സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 3 | സൂസൻ പാലാത്ര

നോവൽ
……………….

സാറാക്കുട്ടിയുടെ അതിജീവനം
…………………………….

അദ്ധ്യായം – മൂന്ന്

“സാറാമോളെ കരോട്ടെന്നാടി ബഹളം കേക്കുന്നേ ”
“ഓ ഈ അമ്മ തുടങ്ങി, ഞാനിവിടെ പഠിക്കുവാന്നേ ”
“നീയാ പടിഞ്ഞാറു വശത്തു ചെന്നു ചെവിയോർത്തേ, എന്റെ ജോറൂട്ടീടെ ശബ്ദം പോലെ, അവന്റെ നെലോളി ഞാങ്കേട്ടു ”
ക്ഷണനേരത്തിൽ ജോറൂട്ടി ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് കവിളും പൊത്തി വെടിച്ചില്ലുപോലെ പാഞ്ഞു വന്നു. വലത്തെ കരണം ചൊകുചൊകെ ചെമന്നിരിക്കുന്നു. പുറത്തും അടികൊണ്ട പാടുണ്ട്.
“എന്നാ മോനെ, എന്നാ ഒണ്ടായേ ”
” ഒന്നുമില്ലമ്മേ ”
ജോർജുകുട്ടി മറയ്ക്കാൻ ശ്രമിക്കുകയാണ്.
“അല്ല, കാര്യായിട്ടൊണ്ടായി പറ മോനെ”
ജോർജുകുട്ടി ശേഷം പറയാതെ, മുറിയിൽ കയറി കതകടച്ചു.

“ചേടത്തിയ്ക്കറിയണമെന്നു നിർബ്ബന്ധാണേ ഞാമ്പറയാം. ഞാൻ നല്ല രണ്ടെണ്ണം കൊടുത്തിട്ടുണ്ട്, അഹങ്കാരിക്ക്. ഞാങ്കൊടുത്ത സ്വാതന്ത്ര്യം ഇച്ചിരി കൂടിപ്പോയി ഇനി മേലാ, പുഴുക്കളെ അങ്ങോട്ടു കേറ്റി വിട്ടേക്കല്ല് ” അഹങ്കാരത്തോടെ വറീച്ചൻ എന്നു വിളിപ്പേരുള്ള കൊച്ചപ്പാപ്പൻ മുന്നിൽ നിന്നു വിറയ്ക്കുന്നു.

” ങാ പിന്നേ എന്റെ ചെർക്കനെ എങ്ങാനും വേദനിപ്പിച്ചാലൊണ്ടല്ലോ”

“ഒണ്ടേൽ എന്നാ ചെയ്യും, മക്കളെ വളത്തുമ്പം നന്നായി വളത്ത് – തല്ലാൻ അവകാശമൊള്ള കൊണ്ടു തല്ലിയതാ, അധികപ്രസംഗി, അവങ്കെടന്നു കൂടുതൽ മൂക്കണ്ട, മേലാൽ അങ്ങോട്ട് കേറ്റിവിട്ടേക്കല്ല് പറഞ്ഞേക്കാം ”

വീട്ടിലെ ബഹളം കേട്ടുകൊണ്ടു വന്ന അപ്പൻ ചോദിച്ചു: “എന്നടാ വർക്കി നീ കെടന്നു തുള്ളുന്നേ എന്നാ ഒണ്ടായി”

” ങാ ഒള്ളതങ്ങു പറഞ്ഞേക്കാം ഇനി മേലാൽ ഇവറ്റയെ അങ്ങോട്ടു കേറ്റി വിട്ടേക്കല്ലെന്ന് ”

