ഇളയ മകള്‍ അയാളുടെ അടുത്ത് വന്നിരുന്നു.അകലങ്ങളിലേക്ക് നോക്കിയിരിക്കുന്ന അയാളുടെ മുഖത്തു കുറേ നേരം നോക്കിയിരുന്ന ശേഷം അവള്‍ ചോദിച്ചു.
‘ അപ്പക്ക് , അപ്പയുടെ ഗ്രാന്മയെ ഓര്‍ക്കുന്നുണ്ടോ…?’-
ആദ്യം അയാള്‍ അവളുടെ ചോദ്യം കേട്ടില്ല.
പിന്നെയും അവള്‍ ആ ചോദ്യം ചോദിച്ചപ്പോള്‍ അയാള്‍ അകലങ്ങളിലേക്ക് പായിച്ചിരുന്ന നോട്ടം പിന്‍വലിച്ചു മകളെ നോക്കി.അവള്‍ അയാളെ സാകൂതം നോക്കിയിരിക്കെയാണ്.
രവീന്ദ്രന്‍ മാഷ് തന്റെ കണ്ണട മുഖത്തുനിന്നും ഊരിമാറ്റി പിന്നെയും മുഖത്തുറപ്പിച്ചു മകളെ നോക്കി.
അയാള്‍ ആദ്യം ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു.
അയാളുടെ മുഖത്തു ഒരു ചെറിയ ചിരി വിടര്‍ന്നു.
തന്നോട് ആരും ഇത് വരെ , ഇതിനുമുന്‍പ് ആരും ഇങ്ങനെ ചോദിച്ചിട്ടില്ലല്ലോ എന്നയാളോര്‍ത്തു.
തന്റെ മുന്നിലോടെ മുത്തശ്ശി നടക്കുന്നതായി അയാള്‍ക്ക് തോന്നി.
മുത്തശ്ശിയുടെ മുറുക്കാന്‍ ചെല്ലത്തില്‍ തളിര്‍ വെറ്റിലകള്‍.
ഏതാനും പല്ലുകള്‍ മാത്രമുള്ള മുത്തശ്ശി,കാലും നീട്ടിയിരുന്ന്, തളിര്‍ വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ചു പിടിപ്പിക്കും പിന്നെ നല്ല പഴുത്തുണങ്ങിയ നാടന്‍ അടയ്ക്ക , ചെറുതായി അരിഞ്ഞു അത് ആദ്യം ചവക്കും പിന്നെ ഒന്ന് രണ്ടു കഷ്ണം അടയ്ക്ക വെറ്റിലക്കത്തു വെച്ച് ചുരുട്ടും , അവ ചവയ്ക്കും,ശേഷം പൊയില ചെറുതായി നുറുക്കും .വെറ്റില അടയ്ക്ക ചേ ര്‍ത്തു ചവച്ചു ഒരു പരുവമാകുമ്പോഴായിരിക്കും പൊയില വായിലേക്കിടുന്നത്.ഈ പ്രക്രിയയ്ക്ക് ഒരു താളമുണ്ട് , അയാളുടെ കുട്ടിക്കാലത്തു അതെല്ലാം അയാള്‍ നോക്കിയിരിക്കാറുണ്ടായിരുന്നു .നല്ല പൊയില മുത്തശ്ശി വാസനിച്ചു നോക്കുമായിരുന്നു.ചെറിയമ്മാവന്റെ ജന്മദിവസം അദ്ദേഹം അമ്പലത്തില്‍ പോയിട്ട് വന്നു മുത്തശ്ശിക്ക് ഒരു കെട്ട് പൊയില കൊടുത്തത് അയാള്‍ ഓര്‍ക്കുന്നു.
മുത്തശ്ശിക്ക് മാത്രമുള്ള ഒരു വാസന അയാള്‍ക്കനുഭവപ്പെട്ടു. അമ്മ മണമുള്ള സോപ്പിന്റെയോ,തൈലത്തിന്റെയോ ഒക്കെ സുഖമുള്ള വാസനയുള്ള മുത്തശ്ശി. അത് ഒരു ഉണര്‍വ്വാണ്.
