LIMA WORLD LIBRARY

ആത്മായനം – സുധ അജിത്

നന്ദിനി മരിച്ചിട്ട് രണ്ടു വര്‍ഷം തികഞ്ഞത് ഇന്നാണ്..ചരമവാര്‍ഷികത്തിന് ബന്ധുക്കള്‍ എല്ലാ പേരേയും വിളിച്ച് സദ്യ കൊടുക്കണമെന്ന് മൂത്തമകന്‍ കാനഡയിലിരുന്ന് പ്രത്യേകം പറഞ്ഞ് ഏര്‍പ്പാടാക്കിയിരുന്നു. പ്രത്യേക ക്ഷണമനുസരിച്ച് ഒത്തുകൂടിയവര്‍ പലരും പരസ്പരം കുശലപ്രശ്‌നങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

എല്ലാപേരില്‍ നിന്നും അകന്ന് മൂകനായിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ മനസ്സില്‍വെയിലും മഴയും സൃഷ്ടിച്ചു കൊണ്ട് ഓടിക്കളിച്ചു.

നന്ദിനി.തന്റെ എല്ലാമായിരുന്നവള്‍ . ജീവിതം ഒരു കൊടുങ്കാറ്റായി തന്നെ പുണര്‍ന്നപ്പോള്‍ഇളം കാറ്റായി തഴുകിത്തലോടിയവള്‍ . ഒരേ തോണിയില്‍ ഒന്നിച്ചുള്ള യാത്രയില്‍ ആഞ്ഞു വീശിയ കാറ്റിനും കോളിനും എതിരെ പങ്കായം കയ്യിലെടുത്തവള്‍.

മൗനം ഒരു ആയുധമെന്ന് തോന്നിത്തുടങ്ങിയത് അവളുടെ വേര്‍പാടിന് ശേഷമാണ്. അതുവരെ കണ്‍മുന്നില്‍ ഞാന്നുകിടന്ന മായക്കാഴ്ചകളുടെ മൂടുപടം വലിച്ചു നീക്കി ലോകത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ വരവേറ്റു തുടങ്ങിയതും അതിനു ശേഷമാണ്.

ചിലപ്പോഴെല്ലാം തന്റെ മൗനം മറ്റുള്ളവര്‍ ആയുധമാക്കുന്നതറിഞ്ഞ് നിശ്ശബ്ദതയെ ഭഞ്ജിക്കുവാന്‍ ശ്രമിച്ചു.
അതു പലപ്പോഴും വെറുപ്പിന്റെ കണികകള്‍ ചുറ്റും പടര്‍ത്തി. സംശയത്തിന്റെ വേരുകള്‍ തനിക്കു ചുറ്റും ആഴ്ത്തിക്കൊണ്ട് അവര്‍ അണിനിരന്നു .

മുന്നില്‍ വന്നു നിന്ന നന്ദിനിയുടെ സമപ്രായക്കാരിയായസ്ത്രീയോട് കുശലപ്രശ്‌നങ്ങള്‍ നടത്തുമ്പോഴാണ് തനിക്കുചുറ്റും വഴിയുന്നചാരക്കക്കണ്ണുകള്‍ കണ്ടത്. സംശയ ദൃഷ്ടിയോടെ നോക്കുന്ന ഉറ്റവര്‍. എന്തിനാണിവര്‍ തന്നെ ഇങ്ങനെ സംശയിക്കുന്നത് ? താന്‍ ഒരു സ്ത്രീലമ്പടനായി മാറിയെന്ന് ഇവര്‍ വിശ്വസിക്കുന്നുണ്ടാകുമോ?. അതോ ഭാര്യയുടെ വേര്‍പാടില്‍ അവളുടെ സമപ്രായക്കാരായ മറ്റേതെങ്കിലും സ്ത്രീകളില്‍ താന്‍ അനുരക്തനാകുമെന്ന് ഭയന്നിട്ടോ?