” അതു നീയാ തീരുമാനിക്കുന്നത്, നിനക്കുള്ള അധികാരോം അവകാശോം എനിക്കുമുണ്ട് ആ വീട്ടിൽ. നീയും നിന്റെ പെമ്പറന്നൊരും മക്കളും മാത്രമങ്ങു സുഖിച്ചു കഴിഞ്ഞാ മതിയോ, ഞാനേ എന്റെ അമ്മയ്ക്കു പിഴച്ചുണ്ടായതൊന്ന്വല്ല, ഞാനുണ്ടായിക്കഴിഞ്ഞാ നീ ജനിച്ചെ ഒന്നു പോടാ ഗൊണവതികാരോം കൊണ്ട് വന്നിരിക്കുന്നു.
അമ്മ ഇടയിൽക്കയറി: “നിങ്ങളു സഹോദരങ്ങൾ തമ്മിൽ കെടന്നു ബഹളമൊണ്ടാക്കാതെ, വറീച്ചനിപ്പം പോ, എടാ ജോറൂട്ടിയെ ഇങ്ങെറങ്ങി വാടാ”
കൊച്ചപ്പാപ്പൻ അമിട്ടു പൊട്ടുമ്പോലെ പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോയി.

ജോറൂട്ടി ഇറങ്ങി വന്ന് അപ്പന്റെ മുന്നിൽ ഒരു പൂച്ചക്കുട്ടിയെപ്പോലെ പതുങ്ങി നിന്നു. കാണാൻ സുന്ദരനായ ജോർജിന്റെ വെളുത്ത കവിൾത്തടം ചെമന്ന് തിണർത്തിരിക്കുന്നു. കൊച്ചപ്പാപ്പന്റെ മോതിരത്തിന്റെ അടയാളം കവിളിൽ കരിവാളിച്ചു കിടക്കുന്നു. അപ്പനും അമ്മയും ജോർജിനെ മാറി മാറി പരിശോധിച്ച് പതം പറഞ്ഞു സങ്കടപ്പെടുന്നു.

” അപ്പാ ഞാൻ നാളെ അമ്മവീട്ടിലെ നാങ്കുളത്തു പള്ളിപ്പെരുന്നാളിനു പോകാൻ തുണി തേയ്ക്കാനാണ് കരോട്ടു ചെന്നത്. സിംഗപ്പൂരിലപ്പച്ചൻ കൊടുത്തുവിട്ട സ്റ്റീലിന്റെയാ കറന്റുതേപ്പുപെട്ടി ഒന്നെടുത്തേനാ ഈ ബഹളമൊക്കെ. അതേൽ മേലാ തൊടരുതെന്നു പറഞ്ഞു, ഞാനന്നേരം പറഞ്ഞു: ” ഇതു സിംഗപ്പൂരിലപ്പച്ചൻ എന്റെ കയ്യിലല്ലേ തന്നത്, ഇവിടെ വേറെ ഒണ്ടായിട്ടും നിങ്ങളു മേടിച്ചിവിടെ വച്ചതല്ലേ, അങ്ങനാണേൽ ആ ഓടിന്റെ ചിരട്ടപ്പെട്ടി എനിക്കുതരാൻ ” അന്നേരം കൊച്ചമ്മ വന്നു പറയുവാ : “നിങ്ങളുകേട്ടോണ്ടു നിക്ക്വാണോ രണ്ടെണ്ണം കൊടുത്തു വിട്ടാൽ മേലാൽ ശല്യപ്പെടുത്താൻ ഒരുത്തനും വരില്ലെന്ന് ”

“ഒടനെ അവൻ പെണ്ണുങ്ങടെ വാക്കു കേട്ട് എന്റെ മോനെ തല്ലിയോ, എന്നാ കാണണല്ലോ”

അമ്മ ഒത്തിരി തടസ്സം പിടിച്ചിട്ടാണ് അപ്പൻ വല്യമ്മച്ചീടടുക്കൽ, കരോട്ട്, ചോദ്യത്തിനൊന്നും പോകാഞ്ഞത്.
” അമ്മ പറഞ്ഞു, എന്റെ മക്കളാരും ഇനി അവിടെ പോകണ്ട, അവൻ നിങ്ങളെ പുഴുക്കളെപ്പോലാ കാണുന്നത്, ഞാൻ ആട്ടിൻകുട്ടിയെ വിറ്റിട്ട് ഒരു ചിരട്ടപ്പെട്ടി വാങ്ങിത്തരാം.

