വാക്കുകളുടെ കലയാണ് സാഹിത്യം. ചലച്ചിത്രം ദൃശ്യമാധുരി പകരുന്നു. രണ്ടും രണ്ടു തലത്തിലാണ് ആസ്വാദക മനസ്സുകളെ ആകര്‍ഷിക്കുന്നത്.
മുന്‍പൊക്കെ നാം ആസ്വദിക്കുന്ന ചലച്ചിത്രങ്ങള്‍ സാഹിത്യത്തിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു. ലോകപ്രസിദ്ധങ്ങളായ പല കഥകളും നോവലുകളും നാടകങ്ങളും ഒക്കെ അതിന്റെ ദൃശ്യഭംഗിയില്‍ ആവിഷ്‌ക്കരിച്ച് മനോഹരങ്ങളായ ചലച്ചിത്രങ്ങളായി രൂപപ്പെട്ടിട്ടുണ്ട്.
ഇപ്പോഴത്തെ അവസ്ഥയില്‍ സാഹിത്യം സിനിമയില്‍ സ്വാധീനം ചെലുത്തുന്നു എന്നു പറയുന്നത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു അപകര്‍ഷബോധം സൃഷ്ടിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.
കാരണം, അത്തരം ചില പ്രവണതകള്‍ക്ക് ഞാനും സാക്ഷിയായിട്ടുണ്ട്. മനോഹരമായ ഒരു സാഹിത്യസൃഷ്ടി, നോവല്‍ അല്ലെങ്കില്‍ നാടകം ചലച്ചിത്രമാക്കുമ്പോള്‍ കുറഞ്ഞപക്ഷം ആ മൗലിക കൃതിയുടെ പേരെങ്കിലും എടുത്തുമാറ്റി ഒരു പുതിയ നാമകരണം നടത്തി അതിന്റെ അസ്തിത്വം, സാഹിത്യത്തിലുള്ള അസ്തിത്വം ഇല്ലായ്മ ചെയ്യുന്നതിന് പ്രഗത്ഭരായ പല സാഹിത്യകാരന്മാരും ശ്രമിച്ചിട്ടുളളതിന് ഞാനും സാക്ഷിയാണ്.
ലോകപ്രസിദ്ധങ്ങളായ പല സിനിമകളും എടുത്തു നോക്കുമ്പോള്‍ അതിന്റെ ആഴങ്ങളിലുളള അനുഭവ ഭംഗികള്‍ സാഹിത്യത്തിലേക്ക് കടന്നു ചെല്ലുന്നതായി കാണാന്‍ കഴിയും. അതുകൊണ്ട് രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നു.
1. വിശ്വോത്തരങ്ങളായ സാഹിത്യ സൃഷ്ടികള്‍ അനശ്വരമായി നമ്മുടെ മനസ്സില്‍ പതിയുന്നതിന് ചലച്ചിത്ര രൂപാന്തരീകരണം സഹായകമായി ഭവിക്കുന്നു. വായിക്കുന്നതിനെക്കാള്‍ കണ്ടു ആസ്വദിക്കുന്നതാണ് എപ്പോഴും ഹൃദയത്തെ കൂടുതല്‍ സ്പര്‍ശിക്കുന്നത്.
2. നാം വായിച്ചു ആസ്വദിക്കുന്ന അല്ലെങ്കില്‍ നമ്മുടെ വായനയുടെ ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന വാക്കുകളുടെ കലയായ സാഹിത്യം, ദൃശ്യ ഭംഗിയോടുകൂടി ചാതുരിയോടുകൂടി സെല്ലുലോയിഡില്‍ ദര്‍ശിക്കാന്‍ ഇടവരുമ്പോള്‍ നമ്മുടെ ഹൃദയത്തെ കൂടുതല്‍ ആഴത്തില്‍ സ്പര്‍ശിക്കും. നമ്മുടെ സംസ്‌ക്കാരത്തെ കൂടുതല്‍ വികസിതമാക്കും എന്നുളളത് തീര്‍ച്ചയാണ്. അത്തരം ധാരാളം അനുഭവങ്ങള്‍ നമുക്ക് ചൂണ്ടി കാണിക്കാന്‍ കഴിയും.
