‘കാവല്‍ മാലാഖ’ (നോവല്‍ ആരംഭിക്കുന്നു) 1

Facebook
Twitter
WhatsApp
Email

1.ഹിമബിന്ദുക്കള്‍
ദിവസങ്ങളായി ചത്തു കിടന്ന കണ്‍പോളകള്‍ ഒന്നു ചലിച്ചു. ജീവനില്ലാത്ത കൃഷ്ണമണികളില്‍ ഒരനക്കം. മങ്ങിയ പ്രകാശത്തിന്‍റെ നേര്‍ത്ത വീചികളില്‍ സൈമണ്‍ കണ്ടു, സുസന്‍. രണ്ടു വര്‍ഷത്തിനു ശേഷം അവള്‍ക്കായൊരു ചിരി ചുണ്ടിന്‍റെ കോണിലെവിടെയോ കൊളുത്തി വലിച്ചു.

സ്വപ്നങ്ങളുടെ വിത്തു പാകിയ തണുത്ത മണ്ണില്‍ പ്രതീക്ഷകളുടെ കുഴിമാടങ്ങള്‍ മാത്രം. പോയ കാലത്തിന്‍റെ തുരുമ്പിച്ച വീണക്കമ്പികള്‍ മുഴക്കുന്നത് അപശ്രുതികള്‍ മാത്രം. കീഴടങ്ങാത്ത അഹംബോധത്തിന്‍റെ നിസ്സഹായതയില്‍ വീല്‍ ചെയറിന്‍റെ അഭയഹസ്തങ്ങളില്‍ മുറുകെപ്പിടിച്ച് അവനിരുന്നു.

2. പൂമ്പാറ്റയുടെ പുഞ്ചിരി
ചേതന മരവിച്ച കണ്ണുകളിലൂടെ സൂസന്‍ യാത്ര ചെയ്തത് ആ പ്രഭാതത്തിലേക്കാണ്. രണ്ടു വര്‍ഷം മുമ്പ്, കൃത്യമായോര്‍ക്കുന്നുണ്ട്, മഞ്ഞു പുതച്ച നടപ്പാതയിലൂടെ ഓടിക്കിതച്ചത്, കുഞ്ഞു ചാര്‍ലിയുടെ പല്ലു മുളയ്ക്കാത്ത ചിരിയിലേക്കോടിയെത്താന്‍ വെമ്പിയത്. ഒരു രാത്രിക്ക് ഒരു യുഗത്തിന്‍റെ ദൈര്‍ഘ്യമുണ്ടായതെങ്ങനെ.

സ്പെയര്‍ കീ താക്കോല്‍പ്പഴുതില്‍ തിരിയുമ്പോള്‍ തന്നെ കേട്ടു, ചാര്‍ലിയുടെ കരച്ചില്‍. കതകു തുറന്നപ്പോള്‍, വെറും നിലത്തു ബോധം കെട്ടുറങ്ങുന്ന സൈമണ്‍. അത്താഴത്തിനൊപ്പം മദ്യം അകത്തായതിന്‍റെ മഹത്വം. ലഹരി സിരകളില്‍ പടര്‍ന്നു കയറിയാല്‍ പിന്നെ കുഞ്ഞിന്‍റെ കരച്ചിലല്ല, ബോംബ് പൊട്ടുന്നതു കേട്ടാലും എഴുന്നേല്‍ക്കില്ല.

