LIMA WORLD LIBRARY

വേള്‍ഡ് കപ്പ് കാലത്തെ ആദ്യരാത്രി കഥ – സാക്കിര്‍ – സാക്കി നിലമ്പൂര്‍

കല്ല്യാണത്തിരക്കുകളെല്ലാം കഴിഞ്ഞപ്പോള്‍
പണിക്കാര് വന്ന് പന്തലെല്ലാം അഴിച്ചു തുടങ്ങി.
കിണറ്റിന്‍കരയില്‍ നിന്ന് പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദം.
വലിയ ചെമ്പുകളും മറ്റും കഴുകുകയാണ്.
തൊടിയുടെ ഒരു മൂലയില്‍ കഴിച്ചു കഴിഞ്ഞ കടലാസ് പ്ലേറ്റുകളും ഗ്ലാസുകളും കൂട്ടിയിട്ടിരിക്കുന്നു.
അവിടെ കാക്കകളുടെയും മറ്റും
ബഹളം.
ബിരിയാണിയുടെ നേരിയമണം ഇപ്പോഴും അന്തരീക്ഷത്തിലെ കാറ്റില്‍ തങ്ങിനില്‍ക്കുന്നുണ്ട്.പുതുമണവാട്ടിയെ കാണാന്‍ വന്ന അയല്‍വാസികളുടെ തിരക്കാണ് അകത്ത്.

‘മാല കാണാന്‍ നല്ല വാരിണ്ടല്ലോ… ? ‘
‘മേലെക്കെട്ടിന്റെ
പണി കാണാനും നല്ല രസണ്ട്… ‘
‘കടകവള നല്ല
കട്ടിണ്ട്‌ട്ടൊ…. ‘
‘സാരി എന്തായാലും ഉസാറായിക്ക്ണ്… ‘
അഭിപ്രായങ്ങളുടെ ഘോഷയാത്ര തന്നെ.
അതിനിടയില്‍ പെങ്ങള്‍ വന്നു പറയുന്നത് കേട്ടു.

‘ ഇജ്ജാ സാര്യൊന്ന് മാറ്റ്യോക്ക .
യെത്തര നേരായി
അയ്‌ന്റെ ഉള്ളില്‍ മൂടിക്കെട്ടിങ്ങനെ.?
ചൂട് ട്ക്ക്ണ് ല്ലേ അനക്ക് ?’
അവള്‍ നാണത്തോടെ ചിരിക്കുന്നത് അവന്‍ പുറത്ത്‌നിന്ന് ജനലിനുള്ളിലൂടെ കണ്ടു.

‘ഇന്നാടാ..
ഈ കട്ടഞ്ചായ
പന്തപ്പണിക്കാര്ക്ക് കൊണ്ടോയി
ക്കൊട്ത്താ …’
തൊട്ട് പിറകില്‍ വന്ന് നിന്ന ഉമ്മയെ അവന്‍ കണ്ടില്ല.
താന്‍ അവളെ ഒളിഞ്ഞ് നോക്കുന്നത് ഉമ്മയെങ്ങാനും കണ്ടോ..?
അവന്‍ ജാള്യതയോടെ ചായഗ്ലാസുകള്‍ നിരത്തി വെച്ച സ്റ്റീല്‍തട്ട് കയ്യില്‍ വാങ്ങി.

‘കുഞ്ഞാണ്യേ… ഇന്നാടാ കട്ടഞ്ചായ.’
ഇരുമ്പു കോണിയില്‍ നിന്ന് ടാര്‍പോളിന്‍ ഷീറ്റിന്റെ കെട്ടഴിക്കുന്ന കുഞ്ഞാണിയുടെ നേര്‍ക്ക് അവന്‍ ചായഗ്ലാസുകള്‍ നിരത്തി വെച്ച സ്റ്റീല്‍തട്ട് നീട്ടി.

”ഇന്നാണ് ട്ടോ ഞങ്ങളെ അര്‍ജന്റീനന്റെ കളി…! ‘
കട്ടന്‍ചായ കയ്യില്‍ വാങ്ങി കുഞ്ഞാണി അവനെ ഓര്‍മിപ്പിച്ചു.

‘കളി എന്താണെന്ന്
ഇന്ന് ഞങ്ങള് കാട്ടിത്തര ഇങ്ങക്ക്.
മാണങ്കി മന്ന് കണ്ടോണ്ടി…!’
ഈ വാചകം കുഞ്ഞാണി പറഞ്ഞത് ഒരു വെല്ലുവിളിയുടെ സ്വരത്തിലാണ്.
അത് കേട്ടതും അവന്റെ തലച്ചോറിലൂടെ ഒരു മിന്നല്‍ പാഞ്ഞുപോയി.
ശരിയാണ്.
ഇന്നാണല്ലോ
ആ കളി.
ഫ്രാന്‍സ്
വേള്‍ഡ്കപ്പിന്റെ ഫിക്‌സ്ചര്‍ ഫിഫ പുറത്ത് വിട്ട അന്ന് മുതല്‍ അവനും കൂട്ടുകാരും കാത്തിരിക്കുകയാണീ കളിക്ക് വേണ്ടി.

