സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 2 | സൂസൻ പാലാത്ര

Facebook
Twitter
WhatsApp
Email

നോവൽ

സാറാക്കുട്ടിയുടെ അതിജീവനം
……………….. ………… …

സൂസൻ പാലാത്ര

അദ്ധ്യായം – രണ്ട്

നല്ല നട്ടുച്ച സമയം. കൃത്യം 12.30 നാണ് എന്നും ഉച്ചയൂണ്. ഊണു കഴിഞ്ഞാൽ അമ്മ പതിവായി അല്പ സമയം ഉറങ്ങും. സ്കൂളിൽ പോകണ്ടാത്ത ദിവസങ്ങളിൽ പിള്ളേരും ഉറങ്ങും. സാറാക്കുട്ടിയും അവളുടെ പലകക്കട്ടിലിൽ പായവിരിച്ചിട്ട് കിടക്കും. എത്ര അമർത്തി കണ്ണടച്ചാലും അവൾക്കുറക്കം വരികയില്ല. വീടിന്റെ പ്രധാന വാതിൽ എപ്പോഴും തുറന്നാണ് കിടക്കുക. അടുക്കള വാതിലും എല്ലാവരും വീട്ടിലുള്ളപ്പോൾ ചാരിയിടത്തേയുള്ളൂ. സാക്ഷയിടാറില്ല. അങ്ങനെ വീടു കിടന്നാലും അച്ഛനുമമ്മയും സഹോദരങ്ങളുമൊക്കെ പകലു പോലും കൂർക്കം വലിച്ചുറങ്ങും.

സാറാക്കുട്ടി ചുവരിന്റെ നേരെ മുഖം തിരിച്ചു കിടന്നു. ജനലിലൂടെ എത്തുന്ന വെളിച്ചം… തിണ്ണയിലും കിണറ്റിൻ പാതകത്തിലും വലിയ ചെമ്പുകലങ്ങളിൽ നിറച്ചു വച്ചിരിക്കുന്ന വെള്ളം… അതിന്റെ നിഴലുകൾ… വെള്ളവും വെളിച്ചവും കൂടിക്കലരുന്ന ശേലുള്ള നിഴലുകൾ ഭിത്തിയിൽ. അതുനോക്കി വെറുതെകിടന്നു. മയക്കം വരുന്നില്ല. അവൾ മനസ്സിലോർത്തു:
താനാണ് ഈ വീട്ടിലെ ആരോഗ്യ മന്ത്രി, ഇവർക്കൊക്കെ എന്തൊരു ക്ഷീണമാണ്. തന്റെ സഹോദരിമാരായ മറിയക്കുട്ടി ചേച്ചിയും ലിസമ്മയും ദാ കെട്ടിപ്പിടിച്ചുറങ്ങുന്നു. അവരൊന്നിച്ചാണ് ആ പൊക്കംകുറഞ്ഞ കൊച്ചു കയറുകട്ടിലിൽ കിടക്കുന്നത്. അമ്മ അടുപ്പിച്ച് ഏഴു പ്രസവിച്ചു അതിൽ മൂന്നു പ്രസവം അമ്മയുടെ വീട്ടിൽ, അമ്മ വീട്ടുകാർ എടുത്തു. തന്നെ പ്രസവിച്ചത് തറവാട്ടു വീട്ടിലെ ഇടക്കെട്ടിലാണ്. ബാക്കിയുള്ളവരിൽ ഒള്ളേലും ഇളയ മൂന്നെണ്ണത്തിനെ ഈ കൊച്ചു കട്ടിലിലാണ് പ്രസവിച്ചത്. നിലത്തു നിന്ന് അല്പമാത്രം ഉയരമുള്ളതിനാൽ കട്ടിലിൽനിന്ന് താഴെ വീണാലും സാരമായി ഒരുകേടും ഉണ്ടാവില്ല.

