നാടകം
ഇമ്മാനുവേല്‍
മുഖവുര : രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുളള യെഹൂദനാടുകളും, യെഹൂദ ദേവാലയവും, ഭവനം, വസ്ത്രധാരണം, വീട്ടുപകരണങ്ങള്‍ മുതലായ ക്രമീകരണങ്ങള്‍ മാത്രം സജ്ജമാക്കുക. നാടകാവിഷ്ക്കാരം ക്രിസ്തുവിന്‍റെ ജനനം .
രംഗം – 1
കര്‍ട്ടന്‍ ഉയരുമ്പോള്‍ ഈണത്തില്‍ കേള്‍ക്കുന്ന രണ്ട് വരി പാട്ട്. അല്ലെങ്കില്‍ ഈണത്തില്‍ മുഴങ്ങുന്ന മറ്റൊരു ശബ്ദം.
ലാലാ ലാലാ ലാലാല ലാ (4)
(ഈ വരികള്‍ ഉപയോഗപ്പെടുത്താം, സാവകാശം കര്‍ട്ടന്‍ ഉയര്‍ത്തുക. വേദിയില്‍ ഇരുട്ട്, തെളിഞ്ഞ് വരുന്ന ഇളംമഞ്ഞ വെളിച്ചം. യെഹൂദ ദേവാലയാങ്കണം. സ്പോര്‍ട്ട് ലൈറ്റിന് കീഴില്‍ മധ്യഭാഗത്തായി പുറംതിരിഞ്ഞ ധൂപം കാട്ടുന്ന ശുശ്രൂഷയില്‍ സെഖര്യാവ്. വേദിയില്‍ പുകപടലം).
ദൂതന്‍- പുകപടലത്തിനുളളില്‍ നേരിയ പ്രകാശത്തില്‍ (മറ്റൊരു സ്പോട്ട് ലൈറ്റ്) വലം കൈയുയര്‍ത്തി സെഖര്യാവിനെ അനുഗ്രഹിച്ചുകൊണ്ട് ഗബ്രിയേല്‍ (ദൂതന്‍). ഭയന്ന് വിറച്ച്- എറ്റുമുട്ടലിന് തയ്യാറാവുന്ന സെഖര്യാവ്. ദൂതന്‍ പഞ്ഞിപോലുളള വെളളവസ്ത്രം. വെളുത്ത പഞ്ഞിപോലുളള താടിയും, മുടിയും.
ഗബ്രിയേല്‍ : സെഖര്യാവേ ഭയപ്പെടേണ്ട നിന്‍റെ പ്രാര്‍ത്ഥനയ്ക്കുത്തരമായി അഹരോന്‍റെ പുത്രിയും നിന്‍റെ ഭാര്യയുമായ എലിശബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും. അവന് യോഹന്നാന്‍ എന്ന് പേരിടേണം. നിനക്ക് സന്തോഷവും ഉല്ലാസവും ഉണ്ടാകും. അവന്‍റെ ജനനത്തിങ്കല്‍ പലരും സന്തോഷിക്കും. അവന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വലിയവനാകും. വീഞ്ഞും മദ്യവും കുടിക്കുകയില്ല. അമ്മയുടെ ഗര്‍ഭത്തില്‍ വച്ചുതന്നെ പരിശുദ്ധാത്മാവുകൊണ്ട് നിറയും. അവന്‍ ഇസ്രയേല്‍ മക്കളില്‍ പലരേയും അവരുടെ ദൈവമായ കര്‍ത്താവിങ്കലേക്ക് തിരിച്ചു വരുത്തും.
സെഖര്യാവ് : ഇത് ഞാന്‍ എന്തൊന്നിനാലറിയും, ഞാന്‍ വൃദ്ധനും, എന്‍റെ ഭാര്യ വയസ്സു ചെന്നവളുമല്ലോ?
ദൂതന്‍ : ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്നു. (അല്പം ഗൗരവത്തില്‍) ഈ സദ് വര്‍ത്തമാനം നിന്നോടറിയിക്കുവാന്‍ എന്നെ അയച്ചിരിക്കുന്നു. കൃത്യസമയത്ത് നിവൃതി വരുവാനുളള എന്‍റെ വാക്ക് വിശ്വസിക്കായ്ക കൊണ്ട് അത് സംഭവിക്കുംവരെ നീ സംസാരിക്കുവാന്‍ കഴിയാതെ മൗനമായിരിക്കും.