കാല്‍പന്തുകളിയിലെ രാജാക്കന്‍മാരായ ,
അവന്റെ പ്രണയമായ, അവന്റെ ഹൃദയതാളമായ, ഫുട്‌ബോള്‍ ജീവശ്വാസമാക്കി മാറ്റിയ ബ്രസീല്‍
എന്ന രാജ്യത്തിന്റെ കടുത്ത ഇഷ്ടക്കാരനായ അവന് ,
ബ്രസീലിന്റെ കളി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഹരം ബ്രസീലിന്റെ കൊടിയ ശത്രുക്കളായ
അര്‍ജന്റീനയുടെ കളി കാണുന്നതാണ്.
അര്‍ജന്റീന ജയിക്കുന്നതല്ല.
തോല്‍ക്കുന്നത് കാണാന്‍.
ഹൃദയം കൊണ്ട് ബ്രസീലിന്റെ കളി കാണുന്ന ഓരോരുത്തര്‍ക്കും അതങ്ങനെ തന്നെയാവും
എന്നവന് ഉറപ്പുണ്ട്.
കാല്‍പന്തുകളിയെ അത്രമേല്‍ പ്രണയിക്കുന്നവരാണവര്‍ ബ്രസീലുകാര്‍ .
അതൊരു ഭ്രാന്തായി സിരകളില്‍ പടര്‍ത്തിയവര്‍ ..!
പക്ഷേ, വ്യക്തിഗത മികവുകൊണ്ട് അവനേറ്റവും ഇഷ്ടപ്പെടുന്ന കളിക്കാരന്‍ ഒരു അര്‍ജന്റീനക്കാരനാണ് എന്നതാണ് വിരോധാഭാസം.
ആഫ്രിക്കന്‍ വനാന്തരങ്ങളിലെ സിംഹങ്ങളുടെ കരുത്തോടെ ചീറ്റപ്പുലിയെപ്പോലും ഓടിത്തോല്‍പ്പിക്കുന്ന വേഗതയോടെ കോടികള്‍ വിലമതിക്കുന്ന
പൊന്‍കാലുകള്‍ കൊണ്ട് ചാട്ടുളി പോലെ തുളച്ച് കയറുന്ന ഷോട്ടുകളാലെ
എതിര്‍ഗോള്‍മുഖം വിറച്ച് പോകുന്ന ആക്രമണങ്ങളാല്‍, എതിരാളികളുടെ നെഞ്ചകം പിളര്‍ത്തുന്ന, മനോഹരമായ ലോകോത്തര ഗോളുകള്‍ നേടിയ ഒരേയൊരു കളിക്കാരന്‍.
ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള ഒരേയൊരു ഫുട്‌ബോളര്‍.
എതിരാളികളുടെ കായികബലത്തെ ബുദ്ധി കൊണ്ടും
മെയ് വഴക്കം കൊണ്ടും മറികടന്ന് റോക്കറ്റ് പോലെ കുതിക്കുന്ന ആ വെളുത്ത , കുറിയ മനുഷ്യനെയാണ് അവനേറ്റവും ഇഷ്ടം.ഭൂഗോളം പോലെയുള്ള ഫുട്‌ബോള്‍ കൊണ്ട് മാന്ത്രികത കാണിച്ച് ലോകത്തിന്റെയൊന്നാകെ ഇഷ്ടം പിടിച്ചുപറ്റിയ ഇതിഹാസങ്ങളുടെ ഇതിഹാസമായ
‘ഡീഗോ
അര്‍മാന്റോ
മറഡോണ ‘
എന്ന ഇന്ദ്രജാലക്കാരനായ വെളുത്ത് കുറിയ മനുഷ്യനെ ..!

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അര്‍ജന്റീന എന്ന രാജ്യം കളി ജയിക്കുന്നത് അവന് സങ്കല്‍പിക്കാന്‍ പോലും കഴിയില്ല.
അതെങ്ങനെയാണ് താനിങ്ങനെയായതെന്ന് അത്ഭുതത്തോടെ അവന്‍ ചിന്തിച്ചിട്ടുണ്ട്.
ബ്രസീല്‍ എന്ന രാജ്യത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യത്തെ
ക്കുറിച്ചുള്ള ,
അവരുടെ
കളിചരിത്രങ്ങളെക്കുറിച്ചുള്ള അറിവിന്റെ അക്ഷയഖനിയാണവന്‍.
അത് കൊണ്ട് തന്നെയാവണം പാരമ്പര്യവൈരികളായ അര്‍ജന്റീനയോട്
അവനിത്ര ദേഷ്യം.
അര്‍ജന്റീനയുടെ കറന്‍സിക്ക് മൂല്യം കുറഞ്ഞ വാര്‍ത്ത അവനെ സന്തോഷിപ്പിക്കുന്നതും ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ക്ക് തീപിടിച്ച വാര്‍ത്ത അവനെ ദു:ഖിപ്പിക്കുന്നതും അത് കൊണ്ട് തന്നെ.
ബ്രസീലിന്റെ തകര്‍ച്ചയില്‍ ദു:ഖിക്കുകയും അര്‍ജന്റീനയുടെ തകര്‍ച്ചയില്‍ സന്തോഷിക്കുകയും ചെയ്യുന്ന കോടിക്കണക്കിന് ബ്രസീല്‍ ഇഷ്ടക്കാരുടെ
ഒന്നാംതരം പ്രതിനിധിയാണ് അവന്‍.

”യിന്ന്,
ഇങ്ങള് തോല്‍ക്കും കുഞ്ഞാണ്യേ..
അങ്ങേപ്പൊര്‍ത്ത് ഇംഗ്ലണ്ടാ..
അല്ലാതെ
മേപ്പാടോം പന്തല്ങ്ങലും
ഒന്ന്വല്ല. ..’
അവന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു .

‘കാണാല്ലോ ഞമ്മക്ക്.!’
കുഞ്ഞാണിക്ക് പേടിയൊട്ടുമില്ല.
‘അല്ലാ ..
അനക്ക്ന്ന് കളി കാണാമ്പറ്റൂലല്ലോ.?
ഇന്ന് അന്റെ ആദ്യരാത്ര്യല്ലേ.?’
കുഞ്ഞാണിയുടെ ചോദ്യമവന്റെ മനസ്സില്‍ കയറിയതേയില്ല.

അവന്റെ മനസ്സപ്പോള്‍ അവനൊരിക്കലും കാണാത്ത
അര്‍ജന്റീന ഇംഗ്ലണ്ട് രാജ്യങ്ങളിലൂടെ , അവരുടെ ഫുട്‌ബോള്‍ ചരിത്രങ്ങളിലൂടെയങ്ങനെ സഞ്ചരിക്കുകയായിരുന്നു.
ഫുട്‌ബോളെന്ന മനോഹരമായ
കളിയുടെ
ജന്മഗേഹമാണ് ഇംഗ്ലണ്ടെങ്കിലും
കളിയുടെ തറവാട്ടുകാര്‍ക്ക് വിശ്വപോരാട്ടങ്ങളില്‍ അവരുടെ പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരേയൊരു പ്രാവശ്യമാണവര്‍ കപ്പിന്റെ തിളക്കത്തിലേക്ക് വല കുലുക്കിയത്.
മുന്നില്‍ തങ്ങളെ തടയാന്‍ നില്‍ക്കുന്നവരെയെല്ലാം വെട്ടിയൊഴിഞ്ഞ് പൊടുന്നനെ പുതിയ വേഷപ്പകര്‍ച്ചകളിലേക്ക് കളംമാറി എതിരാളികളുടെ കാലുകള്‍ക്കിടയിലൂടെ മറുവശത്തേക്ക്
പന്ത് തള്ളിക്കൊടുത്ത് ,
തുള്ളിത്തെറിച്ച്
കെട്ടുപൊട്ടിച്ചു ചാടുന്ന അതിമനോഹരമായ കേളീശൈലിക്കുടമകളായ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീന രണ്ട് പ്രാവശ്യമാണ് ആ സുവര്‍ണ വിഗ്രഹം മാറോടണച്ചിട്ടുള്ളത്. ഫോക്ലാന്റ് എന്ന ദ്വീപിന്റെ പേരില്‍ കാലങ്ങളായി യുദ്ധം ചെയ്ത് ഒരുപാട് പേരുടെ ചോരചിന്തി അതിന്റെ പേരില്‍ തന്നെ കൊടിയ ശത്രുക്കളായി മാറിയ അര്‍ജന്റീന – ഇംഗ്ലണ്ട് പോരാട്ടത്തെക്കുറിച്ചാണ് കുഞ്ഞാണി അവനെ ഓര്‍മിപ്പിച്ചത്.
ആ പോരിനാണ് ഫ്രാന്‍സിലെ സ്റ്റേഡിയത്തിലെ ആവേശം പോലെതന്നെ
ഒരു പക്ഷേ അതിലേറെ ആവേശത്തോടെ അവന്റെ ഗ്രാമത്തിലെ അംബേദ്കര്‍ ക്ലബ്ബ് മുറ്റവും സാക്ഷ്യം വഹിക്കുന്നത്.
അവന്റെ കാലുകള്‍ കിരുകിരുത്തു.
ക്ലബ് മുറ്റത്തെ ആരവങ്ങളിലലിയാനായി അവന്റെ ഉള്ള് തുടിച്ചു.