മറ്റ് കുട്ടികളുടെ കൂടെ ഓടിക്കളിച്ചു എവിടെയെങ്കിലും മറിഞ്ഞു വീണു കാലോ കൈയോ മുറിഞ്ഞു വരുമ്പോള്‍ വഴക്കു പറയാതെ ഏതോ തൈലം മുറിഞ്ഞിടത്തു തേച്ചു പിടിപ്പിച്ചിട്ട് ‘ഒന്നുമില്ല എന്ന് പറഞ്ഞു മുത്തശ്ശി കണ്ണകളടച്ചു മന്ത്രം ചൊല്ലുന്ന പോലെ എന്തൊക്കെയോ പിറുപിറുക്കും പിന്നെ ആ മുറിവില്‍ ഒറ്റ ഊതലാണ്.എന്നിട്ടു പറയും , ‘നാളത്തേക്ക് എല്ലാം ശരിയാകും ‘-
മിക്കവാറും കയ്യുടെയോ കാലിന്റെയോ മുട്ട് ഭാഗമായിരിക്കും മുറിയുക.
. നെയ്യും ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത മൊരിഞ്ഞ സ്വാദുള്ള ഓട്ടട അമ്മൂമ്മ ഉണ്ടാക്കിത്തരുമായിരുന്നു.അതും കഴിച്ചു കൊണ്ട് മുത്തശ്ശിയെ ചുറ്റിപ്പറ്റി രണ്ടു ദിവസം.ആ കരുതലിന്റെ കരുത്തില്‍ മുറിവുകള്‍ അറിയാതെ കരിഞ്ഞു പോകും.പലപ്പോഴും മുത്തശ്ശി ഒരു കരുത്തായിരുന്നു
പിറ്റേ ദിവസവും മുത്തശ്ശി തൈലം തേച്ചു തരും.ക്രമേണ രണ്ടോ മൂന്നോ ദിവസം കൊണ്ട് അത് ഭേദമാവുകയും ചെയ്യും.മുത്തശ്ശി അയാളെ സംബന്ധിച്ചിടത്തോളം വലിയ വിശ്വാസം തന്നെയായിരുന്നു. പേരക്കിടാങ്ങളില്‍ മുത്തശ്ശി ഒരിക്കലും ആണെന്നോ പെണ്ണെന്നോ വിത്യാസം കാട്ടിയിരുന്നില്ലെന്ന കാര്യം അയാളോര്‍ത്തു. വിശേഷദിവസങ്ങളിലും അവധി സ്‌കൂള്‍ അവധി ദിനങ്ങളിലുമൊക്കെ ഒക്കെ മുത്തശ്ശി, അവരുടെ ചേരുവകൂട്ടോടെ ഉണ്ടാകുന്ന ഓട്ടടയുടെ രുചി അയാളുടെ നാവില്‍ രുചിമഴ പെയ്യിച്ചു.
പേരക്കുട്ടികള്‍ക്ക് മാത്രമല്ല മക്കള്‍ക്കും അമ്മൂമ്മ വലിയൊരു ആശ്വാസമായിരുന്നു .അവരുടെ വിഷമങ്ങള്‍ക്കും ആവലാതികള്‍ക്കും ഒക്കെ കൂട്ടായി മുത്തശ്ശി മരിക്കും വരെയും ഉണ്ടായിരുന്നല്ലോ.
കടുത്ത വേനല്‍ കാലത്തിലും മുറ്റത്തെ കിണറില്‍ ആവശ്യത്തിന് വെള്ളമുണ്ടായിരിക്കും.അവിടെ ഞങ്ങള്‍ അലുമിനിയം തൊട്ടി ഉപയോഗിച്ചായിരുന്നു വെള്ളം കോരിയിരുന്നത്.കപ്പിയും കയറും ഉപയോഗിച്ച്. നാലു കുടം വെള്ളം കോരുന്നത് ഇപ്പോള്‍ ഒരു മണിക്കൂര്‍ ജിമ്മില്‍ പോകുന്നതിനു തുല്യവും.