( സെഖര്യാവ് നാവുകള്‍ കുഴഞ്ഞ് സങ്കടപ്പെടുന്നു. ദൂതന്‍ മറയുന്നു. ആദ്യം കേട്ട അതേ ഈണം. വേദി ഇരുള്‍ വീഴുന്നു)
(പ്രഭാതം. ഒരു യഹൂദഗൃഹം. സുന്ദരിയായ കന്യകമറിയം. വീട്ട് ജോലിയില്‍. മനോഹരമായ യഹൂദ വസ്ത്രധാരണം. പഴയകാല ഏതാനും വീട്ടുപകരണങ്ങള്‍. ദൂതന്‍ പ്രത്യക്ഷനാകുന്നു. വലം കൈയുയര്‍ത്തി ചിരിക്കുന്നു).
മറിയം : പ്രേതം …… പ്രേതം……(ഭയന്ന് വിറയ്ക്കുന്നു)
ദൂതന്‍ : നസ്രേത്ത് എന്ന ഗലീല പട്ടണത്തില്‍ കൃപ ലഭിച്ചവളെ …… നിനക്ക് വന്ദനം. …… വന്ദനം മറിയം …… വന്ദനം.
മറിയം : ആരാ …… ആരാ ……
ദൂതന്‍ : ഭയപ്പെടേണ്ട മറിയം ……. ദൈവം നിന്നോട് കൂടെയുണ്ട്.
മറിയം : എനിക്ക് പേടിയാകുന്നു. ആരാ. ….. എന്ത് വേണം.
(ദൂതന്‍ സദസ്സിനെ നോക്കി)
ദൂതന്‍ : ഞാന്‍ ഗബ്രിയേല്‍ ……
മറിയം : ഗബ്രിയേലോ ? എന്താ ……എനിക്കൊന്നും മനസ്സിലാകുന്നില്ലാ. ഭയപ്പെടുത്താതെ എന്നെ വിട്ടുപോകൂ
ദൂതന്‍ : സ്വര്‍ഗ്ഗത്തിലെ ദൈവം മറിയത്തിന്‍റെ മുന്നിലേയ്ക്കയച്ച ദൈവത്തിന്‍റെ ദൂതന്‍ ഗബ്രിയേല്‍
മറിയം : എന്തിന് …… ?
ദൂതന്‍ : പറയാം …… ഭൂമിയില്‍ സ്ത്രീകളില്‍ ഭാഗ്യം ചെയ്ത നീ ദൈവത്താല്‍ അനുഗ്രഹം പ്രാപിച്ചിരിക്കുന്നു.
മറിയം : അല്ലെങ്കിലും ഞങ്ങള്‍ ദൈവത്തിന്‍റെ അനുഗ്രഹം പ്രാപിച്ച വംശമാണ്.
ദൂതന്‍ : ശരിയാണ്. മറിയം ഇസ്രയേല്‍ സന്തതികളായ നിങ്ങള്‍ അനുഗ്രഹം പ്രാപിച്ചവരാണ്. എന്നാല്‍ സ്ത്രീകളില്‍ മറിയയോളം ദൈവം തിരഞ്ഞെടുത്ത കന്യക വേറെയില്ലാ.
മറിയം : (യാചിക്കുന്നു) എനിക്കൊന്നും മനസ്സിലാകുന്നില്ല. ദയവായി എന്നെ വിട്ടൂപോകൂ.
ദൂതന്‍ : (കുണുങ്ങി ചിരിക്കുന്നു) മറിയം. ….. നീ ഭയപ്പെടേണ്ടാ നിനക്ക് ദൈവത്തിന്‍റെ കൃപ ലഭിച്ചിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അതിന് യേശു എന്ന് പേര്‍ വിളിക്കണം. അത്യുന്നതന്‍റെ പുത്രന്‍ എന്ന് വിളിക്കപ്പെടും. കര്‍ത്താവായ ദൈവം അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവന് കൊടുക്കും. അവന്‍ യാക്കോബ് ഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും. അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകുകയില്ല.
