കാവല്‍ മാലാഖ (നോവല്‍ – 2) ഉണര്‍ത്തുപാട്ട്

Facebook
Twitter
WhatsApp
Email

ഇരുട്ടു വീണു തുടങ്ങി. മഴ ഇപ്പോഴും ചിന്നിച്ചിതറി വീഴുന്നു. സൈമണ്‍ ഇതുവരെ വന്നിട്ടില്ല. ജോലിക്കു പോകാനും സമയമായി. മുന്‍പു പലപ്പോഴുമുണ്ടായിട്ടുള്ളതാണീ ഇറങ്ങിപ്പോക്ക്. പക്ഷേ, തനിക്കു പോകാറാകുമ്പോഴേക്കും വരാറുണ്ട്. പക്ഷേ, ഇതിപ്പോ ആളിന്‍റെ പൊടി പോലുമില്ല.

കുഞ്ഞിന്‍റെ കാര്യം എന്തു ചെയ്യും! ഇനിയിപ്പോ വിളിച്ചു ലീവ് പറയാനും പറ്റില്ല. സൂസന്‍ ഫോണെടുത്ത് സൈമന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. സോഫയില്‍ ഫോണ്‍ ചിലച്ചു. മൊബൈല്‍ പോലും എടുക്കാതെയാണു പോയിരിക്കുന്നത്. സൂസന്‍ പ്രതിമ കണക്കേ പുറത്തേക്കു കണ്ണു നട്ടിരുന്നു. ഇരുട്ടു കനത്തു കഴിഞ്ഞു, പുറത്തും അവളുടെ മനസിലും. മഴ പെരുമഴയായി. സമയം ശരവേഗത്തില്‍ കുതിക്കുന്നു. അവളറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

വേഗം കണ്ണുതുടച്ച്, മുഖം കഴുകി, കുഞ്ഞിനെയുമെടുത്ത്, ചെറിയൊരു ബാഗില്‍ അവനുള്ള നാപ്കിനും പാലും ബിസ്കറ്റും കരുതി. കുടയുമെടുത്തു പുറത്തേക്കിറങ്ങി. മേരിച്ചേച്ചിയോടു സഹായം ചോദിക്കാം.

കര്‍ത്താവേ, അവര്‍ വീട്ടിലുണ്ടായാല്‍ മതിയായിരുന്നു. ട്രാവല്‍ ഏജന്‍സി നടത്തുന്ന സേവ്യറും ഭാര്യ മേരിയും തൊട്ടടുത്തു തന്നെയാണു താമസം. മേരിക്കു ജോലിയൊന്നുമില്ല. പക്ഷേ, മലയാളി സാംസ്കാരിക, സാഹിത്യ സംഘടനകളുടെ പ്രവര്‍ത്തനവും മറ്റുമായി മിക്കവാറും തിരക്കോടു തിരക്കു തന്നെ. പുറത്തെവിടെയെങ്കിലും പോയിക്കാണുമോ ആവോ…!

പോര്‍ച്ചില്‍ കാറുണ്ട്. ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നതു സേവ്യര്‍. സൂസനെ കണ്ടതും വല്ലാത്തൊരു സന്തോഷത്തോടെ അതിഥേയന്‍ അകത്തേക്കു വിളിച്ചു.

“അല്ലാ, ഇതാര് സൂസനോ… കുറേ നാളായല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട്, വാ… വാ….”

“ചേച്ചി…?”

“അകത്തുണ്ട്, സൂസന്‍ വരൂ…”

വാതിലടച്ചു തിരിയുമ്പോള്‍ സൂസന്‍റെ അംഗലാവണ്യത്തില്‍ സേവ്യറുടെ കണ്ണുകള്‍ ഒന്നു പ്രദിക്ഷിണം വച്ചു.

മുറിക്കുള്ളില്‍ നിന്നൊരു പാദസരത്തിന്‍റെ കിലുക്കും അടുത്തേക്കു വന്നു. മരിയനാണ്, സേവ്യറുടെയും മേരിയുടെയും ഏകമകള്‍, ഏഴാം ക്ലാസുകാരി. ചാര്‍ലിയെയും ഒക്കത്തെടുത്ത് അവള്‍ അകത്തേക്കു തിരിഞ്ഞപ്പോഴേക്കും മേരി വന്നു.

