LIMA WORLD LIBRARY

ജനിമൃതികള്‍ക്കിടയിലെ ഓള് – രാജാംബിക

ഓളൊരു മിത്താണ്.
ഓളില്‍ സത്യം തിരയരുത്.
കഥയില്‍ ചോദ്യമില്ലെന്നറിഞ്ഞീടണം
നാടോടിക്കഥയുടെ ചേലാസ്വദിച്ചീടുക മാളോരേ…..

പത്തു പൗര്‍ണമിതന്‍
വിശുദ്ധി
ആവാഹിച്ചു നിര്‍വ്വാണം പൂകാനായി
ഒരു സഹസ്രാബ്ദം മുഴുവന്‍ കാത്തിരുന്നോള്…

സ്വയം ശുദ്ധീകരിക്കുവാനായി
നിഷ്‌കളങ്ക പ്രണയത്തിന് കാവലിരുന്നോള്..
പരിശുദ്ധ പ്രണയം കാഴ്ചവയ്ക്കാന്‍ ഒരുങ്ങിയോള് ,
പരിപൂര്‍ണ്ണ അര്‍പ്പണത്തിനായി കാത്തു പോന്നോള്…

തുരുത്തിലെ ജനതയ്ക്ക് പേടിസ്വപ്നമായി ,
കഥകള്‍ പലതുള്ള പിശാചിന്റെ കരിനീല ദ്വീപ്…

ഇടവപ്പാതിക്കു മുമ്പുള്ള വാവിന്
മാനത്ത് മുഴുത്ത ചന്തിരന്‍ തെളിയുമ്പോള്‍
സ്വര്‍ണ്ണ ചിറകുള്ള വെളുത്തപക്ഷി…
അത് വെള്ളത്തില്‍ ഊളിയിട്ടേ മീനെപ്പോലെ…പൊന്നോളേ..
നെഞ്ചില്‍ നേരുള്ളവനേയത് കാണാനാവൂ.. മായാ ഭഗവത്യേ ….

മിന്നാമിനുങ്ങുകള്‍ താരകളെപ്പോല്‍ മിന്നി മിനുങ്ങണ കണ്ടേ..
ഏഴിലംപാല പൂവിന്‍ മദസുഗന്ധമുണ്ടേ…
ഓള് ചിരിച്ചപ്പോള്‍ വെള്ളാമ്പലുകള്‍
ഓളപ്പരപ്പില്‍ നിറഞ്ഞതു കണ്ടേ..
ഓള് പേയല്ലാ മാളോരേ…
പിശാചല്ലാ , പിഴയല്ലാ ,
ജനിമൃതികള്‍ക്കിടയിലെ നേരും
വിശുദ്ധിയുമവള്‍ മാളോരെ …

പൂര്‍വ്വസംസ്‌കൃതിയുടെ സുകൃതത്തിനുമേലാകെ
നിണമൊഴുകുന്നു അമാവാസിയുടെ കാളിമ
എവിടെയും ആമ്പല്‍മിഴിയോളേ..

ഘനശ്യാമ ജലാശയത്തില്‍
കല്ലു കെട്ടി താഴ്ത്തപ്പെടുന്നുവോ
നാടിന്റെ വിശുദ്ധ സംസ്‌കൃതി ,
വിടരുന്നോ ഇവിടെയൊരു വിരുദ്ധ സംസ്‌കാരം ..

പേയ് പിടിച്ചോര്‍ ഞെരിച്ചുടയ്ക്കുന്ന കുപ്പിവളത്തുണ്ടുകള്‍
അകലത്തെവിടെയോ ദുഃഖം
കിലുകിലു മണികള്‍ പൊഴിക്കുന്നോ,
കൊന്നിട്ടും തിന്നിട്ടും
ഇന്നും മതിവരണില്ലല്ലാ ദേവ്യേ….

പെണ്ണിനെ കണ്ടാല്‍ ഏനക്കേടുകള്‍
കുത്തണ കണ്ടാ…
ഏനക്കേടുകള്‍
എല്ലിന്നിടയില്‍ കുത്തണ കണ്ടാ…

നാഗഫണഗളം അരിഞ്ഞിടണമതാദ്യം കുതിക്കരുതേ

മുകളിലേയ്ക്കാക്കതിരുകളിനിയും

തീയാടാന്‍ തിറയാടാന്‍ തുള്ളിയുറഞ്ഞു വരുമോ നീ…
തങ്കത്തിരുമുടി ശിരസ്സിലേറ്റി
കളം കാക്കാന്‍ വരുമോ നീ….

