LIMA WORLD LIBRARY

കൊച്ചു വലിയ കാര്യങ്ങള്‍-ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

‘SMALL IS BEAUTIFUL’… ജീവിതത്തില്‍ പലപ്പോഴും കൊച്ചു കൊച്ചു കാര്യങ്ങളാണ് വലിയവയെക്കാള്‍ പ്രാധാന്യം. ചെറിയ ദുഃഖങ്ങള്‍ പലപ്പോഴും വലിയ ദുഃഖങ്ങളെക്കാള്‍ വലുതായി തോന്നും. ഫ്രഞ്ച് വിപ്ലവ നേതാക്കളില്‍ പ്രമുഖനായിരുന്ന ഒരാളെ ശത്രുക്കള്‍ പിടികൂടി വിചാരണ ചെയ്ത് യന്ത്രത്തില്‍ വച്ച് തല വെട്ടിക്കളയാന്‍ വിധിച്ചു. വധസമയത്ത് ആരാച്ചാരോട്അദ്ദേഹം പറഞ്ഞുവത്രേ, ‘എന്റെ കഴുത്തില്‍ ഒരു കുരു ഉണ്ട്.അത് മുറിഞ്ഞു വേദനിക്കാതെ വേണം കഴുത്തു മുറിക്കാന്‍’, എന്ന്. കഴുത്ത് മുറിയുന്നതിനേക്കാള്‍ കുരുവില്‍ തട്ടി വേദനിക്കുന്നതിനെ ക്കുറിച്ച് ആയിരുന്നു അദ്ദേഹത്തിന്റെ വേവലാതി.
ലോകചരിത്രത്തിലെ വിധി പോലും മാറ്റുന്നത് ചെറിയ കാര്യങ്ങളാണ്. മാഗ്‌നസ് എന്ന യഹൂദ വംശജനായ ആണവ ശാസ്ത്രജ്ഞനെ ഹിറ്റ്‌ലര്‍ നിഷ്‌കാസനം ചെയ്തതുമൂലമാണ് ജര്‍മ്മനിക്ക് അമേരിക്കയെക്കാള്‍ മുന്‍പേ ആറ്റംബോംബ് നിര്‍മ്മിക്കാനാവാതെ പോയത് എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്തിമമായ യുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെടാനും ഈ ചെറിയ സംഭവം കാരണമായി. പ്രകൃതിയിലും നമുക്ക് ചെറിയ കാര്യങ്ങളുടെ പ്രസക്തിക്ക് ധാരാളം ഉദാഹരണങ്ങള്‍ഉണ്ട്. കാലിഫോര്‍ണിയന്‍ വനങ്ങളില്‍ 300 വര്‍ഷത്തിലധികം കാലം തഴച്ചു വളര്‍ന്നിരുന്ന വന്‍മരങ്ങള്‍ പെട്ടെന്ന് ഓരോന്നായി വീണു തുടങ്ങി. കാരണമന്വേഷിച്ച ശാസ്ത്രജ്ഞര്‍ കണ്ടത് ഒരുതരം ചെറു ജീവികളാണ് ഇതിന് കാരണമെന്നാണ്. പേമാരിയെയും കൊടുങ്കാറ്റിനെയും അതിജീവിച്ച് വര്‍ഷങ്ങളായി നിലനിന്ന വന്‍ വൃക്ഷങ്ങള്‍ ചില കൊച്ചു കീടങ്ങളുടെ ആക്രമണത്തിന് കീഴടങ്ങി കടപുഴകി വീണുപോയി. അതിനാല്‍ നാം ഓര്‍ക്കുക,കൊച്ചു കാര്യങ്ങള്‍ വലിയ കാര്യങ്ങളാണ്.
‘കുളിവിശേഷം’ എന്ന കൊച്ചു വലിയ കാര്യത്തെക്കുറിച്ച് :
ഫ്രാന്‍സിലെ ലൂയി പതിമൂന്നാമന്‍ ചക്രവര്‍ത്തി ജീവിതത്തില്‍ ഒരു പ്രാവശ്യമേ കുളിച്ചിട്ടുള്ളൂ. അധികാരത്തില്‍ ഇരുന്നപ്പോള്‍ കുളി നിരോധിക്കുകയും ചെയ്തു.പണ്ട് യൂറോപ്പിലെ സ്ഥിതി ഇതായിരുന്നു.എന്നാല്‍ ജപ്പാനിലും ചൈനയിലും മറ്റും ജനങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പേ കുളിശീലമാക്കിയിരുന്നു. 5000 വര്‍ഷങ്ങള്‍ക്കു മുബേ ഭാരതീയര്‍ കുളിപ്രിയരായിരുന്നു.
സ്‌പെയിനിലെ രാജ്ഞി ഇസബെല്ല ജീവിതത്തില്‍ രണ്ട് പ്രാവശ്യമേകുളിച്ചിട്ടുള്ളു പോലും. ഒന്നാമത്, ജനിച്ചപ്പോഴും പിന്നൊന്ന് വിവാഹവേളയിലും. അപ്പോള്‍ പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ?
