LIMA WORLD LIBRARY

മനസ്സും ഹൃദയവും പിന്നെ ഈ മൺ കൂടാരവും – ജെസ്സി ജോൺ ബെംഗളൂരു

” ശരീരം അവരോട് ചോദിച്ചു , നിങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു അല്ലേ ?

പക്ഷേ നിങ്ങളെ ഇത്രയും നാൾ എന്റെ സ്വന്തം എന്ന് കരുതി,

നിങ്ങളാണ് ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന് അന്ധമായി വിശ്വസിച്ചു,

എന്നിട്ട് നിങ്ങൾ തിരിച്ചു തന്നത് എന്താണ് ? “

ശരീരം പൊട്ടിക്കരഞ്ഞു, അവൾക്ക് വിതുമ്പൽ അടക്കുവാൻ സാധിച്ചില്ല, ദുഃഖങ്ങൾ താങ്ങാനാവാതെ വിറകൊള്ളുന്നുണ്ടായിരുന്നു ,

അവൾ തുടർന്നു

“അല്ലെങ്കിലും അങ്ങനെയൊക്കെ തന്നെയാണ്,

ജീവിതത്തിൽ കൊടുക്കുന്നതൊന്നും എനിക്ക് തിരിച്ചു കിട്ടാറില്ല, ശരീരം പരിഭവിച്ചു,

നിങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നതിനിടയിൽ നിങ്ങൾ അറിഞ്ഞിരുന്നുവോ എത്രയോ ഉറക്കമില്ലാത്ത രാത്രികൾ കടന്നുപോയിരിക്കുന്നു എൻ്റെ ജീവിതത്തിൽ ,

കരയരുത് എന്ന് മനസ്സാകുന്ന നീയും, തളരരുത് എന്ന് ഹൃദയമാകുന്ന നീയും ഒരിക്കൽ ഒരിക്കൽ മാത്രം എന്നോട് പറഞ്ഞു, അത് വെറും നേരമ്പോക്ക് പോലെ എനിക്ക് തോന്നി, ആത്മാർത്ഥത തീരെ ഇല്ലാത്തതുപോലെ, ഈ ശരീരത്തിൻ്റെ ഔദാര്യത്തിലാണ് നിങ്ങൾ വസിക്കുന്നത് എന്നുള്ള ഓർമ്മ പോലും ഇല്ലാതെ ചിരിച്ചും കളിച്ചും നിങ്ങൾ ജീവിച്ചു,

പക്ഷേ ഞാൻ നിങ്ങളിൽ നിന്നും ഇതൊന്നുമല്ല പ്രതീക്ഷിച്ചത്,

ഒന്ന് കെട്ടിപ്പിടിച്ച് നിന്നിരുന്നെങ്കിൽ, മൂർദ്ധാവിൽ ഒന്ന് ചുംബിച്ചിരുന്നു എങ്കിൽ, മുടിയിഴകളിൽ ഒരു തലോടൽ,, കണ്ണുനീർ ഒന്ന് ഒപ്പിരുന്നുവെങ്കിൽ
എന്നൊക്കെ ഒരുപാട് രാത്രികളിൽ ആലോചിച്ചു കിടന്നിട്ടുണ്ട്,

പക്ഷേ നിങ്ങളിൽ നിന്നും ഒരു പ്രതികരണവും എനിക്കുണ്ടായിട്ടില്ല,

ഞാനെന്തു തെറ്റാണ് നിങ്ങളോട് ചെയ്തത് ?

നിങ്ങൾക്ക് അറിയാം ആ മനുഷ്യനെ പ്രതീക്ഷിച്ചു എത്രയെത്ര രാത്രികൾ, എത്രയോ വർഷങ്ങൾ വാതിലുകൾ തുറന്നിട്ട് ഞാൻ കാത്തിരുന്നുവെന്ന്,

മനസ്സുകൊണ്ടും ശരീരം കൊണ്ടും സുഖമില്ലാതെ ഞാൻ കിടന്ന് കരഞ്ഞു, ആ സമയത്തൊക്കെ പാവം തലവണ ആയിരുന്നു എന്നെ ആശ്വസിപ്പിച്ചിരുന്നത്, തലവണയ്ക്ക് നാവു ഉണ്ടായിരുന്നെങ്കിൽ എനിക്ക് പകരം ഇന്ന് അത് സംസാരിച്ചേനെ,

എന്താണ് പറ്റിയത് എന്ന് ചോദിക്കുവാൻ അദ്ദേഹത്തിൻറെ നാവും പൊങ്ങിയില്ല,

കരങ്ങൾ നീളുമെന്ന് പ്രതീക്ഷിച്ചു അതും ഉണ്ടായില്ല,

ഒന്ന് സന്തോഷിക്കുവാൻ ഞാൻ കൊതിച്ചു, ഒന്ന് പൊട്ടിച്ചിരിക്കുവാൻ ഞാൻ ആഗ്രഹിച്ചു,

ആ വ്യക്തിയുടെ ജീവിതത്തിൽ
ഈ ശരീരം ആരുമല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത് നിങ്ങളല്ലേ ? കാരണം നിങ്ങളല്ലേ ആദ്യം അദ്ദേഹത്തെ ചങ്കിലേറ്റിയത് ?