മറഡോണയുടെ കാലം കഴിഞ്ഞിട്ടും പ്രതിഭകള്‍ക്കൊട്ടും പഞ്ഞമില്ലാത്ത അര്‍ജന്റീന.
യേശുകൃസ്തുവിന്റെ രൂപഭാവങ്ങളുമായി എതിരാളികളുടെ പോലും
മനം കവരുന്ന അതുല്യപ്രതിഭയായ
‘മാലാഖ ‘ എന്ന് വിളിപ്പേരുള്ള ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട.
ബുദ്ധികൊണ്ടും കരുത്തു കൊണ്ടും എതിരാളികളെ നിഷ്പ്രഭനാക്കുന്ന ഡീയഗോസിമിയോണി.
ബോക്‌സിംഗ് റിംഗിലെ പോരാളിയെപ്പോലെ പോരാട്ട വീര്യം പ്രകടിപ്പിക്കുന്ന ഒരിക്കലും ക്ഷീണമില്ലാത്ത മനുഷ്യന്‍ എന്നറിയപ്പെടുന്ന
എതിര്‍ഗോള്‍ മുഖത്ത് പ്രകമ്പനം സൃഷ്ടിക്കാന്‍ കഴിവുള്ള റോബര്‍ട്ടോ അയാള.
ഹോളിവുഡ് സിനിമകളിലെ വില്ലന്‍ ഭാവവുമായി എതിരിടാന്‍ വരുന്നവനെ തച്ചുതകര്‍ക്കുന്ന ചിരിക്കാത്ത
മനുഷ്യന്‍ വെറോണ്‍.

മറുവശത്ത്
ഇംഗ്ലണ്ടിന്റെ പോരാളികളും മോശമല്ല.
ബാറിനു താഴെ വിശ്വസ്തതയുടെ ആള്‍രൂപമായി
ചിറക് വിരിച്ച ഫാല്‍ക്കനെപ്പോലെ ഡേവിഡ് സീമാന്‍.
കറുപ്പിന്റെ വന്യമായ കരുത്തോടെ എതിര്‍ നീക്കങ്ങളെ മതില്‍ കെട്ടി തടയുന്ന പോള്‍ ഇന്‍സ്.
ഇരകളെ കാത്ത് ചിലന്തിവല വിരിച്ച പോലെ മൈതാനത്തില്‍ നിറഞ്ഞു കളിക്കുന്ന ബുദ്ധിയുടെ പര്യായം അലന്‍ ഷിയറര്‍ .
വലക്കുള്ളിലേക്ക് മഴവില്ല് പോലെ വളഞ്ഞിറങ്ങുന്ന അത്ഭുതസെറ്റ് പീസുകളിലൂടെ അനേകം ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച, ഇടക്കിടെ മാറുന്ന സ്‌റ്റൈലുകളുമായി യുവാക്കളുടെ മനം കവര്‍ന്ന ഇതിഹാസ താരം സാക്ഷാല്‍ ഡേവിഡ് ബെക്കാം.
കലമാനിനെപ്പോലെ കുതിച്ച് പാഞ്ഞ്
പൊന്‍മാനെപ്പോലെ ഊളിയിട്ടിറങ്ങി പുള്ളിപ്പുലിയെപ്പോലെ വെട്ടിയൊഴിഞ്ഞ് എതിര്‍ വലയില്‍ സൗന്ദര്യമുള്ള ഗോളുകള്‍ നിക്ഷേപിക്കാന്‍ അസാമാന്യ മികവുള്ള കൗമാരക്കാരനായ നിഷ്‌കളങ്കമുഖവുമായി മൈക്കല്‍ ഓവന്‍.

ഇവര്‍ തമ്മിലാണ് കളി .
കളിയെന്ന് ലാഘവത്തോടെ പറഞ്ഞ് നിസ്സാരമാക്കാന്‍ കഴിയില്ല ഇതിനെ .
യുദ്ധമാണ് ..
യുദ്ധം..
ഒന്നുകില്‍ ജയം അല്ലെങ്കില്‍ മരണം എന്ന തരത്തിലുള്ള പൊരിഞ്ഞ യുദ്ധം.!
ആ യുദ്ധമാണിന്ന് നടക്കുന്നത് .
തന്റെ
കല്യാണം,
വേള്‍ഡ്കപ്പ് കഴിഞ്ഞിട്ട് മതിയായിരുന്നു എന്നവന് ശരിക്കും തോന്നി.
അര്‍ജന്റീന തോല്‍ക്കുന്നത് കാണാന്‍, അര്‍ജന്റീനിയന്‍രക്തം കുത്തിവെച്ച കടുത്ത ആരാധകരായ കുഞ്ഞാണിയുടെയും ആശാരിബാബുവിന്റെയും സെല്‍വരാജ് എന്ന അവന്റെ പ്രിയപ്പെട്ട എതിരാളി സാബുവിന്റെയും ചോര വറ്റിയ മുഖങ്ങള്‍ നേരിട്ട്കാണാന്‍ അവന്റെ ഉള്ളം തുടിച്ചു.

