സിനിമയുടെ അന്തര്‍ദേശീയ തലങ്ങളില്‍ കൊടിക്കൂറ ചാര്‍ത്തി മലയാളികളുടെ മാനം ഉയര്‍ത്തിയ പ്രഗത്ഭനായ ചലച്ചിത്രകാരനാണ് ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍. തര്‍ക്കമില്ല.
പൂന ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിട്യൂട്ടില്‍ ചലച്ചിത്ര ശരീരത്തിന്റെ ഊര്‍ജ്ജതന്ത്രവും, രസതന്ത്രവും, ജീവശാസ്ത്രവും പ്രശംസനീയമായ മട്ടില്‍ അഭ്യസിച്ച ദേഹവുമാണ് മിസ്റ്റര്‍ അടൂര്‍.
എനിക്ക് അദ്ദേഹത്തെ ഏറെ സ്‌നേഹവും അതിരറ്റ ബഹുമാനവുമാണ്.
ആദ്യ ചിത്രമായ ‘സ്വയംവരം’ മുതല്‍ ചലച്ചിത്രകലയുടെ കണ്ടുമടുത്ത അവതരണശൈലിയില്‍നിന്ന് വ്യത്യസ്തമായി ഫ്രെയ്മുകളില്‍ ഭാവുകത്വങ്ങളുടെ ദീപ്തമായ ശേഖരങ്ങളുമായി പ്രേക്ഷകമനസ്സിനെ തുടിപ്പിച്ച് ആഴമുള്ള അര്‍ത്ഥതലരംഗങ്ങളൊരുക്കിയ സര്‍ഗ്ഗമനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.
പക്ഷേ, ചിലനേരങ്ങളില്‍ അറിഞ്ഞോ അറിയാതെയോ അദ്ദേഹം തൊടുത്തുവിടുന്ന വിവരക്കേടുകളുടെ അസ്ത്രങ്ങള്‍ ‘ബൂമറാങ്’പോലെ അദ്ദേഹത്തിന് നേരെത്തന്നെ തിരിച്ച് ആക്രമണത്തിനൊരുങ്ങുന്നത് പലകുറി കാണേണ്ട ഗതികേട് വന്നവരാണ് നമ്മള്‍.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിക്കുക എന്ന സൗഭാഗ്യം ലഭിക്കാതെപ്പോയവരും,സംവിധായകരുടെ അരികുപറ്റി സിനിമ പഠിക്കാന്‍വേണ്ടി മുണ്ടുമുറുക്കി ഇറങ്ങിയവരും ഇതൊന്നുമല്ലാതെ മനസ്സിലെ സിനിമാസങ്കല്പത്തെ ഊതിയൂതി അവസരങ്ങള്‍ അനുകൂലമാകുമ്പോള്‍ ചുവടുവെച്ച് ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ച് ചരിത്രത്തിന്റെ വിസ്മരിക്കാനാവാത്ത മുദ്രകളായി തീര്‍ന്നവരും ചലച്ചിത്രസാമ്രാജ്യത്തില്‍ സുലഭം.
അരവിന്ദനും, പവിത്രനും, ചിന്ത രവിയും, ടി വി ചന്ദ്രനും, പി. ടി. കുഞ്ഞുമുഹമ്മദുമൊക്കെ സിനിമ പഠിച്ചത് വിഖ്യാത സ്ഥാപനങ്ങളില്‍ പഠിച്ചിട്ടോ, മറ്റൊരാളുടെ ശിഷ്യത്വം സ്വീകരിച്ചിട്ടോ ആയിരുന്നില്ല. ഉള്ളിന്റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന അഗ്‌നിസ്ഫുരണത്തെ പലകുറി സ്ഫുടംചെയ്ത് ആശങ്കകളെ അകറ്റി പ്രകാശിപ്പിച്ചതാണ് അവരുടെയൊക്കെ ആവിഷ്‌കാരങ്ങള്‍. വേറെയും കലാകാരന്മാര്‍ അനവധിയുണ്ടെങ്കിലും തൊട്ടറിയുന്നവരെക്കുറിച്ച് പ്രതിപാദിക്കുന്നതിന് ഗൂഗിള്‍ സേര്‍ച്ച് വേണ്ടതില്ലാത്തതുകൊണ്ട് പറഞ്ഞെന്നുമാത്രം.