നിങ്ങൾ എനിക്കൊരു സൂചന പോലും തന്നിരുന്നില്ല,

അന്നേ ഒരു സൂചന തന്നിരുന്നുവെങ്കിൽ ഈ ശരീരം ഇത്രയും തളർന്നു പോകില്ലായിരുന്നു,

ആ മനുഷ്യൻ്റെ ജീവിതത്തിലെ തുറക്കാത്ത അധ്യായം ആയിരുന്നു ഞാൻ എന്ന് നിങ്ങൾ അറിഞ്ഞിരുന്നു, എന്നിട്ടും നിങ്ങൾ പ്രതികരിച്ചില്ല,

സ്നേഹം തിരിച്ചുപിടിക്കുവാൻ വർഷങ്ങൾ ശ്രമിച്ചു, പക്ഷേ ആ സ്നേഹം വഴി മാറി പോയത് നിങ്ങളും എന്നോട് പറഞ്ഞിരുന്നില്ല,

സ്നേഹത്തിനുവേണ്ടി ഞാനെന്ന വ്യക്തിയുടെ ആത്മാഭിമാനം പലപ്പോഴും പണയപ്പെടുത്തി, കരഞ്ഞു, കാലുപിടിച്ചു, കെഞ്ചിക്കേണു, അലിവിന്റെ കണിക പോലും ബാക്കിയില്ലാതെ കല്ലുപോലെ ഉറച്ചിരുന്നു ആ മനസ്സ്,

ഓരോ ദിവസവും മാറ്റത്തിനായി കൊതിച്ചു,

ഫലമില്ലാതെ വന്നപ്പോൾ ആത്മഹത്യ ശ്രമം നടത്തി, കയ്യിൽ ബ്ലേഡ് കൊണ്ട് പോന്തി, ചോരപ്പുഴ ഒഴുകി,

ഒന്നും കാണാത്തവനെ പോലെ അയാൾ മൗനം പാലിച്ചു, തേങ്ങലുകൾ കേൾക്കാത്തവനെ പോലെ ബധിരനായി,

ഈ ശരീരം അത്ര വെറുക്കപ്പെട്ടതോ ? അതോ അറപ്പുളവാക്കുന്നതോ ?

ചെറിയ സാമീപ്യത്തിനായി പോലും കാത്തിരുന്നു,

പിന്നീട്
ഞാൻ തളർന്നു പോയിരുന്നു, ആ തളർച്ചയിലും ഒന്നും അറിയാത്തവരെ പോലെ നിങ്ങൾ സന്തോഷിക്കുകയായിരുന്നു,

ഹേ … ഹൃദയമേ ..

നീ എല്ലാം അറിഞ്ഞിട്ടും ഒരു സ്വാന്ത്വനം പോലും തരാതെ എന്തിന് നിങ്ങൾ രണ്ടുപേരും ഇപ്പോഴും കൂട്ടായി നിഴലായി നടിച്ച് എൻ്റെ ഔദാര്യത്തിൽ നടക്കുന്നു ?

ഒരിക്കൽപോലും ആശ്വാസം തരാത്ത നിങ്ങളോട് എനിക്കിപ്പോൾ സ്നേഹമാണോ വെറുപ്പാണോ അറിയുന്നില്ല,

ഈ ശരീരം ആലോചിക്കാറുണ്ട് നിങ്ങൾ എന്നിൽ നിന്നും പിരിഞ്ഞു പോകണമെന്ന്, അകന്നു മാറണമെന്ന്, നമ്മുടെ കഷ്ടപ്പാടിൽ വേദനയിൽ കൂട്ടായി നിൽക്കാൻ പറ്റാത്ത സൗഹൃദം എന്തിന് ?

നിങ്ങളെ എന്നിൽ നിന്നും അകറ്റി നിർത്താൻ ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ട്

ഹൃദയമേ… മനസ്സിന്
നിന്നെക്കാളും അല്പം കൂടി മനസാക്ഷിയുണ്ട്,

ഒരു കാര്യം ചോദിച്ചോട്ടെ ?

അയാളോടുള്ള അഗാധമായ ഈ പ്രണയം നിങ്ങൾ അറിഞ്ഞിരുന്നില്ല? നിങ്ങൾ അന്ന് കൂടെ നിന്നിരുന്നില്ലേ ? എല്ലാ അറിഞ്ഞിട്ടും നിങ്ങൾ… ….
അത് പറഞ്ഞപ്പോൾ ശരീരത്തിന്റെ ചുണ്ടുകൾ വിറയാർന്നൂ,

എല്ലാം സമ്മതിച്ചുകൊണ്ട് ഹൃദയം പറഞ്ഞു

..” അതെ ‘

 

മനസും പറഞ്ഞു

“അതെ”

“നിങ്ങൾക്കറിയാമായിരുന്നു അദ്ദേഹത്തിന് വേണ്ടി മാത്രമായിരുന്നു ജീവിച്ചിരുന്നത് എന്ന് അല്ലേ ? “

“ഹൃദയം…. അതെ “

“മനസ്സ്… അതെ ‘

 

“അയാൾ എന്നെ വേണ്ട എന്ന് വെച്ചപ്പോൾ എന്തുകൊണ്ട് സ്വതന്ത്രമായി പോകുവാൻ തുനിഞ്ഞ എന്നെ നിങ്ങൾ സമ്മതിച്ചില്ല ?