‘ശാന്തിച്ചേച്ചിയെ അപ്പുറത്ത് ചിറ്റമ്മ അന്വേഷിക്കുന്നുണ്ട്.ചേച്ചി വന്നിട്ട് ചിറ്റമ്മ കണ്ടില്ലത്രെ.’

വകയില്‍ ഒരു മുറപ്പെണ്ണു കൂടിയായ സുന്ദരിയായ ശാന്തിയെതന്റെ മുന്നില്‍ നിന്നും പറഞ്ഞു വിടാനുള്ള വ്യഗ്രത ഉറ്റവര്‍ പലരിലും കണ്ടു. നാട്ടു വര്‍ത്തമാനങ്ങളില്‍ നിന്ന് പരുങ്ങലോടെ പിന്മാറുമ്പോള്‍ അപമാനഭീതി മനസ്സില്‍ വേരൂന്നിയിരുന്നുവോ?

താനിന്ന് മറ്റുള്ളവരുടെ മുന്നില്‍ ഒരു നോട്ടപ്പുള്ളിയായി മാറിയിരിക്കുന്നു. ഭാര്യയുടെ വേര്‍പാട് തന്റെ ഹൃദയത്തെ വികല ചിന്തകളുടെ കൂടാരമാക്കിയെന്ന് ഇവര്‍ കരുതുന്നുവോ ?
കൂടൊഴിഞ്ഞ ഇണക്കിളി ഇങ്ങിനി മടങ്ങിവരാത്ത വിധത്തില്‍ പറന്നകന്നത് തന്റെ കുറ്റമാണോ ?
രണ്ടു വര്‍ഷം മുമ്പ് ഒരു ഹാര്‍ട്ട് അറ്റാക്ക്അവളുടെ ജീവിതം കവര്‍ന്നെടുക്കുമ്പോള്‍ അവള്‍ അമ്പതുകളില്‍ എത്തി നിന്നിരുന്നു. തന്നെക്കാള്‍ ഏഴു വയസ്സിനിളപ്പമുള്ള അവള്‍ കടന്നുപോയപ്പോഴാണ് ജീവിതo ആകെ കലങ്ങിമറിഞ്ഞത് താനറിയുന്നത്. അതുവരെ തന്റെ ഏതു കാര്യങ്ങളില്‍ ശ്രദ്ധിച്ചും പരിപാലിച്ചും കൂടെ നടന്നിരുന്ന അവളെ താന്‍ പൂര്‍ണ്ണമായിഅറിഞ്ഞിരുന്നുവോ എന്ന് സംശയമാണ്. നിസ്സാര കാര്യങ്ങളിലും കുറ്റപ്പെടുത്തലുകള്‍ കൂരമ്പുകളായി എയ്തു തറക്കാന്‍ ആയിരുന്നുവല്ലോ തന്റെ വ്യഗ്രത .
എന്നിട്ടുംഒരിടത്തും അടങ്ങിയിരിക്കാതെ ജീവിതമെന്ന കര്‍മ്മ പന്ഥാവിലൂടെ അവള്‍ നിരന്തരം ചലിക്കുകയായിരുന്നല്ലോ. അതായിരിക്കാംഇത്രപെട്ടെന്ന് അവളുടെ ജീവിതത്തിന് വിരാമമിട്ടത്.

സ്വന്തംവീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞ് സുഹൃത്തുക്കളുടെ കാര്യങ്ങളിലും ഇടപെടാന്‍ അവള്‍ ആത്മാര്‍ത്ഥതാല്പര്യം കാണിച്ചിരുന്നു. കലാ കായിക കാര്യങ്ങളില്‍ ഉള്ള താല്പര്യം അവളെ വ്യത്യസ്ത ആക്കിയിരുന്നു. നന്നായി പാടുന്ന അവള്‍ക്ക് ജോലി ചെയ്യുന്ന ഓഫീസില്‍ ധാരാളംആസ്വാദകരുംഉണ്ടായിരുന്നു.