ലോകസിനിമയെയും ലോകസാഹിത്യത്തെയും ചേര്‍ത്തുവച്ച് നാം ആലോചിക്കുന്ന ഘട്ടത്തില്‍ അത്തരം ആലോചനകള്‍ക്ക് ധാരാളം അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നുളളത് ലോകസിനിമയുമായി കേവല ബന്ധമെങ്കിലും പുലര്‍ത്തിയിട്ടുളള ആളുകള്‍ക്ക് അറിയാം.
മനസ്സില്‍ മായാതെ നില്‍ക്കുന്ന രസാത്മകമായ ചില ചിത്രങ്ങള്‍ വായനയുടേതായാലും ചലച്ചിത്ര ദര്‍ശനത്തിന്‍േറതായാലും ധാരാളം രസാത്മക ചിത്രങ്ങള്‍ മനസ്സിന്റെ ഏടുകളില്‍ മായാതെ നില്‍ക്കുന്നുണ്ട്.
ഒരു സാഹിത്യകൃതി, അതു നാടകമാണെങ്കില്‍ വേദിയില്‍ അവതരിപ്പിക്കുന്നു. അതിനു ശേഷം അത് ചലച്ചിത്ര രൂപാന്തരം പ്രാപിക്കുമ്പോള്‍ ബഹുജനസമ്മതിയാര്‍ജ്ജിച്ച് ഒരു വലിയ സംസ്‌ക്കാര പൂര്‍ണ്ണത സൃഷ്ടിക്കുന്നതിന് സഹായിക്കാന്‍ സാധിക്കുന്നു. ഒട്ടേറെ കൃതികളെക്കുറിച്ച് ഇങ്ങനെ പറയാന്‍ സാധിക്കും.
ലോകത്തിലെ മികച്ച കൃതികള്‍ പ്രത്യേകിച്ച് റഷ്യന്‍ സാഹിത്യം, അതില്‍ ദെസ്‌തേവസ്‌കിയുടെ നോവലുകള്‍. അതുപോലെ തന്നെ മാക്‌സിം ഗോര്‍ക്കിയുടെ ‘ മദര്‍ ‘ പോലുളള കൃതികള്‍. ഓരോന്നും തീര്‍ച്ചയായും തിരശ്ശീലയില്‍, അല്ലെങ്കില്‍ യവനികയില്‍, ചലച്ചിത്രത്തിന്റെ യവനികയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച മഹത്തായിട്ടുളള ആസ്വാദന തലങ്ങള്‍ സൃഷ്ടിച്ചിട്ടുളള കൃതികള്‍ ആണ്.
നോവലുകള്‍ മികച്ചത്, ഹൃദയത്തില്‍ പതിഞ്ഞത്, സംസ്‌ക്കാരം സൃഷ്ടിച്ചത്. അതിന്റെ ഒരു പൂര്‍ണ്ണിമ എന്നു പറയുന്നത് തീര്‍ച്ചയായും അതു നേരിട്ട് കാണാന്‍ ഉണ്ടായ അനുഭവം.
ഓരോ കഥാപാത്രവും നമ്മുടെ കണ്‍മുന്നിലൂടെ കടന്നു പോകുമ്പോള്‍ അതു നമ്മുടെ മനസ്സില്‍ പതിഞ്ഞ പൂര്‍വ്വരൂപങ്ങളുമായി സാഹിത്യ രൂപങ്ങളെ താരതമ്യം ചെയ്ത് ഇതെങ്ങനെ സിനിമയില്‍ പൂര്‍ണമാകുന്നു എന്ന് കാണാനുളള ഒരു സൗഭാഗ്യമുണ്ടായി.