” അതു തന്നെയല്ല അപ്പാ, അവിടെ എന്തൊക്കെയോ വല്യ ആലോചനകളാ, സ്വത്തൊക്കെ അപ്പാപ്പന്റെ പേരിൽ എഴുതിച്ചു. വല്യപ്പച്ചന്റെ, അയ്മനത്തുണ്ടാരുന്ന സ്ഥലം വിറ്റ പണം കൊണ്ടാ കിഴക്ക് ആറേക്കർ മേടിച്ചെ, പള്ളിക്കുന്നേലേം എല്ലാം കൊച്ചുപ്പാപ്പന്റെ പേരിലാക്കിയിരിക്ക്വാ.. കൂരോപ്പട അപ്പച്ചനും എല്ലാം അറിയാം. ബാക്കിയാർക്കുമറിയില്ല. അതാരും അറിയാതിരിക്കാനാ നമ്മളേം വല്ല്യപ്പാപ്പനേം ഒക്കെ അകറ്റുന്നേ. വല്യപ്പാപ്പൻ ചീന്തലാറ്റീന്നു വന്നാലൊടനെ നമ്മടെ കൂടെ താമസിപ്പിയ്ക്കാനാ പ്ലാൻ. അവരു പറേന്നതൊക്കെ ഞാൻ കേട്ടോന്നൊരു പേടി. കൊച്ചമ്മ പറഞ്ഞു വല്ലോം രണ്ടു പ്ലാവില കമത്തിത്തരുന്നേനെയൊക്കെ ഇങ്ങോട്ടു കേറ്റിയാ മതിയെന്ന് ”

അപ്പൻ ജോറിച്ചായനെ ചേർത്തു നിർത്തി നെറുകയിൽ തലോടി ആശ്വസിപ്പിച്ചു.
“പോട്ടെടാ നമ്മക്ക് ഒടേതമ്പിരാനൊണ്ട് അതു മതി. ഒരുത്തനും ഒരു തരി മണ്ണുമായിട്ടല്ല ഭൂമീലോട്ട് വന്നത് പോകുമ്പഴും കൊണ്ടോകാൻ ആർക്കേലും പറ്റ്വോ ”

അമ്മ സാറാക്കുട്ടിയോടും മറിയക്കുട്ടിയോടുമായി പറഞ്ഞു: ” അപ്പൻ ശാന്തനായ കണ്ടോ, സ്ഥലം മുഴുവൻ വറീച്ചനും മക്കക്കും കിട്ടാനായിട്ട് കിഴക്കുനിന്ന് അവരു കൂടോത്രക്കാരനെ കൊണ്ടുവന്നു. പറമ്പതിരി ലെല്ലാം എന്തോ കുഴിച്ചിടീച്ചെന്നു് ആ മണിയൻ ചെർക്കൻ ഇന്നാളൊരിക്കൽ രഹസ്യം പറഞ്ഞതാ. ഇച്ചിരെ കൈവിഷം അപ്പനും കൊടുത്തിട്ടുണ്ടാകും. വീതം വയ്പിന്റെ കാര്യം കേക്കുമ്പഴേ അപ്പനക്കു ശാന്തനാകും. സാരമില്ല എന്റെ മക്കളു പഠിച്ച് മിടുക്കരായാമതി. ഇപ്പഴത്തെ പട്ടിണീം സങ്കടോം തീരും ”

