സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 1 | സൂസൻ പാലാത്ര

Facebook
Twitter
WhatsApp
Email

നോവൽ
………………..

സാറാക്കുട്ടിയുടെ അതിജീവനം
………… ………. ……….

സൂസൻ പാലാത്ര

അദ്ധ്യായം – 1

സാറാമോൾക്ക് എന്നും ഭയങ്കരവിശപ്പായിരുന്നു. നാലുമണിവിട്ട് സ്കൂളിൽനിന്നു വന്നാലുടനെ അവൾ അടുക്കളയിലോടിച്ചെല്ലും. മൂടിയിരിക്കുന്ന പാത്രങ്ങളൊക്കെ തുറന്നുനോക്കും. ഒന്നും എടുത്തു കഴിക്കാൻ അനുവാദമില്ല. അമ്മ ഉണ്ടാക്കി വച്ചിരിക്കുന്നതൊക്കെ രാത്രി ഒമ്പതുമണിക്ക് പ്രാർത്ഥനയും പഠനവും കഴിഞ്ഞ് എല്ലാവരെയും അടുക്കളയിൽ ഒന്നിച്ചുവിളിച്ചിരുത്തി വിളമ്പിക്കൊടുക്കും. വിളമ്പിത്തീരുമ്പോൾ വീണ്ടും നുള്ളിയിട്ടി..ട്ടു..കൊടുക്കും. എന്നിട്ടു പറയും; “എന്റെ സാറക്കുട്ടീടെ വയറ്റിൽ കോഴീംകുഞ്ഞുങ്ങളുമാ, അവക്കു പെട്ടെന്നു പെട്ടെന്നുവിശക്കുവാ”

സാറ പുസ്തകമെല്ലാം ഷെൽഫിൽ കൊണ്ടെവച്ചു, യൂണിഫോം മാറി. അമ്മ നനച്ചുണക്കിവച്ച റോസപെറ്റിക്കോട്ട് എടുത്തിട്ടിട്ട്, തറവാട്ടു മുറ്റത്തൂടെയുള്ള എളുപ്പ വഴിയിലൂടെ പോവാതെ, വലിയ കുത്തുകയ്യാല വലിഞ്ഞുകേറി തറവാട്ടിലെ കൊച്ചപ്പാപ്പൻ കൈവശംവച്ചനുഭവിക്കുന്ന റബ്ബർത്തോട്ടത്തിൽ പോയി. ഇത്, അഞ്ചാറേക്കർ തോട്ടമുണ്ട്. ധനികനായ വല്യപ്പച്ചൻ പലയിടത്തായി സമ്പാദിച്ചതെല്ലാം നോക്കി നടത്തുന്നതും ആദായം മറ്റാർക്കും കൊടുക്കാതെ കയ്യടക്കി ഭരിക്കുന്നതും കൊച്ചപ്പാപ്പനാണ്.
അതിരുകളിലും തട്ടുതട്ടായി തിരിച്ച ഭാഗങ്ങളിലൊക്കെ മാവും പ്ലാവും ആഞ്ഞിലിയും കശുമാവും നെല്ലിമരങ്ങളും നീർമരുതുമെല്ലാമുണ്ട്.

പച്ചതീനിമാവിലെ മാമ്പഴംമാത്രം അവിടെ കിടക്കും. അതിന്റെ തൊലിയ്ക്ക് കട്ടിയാണ്. മാമ്പഴത്തിന് രുചിയുമില്ല. എന്നാൽ പിള്ളേരുസെറ്റ് എറിഞ്ഞുവീഴ്ത്തി പച്ചമാങ്ങകൾ ഉപ്പുംമുളകുംകൂട്ടി വട്ടയിലയിൽ വച്ച് അതിന്റെ ചോട്ടിലിരുന്ന് തിന്നാലും മാവിൻ ചോട്ടിലെല്ലാം ധാരാളം മാങ്ങകളും കിടക്കും. അത് സാറമോൾ പെറുക്കിയെടുക്കും.

