കുഞ്ഞാത്തോലിന്റെ കുഞ്ഞ്! ഉമയുടെ സന്തോഷത്തിനു അതിരുകളില്ലായിരുന്നു.
കുഞ്ഞാത്തോലിനിഷ്ടപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങളുമായി അവള്‍ എന്നും മനയ്ക്കലെത്തും. പാട്ടും കഥയുമായി അവളെ സന്തോഷിപ്പിക്കും. പിന്നീട് നാല് മാസങ്ങള്‍ക്കുള്ളില്‍ ഉമയുടെ വിവാഹം തീരുമാനിക്കപ്പെട്ടു. അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി കിട്ടി പോവാന്‍ അനുമതി തന്നപ്പോള്‍ തന്റെ അമ്മ മുന്നോട്ടു വച്ച ആദ്യത്തെ നിബന്ധന അതായിരുന്നു. വിവാഹശേഷമേ പോകാവൂ. ഇനി വല്ല മാദാമ്മയെയും കൂട്ടി മകന്‍ മടങ്ങി വരുമോ എന്ന് അമ്മ ഭയപ്പെട്ടിരിക്കാം. ഒരു ബന്ധു വഴി വന്ന ആലോചന ആയിരുന്നു ഉമയുടേത്. ആദ്യ കാഴ്ചയിലെ അവളെ തനിക്കിഷ്ടപ്പെട്ടു. രണ്ടാഴ്ചക്കുള്ളില്‍ വിവാഹവും കഴിഞ്ഞു.
വിവാഹശേഷം ആദ്യമായി ഉമയില്‍ നിന്നും കേട്ടത് കുഞ്ഞാത്തോലിനെ കുറിച്ചുള്ള കഥകളാണ്. അവരുടെ സൗഹൃദത്തിന്റെ ആഴം എത്ര മാത്രമാണെന്ന് അന്നേ മനസിലായിരുന്നു. ഒരാഴ്ചക്കുള്ളില്‍ ഉമയെയും കൂട്ടി തനിക്കു മടങ്ങി പോവേണ്ടി വന്നു. ഗര്‍ഭിണി ആയതിനാല്‍ കുഞ്ഞാത്തോലിനെ കാണാന്‍ തനിക്കു അനുവാദവും ലഭിച്ചില്ല. അങ്ങനെ കണ്ണീരും കയ്യുമായി കൂട്ടുകാരിയോട് യാത്ര പറഞ്ഞു വന്ന ഉമയും താനും അമേരിക്കയിലേക്ക് പറന്നു.
‘രവിയേട്ടാ…’
ഉമയുടെ വിളിയൊച്ച രവിയെ ഓര്‍മകളില്‍ നിന്നും മടക്കി കൊണ്ട് വന്നു. ക്ഷേത്രത്തില്‍ നിന്നും അവര്‍ എത്തിയെന്ന് തോന്നുന്നു. അയാള്‍ താഴേക്ക് ചെന്നു.
‘രവിയേട്ടാ…വന്നേ…’
ഉമ അയാളെ കൈപിടിച്ച് മുറിയില്‍ കൊണ്ടുപോയി. ഇതെന്ത് പറ്റി ഇവള്‍ക്ക്? അയാള്‍ക്ക് അതിശയം തോന്നി.
‘അതേ… ഒരു സര്‍പ്രൈസ്… ദേവുവില്ലേ.. എത്ര ഉത്സാഹത്തിലാണെന്നോ? ഞാന്‍ ഇത് വരെ അവളെ ഇങ്ങനെ കണ്ടിട്ടില്ല. ക്ഷേത്രമൊക്കെ പണ്ടേ പരിചയമുള്ള പോലെയാണ് ചുറ്റി നടന്നത്. ആദ്യമായി പോകുന്ന ലക്ഷണമേയില്ല. അമ്പലമുറ്റത്തെ മുല്ലയില്‍ നിന്നും പൂവും നുള്ളി തലയില്‍ ചൂടി. പിന്നെ… എന്നെ ഉമേന്നൊക്കെ വിളിച്ച് വര്‍ത്തമാനങ്ങള്‍ പറഞ്ഞ്…’ ഉമക്ക് ശ്വാസം വിങ്ങി.
‘എനിക്ക് കുഞ്ഞാത്തോലിനെ ഓര്‍മ്മ വന്നു… ഒരുപാട്. അമ്പലമുറ്റത്തൊക്കെ അവള്‍ കൂടെയുള്ള പ്രതീതിയാരുന്നു. എനിക്കവളെ അവസാനമായൊന്നു കാണാന്‍ പോലും പറ്റിയില്ലല്ലോ’ ഉമ കണ്ണീരിലായി.
‘എന്നിട്ട് ദേവു എവിടെ?’
രവിക്ക് ഇപ്പോള്‍ ടെന്‍ഷന്‍ ആയി തുടങ്ങിയിരുന്നു.
‘പുറത്തുണ്ട്’.
ഉമ വസ്ത്രം മാറാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പുറത്തേക്ക് നടന്നു.
പാടത്തേക്കുള്ള നടക്കെട്ടില്‍ പൂപ്പടയിലെ പൂക്കളുടെ ഭംഗി നോക്കിയിരിക്കുകയായിരുന്നു ദേവിക. തെക്കേ മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ പടര്‍ന്നു കയറിയ മുല്ലയില്‍ നിന്നും കുറച്ചു പൂക്കള്‍ ശേഖരിച്ച് അവള്‍ക്ക് നല്‍കി കൊണ്ട് അയാള്‍ അവളുടെ അടുത്തേക്ക് ചെന്നു. എണ്ണ തേച്ചൊതുക്കിയ മുടിയും പട്ടുപാവാടയും ദാവണിയും പതിനേഴിലെത്തിയ ഒരു ഗ്രാമീണകന്യകയുടെ ഭംഗി അവള്‍ക്കേകി. ആദ്യമായി അവളെ ആ വേഷത്തില്‍ കണ്ടതു കൊണ്ടാകാം അയാള്‍ക്ക് പെട്ടെന്നു അവളോട് ഒരുപാട് വാത്സല്യം തോന്നി.
‘ക്ഷേത്രമൊക്കെ ഇഷ്ടപ്പെട്ടോ മോളെ?’ രവി ചോദിച്ചപ്പോള്‍ അവള്‍ നിഷ്‌കളങ്കമായി ചിരിച്ചു.
‘ഡാഡ്.. ഫാസിനേറ്റിംഗ് പ്ലേസ്. വൈ ഡിഡന്റ് വി കം ഹിയര്‍ ബിഫോര്‍?’
എന്ത് മറുപടി പറയണമെന്നാലോചിക്കുമ്പോഴേക്കും വീണ്ടും ഒരു കാറ്റ് അയാളെ തഴുകി കടന്നു പോയി. തളര്‍ത്തുകയും കുളിര്‍പ്പിക്കുകയും ചെയ്യുന്ന ആ കാറ്റ് വീശുമ്പോഴൊക്കെയും അകാരണമായൊരു ഭീതി അയാളെ ചൂഴ്ന്നു തുടങ്ങിയിരുന്നു. തൊട്ടു പിറകില്‍ ഒരു നിശ്വാസമറിഞ്ഞു തിരിഞ്ഞു നോക്കിയ അയാള്‍ തീഷ്ണമായ രണ്ടു കണ്ണുകള്‍ കണ്ടു ഭയന്നു. ആ വെള്ളാരംകണ്ണുകളില്‍ തെളിഞ്ഞ ക്രൗര്യം അയാളെ നിസ്സഹായനാക്കി.
About The Author
No related posts.