LIMA WORLD LIBRARY

പുഷ്പിണിയായ എന്റെ മകളോട് – ഉദയചന്ദ്രന്‍ (Udayachandran)

വരവേല്‍ക്കു നീ സ്ത്രീത്വത്തിന്‍ സത്തയെ,
നീ അറിയുക നിന്‍ തനതായ സ്വത്വത്തെ.
നിറപൂര്‍ണയായിന്നിതാ നിന്നിലെ വര്‍ണങ്ങള്‍
വിടരുന്നു, വിരിയുന്നു, ഋതുഭേദം കലരുന്നു.

എന്ത് ഞാന്‍ ചൊല്ലേണ്ടു, എന്നുള്ളിന്റെ ഉള്ളിലെ
സന്തോഷവര്‍ഷമോ, പേര്‍ത്തും
പെരുകുമാ ഭീതി തന്‍ ബാധയോ?
അമ്മതന്‍ മാറിടം ചുരത്തുന്ന പാലുപോല്‍
നൈര്‍മല്യമോലുന്ന മൊഴികളിവ നീ,
കാതോര്‍ത്തു കേള്‍ക്കുക, മറക്കാതിരിക്കുക.

കനവിന്റെ നൂലുകള്‍ ഇഴചേര്‍ത്തി നെയ്‌തൊരാ
കൂടിനു വെളിയില്‍ നീ വന്നിടുമ്പോള്‍,
ഓര്‍ക്കുന്നു ഞാനെന്റെ പിന്നിട്ട നാളുകള്‍,
ഓര്‍മ്മ തന്‍ പുസ്തകത്താളുകള്‍ക്കിടയിലായ്
സൂക്ഷ്മമായ് വെച്ചൊരാ മയില്‍പ്പീലിത്തുണ്ടിതാ
വര്‍ണവിസ്മയം കാണിച്ചു കിടക്കുന്നു.

പാറിയുയര്‍ന്നുവോ? ചിറകുകള്‍
വിടര്‍ത്തിയോ സ്വപ്നശലഭങ്ങള്‍?
എന്നിളം കുഞ്ഞേ, നിന്റെ മനസ്സിലെ
ദര്‍പണബിംബമായ് കാണുന്നതാരെ ഞാന്‍?
എന്നിലെ നിന്നെയോ, നിന്നിലെ എന്നെയോ?

ഓര്‍ത്ത് വക്കോമലേ, ധന്യമായ് കരുതേണ്ട നാളിതു,
നിന്റെ സ്ത്രീത്വം കുറിക്കും മുഹൂര്‍ത്തമിതല്ലയോ?
മാതൃത്വമല്ലയോ, സ്ത്രീത്വത്തിന്‍
നിറവും, നിറമും, സ്വത്വമും?
ശ്രേഷ്ഠമാം ഭാവമതേല്‍ക്കുവാന്‍,
പുണ്യമാ ഭാരമതേറ്റുവാന്‍
പ്രകൃതി നിനക്കായ് കല്പിച്ച വരമിത്!

എങ്കിലും, പൈതലേ, ഇന്ന് നീ
പുഷ്പിണിയായ ദിനമതില്‍,
നിന്റെ മനമാകെ കലങ്ങിയോ?
നിന്‍ കണ്‍കളിലാശങ്ക നിറഞ്ഞുവോ,
കരിമേഘങ്ങള്‍ നിരന്നുവോ?

 

എന്നിളം പൈങ്കിളീ, ഉള്ളമുണ്ടാവണേ,
നേരയറിയുവാന്‍, നേരിനെ നേരിടാന്‍.
വിസ്മരിക്കരുതോമലേ യാഥാര്‍ത്ഥ്യമെപ്പൊഴും,
നിന്നെ ചൂഴ്ന്നുണ്ട് നില്‍പ്പൂ,
ആണെന്ന ജാതി, ദുരമൂത്ത ജന്തുക്കള്‍.
ചെഞ്ചോരക്കണ്ണുമായ് അവരുണ്ട് നിന്‍ ചുറ്റും,
ഭ്രാന്തചിത്തരായുന്മത്തരായ്!

കലരാത്ത ഉണ്മയിതറിയണം നീ.
വിശ്വാസമരുതെന്ന് ചൊല്ലുകില്ലെങ്കിലും,
അതിരറ്റ വിശ്വാസമരുത്, പൊന്‍കണ്മണീ
ആണെന്ന ജാതിക്കു മീതെ.

നിന്റെ മനസ്സിലെ ചോദ്യശരങ്ങള്‍-
ക്കുത്തരം എല്ലാം എനിക്കില്ല മോളെ.
എന്തിനെന്നെന്തിനെന്നെന്തിനെന്നും?
പിന്നെ, എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടെന്നും?

കണ്ണുമടച്ചങ്ങാണുങ്ങളിലാര്‍ക്കുമേല്‍
വിശ്വാസമര്‍പ്പിക്കാം എന്ന നിന്‍ ചോദ്യ-
മതിനുത്തരം കേട്ടോളൂ:
”പത്തു വയസ്സിനു കീഴിലെ ബാലന്മാര്‍, ഒന്നത്,
പിന്നെയോ, ശ്വാസം നിലച്ച നിര്‍ജ്ജീവരാം പുരുഷരും.”

കരുതലായിരിക്കേണമോമലേ
ഊട്ടിവളര്‍ത്തീടുകെന്നും മനസ്സിലൊരു കാകനെ.
എങ്ങോട്ടു പോകിലും നിര്‍ഭയം സ്വതന്ത്രമായ്,
കാകനാകട്ടെ നിന്‍ കണ്ണുകള്‍,
കാക്കട്ടെ നിന്നെ നിന്‍ ചുവടുകള്‍.

മകളേ, വളരുക, വളര്‍ത്തുക,
അടങ്ങാത്ത ശക്തിയായ് , ഒടുങ്ങാത്ത വീര്യമായ്,
സ്ത്രീത്വത്തിന്‍ ദാഹമായ്, ദുര്‍ഗയായമ്മയായ്.
സര്‍പ്പശക്തിയായ് നിന്നിലുണരട്ടെ ജീവനും.
ഭൂമിക്കു ജീവനായ്, ജീവന്റെ ഭൂമിയായ്,
ജീവല്‍ചൈതന്യത്തിനുറവയായ്,
വന്‍വടവൃക്ഷമായ് പകരട്ടെ, പടരട്ടെ നീ.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px