ഇവര്‍ എവിടെയെങ്കിലും പോകാനൊരുങ്ങുകയാണോ? കൈയിലും കഴുത്തിലും നിറയെ സ്വര്‍ണം. പട്ടു സാരി. മുഖത്തു മേക്കപ്പ്. സൂസന്‍ സന്ദേഹം തുറന്നു തന്നെ ചോദിച്ചു:

“ചേച്ചി എങ്ങോട്ടെങ്കിലും പോകാനിറങ്ങുവാരുന്നോ?”

“ഏയ് അല്ല സൂസന്‍. എവിടെ സൈമണ്‍? മലയാളിയെ നന്നാക്കാന്‍ പോയേച്ചിങ്ങു വന്നില്ലേ?”

ചെറിയൊരു കുസൃതിച്ചിരിയോടെ മേരിയുടെ മറുപടിയും മറുചോദ്യവും. സൂസന്‍റെ സന്ദേഹമൊഴിഞ്ഞു, ചെറിയൊരാശ്വാസം.

“ഇല്ല ചേച്ചീ, മഴയായതുകൊണ്ടാവും വൈകുന്നത്, ഫോണും എടുക്കാന്‍ മറന്നു”

നല്ല അയല്‍ക്കാരോടു ചെറിയൊരു കള്ളം.

“അയ്യോ, സൂസനു ഡ്യൂട്ടിക്കു പോകാറായില്ലേ? ശരി, കുഞ്ഞിവിടെ നില്‍ക്കട്ടെ, ഞങ്ങള്‍ നോക്കിക്കോളാം. സൂസന്‍ പൊയ്ക്കോളളൂ.”

സൂസന്‍റെ മുഖത്തു നന്ദിയും സമാശ്വാസവും കൂടിക്കലര്‍ന്ന പുഞ്ചിരി. താന്‍ എങ്ങനെ ചോദിക്കുമെന്നു കരുതിയാണു വന്നത്. മനസറിഞ്ഞ പോലെ മേരിച്ചേച്ചി ഇങ്ങോട്ടു പറഞ്ഞിരിക്കുന്നു, കുഞ്ഞിനെ ഇവിടെ നിര്‍ത്താമെന്ന്.

“മേരീ….”

അകത്തുനിന്നു സേവ്യര്‍ നീട്ടി വിളിച്ചു.

“ദാ വരുന്നേ സൂസന്‍.”

മേരി വേഗം അകത്തേക്ക്.

“നല്ല മഴ. ഒറ്റയ്ക്കു വിടണോ?”

സേവ്യര്‍ അടക്കത്തില്‍ ചോദിച്ചു.

“എന്നും ഒറ്റയ്ക്കല്ലേ പോകുന്നത്, ഇതു കേരളമൊന്നുമല്ല.” മേരി വെട്ടിത്തിരിഞ്ഞു മുറിക്കു പുറത്തേക്കു പോന്നു, സേവ്യര്‍ നിരാശനായി. സൂസന്‍ എന്ന സൗന്ദര്യധാമത്തിനൊപ്പം കാറിലൊരു യാത്ര, മഴയത്ത്, മധുര പ്രതീക്ഷകളില്‍ മനസൊന്നു കുളിരുകോരിയതാണ്. ഈ മേരി എല്ലാം ഒരു നിമിഷംകൊണ്ടു നശിപ്പിച്ചു കളഞ്ഞു.

“എന്നാ ഞാനിറങ്ങിക്കോട്ടേ ചേച്ചീ, സൈമണ്‍ ഉടനേയിങ്ങു വരും.”

ആകുലതകളുടെ മധ്യത്തില്‍ വിരിയിച്ച പുഞ്ചിരിയുമായി സൂസന്‍ തിരക്കു കൂട്ടി.

“അച്ചായാ, സൂസനെ ഒന്നു കൊണ്ടുവിട്ടേച്ചു വാ. നല്ല മഴയല്ലേ…” മേരിയുടെ ഉത്തരവ് സേവ്യറെ ഞെട്ടിച്ചു. പിന്നെ, മുഖം തെളിഞ്ഞു. ഇവള്‍ ആളു കൊള്ളാമല്ലോ, എത്ര നല്ല അയല്‍ക്കാരി. പക്ഷേ, ഇത്രകാലം ഒന്നിച്ചു കഴിഞ്ഞിട്ടും തന്നെ ശരിക്കു മനസിലായിട്ടില്ല, നല്ലത്….

“വേണ്ട ചേച്ചീ, ഞാന്‍ ബസില്‍ പൊയ്ക്കോളാം.”

സൂസന്‍ തടയാന്‍ ശ്രമിച്ചു. പക്ഷേ, കിട്ടിയ അവസരം കളയാന്‍ ഒരുക്കമായിരുന്നില്ല സേവ്യര്‍.

“നോ, നോ, സൂസന്‍. ലണ്ടനായാലും അന്യനാടാണ്. സൂക്ഷിക്കണം. എന്‍റെ ഭാര്യയുടെ ഓര്‍ഡര്‍ ഏതായാലും ഞാന്‍ നിരസിക്കില്ല. ഒരേയൊരു മിനിറ്റ്, ഞാന്‍ ദാ വന്നു.”

ദീര്‍ഘനാളത്തെ ആഗ്രഹസാഫല്യത്തിന്‍റെ തിമിര്‍പ്പുമായി അയാള്‍ മിന്നല്‍ വേഗത്തില്‍ അകത്തേക്കോടി. ക്ഷണത്തില്‍ റെഡിയായി കാറിന്‍റെ കീയുമെടുത്ത് തിരിച്ചെത്തി.

കാര്‍ ആശുപത്രിക്കു മുന്നിലെത്തു വരെ സേവ്യര്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു.

വല്ലാത്തൊരാവേശമായിരുന്നു അയാള്‍ക്ക്. സൂസനുമായി ഒറ്റയ്ക്കൊന്നു സംസാരിക്കാനുള്ള മോഹം എത്ര കാലമായി ഉള്ളിലൊതുക്കി വച്ചിരിക്കുന്നു. ഇപ്പോഴാണ് ആദ്യമായി ഒരവസരം കിട്ടുന്നത്.

പക്ഷേ, അയാളുടെ വാചകമടികള്‍ക്കു സൂസന്‍റെ മറുപടി മൂളലുകളില്‍, ഏരിയാല്‍ ഒറ്റ വാക്കുകളില്‍ ഒതുങ്ങി. അന്യ വീട്ടില്‍ കുഞ്ഞിനെ തനിച്ചാക്കേണ്ടി വന്നതിന്‍റെ ആശങ്കകള്‍ അവളെ വിട്ടൊഴിയുന്നില്ല. സൈമണ്‍ എത്തിക്കാണുമോ എന്തോ!

ഇടയ്ക്ക് ഒരു കഫെയുടെ മുന്നിലെത്തിയപ്പോള്‍ സൈണ്‍ കാര്‍ സ്ലോ ചെയ്തു.

“നല്ല മഴയും തണുപ്പും, ഒരു കാപ്പി കുടിച്ചിട്ടു പോയാല്‍ ഒന്നുഷാറാകും, എന്താ സൂസന്‍?”

“അയ്യോ വേണ്ട, ഇപ്പോള്‍ത്തന്നെ ഡ്യൂട്ടിക്കെത്താന്‍ വൈകി. പ്ലീസ്….”

കാപ്പി കുടിക്കാനുള്ള ക്ഷണം നിരസിക്കപ്പെട്ടപ്പോള്‍ സേവ്യര്‍ക്കു വീണ്ടും മോഹഭംഗം. പിന്നെ മുന്നോട്ടുള്ള യാത്രയില്‍ അയാളുടെ സംസാരത്തിന്‍റെ ഒഴുക്കിനല്പം കുറവു വന്നതു പോലെ. ഇടയ്ക്കു വീണ്ടും ചോദിച്ചു:

“അല്ല, ഈ സൈമനിങ്ങനെ ഏതു നേരവും വെറുതേയിരിക്കാതെ, എന്തെങ്കിലും ജോലി നോക്കിക്കൂടേ?”

“അതൊക്കെ സ്വന്തമായി തോന്നാതെ എന്തുചെയ്യാനാ. അച്ചായന്‍ ഒന്നു പറഞ്ഞുകൊടുക്ക്. ഞാന്‍ പറഞ്ഞു മടുത്തു.”

“എന്തു പറഞ്ഞാലും സൂസന്‍ ഇങ്ങനെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ വിഷമമുണ്ട്. ആഴ്ചയില്‍ ആറു ദിവസവും ജോലി. വീട്ടില്‍ കെട്ടിയോനേം കൊച്ചിനേം നോക്കല്‍. ഇതൊക്കെ മാത്രമാണോ സൂസന്‍ ജീവിതം. എന്‍റെ ഭാര്യയെ നോക്ക്. എത്ര ജോളിയാണെന്ന്.”

