മദ്യനയമാറ്റം: നാടിനെതിരാകുമ്പോള്‍ തിരുത്തണം-അഡ്വ. ചാര്‍ളി പോള്‍ (ട്രെയ്‌നര്‍, മെന്റര്‍)

Facebook
Twitter
WhatsApp
Email

സര്‍ക്കാരിന്റെ മദ്യനയമാറ്റം നാടിന് അനര്‍ഥകരമാണ്. വികസനത്തിന്റെ പേരില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ മദ്യനിര്‍മ്മാണശാലയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ വൈരുദ്ധ്യമുണ്ട്. മണ്ണ്, വെള്ളം, കൃഷി തുടങ്ങിയവയിലെ പരിസ്ഥിതിപ്രശ്‌നങ്ങള്‍, കുടിവെള്ളത്തിന്റെ ലഭ്യത, പ്രദേശത്തെ ജനങ്ങളുടെ ആശങ്ക തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ മദ്യനിര്‍മ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട് ഉണ്ട്. ഇതേ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പ്ലാച്ചിമടയിലെ കൊക്കൊകോള പ്ലാന്റ് ഉദ്ഘാടനം തുടങ്ങിയ ശേഷം പൂട്ടിച്ചത്. അതും വ്യവസായമായിരുന്നു. പൂട്ടിക്കാന്‍ നേതൃത്വം കൊടുത്ത വി.എസ്.അച്ചുതാനന്ദന്‍, എം.പി.വീരേന്ദ്രകുമാര്‍ എന്നിവരോടൊപ്പം ഇന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന എം.ബി.രാജേഷും ഉണ്ടായിരുന്നു. കോളകമ്പനിയെ സമരംചെയ്ത് ഓടിച്ചിടത്ത് ജലമൂറ്റാന്‍ മറ്റൊരു കമ്പനിയെ കൊണ്ടുവരുന്നതിലെ യുക്തി എന്താണ്. കൊക്കൊകോളയേക്കാള്‍ വലുതല്ലല്ലോ ബ്രുവറി. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ടാണ് മദ്യക്കമ്പനിക്ക് അനുമതി നല്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവുമധികം വരള്‍ച്ച നേരിടുന്ന ജില്ലയാണ് പാലക്കാട്. അഞ്ചുവര്‍ഷത്തിനിടെ ഈ ജില്ലയില്‍ പതിനായിരത്തിലേറെ കിണറുകള്‍ വറ്റിപ്പോയി. ഇത്രതന്നെ കിണറുകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുപോയി. അനിയന്ത്രിതമായ ജലചൂഷണം തുടരുമ്പോള്‍ 60 ശതമാനം ജലാശയങ്ങള്‍ പരിപാലനമില്ലാതെ നശിക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ 1000 കുഴല്‍കിണറുകള്‍ പൂര്‍ണമായി വറ്റി. 3000 കുഴല്‍ കിണറുകളില്‍ ആവശ്യത്തിന് വെള്ളമില്ല. ജില്ലാഭരണകൂടത്തിനും തദ്ദേശ, ഭൂജല വിഭാഗത്തിനും ഹരിതകേരള മിഷന്‍ നല്കിയ കണക്കാണിത്. മദ്യകമ്പനി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന എലപ്പുള്ളി പഞ്ചായത്തിലും ജലവിതരണ പദ്ധതികള്‍ ഉണ്ടെങ്കിലും വേനല്‍ എത്തുമ്പോഴേക്കും കുടിവെള്ളക്ഷാമം രൂക്ഷമാണ്. മഴ കുറവുള്ള പ്രദേശം, ഭൂഗര്‍ഭജലത്തിന്റെ അളവ് കുറഞ്ഞ പ്രദേശം ഇതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ നടപടികള്‍. നിലവിലുള്ള വെള്ളത്തിന്റെ ആവശ്യം നിറവേറ്റാന്‍തന്നെ മലമ്പുഴ ഡാം കൊണ്ട് പറ്റുന്നില്ല.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലമാണ് പാലക്കാട്. ഒട്ടേറെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കി സംസ്ഥാനത്തിന് മാതൃകയായ പഞ്ചായത്താണ് എലപ്പുള്ളി . പാലക്കാട്ടെ കൃഷിക്കുവേണ്ടിയാണ് മലമ്പുഴ ഡാം. ഡാമിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരുന്നു. വെള്ളം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് കാരണം. പാലക്കാട്ടെ ഭൂഗര്‍ഭ ജലത്തിന്റെ അളവും കുത്തനെ കുറയുന്നതായി പഠനങ്ങളുണ്ട്. അമിതമായി ആ വെള്ളം ചൂഷണം ചെയ്യുന്നതിന്റെ ഫലം കൊടുംവരള്‍ച്ചയായിരിക്കും. മദ്യക്കമ്പനി വെള്ളം ചൂഷണം ചെയ്താല്‍ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കില്ല. ഭക്ഷ്യസുരക്ഷക്ക് ഭീഷണി ഉയര്‍ത്തുകയും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയാണിത്. കൃഷിക്ക് വേണ്ടിയുള്ള വെള്ളം മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ചുകൂടാ. കൃഷിയേക്കാള്‍ വലുതാണോ മദ്യനിര്‍മ്മാണം.? പാലക്കാട്ടെ നെല്‍വയലുകളില്‍ നിന്ന് നെല്ലാണോ മദ്യമാണോ ഉല്‍പ്പാദിപ്പിക്കേണ്ടതെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.