മറിയം: ഞാന്‍ …… ഞാന്‍ …… പുരുഷനെയറിയുന്നില്ലാ…… പിന്നെ …… പിന്നെ …… എങ്ങനെ സംഭവിക്കും.
ദൂതന്‍ : ഹും…. (ചിരിക്കുന്നു) പരിശുദ്ധാത്മാവ് നിന്‍റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ നിഴലിടും. ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധ പ്രജ ദൈവപുത്രനെന്ന് വിളിക്കപ്പെടും.
(ഇരുവരും മുഖാമുഖം നോക്കുന്നു. മറിയം തലതാഴ്ത്തി) നിന്‍റെ ചാര്‍ച്ചക്കാരി എലിശബേത്തും വാര്‍ദ്ധക്യത്തില്‍ ഒരു മകനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. മച്ചിയെന്നു പറഞ്ഞവള്‍ക്ക് ഇത് ആറാം മാസം. ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ മറിയം.
മറിയം : (സങ്കടപ്പെടുന്നു) ദാവീദ് ഗൃഹത്തിലുളള യോസഫ് എന്നൊരു പുരുഷന് എന്നെ വിവാഹം നിശ്ചയിച്ചിരിക്കുന്നു.
ദൂതന്‍ : എല്ലാമറിയുന്ന ദൈവം നിന്നോട് കൂടെയുണ്ട് സമാധാനമായിരിക്കു മറിയം (മറിയം ദുതനെ തൊഴുതു മുട്ടുകുത്തി കണ്ണുകളടച്ചു ദൂതന്‍ മറയുന്നു)
മറിയം : (മുകളില്‍ സ്പോര്‍ട്ട് ലൈറ്റ് തെളിയുന്നു). ഞാന്‍ ഇതാ കര്‍ത്താവിന്‍റെ ദാസി അവിടെത്തെ വാക്ക് പോലെ ഭവിക്കട്ടെ
(പിന്നാംപുറം പഴയ ആ പാട്ടുയരുന്നു. രംഗം ഇരുള്‍ മറയുന്നു. പ്രഭാതം യഹൂദ മറ്റൊരു ഗൃഹം. അര്‍ദ്ധഗര്‍ഭിണിയായി പ്രായം ചെന്ന യഹൂദസ്ത്രീ. ശാരീരിക ക്ഷീണത്താല്‍ വീട്ടുജോലിയില്‍ പഴയ വീട്ടുപകരണങ്ങളുടെ സ്ഥാനം മാറ്റി വയ്ക്കുക പിന്നില്‍ തൊഴുകൈ
കളോടെ മറിയം പ്രവേശിക്കുന്നു).
മറിയം : വന്ദനം …… എലിശബെത്തേ വന്ദനം.
(എലിശബെത്ത് ജോലി നിര്‍ത്തി ദൈവം തന്നോടരുളുന്നു എന്ന ധാരണയില്‍ വയറ് തലോടി നാണത്താല്‍ ചിരിക്കുന്നു. പിന്നില്‍ നിന്നും വീണ്ടും മറിയം)
വന്ദനം ………………. എലിശബെത്തേ വന്ദനം.
(എലിശബെത്ത് തിരിഞ്ഞ് നോക്കുന്നു. എലിശബെത്തിന്‍റെ മുഖത്ത് അത്ഭുതം. മറിയത്തിന്‍റെ മുഖത്ത് ലാളിത്യം)
എലിശബെത്ത് : സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍. നിന്‍റെ ഗര്‍ഭഫലവും അനുഗ്രഹിക്കപ്പെട്ടത്. എന്‍റെ കര്‍ത്താവിന്‍റെ മാതാവ് എന്‍റെ അടുക്കല്‍ വരുന്നമാനം എനിക്ക് എവിടെ നിന്നുണ്ടായി. നിന്‍റെ വന്ദനസ്വരം എന്‍റെ ചെവിയില്‍ വീണപ്പോള്‍ പിളള എന്‍റെ ഗര്‍ഭത്തില്‍ ആനന്ദംകൊണ്ട് തുളളി. കര്‍ത്താവ് തന്നോട് അരുളിചെയ്തതിന് നിവൃത്തിയുണ്ടാകും എന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.
