LIMA WORLD LIBRARY

രവീന്ദ്രനാഥ ടാഗോറിനെ പഠിക്കാത്തവര്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

കൊല്‍ക്കത്തയിലെ പ്രധാന തെരുവായ ചിത്തപുരം റോഡും ജോരശങ്കോയിലെ ടാഗോര്‍ സാംസ്‌കാരിക വസന്ത കുടുംബത്തില്‍ നടക്കുന്ന സംഗീത നാടകം കാണാന്‍ വരുന്നവര്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ മാത്രമല്ല വിദേശികളുമുണ്ടായിരുന്നു. ഭാരതീയ കാവ്യസൗന്ദര്യശോഭയെ തൊട്ടുണര്‍ത്തിയ 1910-ല്‍ പ്രസിദ്ധീകരിച്ച ബംഗാളികാവ്യം ‘ഗീതാഞ്ജലി’ എന്ന കൃതിക്ക് 1913-ല്‍ ഭാരതത്തിന് നോബല്‍ സമ്മാനം ടാഗോര്‍ നേടിത്തന്നു. നമ്മുടെ ദേശീയ ഗാനമായ ‘ജനഗണമന’ നല്‍കിയ രാജ്യസ്നേഹിയുടെ ആത്മപരിത്യാഗം, പരോപകാരം, സര്‍വ്വസാഹോദര്യം ആരിലും പ്രചോദകമായി ഇന്നും ജീവിക്കുന്നു.

ജനസേവനത്തിനായി മിഷനറിമാരേപോലെ സഞ്ചരിക്കയും അന്ധകാരത്തിലുഴലുന്ന മനുഷ്യരെ അജ്ഞതയില്‍ നിന്നുണര്‍ത്തി അറിവിലേക്ക് നയിച്ചു് സ്നേഹത്തിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയ പ്രതിഭാധനനായിരിന്നു മഹാനായ ടാഗോര്‍. മഹാത്മാഗാന്ധിക്ക് പുറമേ ലോക ജനത മാനിക്കപ്പെടുന്ന നാടകകൃത്തു്, കവി, നോവലിസ്റ്റ്, കഥാകൃത്തു്, തത്വചിന്തകന്‍, ചിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, സ്വാതന്ത്ര്യ സമരസേനാനി തുടങ്ങിയ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭാശാലി. ഭാരതീയ സംസ്‌കാരത്തില്‍ ഉത്തമവും ഉല്‍കൃഷ്ടവുമായ സാഹിത്യ സംഭാവനകള്‍ മാത്രമല്ല വരണ്ടുപോയ സാംസ്‌കാരിക ബോധത്തെ മനുഷ്യ നന്മ കള്‍ക്കായി ഉപയോഗിച്ചു. കുടുംബത്തിലെ പരോപകാരപ്രവണത പിതാവ് ദേവേന്ദ്ര നാഥടാ ഗോറില്‍ നിന്നും മാതാവ് ശാരദാദേവിയില്‍ നിന്നുമാണ് പഠിച്ചത്. ടാഗോറിന് അഞ്ചു് മക്ക ളുണ്ടായിരുന്നു.