റബ്ബർ തോട്ടത്തിന്റെ തെക്കരുകിലെ രണ്ടുപ്ലാവുകളിലെ ചക്കകൾ കുമരിയും മക്കളും ഇട്ടെടുക്കും. സാറക്കുട്ടീടെ അമ്മ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്; ആ കുമരിയ്ക്ക് വെറുതെ കൊടുത്തിരിക്കുന്ന പ്ലാവീന്ന് ഒരെണ്ണം നമ്മക്കു തന്നിരുന്നേൽ ഈ കുഞ്ഞുങ്ങളുടെ വിശപ്പടാക്കാരുന്നല്ലോ ദൈവമേന്ന്. അവളുടെ വീട്ടിലെ ദാരിദ്യത്തിന്റെ ആഴമൊന്നും ആരും അറിഞ്ഞില്ല. അതറിയാവുന്ന കൊച്ചമ്മയും കൊച്ചപ്പാപ്പനം വല്ല്യപ്പച്ചനെ ഒട്ടറിയിച്ചതുമില്ല.
റബ്ബർത്തോട്ടത്തിന്റെ പടിഞ്ഞാറുവശത്ത് രണ്ടു നെല്ലിമരങ്ങളുണ്ട്. സാറക്കുട്ടീം സഹോദരങ്ങൾ ആറുപേരും കയറാതിരിക്കാൻ ചുവട്ടിലെ കമ്പുകളൊക്കെ കൊച്ചപ്പാപ്പൻ വെട്ടിക്കളയും. പിന്നെ സാറക്കുട്ടിയുമൊക്കെ കട്ടു ചെന്നുകയറുന്നത് മുളളനാംകുന്നേക്കാരുടെ നെല്ലിമരങ്ങളിലാണ്. അവർക്കു നാലുനെല്ലിമരങ്ങളുണ്ട്. നിലത്തുനിന്നുതന്നെ നെല്ലിക്കകൾ ഇഷ്ടം പോലെ പറിച്ചെടുക്കാം. അവിടുത്തെ പ്രസന്നേം, ഇന്ദിരേം, വിജയമ്മേം എല്ലാം അവളുടെകൂട്ടുകാരാണ്. അവരുടെഅമ്മയുടെ വീതത്തിലുള്ള പറമ്പാണ്. ആ കുട്ടികൾകണ്ടാലും സിംഹംപോലിരിക്കുന്ന അവരുടെ അമ്മയോട് പറയാറില്ല. കുറെ പറിച്ചെടുത്ത് കറുമുറാ തിന്നും. കുരു മൂത്തിട്ടില്ല. ചവർപ്പാണ്. കുരു മൂത്താൽപ്പിന്നെ മുള്ളനാംകുന്നേൽക്കാർ അതു മുഴുവൻ പറിച്ചെടുക്കും. ആ നെല്ലിമരങ്ങളുടെ തുഞ്ചത്തുവരെ അവൾ കയറും. പരീക്ഷയടുക്കുമ്പോൾ നെല്ലിമരങ്ങളിലിരുന്നാണ് അവളും പ്രസന്നയുമൊക്കെ പഠിക്കുന്നത്.

തറവാട്ടു പറമ്പിൽ നിറയെ ഫലവൃക്ഷങ്ങൾ ഉണ്ട്. ഇഷ്ടംപോലെ, വാകത്താനം തേൻവരിക്ക, കൂഴ, ഉണ്ടപ്ലാവ്, വറക്കാൻ മാത്രമുള്ള ഉള്ളിപ്ലാവ്, പലതരം മാവുകൾ, തറവാട്ടു മുറ്റത്തോട്ട് ചാഞ്ഞ് മുഖത്തുരുമ്മി നില്ക്കുന്ന മുഴുത്ത മാങ്ങകളുള്ള സേലം, നീലം, കിളിച്ചുണ്ടൻ മാവുകൾ. കിളിച്ചുണ്ടൻ മാവിൻചുവട്ടിൽ ധാരാളം മാങ്ങകൾ വീണുകിടക്കും, ആർക്കും പ്രയോജനമില്ലാതെ. എല്ലാം കേടായിരിക്കും.

പച്ചതീനിമാമ്പഴങ്ങളും, പച്ചമാങ്ങയും, അഞ്ചാറു കശുമാങ്ങാപ്പഴവും, മൂന്നാലണ്ടികളും ഒക്കെ രണ്ടുമൂന്നു വട്ടയിലയിലാക്കി വാഴനൂലുകൊണ്ട് കെട്ടി വയറേൽ കൂട്ടിപ്പിടിച്ച് അവൾ വന്നു. പെറ്റിക്കോട്ടിൽ കശുമാങ്ങാക്കറ പറ്റിക്കുന്നതിന് അമ്മയുടെ കയ്യിൽ നിന്ന് സ്പെഷ്യൽ ഉറപ്പാണ്. പക്ഷെ, കെട്ടും പിടിച്ചോണ്ടു് കയ്യാലയിറങ്ങാൻ വയ്യ. വല്ല്യമ്മച്ചികാണല്ലേ എന്റെ ദൈവമേന്ന് പ്രാർത്ഥിച്ച് തറവാട്ടു വീടിന്റെ പടിഞ്ഞാറേ മുറ്റത്തുകൂടി ഒരു കള്ളിയെപ്പോലെ അവൾ പതുങ്ങി നടന്നു.

” അമ്മേ ദേ സാറ പോണു” കൊച്ചമ്മ
തന്നെ വല്യമ്മച്ചിയെ കാണിച്ചു കൊടുത്തു.

“എടീ നീ അങ്ങനങ്ങു പോകാൻ വരട്ടെ. ഇങ്ങോട്ടു വാടീ പെണ്ണേ” വല്യമ്മച്ചി മുന്നിൽ.

ദൈവമെ ഇന്ന് ഈ വീട്ടിലെ വല്യമുറ്റം മുഴുവനും തന്നെക്കൊണ്ടടിപ്പിക്കും. ഓട്ടുപാത്രങ്ങളും കോളാമ്പികളും കിണ്ടികളും ചെല്ലവും കുട്ടകങ്ങളും തേച്ചു മിഴക്കിപ്പിയ്ക്കും. എല്ലാം കഴിഞ്ഞ് ഇത്തിരി വറ്റും വെള്ളോം കറിയൊഴിച്ച് തരും. അപ്പഴേക്കും തന്റെ അമ്മ വിളിതുടങ്ങും
“സാറാക്കുട്ട്യേ, എടീ സാറാക്കുട്ടിയേ ഇങ്ങു വാടീ നിനക്കു ഞാൻ വച്ചിട്ടൊണ്ടെടി, ഇങ്ങുവാടീ” സാറക്കുട്ടിയുടെ മനം തേങ്ങി. അവളുടെ കണ്ണുകളിൽ നീർമണികൾ വന്നു തിളങ്ങി നിന്നു.
…….

(തുടരും…)

About The Author

Leave a Reply

Your email address will not be published. Required fields are marked *