മറിയം: എന്‍റെ ഉളളം കര്‍ത്താവിനെ മഹിമപ്പെടുത്തുന്നു. എന്‍റെ ആത്മാവ് എന്‍റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു. അവന്‍ തന്‍റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ. ഇന്ന് മുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന് വാഴ്ത്തും. ശക്തനായവന്‍ എനിക്ക് വലിയവ ചെയ്തിരിക്കുന്നു. അവന്‍റെ നാമം പരിശുദ്ധം തന്നെ അവനെ ഭയപ്പെടുന്നവള്‍ക്ക് അവന്‍റെ കരുണ തലമുറ തലമുറയോളം ഇരിക്കുന്നു. തന്‍റെ ഭുജംകൊണ്ട് അവന്‍ ബലം പ്രവര്‍ത്തിച്ചു. ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നിറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു. വിശന്നിരിക്കുന്നവരേ നന്മകളാല്‍ നിറച്ചു. സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു. നമ്മുടെ പിതാക്കന്മാരോട് അരുളി ചെയ്തതുപോലെ അബ്രാഹമിനും അവന്‍റെ സന്തതിക്കും എന്നേക്കും കരുണ ഓര്‍ക്കേണ്ടതിന് തന്‍റെ ദാസനായി ഇസ്രയേലിനെ തുണച്ചിരിക്കുന്നു.
(പിന്നാംപുറം ഇമ്പ സ്വരം ഉയരുന്നു. ഇരുവരും അകത്തേയ്ക്ക് പോകുന്നു. ഇരുള്‍ വീഴുന്നു. മറ്റൊരു യഹുദഗൃഹം. വെളിച്ചം വരുന്നു. മാനസിക പിരിമുറുക്കത്തില്‍ യോസേഫ് രംഗത്ത്. സുമുഖനായ ചെറുപ്പക്കാരന്‍ – യഹൂദ വേഷം).
യോസേഫ് : ശ്ശെ…… ഞാന്‍ ഇത്രയും ദൈവത്തിന്‍റെ മുന്നില്‍ നീതിമാനായി ജീവിച്ചു. എന്നിട്ടും …… ഹും …… ഞാന്‍ എന്‍റെ ദൈവത്തിന് വിശ്വസ്തനായിരുന്നു. എന്‍റെ ദൈവം എന്നെ കൈവിട്ടോ?
(നിരാശോയോടെ ഒരു മൂലയില്‍ ഇരിക്കുന്നു. സമാധാനമില്ലാ)
എന്നെ …… എന്നെ ചതിച്ചു. എന്നെ …… എന്നെ വഞ്ചിച്ചു. ഇല്ലാ…… (എണീറ്റ് നടക്കുന്നു) എനീക്ക് വേണ്ട മറിയത്തെ വയ്യാ ……….. ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. ശ്ശെ …… ചിന്തിച്ചലയുന്നു. വീണ്ടും ഒരിടത്തിരിക്കുന്നു.) വേണ്ട ഈ ബന്ധം. യെഹൂദ നേതാക്കന്മാരെ വിവരം ധരിപ്പിക്കാം. അവര്‍ തീരുമാനിക്കട്ടെ. ശരിയാ അത് മതി അങ്ങനെ ഒഴിവാക്കാം. അല്ലേ …… യെഹൂദ നേതാക്കന്മാര്‍ സമ്മതിച്ചില്ലെങ്കില്‍, ഞാന്‍ കാരണം മറിയത്തിന് ലോകാപവാദം വരില്ലേ …… ശ്ശെ പിന്നെയെന്ത് ചെയ്യും ……(ക്ഷീണത്താല്‍ വായ് തുറന്ന് ശ്വാസം വലിക്കുന്നു.) ഇല്ലാ എന്തായാലും മറിയത്തെ ഞാന്‍ വിവാഹം കഴിക്കില്ല. നാളെ ഈ ദേശം വിട്ട് പോകാം അങ്ങനെ ഉപേക്ഷിക്കാം.
(ദൃഢനിശ്ചയം എടുത്ത് തളര്‍ന്ന് കിടക്കുന്നു.. മയക്കത്തില്‍ പിന്നാംപുറത്ത് നിന്നും ഉയരുന്ന ശബ്ദം).
ڇദാവീദിന്‍റെ മകനായ യോസേഫേ നിന്‍റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കേണ്ടാ. അവളില്‍ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു. അവള്‍ ഒരു മകനെ പ്രസവിക്കും. അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്കകൊണ്ട് നീ അവന് യേശു എന്ന് പേരിടേണം.ڈ
(യോസേഫ് ഉണര്‍ന്ന് ചുറ്റും നോക്കുന്നു. പിന്നില്‍ ആദ്യത്തെ സംഗീതം ഉയര്‍ന്ന് കേള്‍ക്കുന്നു.)
യോസേഫ് നിരാശയോടെ പോകുന്നു. ലൈറ്റണയുന്നു. പ്രകാശം പരക്കുന്നു. വിജനമായ മരുഭൂപ്രദേശം. വേദിയിലൂടെ വഴിയാത്രക്കാര്‍ വരിവരിയായി പോകുന്നു. കൂട്ടത്തില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയയെ താങ്ങിപിടിച്ച് യോസേഫും)
യാത്രക്കാരിലൊരാള്‍: യോസേഫും മറിയവും പേര്‍വഴി ചാര്‍ത്തുവാന്‍ പോകുകയാണോ ?
യോസേഫ് : അതെ …… ബേത്ലഹേമിലേക്ക്
യാത്രക്കാരന്‍ : ഹും…… റോമാ ഭരണകൂടത്തിന്‍റെ കല്പനയല്ലേ, ഓരോ മനുഷ്യന്‍റെയും കഷ്ടപ്പാട്. അല്ലാതെയെന്ത് പറയാന്‍. ഭരിക്കുന്നവര്‍ക്ക് എന്നും എവിടെയും എന്തുമാകാമല്ലോ?
(യാത്രക്കാര്‍ പോയി തീര്‍ന്ന് രംഗം ശൂന്യമാകുന്നു. പ്രസവ വേദനയില്‍ മറിയത്തെ താങ്ങിപിടിച്ച് സങ്കടപ്പെട്ട് യോസേഫും കടന്നു വരുന്നു).
മറിയം : അയ്യോ …… ന്‍റെമ്മേ …… പിതാക്കന്മാരെ ദൈവമേ ……എന്നെ കാത്തു കൊളേളണെ.
(യോസേഫ് ആശ്വസിപ്പിക്കുന്നു. ദുരെ ഒരിടം ചൂണ്ടി കാണിക്കുന്നു. ഇരുവരും കടന്ന് പോകുന്നു. വേദി ഇരുള്‍ മറയുന്നു.വേദിയുടെ പിന്നിലെ കര്‍ട്ടനില്‍ ഒരു നക്ഷത്രം തെളിയുന്നു. നക്ഷത്രം ഒരു അരികില്‍ നിന്നും നീങ്ങി മറുഅരികില്‍ വന്നണയുന്നു. ഇരുള്‍ വീഴുന്നു. വേദി ഒരു യഹൂദ രാജകൊട്ടാരമാകുന്നു. വേദിയില്‍ വെളിച്ചം വരുന്നു. ഹെരോദ രാജാവ് മദ്ധ്യവയസ്സന്‍, താടിയും മുടിയും സുന്ദരന്‍ രാജവേഷം വേദിയിയില്‍ ഉലാത്തുന്നു. നക്ഷത്രം വന്നവസാനിച്ച ദിശയില്‍ നിന്നും മൂന്ന് വിദ്വാന്‍മാര്‍ വരുന്നു.
വിദ്വാന്‍മാര്‍ : സന്യാസിവേഷം. (കാഷായ) മൂന്നുപേരുടെ കൈയിലും ഓരോ ചെപ്പുകള്‍. രാജാവിനെ തൊഴുതു വണങ്ങി)
ഹെരോദാവ് : ഹേ …… വിദ്വാന്‍മാര്‍ നിങ്ങള്‍ മൂവരും എവിടെ നിന്ന് വരുന്നു.
വിദ്വാന്‍മാര്‍ : (മൂവരും ഒരേസ്വരത്തില്‍) ഞങ്ങള്‍ അങ്ങ് കിഴക്കന്‍ ദേശത്ത് നിന്ന് വരുന്നു രാജന്‍
ഹെരോദാവ് : എവിടെ പോകണും ആരേ കാണണും.