പിറ്റേന്ന് ജോർജുകുട്ടിയും സാറാക്കുട്ടിയും കൂടി നാങ്കുളം പള്ളിപ്പെരുന്നാളിനു പോയി. അങ്ങോട്ടുള്ള വണ്ടിക്കൂലി തന്നു വിട്ടു. ഇങ്ങോട്ട് അവരു തരും. ഞാലിയാകുഴിയിൽ വണ്ടിയിറങ്ങി. ജോർജുകുട്ടി ചോദിച്ചു:
“നിനക്കു വെശക്കുന്നില്ലേടീ ”
” ഓ സാരല്ലിച്ചായാ നമുക്കവിടെച്ചെല്ലുമ്പം കുശാലായിട്ട് കഴിക്കാല്ലോ, എത്ര സ്നേഹത്തോടെയാ അവിടുന്ന് അമ്മേമ്മച്ചി തരുന്നേ. കൊച്ചമ്മായീം പാവല്ലേ. ഇന്നലെ ജോറിച്ചായന്റെ വായീന്ന് ചോര വന്നെന്ന് ചേച്ചി പറഞ്ഞല്ലോ എന്നിട്ടെന്നാ അമ്മയോട് പറയാഞ്ഞെ?”
” ഓ അതൊന്നും സാരമില്ല. വെറുതെ അമ്മേ സങ്കടപ്പെടുത്തല്ലേ. പള്ളീൽ കൊടുക്കാൻ തന്ന അടിമപ്പണം ഉണ്ട്. നീ ആരോടും പറയരുത്. നമുക്ക് വാസുപിള്ളടെ കടേന്ന് ദോശ തിന്നാം. വാസുപിള്ളേടെ ദോശയ്ക്കു ഒത്തിരി രുചിയാ, കേൾവി കേട്ട ദോശയാ. പെരുന്നാളു കൂടാൻ കിട്ടുന്നതീന്ന് അടിമപ്പണം ഞാൻ കൊടുത്തോളാം പറയല്ലേ ടീ, പൊന്നേ ”
” ഇല്ല” അവൾ ഉറപ്പുകൊടുത്തു. അവൾ മനസ്സിൽ കർത്താവിനോടു കടം പറഞ്ഞു. തോമാശ്ലീഹായുടെ നാമത്തിലെ പള്ളിയാ. തോമാശ്ലീഹായെ ഞങ്ങക്കു കിട്ടുമ്പം തന്നേക്കാവേ. ക്ഷമിയ്ക്കണെ” വാകത്താനത്തുണ്ടായ മൂത്ത കുഞ്ഞുങ്ങളുടെ പേരിലെ അടിമപ്പണം പാവം അമ്മ കോഴിമുട്ട വിറ്റുണ്ടാക്കി കൊടുത്തുവിട്ടതാണ്.
വാസുപിള്ളയ്ക്ക് കുട്ടികളെ അറിയാം. വല്യമ്മാച്ചൻ കുഞ്ഞു കൊച്ചായൻ റബ്ബർഷീറ്റു വില്ക്കാൻ കൊണ്ടു പോയപ്പോ സാറാക്കുട്ടിയേം കൂട്ടിയിട്ടൊണ്ട്,
“പിള്ളേച്ചോ ഈ രണ്ട് ദോശയെടുക്ക്, കൊച്ചിനൊരു പാലും വെള്ളോം” കുഞ്ഞു കൊച്ചായൻ്റെ ശബ്ദം ഓർമ്മയിൽ മുഴങ്ങുന്നു. പാലും വെള്ളത്തിന് പിള്ളേച്ചൻ വെള്ളച്ചായ എന്നാണ് പറയുക. വേനലവധിയ്ക്ക് സ്കൂളടച്ചു കഴിഞ്ഞാൽ സാറാക്കുട്ടിയുൾപ്പടെ രണ്ടു മൂന്നു സഹോദരങ്ങൾ അമ്മവീട്ടിലും അമ്മയുടെ സഹോദരിയുടെ വീട്ടിലും കാഞ്ഞിരപ്പള്ളിയിലുള്ള പിതൃസഹോദരന്റെ വീട്ടിലുമൊക്കെയാണ് അടിച്ചു പൊളിച്ചു കഴിയുക.
വാസുപിള്ളയുടെ രുചികരമായ ദോശയും ചമ്മന്തിയും കഴിച്ച് സാറാക്കുട്ടിയും സഹോദരനും, സങ്കടങ്ങളൊക്കെ മറന്ന് നടപ്പു തുടർന്നു.” നമ്മളു വഴീന്നു കഴിച്ചകാര്യം അവിടെ പറയണ്ടകേട്ടോ, നാണക്കേടാകും, അവിടുന്ന് തരുന്നതതെല്ലാം മോളു തിന്നോണേ” ജോർജുകുട്ടി
ചട്ടം കെട്ടി.
” ഉവ്വാ ” അവൾ തല കുലുക്കി സമ്മതിച്ചു.
വീടെത്താറായി.
” ദാ ഈ പറമ്പെല്ലാം നമ്മടെ അമ്മ വീട്ടുകാരുടെയാ. ഈ മാന്തോട്ടമില്ലെ. ഇത് അവറാപ്പച്ചൻ നട്ടുണ്ടാക്കീതാ, അമ്മയുടെ അപ്പൻ, നമ്മടമ്മയ്ക്ക് എഴുതിക്കൊടുത്ത നമ്മടമ്മേടെ വീതാരുന്നു. കല്യാണത്തലേന്ന് അമ്മ ഒപ്പിട്ട് അവറാപ്പച്ചന് കൊടുത്തതാ. ആ വീതം എടുത്തിട്ടാ അവറാച്ചനപ്പച്ചൻ നമ്മടമ്മയ്ക്ക്
