കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചരിത്രപ്രദർശനമായ ‘ന്യായദർശൻ – Glimpses of the Past’ ശ്രദ്ധേയമായ നിരവധി ചരിത്രവസ്തുക്കളുടെയും രേഖകളുടെയും അപൂർവ ശേഖരമായി മാറി.
തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളിലെ നീതിന്യായ ചരിത്രവും പഴയകാല കോടതിമുറികളും നിയമസംവിധാനങ്ങളും ശിക്ഷാരീതികളും ചരിത്രരേഖകളുമെല്ലാം പരിചയപ്പെടുത്തുന്ന ഈ പ്രദർശനം കേരളത്തിന്റെ നീതിന്യായ പാരമ്പര്യത്തിലേക്കുള്ള വിലപ്പെട്ടൊരു ചരിത്രയാത്രയായിരുന്നു.
ഈ ചരിത്രപ്രദർശനത്തിന്റെ മുഖ്യ ചുമതല വഹിച്ചത് എന്റെ സുഹൃത്തും പ്രമുഖ ഹൈക്കോടതി അഭിഭാഷകനും ഗ്രന്ഥകാരനും ചരിത്രകാരനുമായ അഡ്വ. ഇ. രാജൻ സാറായിരുന്നു. തന്റെ ചരിത്രപഠനത്തിലൂടെയും ഗവേഷണത്തിലൂടെയും നേടിയ അറിവുകൾ പ്രയോജനപ്പെടുത്തി പ്രദർശനത്തിലെ ചരിത്രവസ്തുക്കളുടെയും ചിത്രങ്ങളുടെയും പ്രാധാന്യം വിശിഷ്ടാതിഥികൾക്ക് വിശദീകരിച്ചുകൊടുക്കുന്ന രാജൻ സാറിന്റെ സാന്നിധ്യം ഈ ചടങ്ങിന് പ്രത്യേക മികവേകി.
ചിത്രത്തിൽ കേന്ദ്ര നിയമകാര്യ മന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത്, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സരസ വെങ്കിട്ട നാരായണ ഭട്ടി, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൗമൻ സെൻ എന്നിവർക്ക് പ്രദർശനത്തിലെ ചരിത്രചിത്രങ്ങളും വസ്തുക്കളും വിശദീകരിച്ചുകൊടുക്കുന്ന അഡ്വ. ഇ. രാജൻ സാറിനെ കാണാം.
ചരിത്രത്തെ സ്നേഹിക്കുകയും അപൂർവമായ ചരിത്രരേഖകളും വസ്തുക്കളും കണ്ടെത്തി അവയുടെ പ്രാധാന്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്ന രാജൻ സാറിന്റെ ഈ പ്രവർത്തനം പ്രത്യേകം അഭിനന്ദനാർഹമാണ്.
ചരിത്രം വെറും ഭൂതകാലത്തിന്റെ ഓർമ്മകളല്ല; വരുംതലമുറയ്ക്ക് കൈമാറേണ്ട അമൂല്യമായ അറിവും പൈതൃകവുമാണ്.
അഡ്വ. ഇ. രാജൻ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…..