അവൾ എണീറ്റു ചെന്ന് തടികൊണ്ടുള്ള ജനൽ പാളികൾ മെല്ലെത്തുറന്നിട്ടു. ഇത്രനേരവും കണ്ട നിഴലുകൾ ചിത്രങ്ങൾക്ക് വഴിമാറി. ഭിത്തിയിൽ പൂശിയിരിക്കുന്ന കുമ്മായം അടർന്ന് ആഫ്രിക്കയുടെയും സിലോണിന്റെയും മറ്റും ഭൂപടങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അവൾ ഒരു പെൻസിലും കടലാസ്സും എടുത്ത് ഭിത്തിയിലെ കുമ്മായ അടരുകൾ നോക്കി വരയ്ക്കാൻ തുടങ്ങി. അവൾക്കു ചിരി വന്നു. ഒന്നാന്തരം ചിത്രങ്ങൾ. അമ്മയും കുഞ്ഞും, ആട്ടിൻകുട്ടി തുടങ്ങിയ പോലുള്ളത്. കടലാസ്സും പെൻസിലും ഷെൽഫിൽ കൊണ്ടെവച്ച് അവൾ ഒച്ചയുണ്ടാക്കാതെ എണീറ്റു.

കരോട്ടേയ്ക്ക്… തറവാട്ടിലേയ്ക്ക് പോകാമെന്നു വച്ചാൽ വല്യമ്മച്ചി വിളിച്ച് വീട്ടുജോലികളൊക്കെ ചെയ്യിയ്ക്കും. അവളുടെ അമ്മ മക്കൾക്ക് വഹിക്കാവുന്ന കുഞ്ഞുജോലികളേ മക്കളേക്കൊണ്ട് ചെയ്യിക്കൂ. എന്നാലും അവളും മറിയക്കുട്ടീം ഒക്കെപ്പറയും: “അമ്മയ്ക്ക് ഞങ്ങളോടെ ഒള്ളല്ലോ കൊഴപ്പം, അവമ്മാരൊക്കെ ചുമ്മാ ഇരുന്നു തിന്ന്വല്ലേ, എന്നാലും വെഷമമൊന്നൂല്ലല്ലോ” അമ്മ മുഖത്തു വരുന്ന ദേഷ്യം അടക്കിക്കൊണ്ടു പറയും: “അതുങ്ങളു പാവങ്ങൾ കിടന്നുറങ്ങട്ടെ, അവരു് പഠിച്ചു മിടുക്കരായി പുറത്തു പോയി നാലു കാശൊണ്ടാക്കിയാലേ നിങ്ങളു മൂന്നെണ്ണത്തിന്റേം കഴുത്തേൽ മിന്നു വീഴത്തൊള്ളൂ”
അമ്മയെ ദേഷ്യം പിടിപ്പിയ്ക്കാതിരിക്കാൻ പെണ്മക്കൾ ശ്രദ്ധിയ്ക്കും; ദേഷ്യം കേറിയാൽ അമ്മ ചെലപ്പം വല്ലോമൊക്കെ വിളിച്ചു പറേം, നാണക്കേടാകും. അതേതായാലും വേണ്ട.

അമ്മകാണാതെ അവൾഒതുക്കത്തിൽ മുറ്റത്തേയ്ക്കിറങ്ങി. കരോട്ട് തറവാട്ടിൽ പത്രമാസികകൾ ധാരാളം ഉണ്ട്. അതെടുത്ത് ഇഷ്ടമുള്ളിടത്ത് കൊണ്ടുവന്നിരുന്നു വായിക്കാൻ സ്വാതന്ത്ര്യമില്ല. വല്യമ്മച്ചിയും കൊച്ചമ്മയും ഇപ്പോൾ ഉറക്കമായിരിക്കും. എടുത്ത് താഴെ വിരിച്ചു വാർത്തിട്ടിരിക്കുന്ന വിശാലമായ നടക്കെട്ടിലിരുന്ന് വായിച്ച് ഒച്ച വയ്ക്കാതെ തിരിച്ചു വച്ചിട്ടു പോരാം.