പവിത്രന്റെ വ്യത്യസ്തമായ ഭാവനയില്‍ പിറന്ന ‘യാരോ ഒരാള്‍’ എന്ന ചിത്രം ഇന്ത്യയിലെ തന്നെ ആദ്യത്തെ പേര്‍സണല്‍ സിനിമ എന്ന വിഭാഗത്തില്‍ പെട്ടതാണ്. മുകളില്‍ സൂചിപ്പിച്ച സംവിധായകരില്‍നിന്ന് പിറന്ന സിനിമകളെല്ലാം കൊള്ളരുതാത്ത ഗണത്തില്‍ പെട്ടതാണെന്ന് പറയാനാകുമോ. ഇവരൊക്കെ സംസ്ഥാന തലത്തിലും, കേന്ദ്രതലത്തിലുമൊക്കെ പലതവണ പുരസ്‌കൃതരായിട്ടുള്ള പ്രതിഭകളാണ്.
അടൂരിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചെന്ന് പറയുന്നവരും, അതല്ല അടൂരിന്റെ ഉള്ളില്‍ തിളച്ചുമറിയുന്ന വര്‍ഗ്ഗീയ ഭാവങ്ങളുടെ ഉരുള്‍പൊട്ടലാണ് കോണ്‍ക്ലെവില്‍ പുറത്തുവന്നതെന്നുമുള്ള അഭിപ്രായങ്ങള്‍ പുകയുകയാണ് കേരളമൊട്ടുക്ക് .
സംഗീതനാടക അക്കാദമിയുടെ ഉപാദ്ധ്യക്ഷയും അറിയപ്പെടുന്ന ഗായികയുമായ പുഷ്പവതിയെ ‘വഴിയേ പോകുന്നവള്‍ കയറിവന്ന് സംസാരിക്കുന്നു ‘ എന്ന് വിശേഷിപ്പിച്ചത് ഉചിതമായില്ല, സര്‍. അവരുടെ വഴിത്താരകളില്‍ അവര്‍ നേരിട്ട പ്രതിബന്ധങ്ങളുടെ വേദനകളും കയ്പ്പും ചെറുതായെങ്കിലും മനസ്സിലാക്കാനുള്ള മനസ്സ് അങ്ങ് കാണിക്കേണ്ടതായിരുന്നു എന്നൊരു വിനീതമായ അഭിപ്രായം എനിക്കുണ്ട് .
‘വിദഗ്ദരുടെ പരിശീലനം വേണം’ എന്ന് താങ്കള്‍ പറഞ്ഞതിലും ചില വശപ്പിശകുകള്‍ തെളിയുന്നുണ്ട്, സര്‍.
ആരാണ് ഇവിടെ വിദഗ്ദരായിട്ടുള്ളത്. പ്രത്യേകിച്ച് കലാസൃഷ്ടികള്‍ രൂപപ്പെടുന്നിടത്ത്. തികച്ചും സ്വകാര്യമായ ഘടനാ വൈഭവങ്ങള്‍ വെളിപ്പെടുന്നിടത്ത് അപര നിര്‍ദ്ദേശങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉള്ളത്.
ആരൊക്കെയോ ചിട്ടപ്പെടുത്തി കാലങ്ങളായി ഒരേ താളത്തില്‍ തുള്ളുന്ന സിലബസ്സുകളല്ലേ നമ്മുടെ പരിശീലകര്‍ എന്നു പറയുന്നവരുടെ മടിശ്ശീലയിലുള്ളൂ. ആര്‍ക്ക് വേണം അത്തരം ചവറ്റുകൊട്ടകള്‍.
സിനിമയുടെ മൂല്യങ്ങള്‍ വിലയിരുത്തപ്പെടുന്നത് ആസ്വാദക ഹൃദയത്തിലാണെന്നിരിക്കെ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയ്ക്ക് അതിര്‍വരമ്പുകളിടാന്‍ ഏത് കമ്മിറ്റിക്കാര്‍ക്കാണ് അവകാശം.
നികുതിപ്പണത്തിന്റെ പേരില്‍ താങ്കള്‍ക്കുള്ള വിഷാദം തിരിച്ചറിയാന്‍ കേരള പ്രജകള്‍ക്ക് വേറെ പരിശീലനമൊന്നും ആവശ്യമില്ലെന്നുകൂടി തിരിച്ചറിഞ്ഞാല്‍ നന്ന്.
