഹത്തിനോ
താങ്ങാൻകഴിയുന്നതിലുമേറെ ഊർജ്ജം വഹിക്കുന്നവരാണിവർ.
ഇവർ സ്വന്തം കുടുംബത്തിൽനിന്ന് സ്വയം തെറിച്ച് പുറത്തുവന്നവരാണെന്നുമാത്രമല്ല;
ഇവർ ചെന്ന് തൊടുന്ന ഇടത്തുനിന്നെല്ലാം ഇവർ അംഗങ്ങളെ അടർത്തിക്കളയും.
കുടുംബങ്ങൾ ഛിദ്രമാകാൻ ഇപ്രകാരം ഒരൊറ്റ എണ്ണം മതി നാട്ടിൽ.
ഈ ഊർജ്ജതാണ്ഡവത്തെ തണുപ്പിച്ചേ തീരൂ.
സമൂഹത്തിലെ, ഈ ഉർജ്ജം കൂടിയ തലതിരിഞ്ഞവരെ, ഒതുക്കിയേ തീരൂ.
അതിന്, പണ്ട്,
പണ്ഡിതസദസ്സും വിദ്വൽസഭകളും ദർബാർഹാളും നൃത്തമണ്ഡപങ്ങളും ഒക്കെ ഉണ്ടാക്കി,
ഇവരുടെ സംഹാരഭാവത്തെ ഭരണാധികാരികൾ;
ഈ രൗദ്രഭാവക്കാർ തിരിച്ചറിയാതെത്തന്നെ അടക്കിക്കൊണ്ടിരുന്നു.
പതക്കവും പൊന്നാടയും രാജചിഹ്നങ്ങളും പദവികളും നൽകി,
ഇവരെ ഒരു ഛിദ്രശക്തിയാകാതെ കാത്തുവെച്ചു.
അപ്പോൾ ഇവർ, സമൂഹത്തിന് ഗുണകരമായ മഹാകാവ്യങ്ങൾ എഴുതി.
കീർത്തനങ്ങളും നൃത്തവും വാദ്യവും ശാസ്ത്രങ്ങളും മേളവുമെല്ലാം ഇവരിലൂടെ കടന്നുവന്നു.

സതീവിരഹിയായ ശിവൻ സതിയുടെ ചേതനയറ്റ ശരീരവും പേറി, ആർത്തനും കോപിഷ്ഠനുമായി ഭാരതഖണ്ഡം മുഴുവൻ അലഞ്ഞ് താണ്ഡവമാടിയപ്പോൾ;
ഈ ‘ഫ്രീ റാഡിക്കൽ ‘ ഒരു രാഷ്ട്രത്തെ മുഴുവൻ നശിപ്പിക്കുമെന്നറിഞ്ഞ മഹാരാജാവ് (സ്ഥിതിയുടെ കാര്യങ്ങൾ നോക്കുന്ന മഹാവിഷ്ണു) തൻ്റെ വിരൽത്തുമ്പിലെ സുദർശനചക്രത്താൽ സതീദേഹം അമ്പത്തി ഒന്ന് കഷണങ്ങളാക്കി, ശിവൻപോലുമറിയാതെ തെറിപ്പിച്ചുകളഞ്ഞു.

ഈ ശരീരഭാഗങ്ങൾ വീണ ഇടങ്ങൾ ഭാരതത്തിലെ അമ്പത്തി ഒന്ന് ശക്തിപീഠങ്ങളായി.
ആരോഗ്യശാസ്ത്രത്തിൻ്റെയും
ഭാഷയുടേയും
വാസ്തുവിൻ്റെയും
മന്ത്രവാദത്തിൻ്റെയും
ഒക്കെ അടിസ്ഥാനക്കണക്കാണ് ഈ , അമ്പത്തി ഒന്ന് എന്നത്.

ശിവ ഡമരുവിൽനിന്നും പുറത്തുവന്ന ശബ്ദങ്ങളിൽനിന്നാണ് സമസ്ത പ്രപഞ്ചത്തിൻ്റേയും സൃഷ്ടി എന്നാണ് പറയുന്നത്.