അവള്‍ എല്ലാം കേട്ടതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. എത്ര സഹികെട്ടാലും മറ്റുള്ളവര്‍ക്കു മുന്നില്‍ ഭര്‍ത്താവിന്‍റെ കുറ്റം പറയാന്‍ അവള്‍ക്കു തീരെ താത്പര്യം തോന്നിയില്ല.

സേവ്യറുടെ മനസില്‍ ചെറിയ സന്തോഷം നുരപൊന്തുന്നുണ്ട് ഈ യാത്രയുടെ അനുഭൂതിയില്‍. പക്ഷേ, ഇവള്‍ അത്ര വേഗം വഴങ്ങുന്ന ടൈപ്പല്ല. അയാളും മൗനത്തിലേക്കും, ദിവാസ്വപ്നങ്ങളിലേക്കും വഴുതി. എല്ലാം സ്വപ്നം മാത്രമായി അവശേഷിക്കുമോ.

ഒന്നുമറിയാതെ കാറിന്‍റെ സുരക്ഷിതത്വത്തില്‍ സൂസന്‍ ഇരുന്നു. മനസ് വീണ്ടും കാടുകയറി. കണ്ണുകള്‍ നിറഞ്ഞതും തുടച്ചതും സേവ്യര്‍ കണ്ടില്ല. ജോലിക്കു പോകാന്‍ സമയമായെന്ന് സൈമന് അറിയാവുന്നതാണ്. എന്നിട്ടും വന്നില്ല. മഴയാണെങ്കിലെന്ത്. എന്നോടും കുഞ്ഞിനോടും ഒരല്പം സ്നേഹം ബാക്കിയുണ്ടായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും വരുമായിരുന്നു. ഏതെങ്കിലും മലയാളിയുടെ വീട്ടിലിരുന്ന് മൂക്കറ്റം കുടിക്കുന്നുണ്ടാകും ഇപ്പോള്‍. ഉള്ളിനെ വേദന ഒരു മഹാസമുദ്രം പോലെ കിടന്നു പതഞ്ഞു. തിരകള്‍ കണ്ണുനീരായി കണ്‍തടങ്ങളെ ആര്‍ദ്രമാക്കിക്കൊണ്ടിരുന്നു.

സൈമനു തന്‍റെ ശരീരം മാത്രമായിരുന്നു ആവശ്യം. നിന്‍റെ സൗന്ദര്യത്തില്‍ ഞാന്‍ മയങ്ങിപ്പോയെന്ന് ആദ്യരാത്രിയില്‍ പറഞ്ഞപ്പോള്‍ മനസ് പുളകം കൊള്ളുകയായിരുന്നു. പക്ഷേ, അതിന്‍റെ അര്‍ഥം വൃത്തികെട്ടതായിരുന്നു എന്ന് അന്നു മനസിലാക്കാന്‍ കഴിഞ്ഞില്ല. കുഞ്ഞുണ്ടായതോടെയാണ് സൈമന്‍ ഇത്ര മാറിപ്പോയത്. ഭര്‍ത്താവിനു കിടക്കറയൊരുക്കലും കൂടെക്കിടക്കലും മാത്രമാണോ ഭാര്യയുടെ ജോലി. അവളൊരു അമ്മയാകുമ്പോള്‍ അതുമൊരു മഹാഭാഗ്യമായി കാണണ്ടേ.

തന്‍റെ കവിളിലൂടെയും ചുണ്ടിലൂടെയും നെഞ്ചിലൂടെയുമെല്ലാം അലഞ്ഞു നടന്ന ആ ചുണ്ടുകള്‍ക്ക് വാത്സല്യത്തിന്‍റെ മണമില്ല. അതുകൊണ്ടു തന്നെ കുഞ്ഞിനു സ്നേഹത്തോടെ ഒരുമ്മ കൊടുക്കുന്നതു പോലും കണ്ടിട്ടില്ല. എന്നിട്ടും താനിന്നും എല്ലാ ഇംഗിതങ്ങള്‍ക്കും കീഴ്പ്പെട്ടു ജീവിച്ചു തീര്‍ക്കുന്നു, ഓരോ ദിവസവും.