വിദ്വാന്‍മാര്‍ : ഞങ്ങള്‍ അങ്ങയെ കാണുവാനും ഒരു കാര്യം തിരക്കുവാനുമായി വന്നതാണ് രാജന്‍
ഹെരോദാവ് : എന്ത് എന്നെ കാണുവാനോ ?
വിദ്വാന്‍മാര്‍ : അതെ രാജന്‍
ഹെരോദാവ് : ഉം………….. എന്ത് കാര്യമാണ് വിദ്വാന്‍മാര്‍ക്കറിയേണ്ടത്.
വിദ്വാന്‍മാര്‍ : യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ ? ഞങ്ങള്‍ അവന്‍റെ നക്ഷത്രം അങ്ങ് കിഴക്ക് കണ്ടു രാജന്‍
ഹെരോദാവ് : (ഞെട്ടുന്നു) ഉം എന്ത് ആരെവിടെ മഹാപുരോഹിതന്മാരേയും, ശാസ്ത്രിമാരേയും വിളിക്കൂ
(മഹാപുരോഹിതനും ശാസ്ത്രിയും കടന്ന് വരുന്നു. പുരോഹിതവേഷം- കാഷായ വേഷം. കൊട്ടാര സദൃശം. പ്രായമുളളവര്‍)
ഹേ …… പുരോഹിതന്മാരെ, ശാസ്ത്രിമാരേ ഈ യഹൂദയില്‍ നാം അല്ലാതെ മറ്റൊരു രാജാവ് പിറക്കുന്നുവോ ? നാം എന്താണീ കേള്‍ക്കുന്നത്.
പുരോഹിതന്‍, ശാസ്ത്രി : (ഒരേ സ്വത്തില്‍) അതെ രാജന്‍ യെഹൂദയിലെ ബേത്ലേഹേമില്‍ തന്നെ
(രാജാവ് ഞെട്ടുന്നു. എല്ലാവരും സദസിനെ നോക്കി നിശ്ചമലാകുന്നു. പിന്നാംപുറത്ത് നിന്നും ഉച്ചത്തില്‍)
ڇയെഹൂദ ദേശത്തിലെ ബേത്ത്ലേഹെമേ നീ യെഹൂദ പ്രഭുക്കന്മാരില്‍ ഒട്ടും ചെറുതല്ലാ. എന്‍റെ ജനമായ യിസ്രായേലിനെ മേയ്ക്കുവാനുളള തലവന്‍ നിന്നില്‍ നിന്ന് പുറപ്പെട്ടുവരുംڈ
ഹെരോദാവ് : (പരുക്കനായി വിദ്വാന്മാരോട്) ഉം….. ഹും….. നിങ്ങള്‍ ചെന്ന് ശിശുവിനെ കുറിച്ച് സൂക്ഷ്മമായി അന്വേഷിപ്പിന്‍ (ഉപായത്തില്‍) കണ്ടെത്തിയാല്‍ എന്നെ വന്നറിയിപ്പിന്‍. ഞാനും പോയി അവനെ നമസ്ക്കരിക്കാം.
വിദ്വാന്‍മാര്‍ : (ഒരേ സ്വരത്തില്‍) ശരി രാജന്‍
(വിദ്വാന്‍മാര്‍ തൊഴുതു മടങ്ങുന്നു. പുരോഹിതനും ശാസ്ത്രിയും പോകുന്നു. രാജാവ് കോപാകുലനായി സദസിനെ നോക്കുന്നു. ഇരുള്‍ മറയുന്നു. വേദിയുടെ പിന്നിലെ കര്‍ട്ടനില്‍ ചന്ദ്രനും നക്ഷത്രങ്ങളും തെളിയുന്നു. വേദിയില്‍ മിന്നാമിന്നികള്‍ പാറി നടക്കുന്നു. വേദിയുടെ പിന്നിലെ കര്‍ട്ടനിലൂടെ ആദ്യം കണ്ട നക്ഷത്രം നീങ്ങുന്നു. വേദിയുടെ പിന്നിലെ കര്‍ട്ടനോട് ചേര്‍ന്ന് നടുവില്‍ ഒരു വെളിച്ചം തെളിയുന്നു. താഴെ യോസഫും, മറിയവും നടുവില്‍ ഉണ്ണിയേശുവും. പിന്നില്‍ കാലിതൊഴുത്തും യോസഫും, മറിയവും പുല്‍ക്കൂട്ടില്‍ ഇരിക്കുന്നു. വേദിയില്‍ മഞ്ഞും പുകയും കാണാം. പിന്നിലൂടെ സഞ്ചരിച്ച നക്ഷത്രം മുകളില്‍ വേദിയുടെ മദ്ധ്യഭാഗത്തേക്കായി വരുന്നു.
പിന്നാലെ മൂന്ന് വിദ്വാന്‍മാര്‍. പൊന്ന്, മൂര്, കുന്തുരുക്കം കൈയില്‍ പിടിച്ചിരിക്കുന്നു. വേദിയില്‍ വെളിച്ചം പ്രകാശിക്കുന്നു. യേശുവിന്‍റെ ഇടത്തുംവലത്തുമായി രണ്ട് മാലാഖമാര്‍ നൃത്തം ചവിട്ടുന്നു. പിന്നാപുറത്ത് നിന്ന് ഉഗ്രശബ്ദത്തില്‍)
ڇകന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും അവന് ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുളള ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കുംڈ
(വിദ്വാന്മാര്‍ കൊണ്ടുവന്ന സാധനങ്ങള്‍ അര്‍പ്പിക്കുന്നു. നമസ്ക്കരിച്ച് മടങ്ങി പോകാന്‍ തുനിയുമ്പോള്‍ ദൂതന്‍ മുന്നില്‍ പ്രത്യക്ഷനാകുന്നു)
ദൂതന്‍ : വിദ്വാന്‍മാര്‍ നിങ്ങള്‍ യെഹുദ്വായിലെ ഹെരോദാവിന്‍റെ മുന്നില്‍ പോകരുത്. ലോകത്തിന്‍റെ വെളിച്ചമായ ദൈവപുത്രനെ ഇല്ലായ്മ ചെയ്യുന്നതിനാണ് നിങ്ങളോട് വിവരം ധരിപ്പിപ്പിന്‍ എന്ന് ഹെരോദാവ് കല്‍പിച്ചിരിക്കുന്നത്. അതിനാല്‍ വേറെ വഴിയായി മടങ്ങിപോകുവിന്‍.
(വിദ്വാന്മാര്‍ തലയാട്ടി തൊഴുത് തിരിച്ച് നടക്കുന്നു. മുകളില്‍ നക്ഷത്രം തിരികെ വഴികാട്ടിയായി മുന്നേ പോകുന്നു. മറിയവും യോസേഫും ഉണ്ണിയെ തലോടി പറയുന്നു.)
യേശു…… യേശു……
(ഇരുവശങ്ങളില്‍ നിന്നും ആട്ടിടയന്മാര്‍ നൃത്തം ചവിട്ടി മുന്നോട്ടു വരുന്നു. പിന്നില്‍ നിന്നും ആദ്യം കേട്ട പാട്ട് ഉയരുന്നു ( ലാല ലാല ലാല ലാ). എല്ലാവരും മുട്ടുകുത്തി ഉണ്ണിയെ തൊഴുതു നില്‍ക്കുന്നു. പിന്നില്‍ ഉഗ്രശബ്ദത്തില്‍)
ڇഅത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം. ഭൂമിയില്‍ ദൈവപ്രസാദമുളള മനുഷ്യര്‍ക്ക് സമാധാനം.ڈ എല്ലാവരും സദസ്സിനെ നോക്കി നിശ്ചലമായി നില്‍ക്കുന്നു.
:കര്‍ട്ടന്‍ സാവകാശം വീഴുന്നു.:
ശുഭം
ജോണ്‍സണ്‍ ഇരിങ്ങോള്‍
About The Author
No related posts.
2 thoughts on “നാടകം – ഇമ്മാനുവേല്‍ – ജോണ്‍സണ്‍ ഇരിങ്ങോള്‍”
പ്രതിഭയുടെ മിന്നലാട്ടം സ്ഫുരിക്കുന്ന ഒരു നല്ല നാടകവായനാനുഭവം….സന്തോഷം, എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Kollam