തുരുത്ത് ബുദ്ധമതക്കാരുടേതാണ് .

സഹസ്രാബ്ദമായി മുഴങ്ങിയ മണി
ഓര്‍മ്മതന്‍ ശവപ്പറമ്പില്‍ നിത്യ സ്മാരകമായി മരുവുന്നു .

ബോധിസത്വാ നീയെങ്ങാണ്ടെവിടാണ്…

പരിശുദ്ധമായ ആത്മാവിനെ സംരക്ഷിക്കാന്‍

അവളില്‍ ബോധിമായയുടെ സന്നിവേശം.
അറിവും ആത്മാവും
ശബ്ദവും ശക്തിയും നല്‍കി ഒന്നായി ജീവിച്ചവര്‍ .

പ്രണയസാഫല്യത്തിന് ഹനുമാന്‍ സ്വാമിയെ ,

തേവരെ തൊഴുന്ന പ്രണയജോഡികള്‍.
വെള്ളാമ്പല്‍ പൂവുകള്‍ അര്‍ച്ചനദ്രവ്യങ്ങള്‍
ടൂറിസ്റ്റ് ഗൈഡ് ആയും ചിത്രകാരനായും

ചിക്കിലി ഒപ്പിക്കുന്ന നായകന്‍ .

ചായക്കൂട്ടിന്‍ വരകള്‍
തെളിയുന്നില്ലാ ചുവരുകളില്‍ ,
നിരാശനായി ,
ഒരുവഴിയും കാണാതെ പെരുവഴിയായേ ചിത്രകാരന്‍…

കുലത്തൊഴില്‍ , അല്ലെങ്കില്‍ പഠിച്ചപണി
രണ്ടുമല്ലാതെ , പാഴായിപ്പോയല്ലോ
കുടുംബത്തിലെ ഏക ആണ്‍തരി , വൃദ്ധപിതാവിന്റെ രോദനം…!

മാതൃക കണ്ടൊരു ചിത്രം രചിക്കാനായി
തോണിയേറി
മായാദ്വീപിലേയ്ക്ക്..

പോകരുതേയെന്ന് , വിലക്കുകള്‍ വകവച്ചില്ലാ…

പൗര്‍ണമിപ്രഭ മറയ്കാതെ തോണിമാറ്റുമോ
എന്നവളുടെ കിളിമൊഴി.
സങ്കല്‍പ്പത്തിലെ മായാ സുന്ദരി ,
കൈതപ്പൂവിന്റെ മണമുള്ള പെണ്ണാണോള് .

മായക്ക് രൂപമില്ല ഭാവമേ ഉള്ളൂ ,
പ്രണയമെന്ന ഭാവം പൊന്നോള്‍ക്ക്…

നേരിട്ട് കാണാതെ പ്രണയിച്ചു കൂടെ ?

കാമുകി എന്നത് സങ്കല്പമല്ലേ ?

ആത്മാവുകള്‍ ലയിക്കുന്നതല്ലേ പ്രണയം ?

ഹൃദയത്തില്‍ പ്രണയം എവിടെ ഒളിപ്പിച്ചു വക്കും ?

അവളുടെ സ്വപ്നങ്ങള്‍ അത്രയും
ചിത്രമാക്കിത്തരുവാന്‍ തൊഴുതു നിന്നപ്പോള്‍
അവന്റെ അംഗുലികളിലലിഞ്ഞ്
മിഴിവോടെ മനമോടെ കലയുടെ ചാരുത തെളിഞ്ഞു…ദേവ്യേ..

ചിത്രങ്ങള്‍ ചൂടപ്പം പോലെ കടല്‍ കടന്നും പോയേ ,
ലക്ഷ്മീദേവി കുചേലനെ കുബേരനാക്കിയല്ലോ ഹൊയ്…

പൂവ് പോലാണ് പെണ്ണ് , ഭാഗ്യമുണ്ടേലാരേലും
തലയില്‍ ചൂടുമെന്ന് , ഇല്ലേലോ , നിലത്ത് ചവിട്ടിത്തേച്ചേനേന്ന്
തുള്ളിയുറയണ്
തുരുത്തിന്റെ ശാപം പേറും ചിത്തരോഗി, പെണ്ണൊരുത്തി…

മൈത്രേയി പട്ടുടുക്കണ് , വിളക്ക് തെളിയിക്കണ് ,

മന്ത്രം ചൊല്ലണ് , നീട്ടിയുഴിയണ് , തട്ടണ് ,

തടവണ് , പേയേ പോ…
ദേഹം വിട്ടേ പോ…ഹൊയ്..