ഭക്തിയും പാണ്ഡിത്യവും നിറഞ്ഞ ഇന്ത്യയിലെ ഒരു ബ്രാഹ്‌മണ സമ്പന്ന കുടുംബ ത്തിലാണ് ടാഗോറിന്റെ ജനനം (1861-1941). പിതാവ് ദേവേന്ദ്രനാഥടാഗോറിനെ വിളിച്ചിരുന്നത് മഹര്‍ഷിയെന്നാണ്. അദ്ദേഹം ഈശ്വരഭക്തിയിലും, വിവിധ ഭാഷകളില്‍ പണ്ഡിതനുമായിരിന്നു. അച്ഛനും മകനും ഹിമാലയത്തില്‍ പാര്‍ക്കുന്ന മഹര്‍ഷിവര്യന്മാരെ കാണാനും അവരില്‍ നിന്ന് അനുഗ്രഹം വാങ്ങാനും ഒരു യാത്ര നടത്തിയതിന്റെ ഫലമായി ബംഗാളിലെ ബോല്‍പൂരില്‍ ധ്യാനത്തിലിരിക്കാന്‍ ഒരു ആശ്രമം പണിതു. അതിന് ശാന്തിനികേതനം എന്ന് പേരിട്ടു. സമാ ധാനത്തിന്റെ ഇരിപ്പിടം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ടാഗോറിനെ വീട്ടില്‍ വിളിച്ചിരുന്നത് രവിയെന്നാണ്. മകനെ ബംഗാളി, ഇംഗ്ലീഷ്, സംസ്‌കൃതം, ജ്യോതിശാസ്ത്രം, ആരോഗ്യശാസ്ത്രം, സയന്‍സ് തുടങ്ങി പല വിഷയങ്ങളും പഠിപ്പിച്ചു. തലമുറകളായി വിദ്യാസമ്പന്നരാണ് ടാഗോര്‍ കുടുംബം. ഹിമാലയത്തില്‍ നിന്ന് മടങ്ങിവന്നതിന് ശേഷം ധാരാളം മാറ്റങ്ങളാണ് അച്ഛന്‍ മകനില്‍ കണ്ടത്. പതിനഞ്ചാം വയസ്സില്‍ വൈഷ്ണവ കവികളെ അനുകരിച്ചുകൊണ്ട് ഭാവഗീ തങ്ങള്‍ എഴുതാന്‍ തുടങ്ങി. ടാഗോറിന്റെ അച്ഛനും മുത്തച്ഛനും സംഗീത സാഹിത്യ നാടക ങ്ങളില്‍ അതീവ തല്പരയായിരിന്നു. ടാഗോറിന് മൂത്തവരായി പതിമൂന്ന് സഹോദരി സഹോദരന്‍ന്മാരുണ്ട്. ഏറ്റവും ഇളയെ കുഞ്ഞനുജന്‍ ഒരു വയസ്സുള്ളപ്പോള്‍ മരിച്ചു. ടാഗോര്‍ ചെറുപ്പം മുതല്‍ നാടകങ്ങള്‍ എഴുതുമായിരിന്നു. സഹോദരിസഹോദരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് കുടുംബ നാടകം വീടിനുള്ളില്‍ അവതരിപ്പിച്ചു.

കൊല്‍ക്കത്തയിലെ ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ മകനെ ഉപരി പഠനത്തിനായി പതിനേഴാം വയസ്സില്‍ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജില്‍ പഠി ക്കാനയച്ചു. ഇന്ന് അധികാരതണലില്‍ പലരും മക്കളെ പാശ്ചാത്യ രാജ്യങ്ങളില്‍ പഠിപ്പിക്കാന്‍ വിടുമ്പോള്‍ അന്ന് സമ്പന്നരാണ് ഇന്ത്യയില്‍ നിന്ന് ഇംഗ്ളണ്ടിലേക്ക് പഠിക്കാന്‍ വിട്ടത്. ലണ്ടന്‍ പഠനകാലമാണ് ഗ്ലോബ് തീയേറ്ററില്‍ വില്യം ഷേക്സ്പി യറിന്റെ നാടകങ്ങള്‍ കാണാനിടയായത്. നാടകങ്ങളെപറ്റി കൂടുതല്‍ പഠിക്കയും അദ്ദേഹത്തിന്റെ ഭവനത്തിലും പോയിരുന്നു. ഇംഗ്ലീഷ്, ഐറിഷ്, സ്‌കോട്ടിഷ് സാഹിത്യം പഠിക്കുന്നതിലും അതീവ ശ്രദ്ധ ചെലുത്തി. സുപ്രസിദ്ധ കവി ഡബ്ളിയു ബി.യേറ്റ്സ്, കലാകാരന്‍ റോഥന്‍ സ്റ്റൈനുമായി നല്ല ആത്മബന്ധമായിരിന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ പാശ്ചാത്യര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിലും ടാഗോര്‍ ശ്രദ്ധ പതിപ്പിച്ചു. ഇന്ന് ഇവിടെ പാര്‍ക്കുന്നവര്‍ക്ക് അതിലൊന്നുമല്ല ശ്രദ്ധ ഓണ്‍ലൈനില്‍ പടം വരണം, സോഷ്യല്‍ മീഡിയയില്‍ സ്തുതിപാഠകരെ കണ്ടെത്തുന്നതിലാണ് താല്പര്യം.