സ്ത്രീധനം കൊടുത്തത് ”
” ആ എനിക്കറിയാം ജോറിച്ചാ… അമ്മായി മാങ്ങാ പറിക്കാൻവിടുമ്പം ഞാൻ ഒത്തിരി പറിച്ചു കൊടുക്കാറുള്ളതാ. അവർ അതിലെ തുള്ളിച്ചാടി നടന്നു. മൂക്കിലും മുഖത്തുമെല്ലാം മാങ്ങയുടെ ഉരുമ്മൽ അനുഭവിച്ച്…
ഓരോ മാങ്ങ വീതം അവർ പറിച്ചെടുത്തു. കറുമുറാ കടിച്ചു തിന്നു. സാറാക്കുട്ടിയ്ക്ക് ആ മാങ്ങായുടെ ചുനമണം ഏറെ ഇഷ്ടമായി. മാവിൻ ചുവട്ടിൽ വീണു കിടന്നത് അവർ രണ്ടു പേരും കൂടി പെറുക്കിയെടുത്തു.
വല്യമ്മച്ചി നെറ്റിയേൽ കൈവച്ചു നോക്കി, ദൂരെ നിന്നേ അവരെക്കണ്ടു.
വല്യമ്മച്ചി പറഞ്ഞു: “അയ്യോ എന്റെ പെണ്ണില്ല, ജോറൂട്ടിമോനും എന്റെ സാറാക്കൊച്ചും മാത്രേ ഒള്ളൂ. അവരെ ഇങ്ങു വിളിച്ചേ, ഒള്ള വാട്ട മാങ്ങയൊക്കെ തിന്നു തൂറ്റു പിടിപ്പിച്ചാപ്പിന്നെ പെരുന്നാളു കൂടാമ്പറ്റ്വോ. പിന്നെയാർക്കു വേണ്ടിയാ ഈ എറച്ചീം മീനുമൊക്കെ ഒണ്ടാക്കി വച്ചേക്കുന്നേ ”
അമ്മാച്ചന്റെ മക്കളായ ബാബുവും സണ്ണിയും അവരെ ആനയിച്ചോണ്ടു പോയി.
മുറ്റത്തെ ചെമ്പു ചരുവത്തിൽ നിന്ന് അതിൽ കിടന്ന ചെറിയ ചെമ്പുചട്ടികൊണ്ടു വെള്ളമെടുത്ത് അവർ കയ്യും കാലും മുഖവും കഴുകി, അയയിൽ നനച്ചിട്ട ചുട്ടിക്കുറിയോണ്ടെടുത്ത് അമ്മേമ്മ അവരുടെ മുഖം മാറിമാറി തുടച്ചു. അമ്മേമ്മയുടെ പേരാണ് തന്റെ മാമോദീസാ പേര്. സാറാമ്മ. സാറാക്കുട്ടിയ്ക്കഭിമാനം തോന്നി.
“ഓ എന്റെ മക്കളേ”
അമ്മേമ്മച്ചി ഓടി വന്ന് വീണ്ടും അവരെ കെട്ടിപ്പിടിച്ചാശ്ലേഷിച്ചു, എന്നിട്ടു തുടർന്നു:
” നിങ്ങsമ്മ വന്നില്ല അല്ലേ, എങ്ങനെ വരാനാ? അവളു പ്രാരാബ്ധക്കാരിയല്ലേ. വാ വന്നിരിക്ക് വല്ലോം കഴിച്ച് ഒന്നു കെടന്നു മയങ്ങീട്ട് വിശേഷങ്ങളൊക്കെ പറയണം കേട്ടോ ഇപ്പം വയറുനെറച്ച് കഴിക്ക് വെശക്കുന്നില്ലേ,
പെണ്ണെ അവർക്കു ചോറെടുത്തേ”
അമ്മേമ്മ കൊച്ചമ്മായിയെ ചുമതലപ്പെടുത്തി.
ഉലത്തിറച്ചിയും, മീൻപീരയും, നുറുക്കുമീൻ കറിയും മോരു കാച്ചിയതുമെല്ലാം കൂട്ടി കുശാലായ ഊണ്. കീടനാശിനിയൊന്നും അടിയ്ക്കാതെ സ്വന്തം പാടത്തിൽ കൃഷി ചെയ്തെടുക്കുന്ന ഒന്നാന്തരം നെല്ലു കുത്തരിച്ചോറ്. സാറാക്കുട്ടിയ്ക്ക് സന്തോഷമായി. തന്റെ ജോറിച്ചായന് ഏറ്റവും ഇഷ്ടമുള്ള കറികളും ചോറും. പക്ഷേ നല്ല ഭക്ഷണം കിട്ടിയപ്പോൾ ഉണ്ണാനാകുന്നില്ല. വയറ്റിൽ വാസുപിള്ളയുടെ, ദോശയും അവറാപ്പച്ചന്റെ പറമ്പിലെ മാങ്ങയും കിടന്ന് പല്ലിളിച്ചു കാണിക്കുന്നു,