“സാറാമോളെ” അയ്യോ അമ്മ മയക്കമുണർന്നു. അവൾ കേൾക്കാത്തഭാവത്തിൽ കരോട്ടേയ്ക്കോടി. ഭാഗ്യം സീസർ മാത്രമുറങ്ങാതെ മുറ്റത്തു വിലസുന്നു. സാറാക്കുട്ടിയെ കണ്ടതും അവനോടി അടുത്തുവന്ന് അവളുടെ ദേഹത്തുരുമ്മി വാലാട്ടി നിന്നു.

സത്യത്തിൽ സീസറിനോട് സാറാക്കുട്ടിയ്ക്ക് അസൂയയാണ്. അവന് ഭക്ഷണം കൊടുക്കുന്ന പാത്രത്തിൽ ഇറച്ചിയും ചവ്വും മീനും ചോറുമൊക്കെ ബാക്കി കിടക്കുന്നതു കാണാം. അവനെ ഒത്തിരി പരിപാലിച്ചാണ് തറവാട്ടുകാർ വളർത്തുന്നത്. പുറത്തു നിന്നാരേയും അവനാ വീട്ടുവളപ്പിൽ കയറ്റത്തില്ല. പറമ്പതിരിലെല്ലാം അവൻ ഓടിനടന്ന് തന്നെ വളർത്തുന്നവരുടെ വസ്തുവകകൾ കാക്കും.

പക്ഷേ സുഖ സമൃദ്ധമായ അവിടത്തെ ഭക്ഷണത്തെക്കാൾ അവനിഷ്ടം തന്റെ അപ്പന്റെ കയ്യിൽനിന്ന് എന്നും രാത്രി കിട്ടുന്ന പതിവുരുളകൾ ആണെന്ന് സാറാക്കുട്ടിക്കു തോന്നാറുണ്ട്. അവളുടെ വീട്ടിൽ ഭക്ഷണത്തിന് നന്നേ പ്രയാസമാണ്. എന്നാലും അപ്പന് അമ്മ കൊടുക്കുന്ന അത്താഴത്തിൽ നിന്ന് സാറാക്കുട്ടിക്ക് താഴെയുള്ള സഹോദരങ്ങളൊക്കെ ഉരുള വാങ്ങിക്കഴിക്കും. ജോയി രണ്ടു പ്രാവശ്യം വായുംപൊളിച്ചുകൊണ്ടു ചെല്ലും. സാറക്കുട്ടിയെ ഉരുളതരാൻ അപ്പൻ എത്ര വിളിച്ചാലും പോകത്തില്ല. കാരണം, അമ്മ പറഞ്ഞിട്ടുണ്ട് :
” എന്നേപ്പോലെ, ഒരു വല്യ കുടുംബത്തിലെ മനുഷ്യനാ നിങ്ങടെ അപ്പനും. ഇങ്ങനെ കെടന്നു ദാരിദ്ര്യപ്പെടുന്നത് അതറിയാൻ നമ്മളല്ലാതെ ആരുമില്ല, അപ്പൻ ഉരുള തരാൻ വിളിക്കുമ്പം മക്കളു പറയണം വേണ്ടെന്ന്. സമ്മതിച്ചില്ലേൽ പറയണം എനിക്കറപ്പാ വേണ്ടെന്ന് മറ്റേപ്പിള്ളേരോടും പറയണം കേട്ടോ” സാറ മോളും മൂത്തതുങ്ങളും പിന്നൊരിക്കലും അപ്പനോട് , ഉരുള വാങ്ങിയില്ല. എന്നാലും അപ്പൻ പകുതി പ്ലേറ്റിൽ വളരെ വൃത്തിയായി അളന്നരിഞ്ഞ് മിച്ചം വയ്ക്കും. എന്നിട്ട് അമ്മയോടു പറയും എനിക്കു തീരെ വിശപ്പില്ലെടീ നീയുണ്ടോളൂ”
അമ്മ വഴക്കു പറയും: മക്കൾക്കുരുള, സീസറിനുരുള, പകുതി പെമ്പറന്നോത്തിയ്ക്കും- എന്നാ പട്ടിണി കെടന്ന് ചാകാനാണോ പ്ലാൻ.
അമ്മ അതും ഉരുളകളാക്കി കൊണ്ടു നടന്ന് മക്കളെ വീണ്ടും ഊട്ടും. ഇരുട്ടിയും വെളുപ്പിച്ചും മക്കളെ പഠിപ്പിയ്ക്കാൻ അപ്പനുമമ്മയും വല്ലാതെ കഷ്ടപ്പെടുന്നു.