അയാള്‍ അകാലങ്ങളിക്ക് നോക്കി ദീര്‍ഘമായി നിശ്വസിച്ചു പച്ചപുതച്ച മരങ്ങള്‍ക്കും കുന്നുകള്‍ക്കും അപ്പുറത്തായിക്കാണുന്ന വളരെ ഉയരത്തിലുള്ള കാറ്റാടി മരങ്ങളുടെ വേഗത കുറഞ്ഞു കറങ്ങുന്ന പങ്കായങ്ങള്‍. അവയുടെ നേര്‍ത്ത സ്വരം അയാള്‍ കേട്ടു. വളര്‍ന്നിറങ്ങിയ വെള്ള താടി രോമങ്ങളില്‍ അയാളുടെ കൈവിരലുകള്‍ ചലിച്ചു കൊണ്ടിരുന്നു.
താഴത്തെ നിലയിലെ വരാന്തയില്‍ അയാള്‍ കഴിവതും ഇരിക്കാറില്ല.പുറത്തെ കാഴ്ചകള്‍ മറക്കുന്ന മതിലുകള്‍.
എല്ലാ വീടുകളിലും ഉയര്‍ന്ന ചുറ്റു മതിലുകള്‍.ഇപ്പോ അയാളുടെ വീട്ടിലും
തന്റെ പഴയ കാലം അയാള്‍ ഓര്‍ത്തെടുത്തു…
അത് മറക്കാറില്ലല്ലോ.ആരും തന്നെ അതൊരു സൗഭാഗ്യമായിരുന്നു.
മതിലുകളിലാത്ത , അതിരുകളില്ലാത്ത വീടുകളും തോടുകളും പറമ്പുകളും…
ആര്‍ക്കു വേണമെങ്കിലും നൂഴ്ന്നു കയറാവുന്ന തരത്തിലുള്ള ചെമ്പരത്തിയുടെയോ വേലിപ്പരത്തിയോ കൊണ്ടുള്ള അതിരുകള്‍.
അത് മിക്കവാനും കാലാകാലങ്ങളില്‍ ഉണങ്ങുകയും ദ്രവിക്കുകയും , പിന്നീട് താനെ പൊട്ടിക്കിളിക്കുകയും ചെയ്തിരുന്നു.
ആ വേലികള്‍ യഥേഷ്ടം നൂഴ്ന്നു ചെറിയ കുട്ടികള്‍ അടുത്ത പറമ്പിലെ തെങ്ങില്‍ തോപ്പില്‍ കുട്ടിയും കോലും കളിച്ചിരുന്നു , മരത്തില്‍ മുഖം പൊത്തി സാറ്റ് കളിച്ചിരുന്നു, അണ്ടാ ചുണ്ടായും അക്കും കളിച്ചിരിക്കുന്നു ഒപ്പം അടുത്ത പുല്ലുള്ള സ്ഥലത്തു ആരൊക്കെയോ ആരുടെ സ്ഥലം എന്ന് നോക്കാതെ തന്നെ പറമ്പില്‍ കുറ്റിയടിച്ചു നീളമുള്ള കയറില്‍ ബന്ധിച്ചു പശുവിനെ കെട്ടിയിരുന്നു.
രവീന്ദ്രന്‍ മാഷ് ദീര്‍ഘമായി വീണ്ടും ഒന്ന് നിശ്വസിച്ചു.
സ്‌കൂള്‍ അവധിക്കാലം തുടങ്ങുമ്പോഴേക്കും പറമ്പെല്ലാം കാട് തെളിച്ചു വൃത്തിയാക്കിയിടും.ചൂട് കൂടിയ സമയമാണ് .എന്നാലും അകെ പച്ചപ്പ് എങ്ങും ഉണ്ടായിരിക്കും.തോടുകളില്‍ നീരൊഴുക്ക് കുറയും , .മുറ്റത്തെ കിണറിലെയും താഴെ പറമ്പിലെ ഓലിയിലും ജലനിരപ്പ് കുറയും.പക്ഷെ തീര്‍ത്തും വറ്റാറില്ല..ചൂട് കൂടുമ്പോള്‍ പുല്ലു മേഞ്ഞ വീടിനുള്ളില്‍ നിന്നും പറമ്പിലെ തെങ്ങിന്‍ ചുവട്ടിലോ , മരത്തണലിലോ വന്നിരിക്കാം.തണുപ്പ് ആസ്വദിക്കാം. എന്തൊക്കെ.
ഇപ്പോഴത്തെ ചൂടങ്ങനെയല്ലല്ലോ.വെന്തുരുകുന്ന അസഹ്യമായ ചൂട്..!