മണ്ടനായ പാണിനിയെ പഠിപ്പിക്കാൻ ശിവൻ തൻ്റെ ഡമരു മുഴക്കി സൃഷ്ടിച്ചതാണ് വാക്കുകളും ഭാഷയും എന്നും പറയുന്നുണ്ട്.
ഈ ശബ്ദങ്ങളുടെ കോമ്പിനേഷനായ അമ്പത്തി ഒന്ന് അക്ഷരങ്ങളാണ് ഭാഷയുടെ അടിസ്ഥാനം എന്നാണ് ഭാരതീയ വിശ്വാസം.
അല്ലാതെ, പ്രാകൃത ജനസമൂഹം , കമ്യൂണിക്കേഷൻ നടത്താൻവേണ്ടി കൊഞ്ഞനംകുത്തിയപ്പോളുണ്ടായ വികൃതശബ്ദങ്ങളല്ല പിന്നീട് ഭാഷയാകുന്നത്.

മുന്നിൽ വന്ന്;
എന്നാൽ, ഒളിഞ്ഞുനിന്ന്, ശിവനിൽ കാമമുണർത്താൻ ശ്രമിച്ച കാമദേവനെ ശിവൻ കത്തിച്ചുകളഞ്ഞു.
‘എനിക്കൊരു ഇണയില്ലെങ്കിൽ; ലോകത്താർക്കും ; ഇണയുണ്ടെങ്കിലും ഫലമുണ്ടാകാതെ പോട്ടെ..’
എന്ന, നശീകരണഭാവം.

ലോകത്ത് കാമമൊടുങ്ങി. രതി തളർന്നു. കാമമില്ലാത്ത രതി വെറുതെയായി.

പിന്നെ, വീണ്ടും ശിവനെ തണുപ്പിച്ച്, പാർവ്വതിയിൽ പ്രണയം ഉണ്ടാകുന്ന സമയത്താണ് കാമനെ പുനരുജ്ജീവിപ്പിക്കുന്നതും രതീദേവിക്ക് കാമം തിരിച്ചുകിട്ടുന്നതും.

ഫ്രീ റാഡിക്കൽ അഥവാ ഇണയില്ലാതലയുന്നവർ,
എത്ര നല്ലവരും ; അതേസമയം, എത്ര കെട്ടവരുമാണെന്ന് നമ്മൾക്കിതിൽനിന്നും കാണാം.

പണ്ട്,
തലതെറിച്ചുനടക്കുന്ന ചിലരെ, കാർന്നവൻമാരുടെ തീരുമാനത്തിൽ പിടിച്ച് കെട്ടിച്ച് അടക്കാൻ നോക്കിയ അനുഭവങ്ങൾ കാണാം.
ചിലതിൽ,
‘കല്യാണം കഴിഞ്ഞാലെങ്കിലും നന്നാകും എന്നു കരുതി’ എന്ന പരിദേവനങ്ങളും കേൾക്കാം.
തലതെറിച്ചവർ ചിലർ, ഇണയിലടങ്ങി, മര്യാദക്കാരാകും.
ചിലർ ഇണയേയും തകർത്ത്, കൂടുതൽ ഭീകരമായ പൊട്ടിത്തെറികളുണ്ടാക്കും.

‘കറൻ്റ് ഒന്നു കടത്തിവിട്ടുനോക്കാം.
ഇലക്ട്രോപ്ലേറ്റിങ് നടന്നാലോ’ എന്ന പ്രതീക്ഷയാണ് ഇത്തരം കല്യാണങ്ങൾ.
ഈ കല്യാണപരീക്ഷണം, ചിലരിൽ,
ഇതേ വൈദ്യുതികൊണ്ടുള്ള ഷോക്ക് ട്രീറ്റ്മെൻ്റിലേയ്ക്കെത്തിക്കുന്നതും കാണാം.

