LIMA WORLD LIBRARY

ധർമ്മമെന്നാൽ – മാലൂർ മുരളി

ധർമ്മമേ….. ! നിന്റെ പേരിന്നു കശ്മലർ
വികൃതമാക്കിവിഷം കുടിപ്പിച്ചുവോ….?
വറുതിപൂക്കുന്ന കാടാക്കി നാടിതിൽ
തിന്മയാം വിളവു തീറ്റിപ്പുലർത്തുവോർ…!!

ജാതിയും ഉപജാതിയും സൃഷ്ടിച്ച്
വൈര്യമൂതിപ്പെരുപ്പിച്ചു തമ്മിലായ്…. !
ചൂഷണത്തിൻ വിളനിലമാക്കി യീ
പാരിതിൽ തിന്മചെയ്തു സുഖിക്കുവോർ…. !!.

ഭുരിപക്ഷത്തിൻ വിളഭൂമിയൊക്കെയും
കൈയ്ക്കലാക്കി പ്പുറംകാടകങ്ങളിൽ
ആട്ടിയോടിച്ച സംസ്കാരവാഴ്ച്ചക്ക്
എന്തുധർമ്മമുരയ്ക്കാൻ കഴിഞ്ഞിടും…?!!!

അക്ഷരങ്ങൾ കൊടുക്കാതെ നാവിനെ
നിഴലിലാഴ്ത്തിക്കെടുതി തീറ്റിച്ചവർ !
വേദനിയ്ക്കും പരകോടിജന്മത്തിൻ
ജീവശാസ്ത്രമെരിച്ചു കളഞ്ഞവർ…!!

സ്ത്രീകളാകെ യബലയെന്നോതിയ
ങ്ങടിമയാക്കിപ്പലേവിധ ചെയ്തിയാൽ
വിധവയെ മുണ്ഡനം ചെയ്യിക്കയും,

സതിയെ വാനിൽപുകഴ്ത്തിയും ധർമ്മിഷ്ടരായവർ..!!

സ്ത്രീകളെത്രവിലപ്പെട്ട മൂല്യങ്ങൾ
പെറ്റുപാലൂട്ടി ക്കേമരാക്കുന്നവർ…
നാടിൻനന്മമൂല്യങ്ങൾ നിറഞ്ഞതാം
നല്‌പെഴും സ്നേഹപ്പാലും തരുന്നവർ.

ഓതിടും ധർമ്മശാസ്തക്കപടത
ഓതും ധർമ്മം കൊടുക്കണമേവരും!!
മുക്തികിട്ടുമതുവഴി സ്വർഗ്ഗവും
പൂകി നല്ലസുഖരായ് പുലർന്നിടാം..!!:

എന്നതുച്ചത്തിൽ ഘോഷിച്ചവശരെ
അന്ധവിശ്വാസപ്പായിൽ കിടത്തിയോർ !!
നീറും വേദന കണ്ടുല്ലസിച്ചതാം
കപടതേ …
നിന്റെപേരോ സംസ്കാരം ….?!!

ആപത്തെല്ലാമകറ്റിടാനേവരും
ആഢ്യരാം ബ്രാഹ്മണപ്പൂജ ചെയ്യുവിൻ ..!
ബ്രാഹ്മണക്കുട്ടികൾ തൻ വിസർജ്ജനം

മുക്തിക്കുത്തമം… തീറ്റിച്ചാ ദുഷ്ഠത…!!

ഇത്തരത്തിലനേകമാം അന്ധത
വച്ചു പാലിച്ച കേരളത്തിൻ ശാപം !
തീർത്തുനമ്മെ പ്രബുദ്ധരായ്ത്തീർത്തവർ
നായകർ നല്ലനാടിൻ നവോത്ഥകർ.

പോയ കാടത്വ സംസ്ക്കാര ചിന്തയെ
വിവിധ രൂപത്തിലെത്തിച്ചു നമ്മൾക്കായ്!
പഴയ വീഞ്ഞുമായ് മന്ദസ്മിതത്തോടെ
എത്തും ശക്തിയെ നന്നായറിയുവിൻ !

ധർമ്മമെന്തെന്നറിയണ്ടേ കൂട്ടരേ?
ധർമ്മമെന്നാൽ സമത്വചിന്താഗതി
സർവ്വരും ക്ഷേമപൂരിതമാകുന്ന
നാട്ടിൽ
ധർമ്മം പ്രസക്തമായ്ത്തീർന്നിടും.

ഭിക്ഷയേകുന്ന സക്കാത്തുമല്ലത്
ഭിക്ഷവാങ്ങുന്ന യാചകരുമല്ലത്.!
ചെറുവിഭാഗ സമൃദ്ധിക്കുവേണ്ടിയ –
ങ്ങുടലെടുത്ത കരിവചനങ്ങളാം.!!

നാട്ടിൽ നന്മനിറഞ്ഞു തുളുമ്പിയ
ബുദ്ധസംസ്ക്കാര ഗളമറുത്തല്ലയോ?
നിന്റെ നീചത്വസംസ്കാരശിലയുടെ

ആസ്ഥാനങ്ങളായ് ഇവിടം പതിച്ചത്.?!

മർത്യനൊന്നെന്ന ചിന്തയുണ്ടാകുകിൽ
മർദ്ദന,പ്പിഡനങ്ങൾ കുറഞ്ഞിടും
മനുജനൂറ്റമായ് ജീവിച്ചു
നാടിന്റെ
നന്മപൂക്കും മരങ്ങളായ്ത്തീർന്നിടും.

നാടിൻ സർവ്വ വികസനഭംഗിയും
ചെയ്തുമുന്നേറുമദ്ധ്വാനശക്തിയെ
നരക ജീവിതക്കുണ്ടിലേക്കാഴ്ത്തുന്ന
വർഗ്ഗ മെത്രയധ:മർ…. ശത്രുക്കളും. … !!

ഇന്നും നാട്ടിൽവിളയുന്നു ധർമ്മത്തിൻ
പേരിലെത്രയോ വഞ്ചനക്കൂട്ടങ്ങൾ !!
നാടിൻ വെട്ടംകെടുത്തി പ്പലേവിധ
തിന്മകൾചെയ്തു ധർമ്മംപുലർത്തുവോർ ….!!

ധർമ്മമിവിടെ പുലർന്നതാം നാടിന്റെ
പിൻചരിത്രത്തിൻ താളുകണ്ടെത്തുവിൻ…
മർത്യരാശിയെ മർത്യരായ്ക്കണ്ടതാം
പഴയകാല മുഖശ്രീ തെളിയ്ക്കുവിൻ.

ഇനിയൊരിക്കലും കാടകച്ചിന്തകൾ
ഇവിടെയുദയച്ചുവപ്പിലെത്താതിടാൻ
ഇരുകരങ്ങളും മെയ്യുമൊന്നായ് നമ്മൾ
ഇതിഹാസങ്ങൾ രചിക്കാനൊരുങ്ങിടാം.. നവ
ഇതിഹാസങ്ങൾ രചിക്കാനൊരുങ്ങിടാം.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px