പക്ഷേ, വിജ്ഞാനവും വിവേകവുമുള്ള സ്ത്രീകള്‍ ഇങ്ങനെയൊന്നും ചിന്തിക്കാന്‍ പാടില്ല, അവളുടെ മനസ്സാക്ഷി ഇടയ്ക്കിടെ തിരുത്തുന്നുണ്ട്. എത്ര സ്നേഹമില്ലാത്തവനാണെങ്കിലും ഭര്‍ത്താവ് ഒരിക്കലും ഒരു ശല്യമായി തോന്നരുത്. എത്ര താന്തോന്നിയായ ഭര്‍ത്താവിനെയും വിവേകമുള്ളവനാക്കി മാറ്റുന്നതു ഭാര്യയുടെ മിടുക്കാണ്. അപ്പോള്‍ തന്‍റെ ഭര്‍ത്താവ് ഇങ്ങനെയൊക്കെ ആയിപ്പോയിട്ടുണ്ടെങ്കില്‍ അതു തന്‍റെ കൂടി തെറ്റാണ്. പക്ഷേ, ആ മുന്നില്‍നിന്ന് പറഞ്ഞു തിരുത്താനോ ശാസിക്കാനോ തനിക്കു കഴിയുന്നില്ല. നിശബ്ദയായി കരയാനല്ലാതെ ഒന്നിനും കഴിയുന്നില്ല.

ആശുപത്രിക്കു മുന്നില്‍ കാര്‍ നിന്നു. സേവ്യറും പുറത്തിറങ്ങി. സൂസന്‍ പുറത്തിറങ്ങി, അയാള്‍ക്കു നേര്‍ത്തൊരു ചിരി സമ്മാനിച്ച്, തലയാട്ടി യാത്ര പറഞ്ഞു. എന്തോ, ഒരു നന്ദി വാക്കു പറയാന്‍ അവളുടെ നാവു പൊന്തിയില്ല, മനസു മുഴുവന്‍ കുഞ്ഞിന്‍റെ കരച്ചിലായിരുന്നല്ലോ. എങ്കിലും കണ്ണീരില്‍ കുതിര്‍ന്ന നേര്‍ത്തൊരു പുഞ്ചിരി അവളുടെ ചുണ്ടില്‍ വിരിഞ്ഞിരുന്നു.

അവള്‍ ഗെയ്റ്റ് കടന്ന് ഉള്ളിലേക്കു നടന്നു. കാഴ്ചയില്‍നിന്നു മറയും വരെ അയാള്‍ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. അവളുടെ പുഞ്ചിരി സേവ്യറുടെ ഉള്ളിന്‍റെയുള്ളിലേക്കു തുളച്ചിറങ്ങി. മഴ മാറിയ നിലാവു പോലെ ആ മന്ദഹാസത്തിന് എന്തൊരഴക്!

അപ്പോള്‍ സേവ്യറുടെയും മേരിയുടെയും ദാമ്പത്യത്തെക്കുറിച്ചാണ് സൂസന്‍ ഓര്‍ത്തു പോയത്. എപ്പോഴും കളിചിരികളും തമാശകളും സ്നേഹവും ഐക്യവും നിറഞ്ഞ കുടുംബം. അവിടെനിന്ന് ഇതുവരെ ഒരു ചീത്തവാക്കോ ഉച്ചത്തിലൊരു സംസാരമോ ഉയര്‍ന്നു കേട്ടതായി ഓര്‍ക്കുന്നില്ല. എത്ര ശ്രദ്ധയോടെയാണ് അവര്‍ രണ്ടു പേരും ഇന്നു തന്‍റെയും കുഞ്ഞിന്‍റെയും കാര്യങ്ങള്‍ നോക്കിയത്. തന്‍റെ മനസറിഞ്ഞ പോലെയുള്ള പെരുമാറ്റം. ഒരിക്കലും സേവ്യറുടെ മനസിലെ കുടിലചിന്തകള്‍ സൂസന്‍റെ മനോമണ്ഡലത്തെ തേടിയെത്തിയില്ല. അത്രയും ചിന്തിക്കാന്‍ മാത്രം കളങ്കം ഒരിക്കലും അവളുടെ മനസിലുണ്ടായിരുന്നില്ല.

ഡ്യൂട്ടി തുടങ്ങിയിട്ടും സൂസനു ജോലിയില്‍ കാര്യമായി ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. വാര്‍ഡില്‍ നിറയെ രോഗികള്‍. എല്ലാവരുടെയും ആവശ്യങ്ങളും പരാതികളും പരിഭവങ്ങളും എല്ലാം കൂടി പരിഹരിക്കാന്‍ ആര്‍ക്കും കഴിയില്ല. അത്യാവശ്യജോലികള്‍ മാത്രം എങ്ങനെയോ യാന്ത്രികമായി ചെയ്തൊതുക്കി. പിന്നെ, തലവേദനയാണെന്നു സഹപ്രവര്‍ത്തകയായ നൈജീരിയക്കാരിയോടു പറഞ്ഞ്, കുറേ നേരം മേശയില്‍ മുഖം കുനിച്ചിരുന്നു കണ്ണീരൊഴുക്കി.
എത്രയും വേഗം നേരം വെളുത്ത് ഒന്നു വീട്ടിലെത്താനായിരുന്നെങ്കില്‍. സമയം തീരെ മുന്നോട്ടു നീങ്ങാത്തതു പോലെ. ഫോണെടുത്ത് മേരിയെ വിളിച്ചു. അവര്‍ ഉറങ്ങിക്കാണുമോ ആവോ. ഇല്ല, രണ്ടു റിങ്ങില്‍ത്തന്നെ ഫോണെടുത്തു. ഉറങ്ങാനുള്ള തയാറെടുപ്പു തുടങ്ങിയിരുന്നതേ ഉള്ളൂ. മോന്‍ ഉറങ്ങിക്കഴിഞ്ഞു. സൈമണ്‍ ഇതുവരെ വന്നിട്ടില്ലത്രെ.

“സൂസന്‍ ധൈര്യമാരിക്കൂ, കുഞ്ഞിന് ഒരു കുഴപ്പവുമില്ല. മോളുമായി നല്ല കൂട്ടല്ലേ അവന്‍.”

മേരിയുടെ ആശ്വാസവാക്കുകള്‍ സൂസനെ സമാധാനിപ്പിച്ചില്ല.

ദൈവമേ, രാത്രിയില്‍ അവനു നല്ല നിദ്രയെ കൊടുക്കണേ. മറ്റുള്ളവരുടെ ഉറക്കത്തെ കെടുത്തരുതേ…, അവള്‍ പ്രാര്‍ഥനകളുമായി നേരം പുലരാന്‍ കാത്തിരുന്നു. മകന്‍റെ സുഖനിദ്രയ്ക്കു വേണ്ടി പ്രാര്‍ഥിച്ച അമ്മ ആ രാത്രി കണ്ണടയ്ക്കാതെ ഇങ്ങകലെ കാവലിരുന്നു.

കുഞ്ഞുണ്ടാകുന്നതിനു മുന്‍പ് എന്തൊരു സ്നേഹമായിരുന്നു സൈമന്. പൊന്നുപോലുള്ള പെരുമാറ്റം. ഒരുപാടു സന്തോഷിച്ചിരുന്നു, ഇടയ്ക്ക് ചിലപ്പോള്‍ ചെറുതായി അഹങ്കരിച്ചിട്ടുമുണ്ടാകും. പക്ഷേ, കുഞ്ഞുണ്ടായ ശേഷം പലപ്പോഴും അയാളുടെ ശാരീരിക ആവശ്യങ്ങള്‍ കൃത്യമായി നടക്കുന്നില്ല. ഇകകണക്കിന് എട്ടും പത്തും പ്രസവിച്ച സ്ത്രീകളെ ഭര്‍ത്താക്കന്‍മാര്‍ കൊന്നു കളയേണ്ടതാണല്ലോ.

അവളുടെ മനസില്‍ അതുവരെയില്ലാത്ത പല ചിന്തകളും അരിച്ചെത്തി. ഭര്‍ത്താവിന്‍റെയും മറ്റുള്ളവരുടെയും മുന്നില്‍ എത്രകാലമെന്നു വച്ച് ഇങ്ങനെ വേഷംകെട്ടി അഭിനയിക്കും. തന്‍റെ ശമ്പളവും ശരീരവും മാത്രം ആവശ്യമുള്ള, തന്നെയോ കുഞ്ഞിനെയോ സ്നേഹത്തോടെ ഒന്നു നോക്കുക പോലു ചെയ്യാത്ത അയാളെ തനിക്കെന്തിന്.
സൂസന്‍റെ ശൂന്യമായ കണ്ണുകളില്‍ വേദന പെരുകിവന്നു. ഈ വേദനയ്ക്കു തൈലം പുരട്ടാന്‍ ഭര്‍ത്താവു തയാറാല്ല. എങ്കില്‍ ഇനി അയാളെ സഹിക്കാന്‍ തനിക്കുമാവില്ല.

(തുടരും…….)

About The Author

Leave a Reply

Your email address will not be published. Required fields are marked *