ഇംഗ്ലണ്ടില്‍ വന്ന് പഠിച്ചുപോയിട്ടുള്ള ഗാന്ധി, നെഹ്റു, സര്‍ദാര്‍ പട്ടേല്‍, അംബേദ്ക്കര്‍ തുടങ്ങി ധാരാളം മഹാ രഥന്മാര്‍ അഗാധമായ അറിവും ജ്ഞാനവും നേടിയവര്‍ മാത്രമല്ല ആര്‍ഷ ഭാരതത്തിന്റെ സനാതന ധര്‍മ്മ മൂല്യങ്ങളിലാണ് ഇവരൊക്കെയും ജീവിച്ചത്. ഇന്ന് ഉപരിവിദ്യാഭ്യാസമുള്ളവരില്‍ ചിലര്‍ സമൂഹത്തിന് വിനയായി മാറുമ്പോള്‍ ഗാന്ധിയെപ്പോലുള്ള വരെ അറിവ് വിനയ മുള്ളവരാക്കി മാറ്റുകയാണ് ചെയ്തത്. ഇന്നത്തെപോലെ കാപട്യം നിറഞ്ഞ മത രാഷ്ട്രീയ അനാചാര അന്ധവിശ്വാസ വൃത്തികേടുകള്‍ക്ക് ഇവര്‍ കൂട്ടുനിന്നവരല്ലായി രുന്നു.’വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍’ എന്ന് ഗുരുദേവന്‍ പഠിപ്പിച്ചതും പാശ്ചാത്യ മിഷന റിമാരില്‍ നിന്നാണ്. പഠനം പൂര്‍ത്തിയാക്കി ജന്മദേശത്തു് മടങ്ങിയെത്തിയ ടാഗോര്‍ എഴുത്തിലും വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിലും സജീവമായി ഇടപെട്ടു.

മുസ്ലിം വിഭാഗത്തിലുള്ളവരുമായി ടാഗോറിന്റെ സാമൂഹ്യ സമ്പര്‍ക്കം സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് ദഹിച്ചില്ല. യാഥാസ്ഥിതികരായ സവര്‍ണ്ണ ഹിന്ദുക്കള്‍ ടാഗോര്‍ കുടുംബത്തെ ജാതിക്ക് കളങ്കം വരുത്തിയെന്ന പേരില്‍ ‘പിരളി ബ്രാഹ്‌മണര്‍’ എന്ന് വിളിച്ചു് പരിഹസിച്ചു. ശാന്തിനികേതനത്തില്‍ തന്നെ ടാഗോര്‍ തന്റെ മന സ്സിനിണങ്ങിയ ഒരു സ്‌കൂള്‍ പണികഴിപ്പിച്ചത് പുരിയിലുണ്ടായിരുന്ന വീടും ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റുമാണ്. 1901-ല്‍ തുടങ്ങിയ ഈ ചെറിയ സ്‌കൂളാണ് 1921-ല്‍ വിശ്വഭാരതി എന്ന പേരില്‍ ഒരു വലിയ സര്‍വ്വകലാശാലയായി മാറിയത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച വിദ്യാകേന്ദ്രമാണ് ശാന്തിനികേതനം. ഗാന്ധി 1915-ലാണ് ശാന്തിനികേതനം സന്ദര്‍ശിച്ചത്. ഗ്രാമങ്ങളിലെ പാവങ്ങളെ സമുദ്ധരിക്കാനായി ശാന്തിനികേതനത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ സുരുള്‍ എന്ന സ്ഥലത്തു് ‘ശ്രിനികേതനം’ എന്നൊരു സ്ഥാപനം തുടങ്ങി. ശാന്തിനികേതനവും ശ്രിനികേതനവും സഹോദര സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസവും സാമൂഹ്യ സേവനവുമാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്.