ഇങ്ങനെ തെറിച്ചുനടക്കാൻ തയ്യാറുള്ള ഒന്നിനേക്കൊണ്ട് ന്യൂക്ലിയസിൽ പ്രകമ്പനം സൃഷ്ടിച്ചാണ്, ഊർജ്ജ വിസ്ഫോടക ഭീകരൻ / ഭീകരി ആയ ആറ്റം ബോംബുണ്ടാകുന്നത്.
ബോംബെറിഞ്ഞു തകർക്കലല്ല ലക്ഷ്യമെങ്കിൽ; ന്യൂക്ലിയസ്സിനെ ഒന്ന് പ്രചോദിപ്പിച്ച് സൃഷ്ടിച്ചെടുക്കുന്ന ഇതേ ഊർജ്ജത്തെ , നമ്മൾക്ക് ഇലക്ട്രിസിറ്റി ആക്കി മാറ്റി ഉപയോഗിക്കാനുമാവും.

നിയന്ത്രണം വേണം.
ഉപാസകന് , കുണ്ഡലിനീശക്തി ഉണർത്താൻ ; പ്രേരകവും നിയന്ത്രിതവുമായ ചരട് ( സൂത്രം) ധരിക്കുന്ന സൂത്രധാരനായ ഗുരുവെന്നപോലെ,
ബോറോൺ, കാഡ്മിയം എന്നിവ കൊണ്ടുള്ള കൺട്രോൾ റോഡുകൾ ഉപയോഗിച്ച്, ആണവറിയാക്ടറുകളിൽ ഊർജ്ജവിസ്ഫോടനത്തിന് നിയന്ത്രണമുണ്ട്.
ഇതിനേപ്പറ്റി ചർച്ച ചെയ്തപ്പോൾ; സുഹൃത്തായ കിരൺ പറഞ്ഞത്;
ഗുരുവും നിയന്ത്രണവും ഒന്നെങ്കിൽ;
ഞാൻ , ഇംഗ്ലീഷിലുള്ള,
optimisation എന്ന വാക്കാണുപയോഗിക്കുക എന്നാണ്.
അതായത്,
യഥാർത്ഥവും പരമാവധിയുമായ ഊർജ്ജത്തിൻ്റെ നിയന്ത്രണമുള്ള ഉപയോഗപ്പെടുത്തൽ
എന്ന് മൂലാർത്ഥം.

കൺട്രോൾ റോഡുകളും മോഡറേറ്ററുകളും അവരവരുടെ റോളുകളിലുണ്ട്; ആറ്റമിക് ഫിഷനിൽ.
ആറ്റമിക് ഫിഷൻകൊണ്ട് ട്രിഗർ ചെയ്താണ് ഫ്യൂഷൻ നടത്തുന്നത്.
പരമാണു ഭേദിച്ച് പുറത്തുവരുന്ന ഊർജ്ജതാണ്ഡവം. സമസ്തവും ഉൾക്കൊള്ളുന്ന വിരാട്പുരുഷൻ.
ഇതാണെൻ്റെ മൂലം,
ഇതാണ് മൂലശക്തി ,
ഇതാണ് കുണ്ഡലിനീശക്തി,
ഇതാണ് വിശ്വരൂപം.
ഗുരുവില്ലാതെ താങ്ങാനാവില്ല.

ഗുരുപ്പൊട്ടൻ കടത്തിവിട്ട ചിന്തകളും ; പ്രവർത്തനത്തിൽ കാണുന്നത്, ഒരു റാഡിക്കൽ ചിന്തയായാണ്.

ചെന്നിടിച്ച ഇടത്തുനിന്നൊക്കെ പുറത്തുചാടുന്ന പുതിയ പുതിയ തോന്നലുകൾ!

‘ഭഗവാനേ,
എന്നിലുണരുന്നതെല്ലാം ലോകകല്യാണത്തിനുവേണ്ടിയാകണേ ‘ എന്ന പ്രാർത്ഥനയാണ്,
എന്നിലെ ന്യൂക്ലിയർ റിയാക്ടറിലെ ഏകവും പരമവുമായ നിയന്ത്രണം.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *