LIMA WORLD LIBRARY

സാരംഗിയുടെ ദശപുഷ്പങ്ങൾ (നോവൽ) അധ്യായം 3 -രണിത. കെ

മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ചേച്ചിയുടെ വിവാഹം.രണ്ടു പേരുടെയും വീടുകളിൽ എല്ലാ വിശേഷങ്ങൾക്കും വിമാനത്തിൽ പറന്നെത്തും. പെൺമക്കൾ രണ്ടു പേരും വിവാഹിതരായപ്പോൾ അച്ഛനും സമാധാനം.

വർഷം രണ്ട് കഴിഞ്ഞു. തനിക്കു ശേഷം വിവാഹിതയായ ചേച്ചി അമ്മയായി. അപ്പോൾ വീട്ടുകാരുടേയും നാട്ടുകാരുടേയും സ്വാഭാവികമായ ചോദ്യം.” കുട്ടികളായില്ലേ? ” ഇതു കേൾക്കുമ്പോൾ തന്നോടു തന്നെയുള്ള മറ്റൊരു ചോദ്യവും ഓർമ്മപ്പെടുത്തലും പോലെ. അതിനു ശേഷം തിരക്കുള്ള അവളുടെ ഭർത്താവ് ചിന്തിച്ചു, കുഞ്ഞുങ്ങൾ വേണമല്ലൊ, ഈ സമ്പാദ്യമെല്ലാം അനുഭവിക്കാനെന്ന്.

അങ്ങനെ അവർ ഡോക്ടറെ കണ്ടു.ചികിൽസ തുടങ്ങിയത് വീണ്ടും രണ്ടു വർഷം കഴിഞ്ഞ്. എന്നിട്ടും മാറ്റങ്ങൾ സംഭവിക്കാത്തതിനാൽ മരുന്നുകൾ നിറുത്തിവച്ചു.ദോഷം ഭർത്താവിനാണെന്നറിഞ്ഞിട്ടും ഇരു വീട്ടുകാരേയും അക്കാര്യം അറിയിച്ചില്ല. പിന്നെപ്പിന്നെ നാട്ടിൽ പോക്ക് കുറഞ്ഞു. അത്യാവശ്യ നാളുകളിൽ മാത്രമായി ഒതുക്കി. അന്നും അനേകം കണ്ണുകൾ ചൂഴ്ന്ന് ചോദിച്ചു, മക്കളായില്ലേ എന്ന് .അച്ഛൻ്റെ മരണത്തോടെ ആ ചോദ്യവും തരണം ചെയ്തു.

മക്കളില്ലാത്തതിൻ്റെ കാരണം തനിക്കാണെന്ന കുറ്റബോധം അവളുടെ ഭർത്താവിനെ വഴിവിട്ട ചിന്തകളിലേക്കും പ്രവൃത്തികളിലേക്കും കൊണ്ടെത്തിച്ചു.പ്രമേഹവും കടുത്ത രക്തസമ്മർദ്ദവുമുണ്ടായിരുന്ന അയാളെ കുട്ടികളുണ്ടാകാനുള്ള ചികിൽസയ്ക്കു കഴിച്ച മരുന്നുകൾ തിരിച്ചടിച്ചു.ഹൃദയാഘാതത്തിലൂടെയുണ്ടായ മരണം പെട്ടെന്നായിരുന്നു.

കൈവന്ന കുറേ സമ്പത്തും കൊണ്ട് ഏകാകിയെപ്പോലെ കഴിയാൻ കൂട്ടാക്കിയില്ല അവൾ. തൻ്റെ ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ മുംബയിലെ തെരുവുകളിൽ അവൾ പല കാഴ്ചകളും കണ്ടിരുന്നു. ബിസിനസ്സിൻ്റെ പ്രശംസ വിളിച്ചറിയിക്കുന്നതിനു വേണ്ടിയായിരുന്നെങ്കിലും പല മാനസികരോഗാശുപത്രികൾ സന്ദർശിച്ചിട്ടുണ്ട്. അവിടെയൊക്കെ ധനസഹായവും ചെയ്തിട്ടുണ്ട്. എന്നാൽ അസുഖം ഭേദമായെങ്കിലും തിരികെ കൊണ്ടുപോകാൻ കൂട്ടാക്കാതെ വിഷമിക്കുന്ന പലരും അവിടെയുണ്ടായിരുന്നു. അവിടെ നിന്നായിരുന്നു അവളിൽ കാരുണ്യ പ്രവർത്തനം എന്ന ആശയം രൂപപ്പെട്ടത്.അത്തരം സ്ഥാപനങ്ങൾ സന്ദർശിച്ച് ചികിൽസ തീർന്ന ചിലരെ കൂട്ടിക്കൊണ്ടുവന്നു. അവർക്ക് താമസിക്കാൻ സ്ഥലമൊരുക്കി. പരിചാരകരെ നിയമിച്ചു.

അവൾ വായിച്ചറിഞ്ഞു, ചെറുപ്രായത്തിൽ തന്നെ വേശ്യാവൃത്തിയിൽ പെട്ടു പോയവരും എന്നാൽ ഇതിൽ നിന്നൊരു മോചനം ആഗ്രഹിക്കുന്നവരുമായ അനേകം സ്ത്രീകളുണ്ട്. പിന്നെ അസുഖബാധിതരായ പലരും. അവരും ആർക്കും വേണ്ടാത്തവരാണ്.

യാചകവൃത്തി നിയമം നിഷേധിക്കുന്നതാണെങ്കിലും സ്വബോധത്തോടെയും ബോധമില്ലാതെയും യാചിക്കുന്ന പലരുമുണ്ട്. നാടുകടത്തപ്പെട്ട ട്രാൻസ് ജൻഡേഴ്സ് അനേകം. ഇക്കൂട്ടരിൽ ചിലരേയും അരികിൽ കൂട്ടി അവൾ. നല്ല ഭക്ഷണവും വസ്ത്രവും കെട്ടുറപ്പുള്ള വാസസ്ഥലവും കിട്ടിയപ്പോൾ അവർ മികച്ച ഒരു കൂട്ടമായി മാറി. ഇന്ന് അവരെല്ലാം ഏതെങ്കിലുമൊക്കെ പണികൾ ചെയ്ത് സുഖമായി ജീവിക്കുന്നു.

തുടക്കത്തിൽ ഒരുപാട് നിയമ പോരാട്ടങ്ങൾ തന്നെ വേണ്ടി വന്നു, അവർക്കായി വാദിക്കാൻ .അവൾ പുതിയ വേശ്യാലയം തുറന്നു എന്നായിരുന്നു പ്രചാരണം. മറ്റൊന്നും ചെയ്യാനില്ലാത്ത അവൾ അവർക്കു വേണ്ടി ഏതറ്റം വരെയും പോകാൻ തീരുമാനിച്ചു. അവിടെ മുതൽ വിജയമായിരുന്നു. ആഘോഷങ്ങൾ അവർ ഒന്നിച്ച് കൊണ്ടാടി. യാത്രകളും ചെയ്തു തുടങ്ങി.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px