മുഖത്തു പതിച്ച തണുത്ത വെള്ളത്തുള്ളിയുടെ സ്പർശത്തിൽ ബിജു ഞെട്ടി കണ്ണുകൾ തുറന്നു. കൂരാക്കൂരിരുട്ട്. വള്ളം മെല്ലെ ഉലയുന്നുണ്ട്. മൂക്കറ്റം മദ്യപിച്ച് അയാൾ തളർന്നുകിടക്കുകയായിരുന്നു. വള്ളം ഒഴുകിപ്പോകുന്നതുപോലെ അയാൾക്കു തോന്നി. സ്വാഭാവികം പൊതുവെ മദ്യപിച്ച് വള്ളത്തിൽ കിടന്നാൽ ഇങ്ങനെയൊക്കെ തോന്നാറുള്ളതാണ്. അയാൾ വീണ്ടും മാനം നോക്കിക്കിടന്നു.
തോണിയുടെ വേഗം കൂടിവരുന്നത് പോലെ, ചുറ്റും വെള്ളം അലതല്ലുന്ന ഭയങ്കര ശബ്ദം . പെട്ടെന്നാണ് ഭാരമുള്ള എന്തോ ഒന്ന് വള്ളത്തിൽ വന്നിടിച്ചത്. അതിന്റെ ആഘാതത്തിൽ വള്ളം ആടിയുലഞ്ഞ് ഒരു വശത്തേക്കു ചെരിഞ്ഞു. ബിജു പരിഭ്രാന്തിയോടെ വള്ളത്തിന്റെ ഇരുവശങ്ങളിലും മുറുകെപ്പിടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്കു മനസ്സിലാകുന്നില്ല . ഏറെ ഭയത്തോടെ അയാൾ പോക്കറ്റിൽനിന്ന് ഫോണെടുത്തു നോക്കി.
“ഹോ നെറ്റ്‌വർക്കില്ല!”
മൊബൈലിലെ ടോർച്ച് തെളിച്ച് മുന്നിലേക്കു വെളിച്ചം വീശിയതും ബിജു ഭയന്നലറി. വള്ളം ഒരു കയത്തിലേക്കു കൂപ്പുകുത്തുകയാണ്! എങ്ങനെയെങ്കിലും വള്ളം തിരിച്ചുവിടാൻ അയാൾ വെപ്രാളത്തോടെ തുഴ തിരഞ്ഞു പക്ഷേ വള്ളത്തിൽ തുഴയില്ല! താൻ എവിടെയെത്തിയെന്നുപോലും അറിയാതെ, ചുറ്റും ഇരമ്പുന്ന വെള്ളത്തിനു നടുവിൽ അയാൾ നിസ്സഹായനായി.
മണിക്കൂറുകൾക്കു മുൻപ് കൈയിലൊരു മദ്യക്കുപ്പിയുമായാണ് ബിജു കടവിലെത്തിയത്. മൂക്കറ്റം മദ്യപിച്ചശേഷം കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിൽ കയറി, ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി, ഏതോ പാട്ടിന്റെ വരികൾ നീട്ടിപ്പാടി അങ്ങനെ കിടന്നതാണ്.
പെരിയാറിന്റെ തീരത്ത് കൊടുംകാട് ഇടതൂർന്നുനിൽക്കുന്ന ഏതോ ഭാഗത്താണ് താൻ അകപ്പെട്ടിരിക്കുന്നതെന്ന് ബിജുവിനു തോന്നി. പക്ഷേ, ഇരുട്ടിൽ സ്ഥലം തിരിച്ചറിയാനായില്ല. ഒഴുക്കിൽപ്പെട്ട വള്ളം ആടിയുലഞ്ഞ് കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു. മദ്യലഹരി വിട്ടുമാറാത്തതിനാൽ ഒന്ന് നേരെ എഴുന്നേറ്റിരിക്കാൻപോലും അയാൾക്കു കഴിയുന്നില്ല. വെള്ളത്തിലേക്കു ചാടി നീന്തി രക്ഷപ്പെട്ടാലോ എന്നു തോന്നിയെങ്കിലും, ചുറ്റുമുള്ള ശക്തമായ ഒഴുക്കിന്റെ ഇരമ്പൽ കേട്ടപ്പോൾ ധൈര്യം ചോർന്നു. വള്ളത്തിന്റെ വശങ്ങളിൽ മുറുകെപ്പിടിച്ച്, ശ്വാസമടക്കി ബിജു കിടന്നു.