എല്ലിന്‍ കഷണങ്ങളും ശൂന്യമായ മദ്യക്കുപ്പിയും ഗ്ലാസുകളും, ഇടയില്‍ മുട്ടിലിഴയുന്ന ചാര്‍ലി. അമ്മയെ കണ്ടതോടെ കരച്ചിലിനു ശക്തി കൂടി, കൈനീട്ടി. ഓടിച്ചെന്നെടുത്തു മാറോടണച്ചിട്ടും അവനാശ്വാസമായില്ല. വിശപ്പിന്‍റെ നിലവിളി സൂസന്‍ തിരിച്ചറിഞ്ഞു. പാലൂട്ടി ഉറക്കുമ്പോഴും കണ്ടും ഏതോ മുജ്ജډ ദുഃഖത്തിന്‍റെ ശേഷിപ്പു പോലെ അവന്‍റെ കുഞ്ഞിക്കണ്‍കോണുകളില്‍ അടരാന്‍ വെമ്പി നില്‍ക്കുന്ന കണ്ണീര്‍ത്തുള്ളി.

അവന്‍റെ ഉറക്കത്തിന്‍റെ നിര്‍വൃതി സ്വന്തം മനസിലേക്കാവാഹിച്ച്, അടുക്കളയില്‍ ചെന്നു നോക്കുമ്പോള്‍ കാച്ചി കുപ്പിയിലൊഴിച്ചു വച്ച പാല്‍ ഇളക്കമൊന്നും തട്ടാതെ സുരക്ഷിതമായിരിക്കുന്നുണ്ട്. സൈമണ്‍ മദ്യലഹരിയില്‍ കുഞ്ഞിനെക്കുറിച്ചോര്‍ത്തിട്ടു പോലുമുണ്ടാകില്ല. ആരോടു പറയാന്‍, എന്തു പരിഭവിക്കാന്‍!

ചോദിച്ചാല്‍ കിട്ടുന്ന മറുപടി അവള്‍ക്കറിയാം- “കുട്ടികളായാല്‍ കരഞ്ഞെന്നൊക്കെയിരിക്കും…”

കുട്ടിയെ നോക്കാന്‍ ഒരു ആയയെ നിര്‍ത്താമെന്നു വച്ചാല്‍ സമ്മതിക്കില്ല. കുട്ടിയെ നോക്കാന്‍ വയ്യെങ്കില്‍ പ്രസവിച്ചതെന്തിനെന്നായിരിക്കും അടുത്ത ചോദ്യം. രാത്രി കുഞ്ഞിനെ നോക്കാനുള്ള ജോലി സ്വയം ഏറ്റെടുത്തതാണ്. ആയയ്ക്കു കൊടുക്കാനുള്ള പണം തന്‍റെ ചെലവിന്‍റെ കണക്കില്‍ എഴുതിക്കോളാന്‍. സ്വന്തം കുഞ്ഞിനെ നോക്കാന്‍ വരെ കണക്കുപുസ്തകം!

സൈമണ്‍ ഒരാഴ്ച കുടിച്ചു തീര്‍ക്കുന്ന കാശു മതി, ഒരു മാസം ആയയ്ക്കു ശമ്പളം കൊടുക്കാന്‍. അതു പറഞ്ഞാല്‍ കോംപ്ലക്സ് തലപൊക്കും. എന്‍ജിനീയറിങ് ഡിഗ്രിയും കൊണ്ട് കടയില്‍ കണക്കെഴുതാനും തൂക്കിക്കൊടുക്കാനും പറ്റില്ലെന്നാണു ന്യായം. ജോലി അന്വേഷണം നിലച്ചപ്പോള്‍ വെറുതേ വീട്ടിലിരിപ്പായി. പ്രധാന ഹോബി സീരിയല്‍ കാഴ്ച. വലിയ ഇടവേളകളില്ലാതെ മദ്യപാനക്കൂട്ടങ്ങളും പാര്‍ട്ടിയും കൂത്തും. ഇതൊന്നുമില്ലെങ്കില്‍ സ്വന്തമായി വീട്ടില്‍ വാങ്ങിവച്ച് ഒറ്റയ്ക്കിരുന്നു കുടിച്ചോളും.