വെളുത്ത കസവുള്ള മുണ്ടും നേര്യതുമുടുത്ത മുത്തശ്ശി ,..നന്നേ വെളുവെളാന്ന് വെളുത്ത , ചുളിവുകളുള്ള മുത്തശ്ശിയുടെ ചുവന്ന ചുണ്ടുകള്‍ വെറ്റ മുറുക്കിക്കഴിയുമ്പോള്‍ ഒന്നൂടെ ചുമക്കും…അവന്‍ ചെറുപ്പത്തില്‍ മുത്തശ്ശിടെ കൂടെ മിക്കവാറും ഉണ്ടാവും.കാലുനീട്ടിയിരിക്കുന്ന മുത്തശ്ശിയുടെ മടിയില്‍ തലവെച്ചു കിടക്കും.മുത്തശ്ശി അവന്റെ മുടിയിഴകളില്‍ കൈവിരലുകള്‍ ചലിപ്പിക്കും.മുത്തശ്ശിയുടെ കൈകള്‍ പഞ്ഞി പോലെയായിരുന്നു.മുത്തശ്ശി ധാരാളം കഥകള്‍ പറഞ്ഞു കൊടുക്കുമായിരുന്നു…
ചെറിയച്ഛന്റെയും , അപ്പച്ചിമാരുടെയും മക്കള്‍ മുത്തശ്ശിയുടെ ചുറ്റിനും വന്നിരിക്കും.ബാലിയുടെയും , ഹനുമാന്റെയും , പഞ്ചപാണ്ഡവരുടെയും , ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും .കഥകള്‍ക്ക് അവസാനമില്ലാത്ത കാലം.
രാജകുമാരയിടേയും രാജകുമാരന്റെയും കഥകള്‍.
നേരിന്റെ വിജയം കാണുന്ന കഥകള്‍.ചതിയന്മാരും , ദുഷ്ഠന്മാരും എന്നും അവരുടെ മനസ്സില്‍ നന്മ ചെയ്യാന്‍ മാത്രം പ്രേരിപ്പിച്ച കഥകള്‍..
മുത്തശി അവരെയെല്ലാം ഉപേക്ഷിച്ചു ദൈവത്തിന്റെ അടുക്കലേക്കു പോയത് അയാള്‍ ഇപ്പോഴും നല്ല പോലെ ഓര്‍ക്കുന്നു.
അതുപോലെ ഒരു മുത്തശിയെ കിട്ടാന്‍ ഇനി ഒരു പക്ഷെ എത്ര ജന്മം കഴിയണം …
മുത്തശ്ശിക്ക് വയ്യാഴിക എന്താണെന്നു അറിയില്ലായിരുന്നുവോ ..?
എപ്പോഴും ചിരിച്ച മുഖമുള്ള അയാളുടെ മുത്തശ്ശി.
തിരുവാതിരപ്പുഴുക്കും കാന്താരി ചമ്മന്തിയും ഉണ്ടാക്കി ഞങ്ങള്‍ക്ക് തരുന്ന മുത്തശ്ശി.
മുത്തശ്ശി കഴിക്കുന്നത് സത്യത്തില്‍ അവര്‍ കണ്ടിട്ടുണ്ടായിരുന്നില്ല.അതോ മുത്തശ്ശിക്ക് വിശപ്പില്ലായിരുന്നോ..?അതോ കഴിക്കാന്‍ ബാക്കിയുണ്ടായിരുന്നില്ലേ…?
ഒരിക്കല്‍ പോലും മുത്തശ്ശിയോടു വിശക്കുന്നോന്ന് ചോദിച്ചിട്ടില്ല എന്നയാള്‍ വേദനയോടെ ഇന്നോര്‍ക്കുന്നു. മകള്‍ അയാളെ കുലുക്കി വിളിച്ചു.
ഗതകാല സ്മൃതികളിലാണ്ട് പോയ രവീന്ദ്രന്‍ മാഷ് വീണ്ടും തിരികെയെത്തി.
മകള്‍ അപ്പോഴും അയാളുടെ മുഖത്ത് നോക്കിയിരിക്കുകയാണ്. അയാളുടെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞിരുന്നു.