വലിയൊരു പാറക്കെട്ടിൽ ഇടിച്ച് വള്ളം ഒരു വശത്തേക്കു ചെരിഞ്ഞു. ബിജു ഒരുവിധം പിടിവിടാതെ ശരീരം താങ്ങിനിർത്തി. മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പരതിയെങ്കിലും തുഴയായി ഉപയോഗിക്കാൻ ഒരു കമ്പുപോലും കണ്ടില്ല. അവസാന പ്രതീക്ഷയോടെ ആർക്കൊക്കെയോ സന്ദേശങ്ങളയയ്ക്കാൻ ശ്രമിച്ചു. ഒന്നും പോകുന്നില്ല. അതിനിടെ ചാർജ് തീർന്ന് മൊബൈലും ഓഫായി. ശേഷിച്ച ആ ഇത്തിരിവെട്ടവും അണഞ്ഞതോടെ വീണ്ടും കനത്ത ഇരുട്ട്.
എന്നാലും വള്ളം കടവിൽനിന്ന് എങ്ങനെ നീങ്ങി? കുറ്റിയിൽ കെട്ടിയിട്ടിരുന്നതാണല്ലോ! കെട്ട് തനിയെ അഴിഞ്ഞുപോയോ? അതോ ആരെങ്കിലും അഴിച്ചുവിട്ടതാകുമോ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അയാളുടെ ഭയം കൂട്ടി. അപ്പോഴാണ് ദൂരെ ഒരു മങ്ങിയ വെട്ടം കണ്ടത്.
“രക്ഷിക്കണേ…!”
ആ വെളിച്ചത്തിലേക്കു നോക്കി ബിജു തൊണ്ടപൊട്ടുമാറ് വിളിച്ചു. മറുപടിയുണ്ടായില്ല. വെള്ളത്തിന്റെ ഇരമ്പലിൽ അയാളുടെ നിലവിളി അലിഞ്ഞുപോയി.
പെട്ടെന്ന് മറ്റൊരു പാറയിൽ ശക്തിയായി ഇടിച്ച് വള്ളം കീഴ്മേൽ മറിഞ്ഞു. പിടിവിട്ട ബിജു വെള്ളത്തിലേക്കു തെറിച്ചുവീണു.
വെള്ളത്തിൽ മുങ്ങിത്താണ ബിജു ഒരുവിധം കൈകാലുകളിട്ടടിച്ച് പൊങ്ങിവന്നു. ശ്വാസത്തിനായി പിടഞ്ഞുകൊണ്ട് ഇരുട്ടിലൂടെ ലക്ഷ്യമില്ലാതെ നീന്തി. തീരം എത്ര ദൂരെയാണെന്നോ ഏതു ദിശയിലാണെന്നോ അറിയില്ല. എങ്ങനെയെങ്കിലും കരപറ്റണമെന്ന ചിന്തയിൽ അയാൾ കൈകാലുകളിട്ടടിച്ചു. ഇടയ്ക്കു കാലുകൾ താഴേക്കു നീട്ടിനോക്കി. ഇല്ല, നിലം തൊടുന്നില്ല.
വീണ്ടും കുറേ ദൂരം നീന്തി. ഇടയ്ക്കു തല ഉയർത്തി ഉറക്കെ നിലവിളിച്ചു. കൊടുംകാടിനോടു ചേർന്ന ആ പുഴയിൽ, അതും നട്ടപ്പാതിരയ്ക്ക്, തന്റെ നിലവിളി ആര് കേൾക്കാൻ!
പതിയെ കൈകാലുകൾ കുഴഞ്ഞുതുടങ്ങി. ഓരോ തവണ മുങ്ങിപ്പൊങ്ങുമ്പോഴും ശ്വാസമെടുക്കാൻ അയാൾ പാടുപെട്ടു. ഒഴുക്കിനെ ചെറുക്കാനാകാതെ ശരീരം വെള്ളത്തിനൊപ്പം നീങ്ങി.
ഇനിയൊരു തിരിച്ചുവരവില്ലേ?
ഭാര്യയുടെയും മക്കളുടെയും മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു. മദ്യപിച്ച് വീട്ടിലെത്തി എത്രയോ രാത്രികളിൽ ഭാര്യയോടു വഴക്കിട്ടിരിക്കുന്നു. ഒരിക്കൽ അവളെ തല്ലുന്നതു കണ്ട് പേടിച്ച് ഒതുങ്ങിനിന്ന മക്കളുടെ മുഖങ്ങൾ ശ്രദ്ധിച്ചിട്ടുപോലുമില്ല.