ലണ്ടനില്‍ ചവറു പോലെയുണ്ട് പ്രൊഫഷണല്‍ ഡിഗ്രിക്കാര്‍. ചെറിയ ജോലികള്‍ ചെയ്ത് ഉയര്‍ന്നു വരിക മാത്രമാണ് വിദേശികള്‍ക്കു മുന്നിലുള്ള വഴി. ദുരഭിമാനം അനുവദിക്കില്ലെങ്കില്‍ പിന്നെ ആരു പറഞ്ഞിട്ട് എന്തു കാര്യം! കൂടെ മടിയും അഹങ്കാരവും കൂടിയായില്‍ പറയാനുമില്ലല്ലോ.

പിന്നില്‍ കാല്‍പ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കുമ്പോഴേക്കും സൈമന്‍റെ കരവലയത്തിലായിക്കഴിഞ്ഞിരുന്നു അവള്‍.

“കൊച്ച് ഒറക്കമാ, നീയിങ്ങോട്ടു വന്നേ, ചായയിടുന്നതൊക്കെ പിന്നെ….”

സൈമണു പണം കഴിഞ്ഞാല്‍ തന്നെക്കൊണ്ടുള്ള ഏക ആവശ്യം ഇതാണ്. ചൂടാറിയ കുപ്പിപ്പാലിലേക്കു നോക്കിയപ്പോള്‍ സൂസന്‍റെയുള്ളില്‍ രോഷം പുകഞ്ഞു കത്തി.

“എനിക്കിപ്പം മനസില്ല. നിങ്ങള്‍ക്കിതല്ലാതെ വല്ല വിചാരവുമുണ്ടോ? കൊച്ചിനു കൊടുക്കാന്‍ വച്ചിരുന്ന പാല്‍ അതുപോലെ ഇരിക്കുന്നു. തന്ത കുടിച്ചു കൂത്താടി ബോധമില്ലാതെ…. എന്നിട്ടിപ്പോ ശൃംഗരിക്കാന്‍ വന്നിരിക്കുന്നു… എന്നെക്കൊണ്ടൊന്നും പറയിക്കരുത്….”

സൈമണ്‍ തരിച്ചു നിന്നു. സൂസന്‍റെ ഇങ്ങനെയൊരു മുഖം ഇതുവരെ കണ്ടിട്ടില്ല. എല്ലാ ആഗ്രഹങ്ങള്‍ക്കും കീഴടങ്ങി കിടക്കയില്‍ തളര്‍ന്നു കിടക്കുക മാത്രം ചെയ്യാറുള്ള ഭാര്യ. ഒരു പരാതിയുമില്ലാതെ തന്നെ ഏറ്റുവാങ്ങാറുള്ളവള്‍ ഇതാ ഈറ്റപ്പുലിയെപ്പോലെ ചീറുന്നു. എന്താണിവള്‍ക്കു പറ്റിയത്. വിഭ്രമം പുറത്തുകാട്ടാതെ അവന്‍ ചോദിച്ചു.

“നീ ഒഴിച്ചുവച്ച പാല്‍ അവന്‍ കുടിച്ചു. ഇതു ഞാന്‍ ഇന്നു കാലത്തേക്കു കാച്ചി വച്ചതാ….”

ന്യായീകരണത്തിനു കാതു കൊടുക്കാതെ അവള്‍ ഭക്ഷണപ്പാത്രങ്ങളുമായി കൊടുങ്കാറ്റു പോലെ പാഞ്ഞു പോയി. ഡൈനിംഗ് ടേബിളില്‍ പാത്രം വയ്ക്കുന്ന ശബ്ദത്തിനു പിന്നാലേ മുറിയുടെ വാതിലടയുന്ന ശബ്ദം. അതുകേട്ടു ഞെട്ടിയുണര്‍ന്ന കുഞ്ഞിന്‍റെ കരച്ചില്‍.