(തുടരും…..)

1 COMMENT

 1. സൂസൻ പാലത്തറയുടെ

  സാറാക്കുട്ടിയുടെ അതിജീവനം –
  ഞാൻ വായിക്കാറുണ്ട്.. നിഷ്കളങ്കമായ ഗ്രാമത്തിന്റെ സംസാരം… തുറന്നു കാണിക്കുന്നു.

  ഉലത്തിറച്ചിയും, മീൻപീരയും, നുറുക്കുമീൻ കറിയും മോരു കാച്ചിയതുമെല്ലാം കൂട്ടി കുശാലായ ഊണ്.
  അസ്സൽ പാലാക്കാരുടെ ഊണിന്റെ
  രുചി നാവിൽ വരുന്നു.

  അതിന്റെ കൂടെ “വാസുപിള്ളയുടെ, ദോശയും അവറാപ്പച്ചന്റെ പറമ്പിലെ മാങ്ങയും കിടന്ന് പല്ലിളിച്ചു കാണിക്കുന്നു”
  ഇതൊക്കെ വായിക്കുമ്പോൾ വല്ലാത്ത സന്തോഷം… ഇനിയും വായിക്കാൻ കാത്തിരിക്കുന്നു.ഈ
  ലീലുസ്

LEAVE A REPLY

Please enter your comment!
Please enter your name here