എന്നിട്ടും അവൾ എല്ലാം സഹിച്ച്, മക്കളെയും തന്നെയും നോക്കി ജീവിച്ചു.
ഈ മരണം തനിക്കു വിധിക്കപ്പെട്ടതുതന്നെയാണോ?
എല്ലാം ഒന്നു തിരുത്താൻ, മാപ്പു പറഞ്ഞ് അവളെയും മക്കളെയും നെഞ്ചോടു ചേർക്കാൻ, ഇനി ഒരു തിരിച്ചുപോക്കുണ്ടാകുമോ?
നെഞ്ച് പൊട്ടിപ്പോകുന്നതുപോലെ തോന്നി. ശ്വാസത്തിനായി വായ തുറന്നപ്പോൾ വെള്ളം അകത്തേക്കു കയറി. കൈകൾ ഉയർത്താൻപോലും കഴിയുന്നില്ല.
അതിനിടയിലാണ് ഒഴുക്കിൽപ്പെട്ട ശരീരം വെള്ളത്തിലേക്കു ചാഞ്ഞുനിന്ന ഒരു മരത്തിൽ ചെന്നിടിച്ചത്. കൈയിൽ തടഞ്ഞ കൊമ്പിൽ അയാൾ സർവശക്തിയുമെടുത്ത് മുറുകെപ്പിടിച്ചു. വലിഞ്ഞുകയറാൻ ശ്രമിച്ചെങ്കിലും തളർന്ന ശരീരം വഴങ്ങിയില്ല. തല മാത്രം വെള്ളത്തിനു മുകളിലേക്കുയർത്തി, ശേഷിച്ച ശബ്ദത്തിൽ അയാൾ കരഞ്ഞുവിളിച്ചു.
“അമ്മേ… അയ്യോ… ആരെങ്കിലും രക്ഷിക്കണേ…”
പിടി അയഞ്ഞുപോകാതിരിക്കാൻ അയാൾകൊമ്പിൽ മുറുകെപ്പിടിച്ചു വലിഞ്ഞു കയറി കൊമ്പിന് കുറുകെ കിടന്നു പിന്നെ എപ്പോഴോ കാഴ്ച മങ്ങി കണ്ണിൽ ഇരുൾ വീണു.
“ബിജൂ… ബിജൂ… കണ്ണു തുറക്ക്!”
ആരോ തട്ടിവിളിക്കുന്നതു കേട്ടാണ് ബിജു കണ്ണുതുറന്നത്.
മങ്ങിയ കാഴ്ചയിൽ ആദ്യം തെളിഞ്ഞത് ചുറ്റും നിന്നിരുന്നവരുടെ വെള്ളവസ്ത്രങ്ങളാണ്. അയാൾ കണ്ണുകൾ ചിമ്മി വീണ്ടും നോക്കി.
താൻ എവിടെയാണ്? മറ്റേതെങ്കിലും ലോകത്തെത്തിയോ?
ബിജു എഴുന്നേൽക്കാൻ ശ്രമിച്ചു.
“എന്റെ മക്കളെവിടെ? എനിക്കു വീട്ടിൽ പോകണം…”
“അവിടെ അടങ്ങിക്കിടക്ക്!”
ഗാംഭീര്യമാർന്ന ആ ശബ്ദം കേട്ട് അയാൾ ഞെട്ടി.
“മൂക്കറ്റം മദ്യം മോന്തുമ്പോൾ ഇതൊക്കെ ഓർക്കണമായിരുന്നു!”
ബിജുവിന്റെ കണ്ണുകൾ നിറഞ്ഞു.
“ഞാൻ മരിച്ചോ? ഇത് സ്വർഗ്ഗമാണോ?”
ളോഹ ധരിച്ച ഒരാൾ അടുത്തേക്കുവന്നു. അദ്ദേഹം ബിജുവിന്റെ തോളിൽ കൈവച്ച് പതിയെ കിടത്തി.
“നീ ഇപ്പോൾ ദൈവസന്നിധിയിലാണ്. കാലം നിന്നെ ഇവിടെ എത്തിച്ചു.”
ബിജു ഭയത്തോടെ ചുറ്റും നോക്കി.
“ഇത്… സ്വർഗ്ഗമാണോ? അതോ നരകമോ?”
അദ്ദേഹം ഒന്നു പുഞ്ചിരിച്ചു.
“ഇതൊരു ഇടത്താവളമാണ്. ഇവിടെനിന്നു സ്വർഗ്ഗത്തിലേക്കും പോകാം, നരകത്തിലേക്കും പോകാം. ഏതു വഴിയിലൂടെ പോകണമെന്ന് നിനക്കു തീരുമാനിക്കാം.”