50 ലക്ഷം രൂപയ്ക്ക് സിനിമ തീര്‍ക്കാന്‍ താങ്കള്‍ക്ക് കഴിയുമായിരിക്കാം. കാരണം താങ്കള്‍ പ്രശസ്തിയുടെ ഉച്ചിയില്‍ വിലസുന്ന ആളാണ്. അതുകൊണ്ട് താങ്കളുടെ സിനിമയില്‍ പ്രതിഫലമില്ലാതെത്തന്നെ അഭിനയിക്കാന്‍ പല പ്രശസ്തരും സന്നദ്ധരായിരിക്കും.
ഇപ്പോള്‍ തന്നെ മമ്മൂട്ടി എന്ന നടന്‍ വാങ്ങുന്ന യഥാര്‍ത്ഥ പ്രതിഫല തുകയല്ലല്ലോ താങ്കളുടെ സിനിമയിലെ പണിക്ക് കൂലിയായി കൊടുക്കുന്നത്.
സൂപ്പര്‍ താരങ്ങളുടെ പിറകെപ്പോകുന്നവരെക്കുറിച്ചും ഒരു പ്രതിപാദ്യം ഉണ്ടായിരുന്നു. താരങ്ങള്‍ എന്ന പരിഹാസപ്പേരില്‍ അറിയപ്പെടുന്ന ആളുകളെ ഒഴിവാക്കികൊണ്ടായിരുന്നില്ലല്ലോ അടൂരിന്റെ സിനിമകളൊന്നും.
സ്വയംവരത്തില്‍ അക്കാലത്തെ സൂപ്പര്‍സ്റ്റാര്‍ മധു, കോടിയേറ്റത്തില്‍ ഗോപി,അനന്തരത്തില്‍ മമ്മൂട്ടി, വിധേയനില്‍ മമ്മൂട്ടി, ‘എലിപ്പത്തായ’ത്തില്‍ മതിലുകളി’ല്‍ , ‘കഥാപുരുഷനി’ല്‍ തുടങ്ങി അവസാന സിനിമയായ ‘പിന്നേയും’വില്‍പ്പോലും
ദിലീപ് – കാവ്യ കൂട്ടുകെട്ടിനെയല്ലേ താങ്കള്‍ നിരത്തിയത്.
താങ്കളെപ്പോലെ ഉന്നതസ്ഥാനീയനായ ഒരു വ്യക്തി മിണ്ടുമ്പോള്‍ ഒന്നുകൂടി ആലോചിച്ചതിനുശേഷമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു . പ്രത്യേകിച്ച് എല്ലാ രാഷ്ട്രീയകക്ഷികളും തങ്ങളുടെ കഞ്ഞിക്കുവേണ്ടി വര്‍ഗ്ഗീയതയുടെ നാമ്പുകള്‍ ശക്തമായി ഊതിവീര്‍പ്പിക്കുന്ന ഈ കാലാവസ്ഥയില്‍.
സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഒരു കണ്ണിയായി ചേര്‍ന്ന് തന്റെ സാമൂഹ്യ പ്രതിബദ്ധത കേവലം കലാസപര്യ മാത്രമല്ല, പ്രത്യക്ഷത്തിലുള്ള ദാനധര്‍മ്മങ്ങളും മനുഷ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഉല്‍കൃഷ്ടമായ കര്‍മ്മങ്ങളാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തികൊണ്ട് തന്റെ കാലശേഷം സ്വത്ത് മുഴുവന്‍ ദാനം ചെയ്യാന്‍ തീരുമാനമെടുത്തിട്ടുള്ള ഒരു വ്യക്തികൂടിയാണ് പ്രതിഭാധനനായ ഈ കലാകാരന്‍ എന്ന് വല്ലാതെ പഴിചാരുന്നവര്‍ ഓര്‍ക്കണം.
സിനിമ എന്ന വിശിഷ്ട ഉല്‍പ്പന്നത്തിന്റെ സകല മര്‍മ്മങ്ങളും കൂട്ടിയരച്ച് അങ്ങാടിക്കുതകുന്ന രുചിയോടെ ഭോജ്യം ഉണ്ടാക്കാനറിയാവുന്ന താങ്കളെ നമിക്കുകയല്ലാതെ വേറെന്ത് ചെയ്യാനാണ്, സര്‍.
About The Author
No related posts.