സൈമണ്‍ അല്പനേരം കൂടി അങ്ങനെ തരിച്ചു നിന്നു. പിന്നെ, മുഖത്തു പുച്ഛം വിരിഞ്ഞു. കണ്ണുകള്‍ ടിവി റിമോട്ടിനായി പരതി. ടിവിയില്‍ കണ്ണുനട്ട് ഭക്ഷണത്തിനു മുന്നിലേക്ക്. നിസംഗത എടുത്തണിയാന്‍ ശ്രമിച്ചിട്ടും മനസില്‍ ഒരായിരം ചോദ്യങ്ങള്‍ തുളഞ്ഞു കയറുന്നു. ഇവളെന്താണിങ്ങനെ? ആലോചിച്ചു, പിന്നെയും പിന്നെയും, കുറേക്കഴിഞ്ഞപ്പോള്‍ ചിന്തകള്‍ മറ്റേതോ കാടുകയറി.

കുഞ്ഞിനെ നെഞ്ചോടു ചേര്‍ക്കുമ്പോള്‍ സൂസന്‍ ശ്രദ്ധിച്ചു. അവന്‍റെ നാപ്കിന്‍ പോലും മാറ്റിയിട്ടില്ല. കണ്ണീരുണങ്ങിയ പാടുകളാണാ കുരുന്നു കവിളുകളില്‍. രാത്രി മുഴുവന്‍ നനഞ്ഞു കുതിര്‍ന്നു കരഞ്ഞു തളര്‍ന്നിട്ടുണ്ടാകും എന്‍റെ കുഞ്ഞ്. ഇതൊക്കെ അനുഭവിക്കാന്‍ എന്തു പാപമാണിവന്‍ ചെയ്തത്. അവളുടെ മനസിലെ കനലുകള്‍ വീണ്ടും ജ്വലിച്ചുയര്‍ന്നു. വാതില്‍ തുറന്നു പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു.

“എനിക്കൊരു കാര്യമറിയണം. നിങ്ങളീ കുഞ്ഞിന്‍റെ അച്ഛനാണോ?”

ഭക്ഷണത്തില്‍നിന്നു മുഖം തിരിച്ചു സൈമണ്‍ നിസ്സാരമായി ചോദിച്ചു, “എന്തിനാ എന്നോടു ചോദിക്കുന്നത്, നിനക്കല്ലേ അറിയൂ?”

ആദ്യമായല്ല സൈമണ്‍ ഈ ചോദ്യമെറിയുന്നത്. പുറത്ത് ഏതൊരു പുരുഷനോടൊന്നു മിണ്ടിയാലോ ചിരിച്ചാലോ ചോദ്യം ചെയ്യലുണ്ടാകും. സൈമന്‍റെ വിവാഹ പൂര്‍വ ബന്ധങ്ങളുടെ വൃത്തികെട്ട ഒരുപാടു കഥകള്‍ അറിഞ്ഞിട്ടും ഒരിക്കലും അങ്ങോട്ടൊന്നും ചോദിച്ചിട്ടില്ല.

“കൊച്ചിന്‍റെ തന്ത നിങ്ങളല്ലെന്നു തോന്നുന്നുണ്ടെങ്കില്‍ അതെന്‍റെ തെറ്റല്ല. നിങ്ങള്‍ കണ്ടിട്ടുള്ള പെണ്ണുങ്ങളെപ്പോലെയാണ് എല്ലാവരുമെന്നു കരുതരുത്.”

“നിനക്കിപ്പോ എന്താ പ്രശ്നം? കുഞ്ഞിന്‍റെ തന്തയെ കണ്ടുകിട്ടാന്‍ ഇറങ്ങിയിരിക്കുവാണോ?”

“സ്വന്തം കുഞ്ഞെന്ന ബോധമുണ്ടായിരുന്നെങ്കില്‍ നിങ്ങളവന്‍റെ കരച്ചില്‍ കേട്ടേനേ. എന്തിനാ അതിനെ ഇങ്ങനെ നരകിപ്പിക്കുന്നേ? എന്തു തെറ്റാ അതു നിങ്ങളോടു ചെയ്തേ…?”