അപ്പോൾ നിങ്ങൾക്ക് സന്തോഷമായി ജീവിക്കുവാൻ എൻ്റെ ശരീരം വേണം അല്ലേ ? ഇതിൻ്റെ പേരല്ലേ സ്വാർത്ഥത ?

കുറച്ചു ഉളുപ്പ് വേണം , അല്ലെങ്കിൽ അലിവ് വേണം,

ഈ വാക്കിൻ്റെ മുമ്പിൽ ഹൃദയവും മനസ്സും ഒരുപോലെ വേദനിച്ചു, അവർ ശരീരത്തെ കെട്ടിപ്പിടിച്ച് ഉറക്കെ ഉറക്കെ കരഞ്ഞു, ആ നിലവിളി ഏഴു മാമലകൾക്കപ്പുറം എത്തി, അത് ഭൂമിയെ നടുക്കുന്നതായിരുന്നു,

ശരീരം തുടർന്നു “മറ്റൊരാൾക്ക് വേണ്ടി ജീവിതവും സ്നേഹവും മനസ്സും കൊടുത്തപ്പോൾ നിശ്ചലമായി പോയത് എന്റെ ജീവിതമായിരുന്നില്ലേ ?

ഒരു ജീവശവം പോലെ നിങ്ങളെയും പേറി ജീവിച്ചിട്ട് എന്ത് പ്രയോജനം ?

എന്നെ വിട്ടു പൊക്കൂടെ നിങ്ങൾക്ക് ?

ഇരുവർക്കും മനസ്സിലായി ജീവിച്ചിരിക്കുമ്പോൾ മനുഷ്യർക്ക് കൊടുക്കുന്ന സന്തോഷവും സമാധാനവും ആണ് മരിച്ചാലും നമ്മെ മറ്റുള്ളവർ ഓർക്കുന്നത്, ജനങ്ങൾക്കും ദൈവത്തിനും ഇടയിൽ ഒരു നീതിയുടെ പുസ്തകം ഉണ്ട് , ആ നീതിയുടെ പുസ്തകത്തിൽ നമ്മുടെ പേര് ചേർക്കപ്പെടുക എന്നുള്ളതാണ് ഈ ലോകത്തിൽ ജീവിച്ചതിന്റെ ഏക തെളിവ്, എത്ര സമ്പാദിച്ചു എന്നുള്ളതല്ല , എങ്ങനെ ജീവിച്ചു എന്നുള്ളതാണ് ജീവിത നേട്ടം, ഒരു പുഞ്ചിരി ഒരു ദിവസം ആർക്കെങ്കിലും കൊടുക്കുവാൻ സാധിക്കുമെങ്കിൽ അതാണ് മനുഷ്യത്വം, നമ്മൾ കാരണം ഒരു ഹൃദയം സന്തോഷിക്കുന്നുവെങ്കിൽ ആ സന്തോഷം മറ്റുള്ളവർക്ക് പങ്കുവെക്കുക എന്നുള്ളതാണ് ദൈവം നിശ്ചയം,

ഹൃദയം പറഞ്ഞു
“എനിക്ക് നിന്നെ വേണം”

മനസ്സു പറഞ്ഞു

“സന്തോഷം അത് കണ്ടെത്തുവാൻ ഞാൻ സഹായിക്കാം, “

ഹൃദയം:

“ഇനിയുള്ള കാലം നമ്മൾ ഒരുമിച്ച് മുന്നോട്ടുപോകും”

നിന്നെ സ്വപ്നം കാണാൻ ഞാൻ പഠിപ്പിക്കാം, നമുക്ക് ഒരുമിച്ച് ജീവിക്കാം, ഹൃദയത്തിൻ്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ചോരപ്പുഴ യായി ഒഴുകി ശരീരത്തെ നനച്ചു,

മനസ്സും ഹൃദയവും നഷ്ടപ്പെട്ട ഈ ശരീരത്തിൽ സമാധാനം കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് അല്ലേ ? അവർ തമ്മിൽ തമ്മിൽ പറഞ്ഞു,

“വിവേകത്തോടെ ചിന്തിച്ച് ശരീരത്തിന് ഇനിയുള്ള കാലം സന്തോഷം കൊടുക്കാം അല്ലേ ? “

ശരീരത്തെ നമ്മൾ നഷ്ടപ്പെടുത്തിയാൽ കൂടെ നഷ്ടപ്പെടുന്നത് നമ്മളും കൂടെയാണ്, ഒരിക്കൽ നഷ്ടപ്പെടും അത് ഉറപ്പാണ്. അത് സത്യമാണ്,

ഈ ശരീരം മൺകുനയിലേക്ക് പോകുന്നത് സന്തോഷത്തോടെ ആയിരിക്കട്ടെ,

ശുഭം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px