പൗര്‍ണമി നാളില്‍ വിടര്‍ന്ന കണ്ണുമായി
ഉദരത്തിലെ ജീവനെ തൊട്ടു തലോടി കാത്തിരിക്കുന്നോള്
സ്‌നേഹ സാമീപ്യമില്ലാതെ മൂക്കുത്തി

തിളങ്ങുന്ന ശ്യാമ വദനം വാടുന്നോള്…

പ്രണയത്തിന്റെ വിശുദ്ധി അറിയാത്തവന്
പെണ്ണ് വെറും ശരീരമാണ് ,
കോരിത്തരിപ്പിക്കുന്ന മാദകസൗന്ദര്യം .
ആര്‍ത്തിയും കാമവും സ്വാര്‍ത്ഥതയും

പൂകിയ സാധാരണ മനുഷ്യന്‍ ,
അവന്റെ കാമനകള്‍
നിറവേറ്റുവാനൊരുവള്‍ ,
അവനെ ശുദ്ധീകരിക്കുകയസാധ്യം .

ഗരൂഢമയൂര പെയിന്റിംഗ് !
പ്രശസ്തിയിലേക്കുള്ള അടുത്ത ചുവട് .

ബോധിമായയുടെ സഹായഹസ്തം തേടി വീണ്ടും
സ്‌നേഹത്തിന്‍ ചൂണ്ടുപലകയുമായി..

സൗന്ദര്യത്തെ അനുഭവിക്കാനേ കഴിയൂ

എന്നാണോ ബോധിസത്വാ…

മായയായി മനസ്സില്‍ ഒരുവള്‍ ,
സൗന്ദര്യമായി സാമീപ്യമായി മറ്റൊരുവള്‍ .

ഒരേസമയം രണ്ടുപേരെ സ്‌നേഹിക്കാന്‍ കഴിയുമോ ..!

സത്യലംഘകരെ ഉപദ്രവിക്കുന്നോള് ,
പേയും പിശാചുമായി മാറുന്നു ഓള്…
വിഭ്രാന്തിയുടെ ജല്‍പ്പനക്കാരിയിനിയില്ല ,

മായയായി മറഞ്ഞുവോ സോദരി…

ഡാകിനിയും താരയുമാണ് പൂമുത്തോള്…

വരകളൊഴിഞ്ഞ കളമായി മനസ്സ് ,
പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന്

വിഡ്ഢിയുടെ മടക്കയാത്ര,
വിളറി വെളുത്ത ശവം കണക്കവന്‍..
ആകാശം നോക്കി മലര്‍ന്നു വെറുതെ..

മൈത്രേയി പട്ടുടുക്കണ് , വിളക്ക് തെളിയിക്കണ് ,

മന്ത്രം ചൊല്ലണ് , നീട്ടിയുഴിയണ് , തട്ടണ് ,

തടവണ് , പേയേ പോ…
ദേഹം വിട്ടേ പോ…ഹൊയ്..

ഗര്‍ഭച്ചരടുകളഴിയുന്നു പൂമുഖ
പാളികളകലുന്നു
ആനന്ദത്തിന്‍ അശ്രുവിന്‍ നടുവില്‍
പുതുമൃദുനാമ്പു മുളയ്ക്കുന്നു

നിര്‍വ്വാണം പ്രാപിക്കാനായി
സമയമിതായി പൂമകളേ ,
നിര്‍വ്വാണം പ്രാപിക്കാനായി
സമയമിതായി പൂമകളേ…

ജലകന്യകയായോളേ
ജനിമൃതികള്‍ക്കിടയിലെ പൂമോളേ…

സ്വര്‍ണ്ണച്ചിറകുള്ള വെളുത്ത പക്ഷി
അനന്തതയില്‍ അലിഞ്ഞേപോയ്….
അനന്തതയില്‍ അലിഞ്ഞേപോയ്….
ഹൊയ്

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px