സൈമന്‍റെ കൈ പൊങ്ങി. ഒരു നിമിഷം ലോകം മുഴുവന്‍ ഇരുട്ട്. പിന്നെ സൂസന്‍റെ തലയ്ക്കു ചുറ്റും പൊന്നീച്ച പറന്നു. അശരീരി പോലെ ഭര്‍ത്താവിന്‍റെ ശബ്ദം.

“മിണ്ടരുത് നീ. ഉദ്യോഗത്തിനെന്നു പറഞ്ഞ് രാത്രി ഒരുങ്ങിക്കെട്ടി പോയിക്കഴിഞ്ഞാല്‍ ഞാന്‍ തന്നാ കൊച്ചിനെ നോക്കുന്നേ. അല്ലാതെ നിന്‍റെ ചത്തു പോയ അപ്പനല്ല….”

പുറത്തു മഴ, അകത്ത് ഇടിമിന്നല്‍. തലയൊന്നു നേരേ നിര്‍ത്താറായപ്പോള്‍ സൂസന്‍ കണ്ടു, മഴയത്തേക്ക് ഇറങ്ങി നടക്കുന്ന സൈമണ്‍. ക്രോധത്തിന്‍റെ മൂര്‍ധന്യത്തില്‍ കുടപോലുമെടുക്കാതെ, കൈയും വീശി, തിരിഞ്ഞൊന്നു നോക്കാതെ അവന്‍ പോയി.

(തുടരും…..)

(കടപ്പാട് – സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം)

+++++++++++

കാവല്‍ മാലാഖ

മലയാള സാഹിത്യമേഖലയിലെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്‍റെ ലോകമെങ്ങുമുള്ള മാലാഖമാര്‍ക്കായി ഞങ്ങള്‍ പ്രസിദ്ധികരിക്കുന്ന രണ്ടാമത്തെ നോവലാണ് ‘കാവല്‍ മാലാഖ.’ കേരള ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച ബാല നോവല്‍ ‘കിളിക്കൊഞ്ചല്‍’ ഏറെ പ്രശംസ  പിടിച്ചുപറ്റിയിരുന്നു.

ലോകമെങ്ങും മാലാഖമാര്‍ എന്നറിയപ്പെടുന്ന നഴ്സുമാര്‍ക്ക് ആരാധകരുടെ എണ്ണം ദിനപ്രതി വര്‍ദ്ധിക്കുന്ന ഈ കാലത്ത് അവരുടെ വികാരാര്‍ദ്രമായ ജീവിത മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തുന്ന മലയാള നോവലുകള്‍ അപൂര്‍വ്വമാണ്. മൈതാന പ്രസംഗംപോലെ നഴ്സസിനെ മാലാഖമാരെന്ന് നമ്മള്‍ പാടി പുകഴ്ത്താറുണ്ട്. അവര്‍ക്കായി നമ്മുടെ സര്‍ക്കാരുകള്‍ എന്ത് ചെയ്തു അല്ലെങ്കില്‍ എന്ത് ചെയ്യുന്നുവെന്ന ചോദ്യത്തിന് മുന്നില്‍ അവര്‍ മൗനികളാണ്. കേരള സര്‍ക്കാര്‍ അടക്കം രാഷ്ട്രീയ വേലിക്കെട്ടുകള്‍ നോക്കിയും കീശ നോക്കിയും ശുപാര്‍ശകള്‍ വഴിയും ഇന്ത്യന്‍ രാഷ്ട്രപതിയും പലര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കാറുണ്ട്. ലോകമെങ്ങുമുള്ള ആരോഗ്യ മേഖലയില്‍ രാപകല്‍ കഷ്ടപ്പെടുന്ന ഈ മാലാഖമാരെ ഇനിയെങ്കിലും രാഷ്ട്രീയ മതിലുകള്‍ നോക്കാതെ കണ്ണുതുറന്ന് കാണണം. ആശുപത്രികളില്‍ തൂവെള്ള വസ്ത്രധാരികളായി അഴകുവിരിച്ചു നില്‍ക്കുന്ന, രോഗികള്‍ക്ക് കുളിര്‍കാറ്റായി വാത്സല്യം വിതറുന്ന കരുത്തും കരുതലും നല്‍കുന്ന മാലാഖമാര്‍ക്ക് ജീവിതത്തില്‍ പലപ്പോഴും കനത്ത പ്രഹരങ്ങളാണ് കിട്ടാറുള്ളത്.