ഇംഗ്ലണ്ടില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ ക്രിസ്ത്യന്‍ മിഷനറി വില്യം കേറിയുടെ വിദ്യാഭ്യാസ നയങ്ങള്‍ ടാഗോറിനെ വളരെ സ്വാധീനിച്ചിരുന്നു. വില്യം കേറിയാണ് പശ്ചിമ ബംഗാള്‍, സെറാംറൂരിലെ സെറാംറൂര്‍ കോളേജ് 1818-ല്‍ ആരംഭിച്ചത്. ഭാരതത്തിലെ നാലാ മത്തെ കോളേജ് ആണ്. മിഷനറിമാരെപോലെ മനുഷ്യരില്‍ മത സൗഹാര്‍ദ്ദവും സര്‍വ്വ സാഹോദര്യവും വളര്‍ത്താനാണ് ടാഗോര്‍ എക്കാലവും ശ്രമിച്ചത്. അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളിലും അത് പ്രകടമായിരിന്നു. ചെറുപ്പം മുതല്‍ ഒരു മതത്തിന്റെയും ചട്ടക്കൂട്ടിലല്ല ടാഗോര്‍ വളര്‍ന്നത്. ഹൈന്ദവ മത ദര്‍ശനത്തിലൂന്നി വളര്‍ന്നെങ്കിലും വര്‍ണ്ണവര്‍ഗ്ഗ വിവേചനങ്ങളെ ശക്തമായി അപലപിച്ചു. ഭാരതത്തിലിന്നും ഗോത്ര-ജാതി മേധാവിത്വത്തിന്റെ കാല്‍ക്കീഴില്‍ പാവങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. ദാരിദ്ര്യം വളര്‍ത്തി വോട്ടുപെട്ടി നിറച്ചു അധികാരം നിലനിര്‍ത്തുകയാണ് പല രാഷ്ട്രീയ പാര്‍ട്ടികളുടെയും ലക്ഷ്യം. ഇന്ന് ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആദിവാസികള്‍ക്കായി, അധഃകൃതര്‍ക്കായി പ്രത്യാശാ നിര്‍ഭരമായ ചിലതൊക്കെ ചെയ്യുന്നുണ്ടെങ്കിലും പാവങ്ങള്‍ക്ക് കൊടുക്കുന്ന ധനം അവരുടെ കൈകളില്‍ എത്തുന്നില്ല.

ടാഗോര്‍ അന്നത്തെ വരേണ്യവര്‍ഗ്ഗ സാഹിത്യപ്രതിഭകളില്‍ നിന്ന് വ്യത്യസ്തനായിരിന്നു. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനെപോലെ ബ്രാഹ്‌മണ ജാതിയില്‍ ജനിച്ച അദ്ദേഹം ജാതിമത രാഷ്ട്രീയ ഭ്രാന്തിനോട് ഒട്ടും യോചിച്ചിരുന്നില്ല. ജാതിമതത്തിന തീതമായി വില്യം കേറിയപ്പോലുള്ള മിഷനറിമാര്‍ വിദ്യകൊണ്ട് മനുഷ്യരെ മനുഷ്യ രാക്കിതീര്‍ത്തു. സ്ത്രീകള്‍ക്ക് നേരെയുള്ള സതിപോലുള്ള ക്രൂരകൃത്യങ്ങള്‍, ശൈശവ വിവാഹങ്ങള്‍, അടിമക്കച്ചവടം തുടങ്ങി കേരളമടക്കം നടന്നിട്ടുള്ള എത്രയോ അനാചാരങ്ങളെ ഭരണ സ്വാധിനമുപയോഗിച്ചു് നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ച വിശാലഹൃദയ മിഷനറിമാരെ ടാഗോര്‍ ആദരവോടെയാണ് കണ്ടത്. കൊല്‍ക്കത്തയിലെ ഗ്രാമവാസികള്‍, പാവങ്ങള്‍ ടാഗോറിന്റെ മുത്തച്ഛന്‍ ദ്വാരക നാഥടാഗോറിനെ വിളിച്ചത് ‘ദ്വാരകനാഥ് രാജകുമാരന്‍’ എന്നാണ്. ഇന്ന് ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ നിശബ്ദനൊമ്പരങ്ങളുമായി ജീവിക്കുന്ന പാവങ്ങളുടെ പുരോഗതിക്കായി കര്‍മ്മപദ്ധതികളാണ് ആവശ്യം. ഇല്ലെങ്കില്‍ മനഃസാക്ഷിതുടിപ്പില്ലാത്ത ജന്മിമാരുടെ അടിമകളായി പാവങ്ങള്‍ ജീവിക്കും.