രാത്രി ഒമ്പതരക്കാണ് കളി.
പന്ത്രണ്ട് മണിയാവും വീട്ടിലെത്താന്‍.
എന്ത് ചെയ്യും.
എങ്ങനെ പോകും കളിക്ക്.
വേള്‍ഡ് കപ്പിന്റെ ഫിക്‌സ്ചര്‍ നോക്കാതെ വെറുമൊരു കലണ്ടര്‍ മാത്രം നോക്കി കല്യാണം നിശ്ചയിച്ച കാരണവന്‍മാരോട് അവന് അടങ്ങാത്ത പകയും ദേഷ്യവും തോന്നി.
ഒരു നിമിഷം അവന്‍ അവളെക്കുറിച്ചോര്‍ത്തു.
ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളുമായി കയറി വന്ന പെണ്ണിന്റെ തന്റെ വീട്ടിലെ ആദ്യ ദിവസമാണിന്ന്.
മോഹങ്ങള്‍ പൂത്തുലയുന്ന, ഇനിയങ്ങോട്ടുള്ള തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ,
ഓരോ ദമ്പതികളും എന്നുമെന്നും മനസ്സില്‍ താലോലിക്കുന്ന തങ്ങളുടെ ആദ്യരാത്രി.
അപ്പോള്‍ പിന്നെ
എങ്ങനെ പോകും കളിക്ക്…?
ഒരെത്തും പിടിയും കിട്ടുന്നില്ല.
സമയമങ്ങനെ നീങ്ങുകയാണ്.
എട്ടരയായി…!
താഴെ ക്ലബ്ബില്‍ നിന്ന് ആര്‍പ്പുവിളികള്‍ മുഴങ്ങിക്കേള്‍ക്കാം.
‘യെന്താടാ അന്‍ക്കൊര്
കുന്തിര്മ…? ‘
പതിവില്ലാത്ത
അവന്റെ ചലനങ്ങളും പരുങ്ങലും കണ്ട ഉപ്പയാണ്.
അവന്‍ ”ഒന്നുമില്ല..’ എന്ന അര്‍ത്ഥത്തില്‍ തോളുകള്‍ കുടഞ്ഞ് കണ്ണ്ചിമ്മി ചുണ്ടുകൊണ്ട് ഒരു ശബ്ദമുണ്ടാക്കി.
എന്നിട്ട് മെല്ലെ വീടിനുള്ളിലൂടെ ഒന്ന് ചുറ്റിയടിച്ചു.
അടുക്കളയില്‍
പുതിയപെണ്ണിന്റെ പരിഭ്രമത്തോടെ വെപ്രാളം പിടിച്ച മുഖഭാവവുമായി അവളുണ്ട്.

‘യെന്താടാ…?”
അവന്റെ ശരീരഭാഷ കണ്ട ,
ഉമ്മയുടെ വക വീണ്ടും ഉപ്പ ചോദിച്ച അതേ ചോദ്യം

‘ഒന്നൂല്ലമ്മാ..!’
അവന്‍ മെല്ലെ പറഞ്ഞു.

‘നേരാകുമ്പോ ഓളങ്ങട്ട് വെരും. ഇജ്ജ്ങ്ങനെ വടക്ക്ണീക്കൂടെ ചിറ്റിപ്പറ്റി നടക്കണ്ട..’
പെങ്ങളാണ്.

അടുക്കളയിലെ പെണ്ണുങ്ങളെല്ലാം ഉച്ചത്തില്‍ കൂട്ടച്ചിരി ചിരിച്ചു.
അവന്‍ വിളറി വിയര്‍ത്ത് പോയി.

‘ഛെ.. ”
ഇളിഞ്ഞ ഒരു ചിരിയോടെ ജാള്യത മറച്ച് മെല്ലെ അടുക്കളയില്‍ നിന്ന് അവന്‍ വലിഞ്ഞു.
മെല്ലെ പുറത്ത് വന്നു.
കോലായില്‍ ഒരു കസേരയില്‍ ഉപ്പ ഇരിക്കുന്നു. പന്തല്‍പ്പണിക്കാരൊക്കെ പോയിട്ടുണ്ട്. മുറ്റത്തൂടെ കുട്ടികള്‍ ഓടിക്കളിക്കുന്നു.
എന്ത് ചെയ്യും?
താഴെ ക്ലബ്ബില്‍ നിന്നുള്ള വാദപ്രതിവാദങ്ങള്‍ മുറുകി എന്ന് തോന്നുന്നു. ബഹളം ചെറിയ ഒച്ചയില്‍ കേള്‍ക്കാം.
അവന്‍ മെല്ലെ കുന്നിന്‍ മുകളില്‍ നിന്നുള്ള വീട്ടില്‍ നിന്നും
താഴോട്ട് നടന്നു.

‘ യെങ്ങട്ടാടാ ഇജ്ജ്.. ?’
ഉപ്പയാണ്.

‘ ഞാന്‍ തായെപ്പോയി ഇപ്പോ വെരാം.. ‘ അവന്‍ നടന്നു കൊണ്ട് തന്നെ മറുപടി പറഞ്ഞു.

”ഇഞ്ഞി…
എന്നത്തീം മാതിരി നേരം വെഗ്ഗണ്ട .
കൊര്‍ച്ച് ഉത്തരവാദിത്തങ്ങളൊക്കെ ണ്ടായ്‌ക്കോട്ടെ.’
ഉപ്പ അവസാനം പറഞ്ഞത് അവന്‍ ചെറിയ ഒച്ചയിലേ കേട്ടുള്ളൂ.
അപ്പോഴേക്കും അവന്‍ കുറെ താഴെ എത്തിയിരുന്നു.

അവന്‍ ചെന്നപ്പോഴേക്കും ആളുകള്‍ രണ്ട് വിഭാഗമായി തിരിഞ്ഞ് വെല്ലുവിളികള്‍ ആരംഭിച്ചിരുന്നു.
അര്‍ജന്റീന ആരാധകര്‍ ഒരു ഭാഗത്ത്.
ഇംഗ്ലണ്ടുകാരും അര്‍ജന്റീന തോല്‍ക്കണമെന്നാഗ്രഹിക്കുന്നവരും മറുഭാഗത്ത്.

‘യിന്ന്ങ്ങക്ക് മത്യാവും കുട്ട്യേളേ ….’
കടുത്ത ബ്രസീല്‍ ആരാധകനായ ശ്രീനിവാസനാണ്.

‘ഒന്നൂണ്ടാവൂല്ല.
ഇംഗ്ലണ്ടിന് ഇന്ന്
കൊട്ട നെര്‍ച്ച് ഗോള് കൊണ്ടോഗ..’
ആകാശനീലയും വെള്ളയും
വരകളുള്ള അര്‍ജന്റീനാ ജഴ്‌സിയണിഞ്ഞ് ഫിറോസ് എന്ന കടുത്ത അര്‍ജന്റീനാ ആരാധകന്‍ വീറോടെ വാദിച്ചു.