ബങ്കിംചന്ദ്രന്‍േറത് അല്ലെങ്കില്‍ രവീന്ദ്രനാഥ ടാഗോറിന്റെ ഒക്കെ നോവലുകള്‍ തൊട്ട്, കൃതികള്‍ തൊട്ട് ഏറ്റവും ആധുനികരായിട്ടുളള എഴുത്തുകാര്‍, സാവിത്രി റോയിയുടേതായാലും വിമല്‍ മിത്രയുടേതായാലും ഒക്കെ നോവലുകള്‍ എങ്ങനെ ചലച്ചിത്ര രൂപം പ്രാപിച്ച് സാഹിത്യകൃതികള്‍ സിനിമകളായി മാറി നമ്മുടെ സംസ്‌ക്കാരത്തെ ഉന്നമിപ്പിക്കുന്നു എന്നു കാണാനുളള സൗഭാഗ്യം ഉണ്ടായിട്ടുണ്ട്.
വിശ്വസാഹിത്യത്തിന്റെ ചൈതന്യപ്രഭാവമാണ് വില്യം ഷേക്‌സ്പിയര്‍. ഷേക്‌സ്പിയറിന്റെ നാടകങ്ങള്‍ ലോകസാഹിത്യത്തിലെ ഏതുഭാഷയില്‍ എഴുതപ്പെട്ടാലും ശക്തമായി സ്വാധീനിക്കുന്നവയാണ്. ഹാംലറ്റും ഒഥല്ലോയും മര്‍ച്ചന്റ് ഓഫ് വെനീസും കിങ്ങ് ലിയറും റ്റ്വല്‍ത്ത് നൈറ്റും ഒക്കെ. അതുപോലെയുളള നാടകങ്ങള്‍ ഒക്കെയും ഒരു പുതിയ ലോകസംതൃപ്തി സൃഷ്ടിക്കുന്നതിന് സഹായിച്ചു എന്ന് എടുത്തു പറയേണ്ടതില്ല.
ഏറ്റവും വലിയ അനുഗ്രഹം എന്നു പറയുന്നത് ഷേക്‌സ്പിയര്‍ നാടകങ്ങളൊക്കെയും അഭ്രപാളികളില്‍ ദര്‍ശിക്കാന്‍ ലോകജനതയ്ക്ക് ഭാഗ്യമുണ്ടായി എന്നതാണ്. മനോഹരമായ ചലച്ചിത്ര ആവിഷ്‌ക്കാരങ്ങള്‍ ഷേക്‌സ്പിയര്‍ കൃതികളെ ആശ്രയിച്ച് സംഭവിച്ചിട്ടുണ്ട്. അത് ഏറെ ആസ്വദിക്കപ്പെട്ടിട്ടുമുണ്ടെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ഒഥല്ലോ, ഹാംലറ്റ്, മാക്ബത്ത് തുടങ്ങിയ വിശ്രുതങ്ങളായ നാടകങ്ങള്‍ അതിവിശ്രുതങ്ങളായ സിനിമകളായി പരിണമിച്ചു എന്നത് നമുക്ക് പ്രത്യേകം ഓര്‍മ്മിക്കാം. അതുകൊണ്ട് ലോകസംസ്‌ക്കാരത്തെ ആഴത്തില്‍ സ്വാധീനിച്ച സാഹിത്യരൂപങ്ങള്‍ അതുപോലെ അതിന്റെ ചലച്ചിത്ര ആവിഷ്‌കാരങ്ങള്‍ ഷേക്‌സ്പിയറുടെ പേരില്‍ കുറിക്കപ്പെടുമ്പോള്‍, നമ്മളൊരു പ്രത്യേക മേള സംഘടിപ്പിക്കുന്നത് ഏറെ പ്രസക്തമാണ്.
എടുത്തു പറയാന്‍ ആഗ്രഹിക്കുന്നത് ഇടക്കാലത്തായി സാഹിത്യവും സിനിമയും തമ്മിലുളള ബന്ധത്തിന്റെ, അല്ലെങ്കില്‍ ആരൊക്കെയോ ചേര്‍ന്ന് മുറിച്ചു കളയാന്‍ ശ്രമിച്ച ആ ഒരു ബന്ധത്തിന്റെ ഇഴകള്‍ ഒന്ന് ഉറപ്പിച്ചു നിര്‍ത്തേണ്ടത് ആവശ്യമാണ്.
സിനിമയുടെ ശത്രുവല്ല സാഹിത്യം. അല്ലെങ്കില്‍ സാഹിത്യത്തോട് ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നുളളതുകൊണ്ട് സിനിമയ്ക്ക് ഒരു അപകര്‍ഷവും സംഭവിക്കുന്നില്ല. മാത്രമല്ല, ജീവിത ആവിഷ്‌കാരം എന്നുളള നിലയ്ക്ക് നമുക്ക് കോറിയിടാന്‍ കഴിയുന്ന വരകളില്‍, വരഞ്ഞിടാന്‍ കഴിയുന്ന വ്യക്തിരൂപങ്ങള്‍ ചലച്ചിത്രത്തില്‍ വരുമ്പോള്‍ അതിനൊരു പൂര്‍ണ്ണത കിട്ടുന്നു എന്നുളളതുകൊണ്ട് പരസ്പര ബന്ധിതമായി സാഹിത്യവും സിനിമയും നിലനില്‍ക്കുന്നു എന്നുള്ളൊരു കാഴ്ചപ്പാടാണ് ഈ രണ്ടു രംഗത്തും പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായ ഒരെളിയ കലാകാരന്‍ അല്ലെങ്കില്‍ കലാപ്രവര്‍ത്തകന്‍ എന്നുളള നിലയ്ക്ക് എനിക്ക് അഭിമാനപൂര്‍വ്വം ഓര്‍മ്മിക്കാനുളളത്. അതുകൊണ്ട് വിശ്വസാഹിത്യത്തിന്റെ പ്രകാശമാനമായ ഒരു രൂപം എന്നാണ് വിശ്വസിനിമയെ അടയാളപ്പെടുത്താന്‍ തോന്നുന്നത്.
ഫില്‍ക്ക ഫിലിം സൊസൈറ്റിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചു തിരുവനന്തപുരത്ത് 25 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. വളരെ സന്തോഷം തോന്നുന്നു. പല പ്രാവശ്യം കണ്ടവയാണെങ്കിലും അതു വീണ്ടും കാണാനുളള മോഹം. അതിനുളള ഒരവസരം ആണ് ഫില്‍ക്ക ഫിലിം സൊസൈറ്റി ഒരുക്കിത്തരുന്നത്. ഉദ്ഘാടനദിവസത്തെ ഹാംലെറ്റ്, കോളറക്കാലത്തെ പ്രണയം തുടങ്ങി ഇരുപത്തിയഞ്ച് വിശ്വസിനിമകള്‍.
വിശ്വസാഹിത്യവും വിശ്വസിനിമയും, അത് നമ്മുടെ ഹൃദയത്തെ എങ്ങനെ ഉണര്‍ത്തുന്നു, നമ്മുടെ ഹൃദയ ഭൂപടത്തെ എങ്ങനെ സുന്ദരമാക്കുന്നു എന്നുളളതിന്റെ വലിയ അനുഭവ വേദിയിലേയ്ക്കാണ്, അനുഭവ തലത്തിലേയ്ക്കാണ് ഈ ചലച്ചിത്രോത്സവം മാറുന്നത്.
25 വര്‍ഷം പിന്നിടുന്ന ഫില്‍ക്കയുടെ ഇനിയുളള കര്‍മ്മകാലം അതിസൗഭഗം നിറഞ്ഞതാകട്ടെ, ധന്യമാകട്ടെ എന്നും ഈ അവസരത്തില്‍ പ്രത്യേകം ആശംസിക്കുന്നു. അണിയറപ്രവര്‍ത്തകരോടും ചലച്ചിത്ര ആസ്വാദകരോടും
ഏറെ സ്‌നേഹം…..
സന്തോഷം….
About The Author
No related posts.