ചിരട്ടപ്പാലിന്റെ കച്ചവടം, അല്ലെങ്കിൽ കുരുമുളകു കച്ചവടം ഇങ്ങനെ വല്ലതും തോട്ടം പാട്ടത്തിനു പിടിച്ച് വളരെ ചെറിയ തോതിൽ ചെയ്യുന്നതാണ് അപ്പന്റെ ഇപ്പോഴത്തെ തൊഴിൽ. അതുകൊണ്ട് എങ്ങുമെത്തില്ല. നേരത്തെ വൻ തോതിലുള്ള പലചരക്കു കച്ചവടമായിരുന്നു. അമ്മയുടെ സ്ത്രീധനം കൊണ്ട് വല്യപ്പച്ചൻ തുടങ്ങിക്കൊടുത്തത്. അന്ന് അപ്പന് ഒത്തിരി കൂട്ടുകാരുണ്ടായിരുന്നത്രേ. കൂട്ടത്തിൽ കുടി കൂട്ടുകാരും. ഇപ്പോൾ അവരിലൊരുത്തൻ പോലും തിരിഞ്ഞു നോക്കുന്നില്ല. അവളുടെ ജനനം അപ്പൻ വല്ലാണ്ടങ്ങ് ആഘോഷിച്ചുവെന്ന്. സാറക്കുട്ടി അമ്മയുടെ വയറ്റിൽ ഉണ്ടായതു മുതലാണ് അപ്പന് ഒരു സ്വാതന്ത്ര്യവും ധനോമൊക്കെ വന്നു ചേർന്നതെന്ന്.

വല്യപ്പച്ചൻ പ്രത്യേകം പറഞ്ഞതാണത്രേ, ആർക്കും പണം കടം കൊടുക്കരുത്. പറ്റും കൊടുക്കരുതെന്ന്. അപ്പന് എല്ലാരേം വിശ്വാസമായിരുന്നു. കടവും കൊടുത്തു. മാസശമ്പളമോ തിരിച്ചു വീട്ടാൻ ഒരു ഗതിയുമോ ഇല്ലാത്തവർക്കെല്ലാം പറ്റും കൊടുത്തു. എല്ലാരും കൂടെ “അപ്പനെ കുളിപ്പിച്ചങ്ങു പാളേൽ കിടത്തി”

“ങാ, നീ വന്നോ, അമ്മ നിന്നെ തെരക്കുന്ന ‘കേട്ടാരുന്നു, പത്രം കൊണ്ടെ കെടന്നിടത്തു വച്ചിട്ട് കേറിവാ പണി വരുന്നൊണ്ട്” കൊച്ചമ്മ മുന്നിൽ.

കൊച്ചമ്മയുടെ സൂത്രം. ഇവർക്ക് സ്വത്തൊണ്ടാക്കാൻ തന്നേം സഹോദരങ്ങളേം കൊണ്ട് പണീക്കുന്നു. സാറാക്കുട്ടി കൊച്ചമ്മ കാണാതെ പല്ലുകൾകൂട്ടിഞെരിച്ചു.
എന്നിട്ട് അവൾ ഉച്ചത്തിൽ, എന്തോ, വെറുതെ വിളിച്ചു കൂവാതെ ഞാ.. വരുവാണേന്ന് വിളിച്ചു പറഞ്ഞിട്ട് അവളുടെ അമ്മയുടെ സന്നിധിയിലേക്ക് ഒരൊറ്റയോട്ടം വച്ചുകൊടുത്തു. എന്നിട്ട് അവൾ ആത്മഗതം നടത്തി, “ഹല്ല പിന്നെ, വേറെ പണി നോക്ക് ”

………
(തുടരും…..)

About The Author

Leave a Reply

Your email address will not be published. Required fields are marked *