‘ങേ ,പിന്നേ…
ഇന്ന്ങ്ങളെ വളവൊന്നും
നടക്കൂല്ല മക്കളേ….
ഇങ്ങള്ന്ന് കൊര്‍ച്ച്
മുട്ഗടും .’
അവനും ആ ചര്‍ച്ചയില്‍ സജീവമായി.

‘ങേ, ഇജ്ജോ ?
യെട ചെങ്ങായ് ഇന്നന്റെ കല്യാണല്ലെയ്‌ന.?’ അവനെക്കണ്ട് സാബു എന്ന സെല്‍വരാജ് അത്ഭുതത്തോടെ ചോദിച്ചു.

‘അത് ഇജ്ജ് വിട് സാബ്വോ…!
യിന്ന് അര്‍ജന്റീന തോല്‍ക്കും ന്ന് ഞാം….പറീണ് .
അയ്‌ല്ന്താ അന്‍ക്ക്
പറ്യാന്ള്ളത്..? ‘

”അയ്‌ന് കൊര്‍ച്ച്
പുള്‍ച്ചും മനേ ,
ജ്ജൊന്ന് വണ്ടി വിട്ടാ മതി..’ ശൗര്യമൊട്ടും കുറക്കാതെ ആശാരി ബാബുവാണതിന് മറുപടി പറഞ്ഞത്.

ടി വി സ്‌ക്രീനില്‍ ടീമുകളുടെ വിവരങ്ങള്‍ കാണിച്ചു തുടങ്ങി.
ഇരുടീമുകളുടെയും
ആദ്യ പതിനൊന്നില്‍ അണിനിരക്കുന്നത് പ്രഗത്ഭര്‍ തന്നെ.
എല്ലാവരും ഒന്നിളകിയിരുന്നു.
ഡ്രസ്സിംഗ് റൂമില്‍ നിന്ന് രണ്ട് വരിയായി ടീമുകള്‍
ഗ്രൗണ്ടിലേക്ക് വരികയാണ് .

‘ബാറ്റിണ്ട് ..ട്ടൊ ‘
‘വെറോണും.’
‘ഹാവൂ, ക്രെസ്‌പോ
ആക്ക്ണ്.. ‘
ഓരോരുത്തരും തങ്ങളുടെ പ്രിയ താരങ്ങളെ ചൂണ്ടിപ്പറഞ്ഞു.
അര്‍ജന്റീനക്കാരുടെ ആത്മവിശ്വാസം ആകാശത്തോളമുയര്‍ന്നു.

തൊട്ടു പിറകില്‍ അതാ ഗ്രൗണ്ടിലേക്ക് വരുന്നു ഇംഗ്ലണ്ട് .
‘ അലന്‍സിയറര്‍ അതാ…’
‘ആക്ക്ണ് കുട്ട്യേളേ ഞമ്മളെ ബെക്കാമ്.
ഇഞ്ഞ്യെന്തിനാ പേടിച്ച്ണ്..?’
‘ഓവനതാ…
ഞമ്മളെ മുത്ത്.
യെന്താ ഓന്റെര് ചൊര്‍ക്ക്,
ഇന്ന്ങ്ങക്ക് കൊസ്യാവും ‘.

റഫറി ടച്ചിംഗിനുള്ള വിസില്‍ മുഴക്കി.
കളി തുടങ്ങി.
അവന്റെ നാട്ടിലെ ഗ്രാമീണവായനശാല കൂടി ഉള്‍പ്പെട്ട അംബേദ്കര്‍ ക്ലബ്ബിന്റെ മുറ്റം, പാരീസിലെ
പച്ചപുല്‍നാമ്പുകളില്‍ തീ പിടിപ്പിക്കുന്ന ചലനങ്ങളുള്ള സ്റ്റേഡിയത്തെക്കാളും ചൂടുള്ള ഒന്നായി മാറി.
ആയിരമായിരം കണ്ഠങ്ങളില്‍ നിന്നുയരുന്ന തൊണ്ട പൊട്ടുമാറുച്ചത്തിലുള്ള ആര്‍പ്പുവിളികളാല്‍ ശബ്ദമുഖരിതമായ കളി..!
അവിടെ ,
ലോകകപ്പ് നടക്കുന്ന ഫ്രാന്‍സിലെ മൈതാനത്തുള്ളതിനേക്കാള്‍ പതിന്‍മടങ്ങായി ആവേശത്തിന്റെ അഗ്‌നിപര്‍വ്വതലാവ പുറത്തേക്ക് പൊട്ടിയൊഴുകി
ആവി പൊന്തി.
കാല്‍പന്തുകളിയെ നെഞ്ചേറ്റിയ ജനതകള്‍ ഭൂഖണ്ഡങ്ങള്‍ മറന്ന്, അതിര്‍ത്തികള്‍ മറന്ന് ഒന്നാകുന്ന അപൂര്‍വ്വ സുന്ദര നിമിഷങ്ങള്‍ക്ക് ക്ലബ്ബിന്റെ മുറ്റത്തെ
ആ കുഞ്ഞു ജനക്കൂട്ടവും സാക്ഷ്യം വഹിച്ചു.

കളിയുടെ ആറാം മിനുട്ട്.
അര്‍ജന്റീനക്കാരനെ ഫൗള്‍ ചെയ്ത കാരണത്താല്‍ അര്‍ജന്റീനക്കനുകൂലമായി പെനാല്‍ട്ടി സ്‌പോട്ടിലേക്ക് റഫറി വിരല്‍ ചൂണ്ടി.
ഗ്യാലറിയോടൊപ്പം
എല്ലാവരും നിശബ്ദരായി.
കിക്കെടുക്കുന്നത് സൗമ്യനായ ബാറ്റിസ്റ്റ്യൂട്ട .
ബാറിന് താഴെ സകല സമ്മര്‍ദ്ദവുമായി ഇംഗ്ലണ്ടിന്റെ ഗോളി ഡേവിഡ് സീമാന്‍ .
ബാറ്റിക്ക് പിഴച്ചില്ല.
വിശ്വമേളകളില്‍ നൃത്തമാടി സഭാകമ്പം
തീര്‍ന്ന ആ
സുവര്‍ണമുടിക്കാരന്‍ അര്‍ജന്റീനയെ ഒരു ഗോളിന് മുന്നിലെത്തിച്ചു.
ഗോള്‍ നേടിയ ശേഷം
റിയോ-ഡി- ജനീറോയിലെ കൃസ്തുവിന്റെ പ്രതിമയെ അനുസ്മരിപ്പിക്കും വിധം അയാള്‍ കൈകള്‍ മേലോട്ടുയര്‍ത്തി അക്ഷോഭ്യനായി നിന്നു.
നിറഞ്ഞ് കവിഞ്ഞ ഗ്യാലറിയോടൊപ്പം ക്ലബ്ബിന്റെ മുറ്റത്തെ അര്‍ജന്റീനക്കാരും ആര്‍ത്ത് വിളിച്ചു.

‘ഗോ ………..ള്‍ ‘
‘ബാറ്റി …. ഗോള്‍ ‘
അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍.

കളി തുടരുന്നു.
ഒന്‍പതാം മിനിറ്റ്,.
മൈതാനമധ്യത്ത് നിന്നും തുടങ്ങിയ ഇംഗ്ലണ്ടിന്റെ ആക്രമണം അവസാനിച്ചത് അര്‍ജന്റീനയുടെ ബോക്‌സില്‍.
ഗോള്‍ ശ്രമം ഇല്ലാതാക്കാന്‍ ബോക്‌സില്‍ വെച്ച് പ്രതിരോധക്കാരന്‍ വെറോണിന്റെ
കൈവിട്ട കളി.
റഫറി വിസില്‍ നീട്ടിമുഴക്കി.
കാവ്യനീതി പോലെ ഇംഗ്ലണ്ടിനനുകൂലമായി പെനാല്‍ട്ടി .
കിക്കെടുക്കുന്നത് ഇംഗ്ലീഷ് വിശ്വസ്തനായ അലന്‍ ഷിയറര്‍.
ശ്വാസമടക്കി ആരാധകക്കൂട്ടം .
ബാറ്റി ഗോളിന്റെ തനിയാവര്‍ത്തനം പോലെ .!
ഇത്തവണ അലറി വിളിച്ചത് ഇംഗ്ലണ്ടും ബ്രസീലുമടങ്ങുന്ന അര്‍ജന്റീനാ വിരുദ്ധര്‍ .

‘ഗോള്‍ …..’
കളി സമനിലയില്‍…
വീണ്ടും കളി തുടര്‍ന്നു.
കളി, ആവേശത്തിന്റെ എല്ലാ പരിധിയും ലംഘിക്കാന്‍ തുടങ്ങി.
പതിനാറാം മിനിറ്റ്.
കൃത്യതയില്‍
‘ഒമേഗ ‘
വാച്ചിനെപ്പോലും പിന്നിലാക്കുന്ന തരത്തില്‍ മൈക്കല്‍ഓവനെ ലക്ഷ്യമാക്കി
ഡേവിഡ്‌ബെക്കാമിന്റെ അളന്ന് മുറിച്ച ക്രോസ്.
കൗമാരത്തിന്റെ ചോരത്തിളപ്പുമായി ഒരു സര്‍ക്കസുകാരന്റെ
മെയ്യഭ്യാസവുമായി മൈക്കല്‍ ഓവനെന്ന പതിനാറുകാരന്‍ അര്‍ജന്റീന ഗോള്‍ മുഖം ലക്ഷ്യമാക്കി ഇരമ്പിക്കയറി.
മുന്നില്‍ വന്ന പ്രതിരോധക്കാരെ മാന്ത്രിക ചലനങ്ങള്‍ കൊണ്ട് വെട്ടിയൊഴിഞ്ഞ് ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് വെടിച്ചില്ല് കണക്കേ പന്ത് പറന്നിറങ്ങി.
അതിമനോഹരമായ
മാസ്മരിക ഗോള്‍ .
ലോകമൊട്ടാകെയുള്ള അര്‍ജന്റീനാ ആരാധകരുടെ നെഞ്ചിലേക്ക് തുളച്ചു കയറിയ തീയുണ്ടയായി ആ ഗോള്‍മാറി.
പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തോടൊപ്പം അംബേദ്ക്കര്‍ ക്ലബ്ബും പരിസരവും പൊട്ടിത്തെറിച്ചു…

‘ഗോ…………….ള്‍ ‘
ഇംഗ്ലണ്ട് വീണ്ടും ഒരു ഗോളിന് മുന്നില്‍ .

ആവേശത്തിരമാലകള്‍ മാറി മറിഞ്ഞ് കളിയുടെ ആദ്യ പകുതി കഴിഞ്ഞു.

‘എന്തായിപ്പൊ ?
തോറ്റ്‌ലേ…?
‘യെടാ…
ഇദ് ഇങ്ങളെ കഞ്ചാവടിക്കാരന്‍ മര്‍ഡോണ കജ്ജോണ്ട് ഗോളട്ച്ച് തോല്‍പിച്ചെ പഴേ ഇംഗ്ലണ്ടല്ല..!
ഞങ്ങളെ മുത്ത് ഡേവിഡ്‌ബെക്കാമിന്റെ ഇംഗ്ലണ്ടാ …
നല്ലോണം കെര്തിക്കോളിം. ‘
ഇംഗ്ലണ്ടുകാരോടൊപ്പം ചേര്‍ന്ന് ബ്രസീലുകാരും അര്‍ജന്റീനക്കാരുടെ തൊലിയുരിക്കുകയാണ്.

‘നിക്കീം ങ്ങള്.
അയ്‌ന് കളി കയ്ഞ്ഞ്ട്ട്ല്ലല്ലോ.
കളി കയ്ഞ്ഞ്ട്ട് പറീം.. !
ഞങ്ങളെ
കോച്ച് ,
ഡാനിയല്‍ പാസറെല്ലേണ്…!
അല്ലാതെ
വെട്ടിക്കാട്ടിരി സുകുമാരനല്ല.’
അര്‍ജന്റീനക്കാരും വിട്ടുകൊടുക്കുന്നില്ല. അവര്‍ ആത്മവിശ്വാസത്തില്‍ തന്നെയാണ്.

അങ്ങനെ കളിയുടെ രണ്ടാം പകുതി ആരംഭിച്ചു.
ഇംഗ്ലണ്ടിന്റെ ബോക്‌സിനു മുന്നില്‍ നിന്ന് അര്‍ജന്റീനക്കനുകൂലമായി ഒരു ഫൗള്‍ കിക്ക്.
കിക്കെടുക്കുന്നത് റോബര്‍ട്ടോ അയാള .
നേരെ പോസ്റ്റിലേക്കടിക്കുമെന്ന പരമ്പരാഗത വിശ്വാസത്തില്‍ അയാളക്കു മുന്നില്‍ ഇംഗ്ലണ്ടിന്റെ മനുഷ്യമതില്‍.
പക്ഷേ,
അയാള, സമര്‍ത്ഥമായി പന്ത് ജാവിയര്‍ സനേറ്റിക്ക് പാസ് ചെയ്തു.
സനേറ്റിയുടെ നിലംപറ്റെയുള്ള ഷോട്ട് ഇംഗ്ലണ്ടിന്റെ ജയമെന്ന സ്വപ്നത്തിനു മീതെ വെള്ളം കോരിയൊഴിച്ചു.
ജയമുറപ്പിച്ച് നിന്ന ഇംഗ്ലണ്ട് – ബ്രസീല്‍ ആരാധകരടങ്ങുന്ന അര്‍ജന്റീനാ
വിരുദ്ധചേരി സ്തബ്ധരായി.
പിന്നീട് അര്‍ജന്റീനയുടെ കളി മാറി.
സമനില പിടിച്ച അവര്‍ ആര്‍ത്തിരമ്പുന്ന തിരമാലകള്‍ കണക്കെ ഇരമ്പിക്കയറി.
അര്‍ജന്റീനക്കാരുടെ പോരാട്ടവീര്യം കണ്ട് എതിരാളികള്‍ അമ്പരന്നു നിന്നു.
കളി കയ്യാങ്കളിയിലേക്ക് നീളാന്‍ അധികം താമസമുണ്ടായില്ല.
ഡീയഗോ സിമിയോണിയുടെ മാരകമായ ഫൗളില്‍ ഡേവിഡ്‌ബെക്കാം താഴെ വീണു.
ഗ്യാലറിയിലെ ജനക്കൂട്ടത്തോടൊപ്പം ക്ലബ് മുറ്റത്തെ ആരാധകരും ഒന്നിച്ചെഴുന്നേറ്റു.
റഫറി വിസില്‍ മുഴക്കി.
മാരകമായ ഫൗളില്‍ വീണ് കിടന്ന ബെക്കാമിന്റെ വിവേകം വികാരത്തിനു വഴിമാറി.
ബെക്കാം കിടന്നു കൊണ്ട് തന്നെ സിമിയോണിയെ തിരിച്ചു ചവിട്ടി .
രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങിയ ബെക്കാമിന് നേര്‍ക്ക് റഫറി മടിയൊട്ടും കൂടാതെ രക്തവര്‍ണമാര്‍ന്ന കാര്‍ഡ് ഉയര്‍ത്തിക്കാണിച്ചു.
ഇംഗ്ലണ്ടിന്റെ ശവപ്പെട്ടിയില്‍ ഒരാണി കൂടി തറച്ച് ഇതിഹാസ താരം കരഞ്ഞ് കൊണ്ട് ഗ്രൗണ്ടിന്പുറത്തേക്ക്. മെല്ലെ നടന്നു കയറി.
കളി 2 – 2
എന്ന സ്‌കോറില്‍ സമനിലയില്‍ അവസാനിച്ചു.
ഒടുവില്‍ കാണികളെ സമ്മര്‍ദ്ദത്തിന്റെ ഉത്തുംഗതയിലേക്ക് എത്തിക്കുന്ന ഏവരുടെയും ഹൃദയതാളം പോലും നിലച്ച് പോകുന്ന പെനാല്‍ട്ടി ഷൂട്ടൗട്ടിന് തീരുമാനമായി.

ആദ്യം കിക്കെടുത്തത് അര്‍ജന്റീന .
സമ്മര്‍ദ്ദം അതിജീവിച്ച് ആദ്യഗോള്‍ വീണു.
ഇംഗ്ലണ്ടിനു വേണ്ടി ആദ്യ കിക്കെടുത്ത ഷിയറര്‍ക്കും പിഴച്ചില്ല.
ഗോള്‍ തന്നെ.
അടുത്ത കിക്ക്
ഹെര്‍നാന്‍ ക്രെസ്‌പ്പോ.
ആത്മവിശ്വാസത്തോടെ സീമാന്‍.
ഇടതുഭാഗത്തേക്ക് വന്ന ദുര്‍ബലമായ ഷോട്ട് സീമാന്‍ നിസാരമായി കുത്തിയകറ്റി.

‘ഐ….ശ്….’
ക്രെസ്‌പ്പോയോടൊപ്പം കുഞ്ഞാണിയും ആശാരി ബാബുവും സെല്‍വരാജെന്ന സാബുവും നിരാശയോടെ തലയില്‍ കൈവെച്ചു പോയി.

എന്നും കളിമൈതാനങ്ങളില്‍ വംശീയ വിദ്വേഷമേറ്റ് വാങ്ങാന്‍ വിധിക്കപ്പെട്ട , കറുത്തവന്റെ പ്രതിനിധി പോള്‍ഇന്‍സായിരുന്നു അടുത്ത പരീക്ഷണ വസ്തു. ചിരവൈരികളുടെ കൊടുംയുദ്ധത്തിന്റെ
സമ്മര്‍ദ്ദം താങ്ങാന്‍ അയാള്‍ക്കുമായില്ല .
ക്രെസ്‌പ്പോയുടെ കിക്കിന്റെ റീപ്ലേ പോലെ ഇന്‍സിന്റെ കിക്ക് .
വീണ്ടും സമനില.
സ്റ്റേഡിയവും
ക്ലബ്ബ്പരിസരവും ഒരേ പോലെ പ്രാര്‍ത്ഥനകളാല്‍ നിറഞ്ഞു.
പിന്നീട് അര്‍ജന്റീനക്കായി വന്ന വെറോണും ഗെല്ലോര്‍ഡോയും ഇംഗ്ലണ്ടിനായി വന്ന ഓവനും മെര്‍സനും ഗോള്‍ നേടി സമ്മര്‍ദ്ദത്തെ അതിജീവിച്ചവരുടെ പട്ടികയില്‍ ഇടം നേടി .
പെനാല്‍ട്ടി ഷൂട്ടൗട്ടിലും സമനില തന്നെ…!