‘അച്ഛന് മരുന്നും ആഹാരവുമൊന്നും വേണ്ടേ?. എല്ലാം ഞാന്‍തന്നെ എടുത്തു തരണമെന്ന് പറഞ്ഞാല്‍ അത് നടക്കുന്ന കാര്യമല്ല. എന്നെ ബുദ്ധിമുട്ടിക്കാതെ അച്ഛന് തന്നെ അതെല്ലാംഎടുത്ത് കഴിച്ചൂടെ’

മകളുടെ ചോദ്യ ശരങ്ങള്‍ക്കു മുന്നില്‍ ഉത്തരമില്ലാത്ത ജഢമായി ഇരുന്നു. മുന്നിലെ നീളുന്ന വെയിലിലേക്ക് മിഴികള്‍ അയച്ചിരുന്നപ്പോള്‍ ഉള്ളിലെ താപം ഏറുന്നതറിഞ്ഞു.

അവള്‍ പോയതോടെ എല്ലാം ഏതോ മരവിപ്പില്‍ അമര്‍ന്നിരിക്കുന്നു. ജീവിതം വിരസമായ നാളുകളില്‍ ആത്മഹത്യ പോലും ഭ്രമിപ്പിക്കുന്നചിന്തകളായി മുന്നില്‍ എത്തിത്തുടങ്ങിയിരിക്കുന്നു.
മറ്റുള്ളവരില്‍ നിന്നെല്ലാം വല്ലാതെ ഒറ്റപ്പെട്ടു എന്ന തോന്നല്‍ തന്നെ വല്ലാതെ കീഴ്‌പ്പെടുത്തി തുടങ്ങിയിരിക്കുന്നു.

ദാമ്പത്യത്തില്‍ നന്ദിനിയുമൊത്ത്‌നല്ലൊരു ലൈംഗിക ജീവിതം നയിച്ചിരുന്നതിനാലാവും അറിയാതെ മനസ് അന്യ സ്ത്രീകളെ തേടിപ്പോകുന്നു. സ്ത്രീകളെ കാണുമ്പോള്‍ ചിലപ്പോള്‍തന്റെ നോട്ടങ്ങളില്‍ തെളിയുന്ന ലൈംഗിക തൃഷ്ണ മറ്റുള്ളവര്‍ തിരിച്ചറിയുന്നുവോ ?. പതറുന്ന ചിന്തകള്‍ചിലപ്പോഴെങ്കിലും തന്റെ ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നു.അറിയാതെ ചുവടുകള്‍ തെറ്റി വീഴാന്‍ തുടങ്ങുന്നു.ഏതാനും ദിനം മുമ്പ് അടിതെറ്റിയപ്പോള്‍ അടുത്തെത്തിയ മരുമകളുടെ കയ്യില്‍ കയറി വീഴാതെ പിടിച്ചു. താന്‍ ഒരു അധികബാദ്ധ്യതയായി കരുതുന്ന അവള്‍ അതോടെ തന്നെ ഒരു മാനസിക രോഗിയാക്കി ചിത്രീകരിച്ചു.

‘ അച്ഛന് അടുത്തെത്തുന്ന സ്ത്രീകളെ തിരിച്ചറിയാതെ യായിരിക്കുന്നു. എത്രയും വേഗം ഭ്രാന്തിനുള്ള ഒരു ഡോക്ടറെ കാണിക്കണം. ‘
മരുമകള്‍ കാനഡയിലുള്ള മകനോട് പരിഹാസരൂപത്തില്‍ ഫോണില്‍ പറയുന്നതു കേട്ടു. പിന്നെകാറ്റിനൊപ്പം പരന്ന അപവാദ കഥകള്‍ .