ബിജു ഒന്നും മിണ്ടാതെ അദ്ദേഹത്തെ നോക്കിക്കിടന്നു.
“അച്ഛാ!”
പെട്ടെന്ന് മക്കളുടെ ശബ്ദം കേട്ടു. അവർ പുറത്തുനിന്ന് ജനലിലൂടെ അകത്തേക്കു നോക്കുകയായിരുന്നു.
“അപ്പോൾ ഞാൻ മരിച്ചില്ലേ?”
വീണ്ടും ആ ഗൗരവമുള്ള ശബ്ദം ഉയർന്നു.
“അതെ, മരിച്ചു. ഇത് നിനക്കൊരു പുതുജീവിതമാണ്.”
ബിജു അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി.
“ബിജൂ, അമിതമായ മദ്യപാനം നിന്നിലെ മനുഷ്യനെ ഇല്ലാതാക്കി. സ്വന്തം ജീവിതത്തിലെ സ്വർഗ്ഗം കാണാനാകാതെ നീ അന്ധനായി. ആ ഇരുളിന്റെ വഴിയിൽനിന്ന് വെളിച്ചത്തിലേക്കു വരാൻ നിന്നെ സഹായിക്കുകയാണ് ഞങ്ങൾ. ഇനി നിന്റെ ജീവിതം നീ സുന്ദരമാക്കൂ.”
“അപ്പോൾ പുഴയിൽ കുടുങ്ങിയ എന്നെ ആര് ഇവിടെ എത്തിച്ചു?”
അദ്ദേഹം ബിജുവിന്റെ കണ്ണുകളിലേക്കു നോക്കി ഉറക്കെ ചിരിച്ചു.
“ഹ… ഹ… നീ പുഴയിലെ കയത്തിലായിരുന്നു. മറ്റു ചിലർ നടുക്കടലിലും. കാലം എല്ലാവരെയും ഇവിടെ എത്തിക്കും.”
അദ്ദേഹം തുടർന്നു:
“മനുഷ്യന് ഈ ലോകത്തിൽ ഏറ്റവും വിലപ്പെട്ടത് എന്താണെന്നു നിനക്കറിയുമോ? ലഹരിക്കു പിന്നാലെ പോകുമ്പോൾ നീ നഷ്ടപ്പെടുത്തുന്നതും അതുതന്നെയാണ്—സമയം. നഷ്ടപ്പെട്ട സമയം ഒരിക്കലും തിരികെ കിട്ടില്ല. ജീവിച്ചിരിക്കുന്ന കാലം ഒരു സ്നേഹസാഗരം തീർക്കൂ, മകനേ.”
ദിവസങ്ങൾ കടന്നുപോയി.
ബിജുവിന്റെ ഭാര്യയും മക്കളും അയാളെ കൂട്ടിക്കൊണ്ടുപോകാൻ ഡി-അഡിക്ഷൻ സെന്ററിലെത്തി. അവരെ കണ്ടതും അയാൾ ഇരുകൈകളും നീട്ടി. അവർ അരികിലേക്കോടിച്ചെന്നു. അവരെ ചേർത്തുപിടിച്ചുകൊണ്ട് ബിജു ളോഹയിട്ട പുരോഹിതനു നേരെ നോക്കി.
അദ്ദേഹം ഒരു കടലാസിൽ എന്തോ എഴുതി ബിജുവിനു നൽകി. പിന്നെ ചെറുപുഞ്ചിരിയോടെ നടന്നുനീങ്ങി.
ആ കടലാസിൽ ഇങ്ങനെ എഴുതിയിരുന്നു:
“ഇവരാണ് നിന്റെ തോണിയിലെ തുഴകൾ. അവരെ കൂട്ടാതെ നീ തനിയെ തോണിയിൽ കയറി. അതാണ് നിന്റെ തെറ്റ്.”
അവിടെനിന്ന് ഇറങ്ങുമ്പോഴും ബിജുവിന്റെ മനസ്സിൽ മായാതെ ആ ചോദ്യം അവശേഷിച്ചു:
“പുഴയിൽ മരണത്തോടു മല്ലിട്ട താൻ എങ്ങനെ ഇവിടെ എത്തി?”
———–
(ഈ കഥയുടെ ശബ്ദ രുപം ചെറിയ ദൃശ്യാവിഷ്കാരത്തോട് കൂടി youtubil ലഭ്യമാണ്)