സ്വകാര്യകമ്പനിയായ ഒയാസിസ് കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കാനിരിക്കുന്ന മദ്യനിര്‍മ്മാണശാലക്ക് വെറും 8 കിലോമീറ്റര്‍ അകലെയാണ് സര്‍ക്കാരിന്റെ മലബാര്‍ ഡിസ്റ്റലറീസ്. മലബാര്‍ ഡിസ്റ്റലറീസിന്റെ മേനോന്‍പാറയിലെ ഭൂമിയില്‍ മദ്യനിര്‍മ്മാണ കമ്പനിക്കായി 2022 ജൂണില്‍ മദ്യനിര്‍മ്മാണം തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ്. പക്ഷെ ഇതുവരെ സാങ്കേതികാനുമതി കിട്ടിയിട്ടില്ല. വിലകുറഞ്ഞ മദ്യത്തിന്റെ ദൗര്‍ബല്യം പരിഹരിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വരുമാനം കൂട്ടാനുമാണ് മലബാര്‍ ഡിസ്റ്റലറീസിന്റെ മദ്യം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 5 ബോട്‌ലിങ് ലൈന്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശനിര്‍മ്മാണം, ബ്ലെന്‍ഡിംഗ്-ബോട്‌ലിംഗ് യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിനാണ് അനുമതി നല്കിയത്.

ഇവര്‍ക്ക് ജലം നല്കാന്‍ 4 വര്‍ഷമായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ചിറ്റൂര്‍ പുഴയിലെ കുന്നക്കാട്ടുപതി പദ്ധതിയില്‍ നിന്ന് വെള്ളം പൈപ്പ് ലൈനിലൂടെ പ്ലാന്റില്‍ എത്തിക്കാനായിരുന്നു നീക്കം. അതിനായി 1.87 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പൈപ്പ് ഇറക്കിയത് കാടുപിടിച്ച് കിടപ്പാണ്. ശുദ്ധജലത്തിനായി ജലഅതോറിറ്റിയുമായി ചേര്‍ന്ന് തയ്യാറാക്കിയ ഈ പദ്ധതി എലപ്പുള്ളി, വടകരപ്പതി പഞ്ചായത്തുകളുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് മുടങ്ങി. വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റ് ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 113 ഏക്കറുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ എക്‌സൈസ് മന്ത്രി പറയുന്ന മഴവെള്ള സംഭരണം സ്ഥാപിച്ച് ആരംഭിക്കാവുന്നതേയുള്ളൂ. ലാഭം മുഴുവന്‍ സര്‍ക്കാരിന് ലഭിക്കുമല്ലോ.

എലപ്പുള്ളിയില്‍ കോളേജ് അനുവദിക്കുമെന്ന് പറഞ്ഞാണ് ഒയാസിസ് കമ്പനി സ്ഥലം വാങ്ങിയത്. പിന്നീട് എഥനോള്‍ ഉല്പാദന പ്ലാന്റിന്റെ ആവശ്യത്തിന് മാത്രം എന്ന് പറഞ്ഞ് ജലഅതോറിറ്റിയില്‍ നിന്ന് വെള്ളത്തിനായി അപേക്ഷ നല്കി. നിര്‍ദ്ദിഷ്ട മദ്യകമ്പനിക്ക് വ്യവസായവകുപ്പില്‍ നിന്ന് വെള്ളം കണ്ടെത്താമെന്നും കുടിവെള്ള പദ്ധതികളില്‍ വെള്ളം നല്‍കാനാവില്ലെന്നുമാണ് ജലഅതോറിറ്റി പറയുന്നത്. ഡിസ്റ്റലറി, ബ്രുവറി, വൈനറി യൂണിറ്റുകളുടെ കാര്യം കമ്പനി അപേക്ഷയില്‍ പറഞ്ഞിട്ടില്ല. കിന്‍ഫ്ര പാര്‍ക്കില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സ്ഥാപിക്കുന്ന പ്ലാന്റില്‍ നിന്ന് വെള്ളം കണ്ടെത്തണം. കഞ്ചിക്കോട്ടെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് മലമ്പുഴയില്‍നിന്ന് വെള്ളമെത്തിക്കാനുള്ള പദ്ധതി 4 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. കിന്‍ഫ്രക്ക് തന്നെ അവര്‍ ചോദിച്ച വെള്ളം നല്കാന്‍ കഴിയില്ലെന്ന് ജല അതോറിറ്റി വ്യക്തമാക്കിയിട്ടുള്ളതാണ്.

മദ്യകമ്പനി ഭൂഗര്‍ഭജലം ചൂഷണം ചെയ്യാനാണ് സാധ്യത. പരിസ്ഥിതി മലിനീകരണത്തിന് പഞ്ചാബില്‍ ഉള്‍പ്പെടെ കമ്പനിക്കെതിരെ കേസുണ്ട്. കുഴല്‍കിണറുകളിലേക്ക് മാലിന്യം ഒഴുക്കിയെന്ന ആരോപണവും കമ്പനിക്കെതിരെയുണ്ട്.
8 ലക്ഷം ലിറ്റര്‍ ബ്ലെന്‍ഡിങ് ക്ഷമതയുള്ള മദ്യബോട്‌ലിങ് യൂണിറ്റാണ് കമ്പനി ആദ്യം ആരംഭിക്കുകയെന്ന് സര്‍ക്കാര്‍ ഉത്തരവിലുണ്ട്. രണ്ടാംഘട്ടത്തില്‍ എഥനോളും മൂന്നാംഘട്ടത്തില്‍ ബ്രുവറി പ്ലാന്റ്, ബ്രാന്‍ഡ്-വൈന്‍ പ്ലാന്റ് എന്നിവയും നാലാം ഘട്ടത്തില്‍ 10 കോടി ലിറ്റര്‍ ബിയറും ഉല്പാദിപ്പിക്കാനാണ് നീക്കം. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തിയും മദ്യത്തിന്റെ ലഭ്യതയും സാമൂഹികാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്ന പശ്ചാത്തലമാണ് ഇന്നുള്ളത്. മദ്യം വലിയ സാമൂഹിക വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്നും പ്രഖ്യാപിച്ച ഇടതുസര്‍ക്കാരിന്റെ പ്രകടനപത്രികയുടെ അന്ത:സത്തക്ക് നിരക്കുന്നതല്ല പുതിയ മദ്യനയം. ഒരുനയം നാടിന്റെയും ജനങ്ങളു ടെയും താല്പര്യങ്ങള്‍ക്ക് എതിരാകുമ്പോള്‍ അത് തിരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

(8075789768)

About The Author

Leave a Reply

Your email address will not be published. Required fields are marked *