മനുഷ്യരിലെ സ്വഭാവ വൈജാത്യങ്ങളെ സുഷ്മമായി മനസ്സിലാക്കി എഴുതിയ നോവലാണ് ‘കാവല്‍ മാലാഖ.’ കാമാവേശത്താല്‍ വിവേകം നഷ്ടപ്പെട്ട പുരുഷന്‍ സ്ത്രീയുടെ നഗ്നമായ ഉടലില്‍ കാട്ടുന്ന ലജ്ജാവഹമായ സ്ഥിതിവിശേഷമടക്കം ദാമ്പത്യ ജീവിതത്തിന്‍റ ആനന്ദലഹരിയില്‍ നഴ്സായ സൂസന്‍, ഭര്‍ത്താവ് സൈമണ്‍, കുഞ്ഞുമകന്‍ ചാര്‍ളിയടക്കം തീഷ്ണമായ അനുഭവങ്ങള്‍ ശക്തവും സുന്ദരവുമായ വിധത്തില്‍ നമ്മളോട് പറയുന്നു.

മലയാള സാഹിത്യമേഖലക്ക് ധാരാളം സംഭാവനകള്‍ നല്‍കിയ കാരൂര്‍ സോമന്‍റെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധികരിച്ച നോവലാണിത്. പ്രവാസ സാഹിത്യ രംഗത്ത് ഇത്രമാത്രം സംഭാവനകള്‍ നല്‍കിയ ലോകമെങ്ങും എഴുതുന്ന മറ്റൊരാളില്ല. പഠിക്കുന്ന കാലം മുതല്‍ ബാലരമയില്‍ കവിതകള്‍ എഴുതിയും റേഡിയോ നാടകങ്ങള്‍ അവതരിപ്പിച്ചും സാഹിത്യ രംഗത്ത് വന്ന കാരൂര്‍ സോമന്‍ നാടകം, സംഗീത നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്ര കഥകള്‍, കവിത, ലേഖനം, ചരിത്ര ലേഖനങ്ങള്‍, യാത്രാ വിവരണം, ജീവ ചരിത്രം, ആത്മകഥ, ശാസ്ത്ര കായിക രംഗത്തെ വൈജ്ഞാനിക കൃതികളടക്കം കേരളത്തിലെ പ്രമുഖ പ്രസാധകര്‍ പ്രസിദ്ധികരിച്ചത് അന്‍പതോളം കൃതികളുടെ രചയിതാവാണ്.

എല്ലാ വെള്ളിയാഴ്ചകളിലും കാവല്‍ മാലാഖയുടെ തുടര്‍ച്ച പ്രസിദ്ധീകരിക്കുന്നതാണ്. പ്രവാസജീവിതത്തില്‍ ഒരു നഴ്സ് അഭിമുഖീകരിക്കുന്ന ഹൃദയഹാരിയായ അനുഭവങ്ങള്‍ കോര്‍ത്തിണക്കി കാരൂര്‍ സോമന്‍ തയ്യാറാക്കിയ ഈ നോവല്‍ തുടര്‍ന്നും വായിക്കുക.

ലോകമെങ്ങുമുള്ള എല്ലാം മാലാഖമാര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *