ആര്‍ത്തങ്ങലച്ചു വന്നെത്തുന്ന പേമാരി
ആരവമായ് മണ്ണിനെ പുല്കവേ
ആകെക്കുളിര്‍ന്നു വിറയ്ക്കിലും ഭൂമിക്കി-
താമോദ,മെത്തിയാല്‍ കര്‍ക്കിടകം
വീശിയടിക്കുന്ന കാറ്റിന്‍കുറുമ്പിതി-
ലൂഞ്ഞാലിലാടും തരുനിരകള്‍
ഇത്തിരി കൊഞ്ചലോടെത്തിനോക്കുന്നിതാ
കൊച്ചിളം വെയിലുമിടയ്ക്കു മെല്ലെ
പഞ്ഞമാസം എന്നു ചൊല്ലി പണ്ടുള്ളവര്‍
ഇല്ലാ കൃഷികള്‍, വിളവുകളും
എങ്ങും ദുരിതവും രോഗവുമെത്തവേ
ഉണ്ടായി സങ്കടക്കാഴ്ചകളും
രാമകഥാപുണ്യമെങ്ങുമൊഴുകുന്നു
രാമായണമാസമല്ലോ ഇത്
ക്ഷേത്രാങ്കണങ്ങള്‍, ഗൃഹങ്ങളും നാമത്താ-
ലാകെ മുഖരിതം, ഭക്തിമയം. .
പിതൃബലിയുടെ നാളുകളെത്തുന്നു
കര്‍ക്കിടകത്തില്‍ കറുത്തവാവില്‍
കര്‍ക്കിടകക്കുളി, ഔഷധസേവയെ-
ന്നൊത്തിരി ആചാരമുണ്ടിനിയും
പൊന്നിന്‍ കസവുമണിഞ്ഞുവരുന്നൊരു
ചിങ്ങത്തിനെ വരവേല്ക്കുവാനായ്
എങ്ങും വിശുദ്ധിയാക്കീടുവാന്‍ പെയ്ത്തിനാ-
ലിങ്ങിതാ വന്നല്ലോ കര്‍ക്കിടകം
മണ്ണിനെയൊന്നങ്ങറിഞ്ഞു വസിച്ചു പ-
ണ്ടുള്ളവര്‍ സ്വസ്ഥ,മാരോഗ്യമോടെ
മുന്നേറിടുന്നതിനൊപ്പം പഴമ തന്‍
നന്മയുകളുള്‍ക്കൊള്ളിലെത്ര കേമം.