കുറ്റബോധം മനസ്സിനെ കീഴ്‌പ്പെടുത്തിയപ്പോള്‍ പശ്ചാത്താപ വിവശനായി നന്ദിനിയുടെ ഫോട്ടോയില്‍ നോക്കി തൊഴുതു.മനസ്സിന്റെ ഭാരം ഇറക്കിവച്ച് പൊട്ടിക്കരഞ്ഞു.
‘നന്ദിനി… മാപ്പ്… നീയുള്ളപ്പോള്‍ നിന്റെ വില ഞാന്‍ അറിഞ്ഞില്ല.നീ എന്നെ ഇട്ടിട്ടു പോയതോടെ ജീവിതം ദുസ്സഹമായി തോന്നുന്നു…നിന്റെ അടുത്തേക്ക് വരാന്‍ എനിക്കും കഴിഞ്ഞെങ്കില്‍…’

മനസ്സിന്റെ ദാഹം നിറഞ്ഞു കിടക്കുന്നകിണറ്റിന്‍ കരയിലേക്ക് നയിച്ചു. മരിക്കാന്‍ കഴിഞ്ഞെങ്കില്‍… എന്നാല്‍ കിണറിനുള്ളിലേക്ക് നോക്കുവാന്‍ പോലും അധൈര്യം തോന്നി. പടവുകളില്‍ കുത്തിയിരുന്നു.

‘ അപ്പൂപ്പന്‍ ഇവിടെ ഇരിക്കുകയാണോ ? ഞാന്‍ എവിടെയെല്ലാം നോക്കി. നമുക്ക് കളിക്കാം അപ്പൂപ്പാ.’

കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് നിക്കറുമാത്രമിട്ട അയല്‍പക്കത്തെമൂന്നുനാലു വയസുള്ള പെണ്‍കുട്ടി. അവളോടൊപ്പം ഒളിച്ചു കളിക്കാന്‍ ചെല്ലാനാണ്. നന്ദിനിയുള്ളപ്പോള്‍ അവള്‍ക്കൊപ്പം കളിക്കുമായിരുന്നു. പലപ്പോഴും താനും അവരുടെ കൂടെ കൂടുമായിരുന്നു. മനസ്സില്‍ നിമിഷനേരത്തേക്ക് പടര്‍ന്നു കയറിയ ഉന്മേഷത്തില്‍ അവളെ പിന്തുടര്‍ന്നു. ഒന്ന് രണ്ട് മൂന്ന് …. കണ്ണുമടച്ച് എണ്ണിത്തുടങ്ങുന്ന അഞ്ജുമോള്‍… .അവള്‍ കാണാതെ കിണറിന്റെ മൂലയില്‍ പതുങ്ങിയിരുന്നു. തന്നെക്കാണാതെ പടികള്‍ കയറികിണറ്റിനുള്ളിലേക്ക് എത്തിനോക്കുന്ന അഞ്ജുമോള്‍ . ഓടിയെത്തുന്നതിനു മുന്നേ അവള്‍ വെള്ളത്തിലേക്ക് വീണു കഴിഞ്ഞു. അവള്‍ താഴ്ന്നു പോകുന്നതിനു മുമ്പ് കിണറ്റിലിറങ്ങി കുഞ്ഞിനെ വാരിയെടുത്ത് പുറത്തെത്തിച്ചു. അവളെനിലത്തു കിടത്തി പ്രഥമ ശുശ്രൂഷ നല്‍കി കുടിച്ചവെള്ളം ഛര്‍ദ്ദിപ്പിക്കുമ്പോള്‍ കാര്യമറിയാതെ അവളുടെ അമ്മയുടെ ഉറക്കെയുള്ള നിലവിളി കേട്ടു. ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും. അവര്‍ക്കു മുന്നില്‍ ലൈംഗിക ദാഹിയായ ഒരു ഭ്രാന്തനായി തന്നെ ചിത്രീകരിക്കുന്ന അഞ്ജുമോളുടെ അമ്മ .

