LIMA WORLD LIBRARY

പച്ചമനുഷ്യരെ പച്ചക്ക് കത്തിക്കുന്ന ആചാരങ്ങള്‍ വേണ്ട! – എം. തങ്കച്ചന്‍ ജോസഫ്

മുന്‍പ് ജോലിയുടെ ഭാഗമായി പലവിധ അപകടങ്ങളില്‍ പെട്ട മനുഷ്യരെ കാണുവാനും അവിടെയൊക്കെ സംയമനത്തോടെ ഇടപെടാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്, എന്നാല്‍ പൊള്ളലേറ്റ് കിടക്കുന്ന മനുഷ്യരെ കണ്ടുനില്‍ക്കുവാന്‍ എന്റെ മനസിന് ഒരിക്കലും സാധിച്ചില്ല. തൃശൂര്‍ മുണ്ടത്തിക്കോട്
ഉണ്ടായ വെടിക്കെട്ട് അപകടം നമ്മുടെ സാംസ്‌ക്കാരിക കേരളത്തില്‍ തീര്‍ച്ചയായും ഒരു വീണ്ടുവിചാരത്തിന് വഴി തുറക്കേണ്ടതുണ്ട്.

പാവപ്പെട്ട പച്ചമനുഷ്യരെ പച്ചയ്ക്ക് കത്തിച്ചു കളയുന്ന വെടിക്കെട്ട് എന്ന ആചാരം ഇനി നമ്മുടെ പള്ളിയങ്കണങ്ങളിലും ക്ഷേത്രമൈതാനികളിലും വേണോ എന്ന പുനര്‍ചിന്തനം നമുക്കുണ്ടാകണം.
ആകാശത്തു വിരിയുന്ന പലവര്‍ണ്ണങ്ങളിലെ മത്താപ്പൂ കാണുവാന്‍ നല്ല ചേലാണ്. എന്നാല്‍ അതിന്റെ പിന്നില്‍ ഏതുനിമിഷവും ചിന്നിച്ചിതറിയേക്കാവുന്ന കുറെ പാവപ്പെട്ട പച്ചമനുഷ്യരുടെ ജീവിതങ്ങളും ഉണ്ടെന്നുള്ള ബോധ്യം നമുക്കുണ്ടാകണം,

ഓര്‍മ്മവെച്ച നാള്‍മുതല്‍ തൃശ്ശൂര്‍പൂരം കാണുന്ന ഒരു തൃശ്ശൂര്‍ക്കാരിയുടെ വാക്കുകള്‍ ഇങ്ങെനെ..
‘ഇത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടോ..?
പൂരപ്പറമ്പിനടുത്തു ഒരുപാട് ആശുപത്രികളുണ്ട്. അവിടെ ആ സമയങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍, രോഗികള്‍ എല്ലാവര്‍ക്കും ഇത് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്ന് ആരും ചിന്തിക്കുന്നില്ല”

ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ കണ്ട് ജനങ്ങളും പ്രതികരിച്ചു തുടങ്ങി വെടിക്കെട്ട് എന്നേ നിറുത്തലാക്കേണ്ട സമയം കഴിഞ്ഞു.. അതോ ഇനിയും ഒരുപാട് പേരുടെ ജീവനെടുത്തിട്ടേ ഇതൊക്കെ നിറുത്തലാക്കു എന്നാണോ!.
പോരാഞ്ഞിട്ട് പരിസര മലിനികരണവും,ശബ്ദമലിനീകര ണവും, വായൂ മലിനീകരണവും. കാശു വാരി കത്തിച്ചു കളയുക അതാണിതിന്റെയൊക്കെ അവസാനം .
ഈ പണമൊക്കെ വേറെ എത്രയോ നല്ലകാര്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയും!.
.
എത്രയോ വെടിക്കെട്ടാപകടങ്ങള്‍ കേരളത്തില്‍ത്തന്നെ നടന്നു. അതില്‍ത്തന്നെ എത്രയോ ജീവനുകള്‍ പൊലിഞ്ഞു. ആചാരത്തിന്റെ പേരില്‍ വെടിക്കെട്ടുകള്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്നു.എത്ര കണ്ടാലും കൊണ്ടാലും അതില്‍നിന്നൊന്നും ഒരു പാഠവും പഠിക്കാത്ത വര്‍. ആചാരം,അതിനെ തൊട്ടുകളിക്കുന്നതിലെ ‘അപകടവസ്ഥ ‘രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ബോധ്യമുള്ളതുകൊണ്ടാകാം ഇത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നതും.

ഏതായാലും ഈ വെടിക്കെട്ട് ദുരന്തം സാംസ്‌കാരിക കേരളത്തില്‍ വലിയൊരു മാറ്റങ്ങള്‍ക്ക് വഴി തുറക്കട്ടെ, വെടിക്കെട്ട് മാത്രമല്ല തുടരെത്തുടരെ ദുരന്തങ്ങളായി മാറുന്ന നമ്മുടെ ഉത്സവക്കാലത്തെ ആന എഴുന്നെള്ളിപ്പുകളും ഒഴിവാക്കണം.അതുപോലെ അഗ്‌നികാവടി, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ദേഹത്തു കുത്തിത്തുളച്ചുള്ള കാവടിശൂലങ്ങള്‍, തുടങ്ങി മനുഷ്യന് ദോഷങ്ങളായി മാറുന്ന കാര്യങ്ങള്‍, ആചാരങ്ങള്‍ എന്ന പേരില്‍ ഇനി നമുക്ക് വേണോ എന്ന് പുനര്‍ചിന്തിക്കുവാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ, ആചാരങ്ങളും ആഘോഷങ്ങളും ജനമനസുകളില്‍ സന്തോഷം നിറയ്ക്കുന്നതാക്കണം
അല്ലാതെ ഒരു ആയുസ്സിന്റെ മുഴുവന്‍ സമ്പാദ്യവും പ്രിയപ്പെട്ടവരെയും ചാരമാക്കാനാവരുത്. വെടിക്കെട്ട് പുരകള്‍ക്ക് തീപിടിക്കുമ്പോള്‍ എരിഞ്ഞുതീരുന്നത് വെറും വെടിമരുന്നല്ല, ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഒന്നിനുപുറകെ ഒന്നായി ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും നാം എന്തിനാണ് ഈ അപകടകരമായ രീതിയെ മുറുകെ പിടിക്കുന്നത്?
മനുഷ്യസമൂഹത്തിന് ദോഷമാകുന്നവ മാറ്റിക്കളയുവാന്‍ ഇതേ ജനസമൂഹം തന്നെ മുന്നോട്ട് വരേണ്ടതുണ്ട്. അതിനായി ഈ സന്ദേശം പങ്കിട്ടു പോകുക. ദുരന്തങ്ങള്‍ നമ്മുടെ നാട്ടില്‍ പഴങ്കഥകളായി മാറട്ടെ.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px