അര്‍ജന്റീനക്ക് വേണ്ടി
നിര്‍ണായകമായ
അവസാന കിക്കെടുക്കാനായി
വെറോണ്‍ വരുന്നു.
മുഖത്ത് നിര്‍വികാരഭാവം.
അയാള്‍ പന്ത് പെനല്‍ട്ടി സ്‌പ്പോട്ടില്‍ വെച്ചു.
രണ്ടടി പിന്നിലേക്ക് നടന്നു.
റഫറി വിസിലൂതി. വെറോണിന്റെ ശക്തമായ
ഇടങ്കാലനടി വലയില്‍ ചുംബിക്കുന്നത് നിസ്സഹായനായി ഇംഗ്ലണ്ടിന്റെ ഗോളി ഡേവിഡ് സീമാന്‍ നോക്കി നിന്നു.
അവസാനമായി ഇംഗ്ലണ്ടിനു വേണ്ടി കിക്കെടുക്കുന്നത് ടീമില്‍ അധികം അറിയപ്പെടാത്ത കളിക്കാരനായ
ഡേവിഡ് ബാസി.
പേരില്‍ മാത്രമേ അയാള്‍ക്ക് ബെക്കാമുമായി സാദൃശ്യമുണ്ടായിരുന്നുള്ളൂ. ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായ
ഡേവിഡ് ബെക്കാമെന്ന
അതുല്യ പ്രതിഭയുടെ വില ഇംഗ്ലണ്ട് അറിഞ്ഞ നിമിഷമായിരുന്നു അത്.
ബാസിയുടെ ശരീരഭാഷ തന്നെ പരാജിതന്റെതായിരുന്നു. അതിസമ്മര്‍ദ്ദം താങ്ങാനാവാതെ എടുത്ത
അയാളുടെ ദുര്‍ബലമായ ഷോട്ട് അര്‍ജന്റീനഗോളി ഒരു അപ്പൂപ്പന്‍താടി പോലെ നിസാരമായി പിടിച്ചെടുത്തു.
ബാസിയെടുത്ത
ആ അവസാന
പെനല്‍ട്ടി കിക്ക്,
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ഇംഗ്ലീഷുകാരുടെ കണ്ണിലേക്ക് കൂരിരുട്ടായി പടര്‍ന്ന് കയറി…!

മൈതാനത്തിന്റെ ഓരത്തിരുന്ന ഡാനിയല്‍ പാസറല്ലയും കൂട്ടരും ആഹ്‌ളാദാരവങ്ങളോടെ മൈതാനമധ്യത്തിലേക്ക് പാഞ്ഞടുത്തു.
ക്ലബ്ബ് മുറ്റവും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ തന്നെ അര്‍ജന്റീനക്കാര്‍ കീഴടക്കി.
ഏങ്ങിയേങ്ങി കരഞ്ഞ് കയറിപ്പോവുന്ന കൗമാരക്കാരന്‍ മൈക്കല്‍ ഓവന്‍ ഫ്രാന്‍സ്
വേള്‍ഡ്കപ്പിന്റെ മറക്കാനാവാത്ത നൊമ്പരക്കാഴ്ചയായി മാറി.
ലോകഫുട്‌ബോളിനെ കാല്‍ക്കീഴിലാക്കണമെന്ന മോഹത്തോടെ ഫ്രാന്‍സില്‍ വിമാനമിറങ്ങിയ ഫുട്‌ബോളിന്റെ ജന്‍മനാട്ടില്‍ നിന്ന് വന്ന ബെക്കാമും കൂട്ടരും നിരാശരായി തിരിച്ചുകയറുമ്പോള്‍ കോച്ചിനെ എടുത്ത് ഉയരത്തിലേക്കെറിഞ്ഞ് ആഹ്‌ളാദനൃത്തം തുടങ്ങിയിരുന്നു അര്‍ജന്റീനക്കാര്‍ .!

പരിഹാസച്ചിരിയോടെ തന്നെ നോക്കുന്ന കുഞ്ഞാണിയോടും ആശാരി ബാബുവിനോടും സാബുവിനോടും
‘ഇങ്ങള്…. ദൈര്യണ്ടങ്കി, ഞങ്ങളെ ബ്രസീലിനോടൊന്ന് മുട്ടി നോക്ക്യെടാ. ‘
എന്ന സ്ഥിരം വാചകവുമായി അര്‍ജന്റീന ജയിച്ച
നിരാശയുമായി തലകുനിച്ച് അവന്‍ വീട്ടിലേക്കുള്ള കയറ്റം നടന്നു കയറുമ്പോള്‍ സമയം രാത്രി കൃത്യം പന്ത്രണ്ടര .

ചില വീടുകളൊഴിച്ചാല്‍ എവിടെയും ലൈറ്റില്ല.
വഴിയില്‍ തട്ടിത്തടഞ്ഞ് എങ്ങനെയൊക്കെയോ വീടിനടുത്തെത്തി.
പുറത്ത് നാല്പതിന്റെ ഒരു ബള്‍ബ് കത്തുന്നു.
എല്ലാവരും നല്ല ഉറക്കത്തിലാണെന്ന് തോന്നുന്നു.
അവന്‍ വാതിലില്‍ തട്ടണോ വേണ്ടയോ എന്ന ചിന്തയിലാണ്.
രണ്ടും കല്‍പിച്ച് അവന്‍ വാതിലില്‍ തൊട്ടതും .
അത്ഭുതം..!
വാതില്‍ മെല്ലെ ചാരിയിട്ടേയുള്ളൂ. ലോക്ക് ചെയ്തിട്ടില്ല.
കോലായിലതാ ഉപ്പ ഒരു കസേരയിലിരിക്കുന്നു.

‘ യെവടെയ്‌നെടാ ഇത്തരീം നേരം ഇജ്ജ്..?.’
ഘനഗംഭീര ശബ്ദത്തിലുള്ള ഉപ്പയുടെചോദ്യം.

‘ഞാന്പ്പാ
പന്ത്കളി കാണാം പോയതാ…! ‘
വളരെ പതുക്കെയാണവന്റെ മറുപടി.

”യെട, കുതരേ…!
അന്റെ , കല്യാണല്ലെയ്‌നോ ഇന്ന്…?
അന്നോട് ഞാം പര്‍ഞ്ഞതല്ലേ നേരത്തേ വെരണംന്ന്..?’
ഉപ്പ ഒച്ചയെടുത്തു.

അല്‍പനേരം ആലോചിച്ച് നിന്ന് അവന്‍ പറഞ്ഞു.
‘അതേയ് ,
ഇപ്പാ…
ഇഞ്ചെ പെണ്ണ്ങ്ങള്,
ഇഞ്ഞി ജീവിതകാലം
മുയുവനും
ഇഞ്ചെ ഒപ്പം തന്നെണ്ടാകും.
ഓളെ ഞാം കെട്ടിക്കൊട്ന്നതല്ലേ…? പഷേ ….,’
അവനൊന്ന് നിര്‍ത്തി.

‘അര്‍ജന്റീനീം ഇംഗ്ലണ്ടും
ഇഞ്ഞി ഒര് ലോകകപ്പില് പരസ്പരം കള്‍ച്ചോളണംന്നില്ല.
അത്… ങ്ങക്കറ്യോ..?’

മകന്റെ ഫുട്‌ബോള്‍ ഭ്രാന്ത് കണ്ട്
ഞെട്ടി അന്ധാളിച്ച് പോയ
ഉപ്പയുടെ മുഖഭാവം ശ്രദ്ധിക്കാതെ അവന്‍ മെല്ലെ അകത്തേക്ക് നടന്നു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px