ഭ്രാന്താശുപത്രിയുടെ അഴിക്കുള്ളില്‍ അടക്കപ്പെട്ട് കിടക്കുമ്പോള്‍ മുറ്റത്തെ വെയില്‍പ്പൂക്കള്‍ തന്നെ നോക്കി ചിരിക്കുന്നതായി തോന്നി. അവയെ ഉള്ളിലേക്ക് ക്ഷണിച്ചു കൊണ്ട് കണ്ണടച്ചു കിടന്നു. ആ വേവിലും ചൂടിലും നീറി നീറി ഇല്ലാതാകാനുള്ള അഭിലാഷം മാത്രം അപ്പോള്‍ ഉള്ളില്‍ കനത്തു നിന്നു.
പുറത്ത് ആളനക്കം കേട്ടാണ് കണ്ണുതുറന്നത്. അഴിക്കപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും പായുന്ന നിഴലുകള്‍. ഏതോ അടിയന്തര സാഹചര്യത്തിലെന്ന പോലെ സംഭ്രമം കലര്‍ന്ന മൊഴികള്‍.എഴുന്നേറ്റ് അഴികളില്‍പ്പിടിച്ച് പുറത്തേക്കുനോക്കി കാതോര്‍ത്തു നിന്നു. മാനസികരോഗികളില്‍ ആരോ അഴിക്കുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരിക്കുന്നു. അതിന്റെ സംഭ്രമമാണ് ചുറ്റിനും. മരിക്കണമെന്ന് തോന്നിയിട്ടും അധൈര്യത്താല്‍ ഇതുവരെ അതിനു കഴിയാതിരുന്ന താന്‍ . ചുറ്റിനും ഇരുളടഞ്ഞപ്പോള്‍ ആരായിരിക്കും ആ സാഹസത്തിന് മുതിര്‍ന്നത് ?. അയാള്‍ക്ക് വിഷം എവിടെ നിന്ന് ലഭിച്ചു. ?. മനസ്സ് ചോദ്യ ശരങ്ങളില്‍ വീര്‍പ്പുമുട്ടിയപ്പോള്‍ ഉള്ളില്‍ അയാളോട് അസൂയ തോന്നി .പക്ഷെ ഇപ്പോള്‍ ഉത്തരം കണ്ടെത്തുവാനുള്ള സമയമല്ലെന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

അഴിക്കപ്പുറം ആരുടെയോ പാദപതനങ്ങള്‍ കേട്ട് ജാഗരൂകനായി .തനിക്കുള്ള ആഹാരവുമായി എത്തിയ ആളെക്കണ്ടു. പതിവു കുശലപ്രശ്‌നവുമായി വാതില്‍ തുറന്ന് അയാള്‍ അടുത്തെത്തിയ ഉടനെ അയാളെ തള്ളി മാറ്റി അകത്തേക്കിട്ടു.വാതില്‍ പൂട്ടിപുറത്തേക്കോടി. പുറത്തെ വെളിച്ചം ഏറ്റ് ആദ്യം കണ്ണുകള്‍ മഞ്ഞളിക്കുന്നതായി തോന്നി. പിന്നീട് കണ്ണുകള്‍ പുറത്തെ വെളിച്ചവുമായി പൊരുത്തപ്പെട്ടു.ഡോക്ടര്‍മാരുള്‍പ്പെടെ ആശുപത്രി ജീവനക്കാര്‍ ആത്മഹത്യ ചെയ്ത ആളിന്റെ മുറിക്ക് മുന്നില്‍ കൂടിനില്ക്കുന്നത് കണ്ടു. എല്ലാവരുടേയും ശ്രദ്ധ ആത്മഹത്യ ചെയ്ത ആളിലാണ്. കാവല്‍ക്കാരന്റെ ശ്രദ്ധയില്‍പ്പെടാതെ മതിലുകള്‍ ചാടിക്കടന്ന് പുറത്തേക്ക്ഓടുമ്പോള്‍കാലുകള്‍ക്ക് പതിവിലും കവിഞ്ഞ ആരോഗ്യം ഉണ്ടായിരുന്നു.നന്ദിനി ഇപ്പോള്‍ തന്നെ കാത്ത് കിണറ്റിന്‍ കരയിലുണ്ടാവും.മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് കാലുകള്‍ക്ക് വേഗത കൂട്ടി.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px