ടാഗോര്‍ സ്വന്തം ഗാനങ്ങള്‍ക്ക് സംഗീതം കൊടുത്തുകൊണ്ട് ‘രവീന്ദ്രസംഗീതം’ പുറത്തിറക്കി. എഴുപത് വയസ്സ് കഴിഞ്ഞപ്പോള്‍ ചിത്രരചനയിലും സജീവമായി. ഗാന്ധിജിക്ക് ‘മഹാത്മ’ എന്ന ബഹുമതികൊടുത്തതും ടാഗോര്‍ ആണ്. അന്ന് വരേണ്യവര്‍ഗ്ഗ കവികള്‍ക്ക് മുന്‍ഗണന കൊടുത്തപ്പോള്‍ ഇന്നത് രാഷ്ട്രീയ മുന്‍ഗണനയായി മാറി പദവികള്‍, പുര സ്‌കാരങ്ങളില്‍ എത്തിനില്‍ക്കുന്നു. ടാഗോറിനും സാഹിത്യ രംഗത്ത് ശത്രുക്കളുണ്ടായിരുന്നു. സത്യവും നീതിയുമില്ലാത്ത അസൂയപൂണ്ടവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. അധികാര ആഡംബരത്തോടെ താല്പര്യമില്ലാതെ ലളിത ജീവിതം നയിച്ചു. മാതൃ രാജ്യത്തോടും ഗാന്ധി യോടും അതിരറ്റ ആദരവും സ്നേഹവുമായിരിന്നു. ടാഗോര്‍ പതിനൊന്ന് വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. അതില്‍ യൂറോപ്പ്, റഷ്യ, ചൈന, ജപ്പാന്‍, മലയ, പേര്‍ഷ്യയുണ്ട്.

ബ്രിട്ടീഷ് ഭരണകൂടം 1915-ല്‍ അദ്ദേഹത്തിന് ‘സര്‍’ പദവി നല്‍കി ആദരിച്ചു. 1919-ല്‍ ജാലിയന്‍ വാലാബാഗ് നിരായുധരായ നിരപരാധികളെ കൊന്നൊടുക്കിയതില്‍ പ്രതിഷേധിച്ചു് നിറഞ്ഞ ഹൃദയവേദനയോടെ ആ സ്ഥാനപത്രിക വൈസ്രോയിക്ക് മടക്കികൊടുക്കുക മാത്രമല്ല തന്റെ ജനത്തോടെ കാട്ടിയ ക്രൂരതയ്ക്ക് കാലം മാപ്പ് തരില്ലെന്നുള്ള കത്തും കൊടു ത്തുവിട്ടു. ബ്രിട്ടീഷ്‌കാര്‍ രാജ്യം വിട്ടുപോയിട്ടും ജാതിമത രാഷ്ട്രീയ പീഡന കൊലപാതക അധര്‍മ്മങ്ങള്‍ പെരുകുമ്പോള്‍ ടാഗോറിനെപോലെ ദര്‍ശനമുള്ള, മാനുഷികമുഖമുള്ള എത്ര എഴുത്തുകാര്‍ പ്രതികരിക്കുന്നു.?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts