മിന്നാമിനുങ്ങിന്റെ മിന്നും പ്രശോഭയെ പരിചയപ്പെടുത്തുന്നതിന് എനിക്കേറ്റവും അനുയോജ്യമായിത്തോന്നുന്നത് ജ്ഞാനപീഠപുരസ്‌ക്കാരജേതാവായ, പത്മഭൂഷണ്‍ പത്മവിഭൂഷണ്‍ പദവികള്‍ നല്‍കി രാഷ്ട്രം ബഹുമാനിച്ച മലയാളത്തിന്റെ പ്രശസ്ത കവിയും ഗാനരചയിതാവുമായ ആദരണീയ ശ്രീ ഒ.എന്‍.വി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പിനെയാണ്. പതിനഞ്ചാം വയസ്സില്‍ ‘മുന്നോട്ട്’ എന്ന ആദ്യ കവിതാരചനയില്‍നിന്ന് ഒരിക്കലും പിന്നോട്ടു പോകാതെ കാവ്യരചനയിലും അതിലുപരി ഗാനരചനയിലും മലയാളികളുടെ മനം കവര്‍ന്ന വിശ്വസാഹിത്യപ്രതിഭ..!
എന്റെ കാവ്യവഴിയിലെ വെട്ടവും വെളിച്ചവും!
ശ്രീ ഒ.എന്‍.വി
അദ്ദേഹത്തിന്റെ കവിതാരചനയേയും ആദ്യനാളുകളേയും കുറിച്ച്
രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ് : ‘ഏകാന്തതയുടെ അമാവാസിയില്‍ എന്റെ ബാല്യത്തിന് കൈവന്ന ഒരു തുള്ളി വെളിച്ചമാണ് കവിത. കുട്ടികള്‍ പറയും, കിളിക്ക് അതിന്റെ കൂട്ടില്‍ രാത്രികാലത്ത് വെളിച്ചമാകുന്നത് മിന്നാമിനുങ്ങുകളാണെന്ന്.
എനിക്കാവട്ടെ, അത് കവിതയായിരുന്നു.’ അതെ, കവിതക്ക് അദ്ദേഹം ഒരു മിന്നാമിനിങ്ങിന്റെ സ്ഥാനം നല്‍കുകയായിരിന്നു ! എന്നാല്‍ കാലന്തരത്തില്‍ മിന്നാമിനുങ്ങിന്റെ മിന്നും വെളിച്ചത്തില്‍നിന്ന്
ചന്ദ്രപ്രഭയിലേക്കും സൂര്യശോഭയിലേക്കും നക്ഷത്രത്തിളക്കത്തിലേക്കും പറന്നുയരുകയായിരിന്നു ഒ.എന്‍.വി യുടെ അക്ഷരങ്ങള്‍!
അങ്ങനെ എന്റെ മനസ്സിലും ഇത്തിരി വെട്ടവുമായി
മിന്നാമിനുങ്ങകള്‍ കൂടുകൂട്ടി.
പകല്‍മുഴുവന്‍ ചൂടും വെളിച്ചവും വെട്ടവും നല്‍കി എരിഞ്ഞുനില്‍ക്കുന്ന സൂര്യന്‍!
രാത്രിയില്‍ ഭൂമിയെ കൊതിയോടെ നോക്കി കാത്തുനില്‍ക്കുന്ന ചന്ദ്രന്‍!
പകലില്‍ ഒളികണ്ണെറിഞ്ഞും രാവില്‍
തെളിഞ്ഞുമിന്നിയും ശ്രദ്ധയാകര്‍ഷിക്കുന്ന നക്ഷത്രലോകം! ഇതിനിടയില്‍ രാത്രിയുടെ യാമങ്ങളില്‍ നുറുങ്ങുവെട്ടവുമായി ഉയര്‍ന്നു പൊങ്ങിയും താണിറങ്ങിയും അങ്ങിങ്ങോടിനടക്കുന്ന കുഞ്ഞന്‍ മിന്നാമിന്നിയെ അര് ശ്രദ്ധിക്കാന്‍ ?
ജീവിതയാത്രയില്‍ ഇരുട്ടിലെ മാലാഖയെപോലെ, രാത്രിയുടെ
അലങ്കാരദീപങ്ങള്‍പോലെ,
സൂര്യചന്ദ്രതാരാഗണങ്ങളുടെ താരപ്പൊലിമയില്ലാതെ ഒന്നെത്തിനോക്കി അല്പം വെളിച്ചം നല്‍കിയകന്നുപോകുന്ന
എത്രയെത്ര
‘മിന്നാമിനുങ്ങു’കളെ കണ്ടുമുട്ടിയിട്ടുണ്ട്.
മനുഷ്യരായും
മൃഗങ്ങളായും
പക്ഷികളായും
പറവകളായും
ചെടികളായും
പൂക്കളായും
കാറ്റായും
കടലായും
പുഴയായും
വാക്കായും
വചനമായും
ഈ മിന്നാമിനുങ്ങുകള്‍ നമ്മുടെ വഴികളില്‍ മാര്‍ഗ്ഗദീപം തെളിച്ചിട്ടുണ്ട്.
എന്നാല്‍ നിസ്സാരമെന്നവഗണിച്ചാട്ടിയോടിച്ച എത്ര മിന്നാമിനുങ്ങുകള്‍ ! ഇങ്ങനെ ജീവിതത്തില്‍ കണ്ടുമുട്ടിയതും, ഇനി കണ്ടുമുട്ടാന്‍ സാധ്യതയുള്ളതുമായ മിന്നാമിനുങ്ങുകളെത്തേടിയുള്ള ഒരു യാത്ര ഇവിടെ ആരംഭിക്കുകയാണ്. ഈ യാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയ, കണ്ടുമുട്ടുന്ന
മിന്നാമിനുങ്ങുകളെ പരിചയപ്പെടുത്തുമ്പോള്‍ നിങ്ങളുടെ മുമ്പില്‍ ഇത്തിരി വെട്ടവുമായെത്തിയിട്ടുള്ള മിന്നാമിന്നികളേയും ഓര്‍ത്തെടുക്കുവാന്‍ സാധിച്ചേക്കും.
മിന്നാമിനുങ്ങിനെ പരിചയപ്പെടുത്തുമ്പോള്‍ ശ്രീ ബാബുരാജ് തൃപ്പൂണിത്തുറ എഴുതിയ അര്‍ത്ഥവത്തായ ഒരു ഗാനത്തില്‍ക്കൂടി കണ്ണോടിക്കാം.
‘ മിന്നാമിനങ്ങേ
മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീതിടുക്കം.
നീ തനിച്ചല്ലേ പേടിയാവില്ലേ
കൂട്ടിന് ഞാനും വന്നോട്ടേ?
മഴയത്തും വെയിലത്തും
പോകരുതേ നീ
നാടിന്റെ വെട്ടം കളയരുതേ
നിഴലുപോല്‍പറ്റി ഞാന്‍ കൂടെ നടന്നപ്പോള്‍
നീ തന്നു കുഞ്ഞു നുറുങ്ങുവെട്ടം. പൊന്നുവിളയുന്ന പാടത്തും നാട്ടിലും
നാനായിടത്തും നീ പാറിയില്ലേ..
പള്ളിക്കൂടത്തിനകമ്പടിയില്ലാതെ
പുന്നാരപ്പാട്ടു നീ പാടിയില്ലേ..
വേവുന്ന ചൂടിലും കോച്ചും തണുപ്പിലും
വര്‍ഷം ചുരത്തന്ന കാലമെല്ലാം
വീട്ടിനകത്തും പുറത്തും വിശാലത തീര്‍ത്തു നീ
വിട്ടെറിഞ്ഞെങ്ങു നീ പോയി…
എത്തിപ്പിടിക്കുവാനെത്തിയില്ലെങ്കിലും
ഇന്നു ഞാനോര്‍ക്കും
നിന്‍ സ്‌നേഹമെല്ലാം..
മിന്നുന്നതെല്ലാം പൊന്നെന്നു കരുതാതെ
നിന്‍ മോഹജാലം
ഞാനോമനിക്കാം.’
ആഹാ, മിന്നാമിനങ്ങിനെ എത്ര സുന്ദരമായി ശ്രീ ബാബുരാജ്
വര്‍ണ്ണിച്ചിരിക്കുന്നു.
ലോകാഃ സമസ്തഃ സുഖിനോ ഭവന്തു.