അമേരിക്കയിലെ മസാച്ചുസെറ്റ് സംസ്ഥാനത്ത് 1842ല്‍ പോലും കുളി എല്ലാവര്‍ക്കും സാധ്യമായിരുന്നില്ല. കുളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരോഗ്യപരമായി അതിന്അര്‍ഹരാണെന്ന് ഒരുസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു.കുളിക്ക് റേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. കുളിമുറി പ്രചാരത്തില്‍ ആയിരുന്നില്ല. 1851ല്‍ അമേരിക്കന്‍ പ്രസിഡണ്ടിന് കുളിക്കാനായി തന്റെ ഔദ്യോഗിക വസതിയില്‍ ഒരു കുളിമുറി നിര്‍മ്മിച്ചപ്പോള്‍ അത്, പണം ധൂര്‍ത്തടിക്കുക യാണെന്ന് പറഞ്ഞ് ആളുകള്‍ ബഹളം കൂട്ടി !
ഇംഗ്ലണ്ടില്‍ വിക്ടോറിയ രാജ്ഞി ഭരിച്ചിരുന്ന കാലത്ത് പോലും കുളി സാധാരണമായില്ല. പതിനെട്ടാംനൂറ്റാണ്ടിലും കുളി ഫ്രാന്‍സില്‍ ഒരു ആര്‍ഭാടമായിരുന്നു. ജപ്പാന്‍കാര്‍പതിമൂന്നാം നൂറ്റാണ്ടോടെ കുളി പതിവാക്കിയിരുന്നു. പുരാതന റോമാക്കാര്‍ കുളിപ്രിയരായിരുന്നു. ക്രിസ്തുവിന്റെ ജനനത്തിന് 200 വര്‍ഷങ്ങള്‍ക്കു മുന്‍പ് റോമില്‍ 2500 പേര്‍ക്ക് ഒരേസമയം കുളിക്കാന്‍ സൗകര്യമുള്ള ഒരു കുളിമുറിപണികഴിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.
കുളിക്കുന്ന ശീലം വന്നതോടെ വെള്ളത്തിന് പകരം പഴച്ചാറും പാലും ഉപയോഗിക്കുന്ന രീതി വന്നു.കഴുതപ്പാലിലും ഒലിവെണ്ണയിലും പലതവണ കുളിച്ചാല്‍ ആരോഗ്യവും സൗന്ദര്യവും വര്‍ധിക്കുമെന്ന് ഗ്രീക്ക് ചിന്തകനായ പൈതഗോറസ് ഉപദേശിച്ചു.നീറോ ചക്രവര്‍ത്തിയുടെ രാജ്ഞി ഈ ഉപദേശം സ്വന്തം കാര്യത്തില്‍ നടപ്പാക്കിയിരുന്നു. ഈജിപ്തിലെ സൗന്ദര്യ റാണിയായ കിളിയോപാട്ര സ്‌ട്രോബറിചാറും, ഒലിവെണ്ണയും, സുഗന്ധ തൈലവും കലര്‍ത്തിയ വെള്ളത്തിലാണ് നീരാടിയിരുന്നത് ! മുഗള്‍ രാജാക്കന്മാര്‍ കുളി ഒരു വിനോദമായാണ് കണ്ടിരുന്നത്. വെള്ളത്തിന് ക്ഷാമം ഉണ്ടായിരുന്ന അറേബ്യയിലെയും ടര്‍ക്കിയിലെയും ജനങ്ങള്‍ മണലിലാണ് കുളിച്ചിരുന്നത്. പൊടിമണല്‍വാരി ദേഹത്തിട്ടാണ് അവര്‍ ദേഹശുദ്ധി വരുത്തിയിരുന്നത്. സൗന്ദര്യ വര്‍ദ്ധനവിന് വേണ്ടി ചോരയില്‍ കുളിച്ച രാജ്ഞിമാരും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കേരളത്തില്‍ വെള്ളത്തിന്റെ ലഭ്യതയുള്ളതിനാല്‍ ശുചിത്വബോധത്തെ മുന്‍നിര്‍ത്തി മലയാളികള്‍ കുളി പതിവാക്കിയവരാണ്.
കുളി കഴിഞ്ഞാല്‍ വിളക്ക്, ചന്ദനത്തിരി ഇവ കത്തിക്കലും പ്രാര്‍ത്ഥനയും സ്വാഭാവികമാണല്ലോ. സുഗന്ധം ശുഭോദര്‍ക്കമാണ്, ദൈവീകമാണ് എന്നും മുകളിലേക്ക് ഉയര്‍ന്ന പുക മരിച്ചവരുടെ ആത്മാവിന് സ്വര്‍ഗ്ഗം വരെകൂട്ടുനില്‍ക്കുന്നുവെന്നും, പരിമളം പരത്തുന്ന പൂക്കളുടെ അത്ഭുതശക്തി ഭൂത പ്രേതങ്ങളെ അകറ്റിനിര്‍ത്തുമെന്നും പാശ്ചാത്യര്‍ വിശ്വസിച്ചിരുന്നു. ക്രിസ്തുവിന് മുമ്പ് എട്ടാം ശതകത്തില്‍ ഗ്രീസിലാണ് സുഗന്ധ വസ്തുക്കള്‍ പുകയ്ക്കുവാന്‍ ആരംഭിച്ചത്. ബാബിലോണും ഇസ്രായേലും ഈജിപ്റ്റും ഇത് പിന്നീട് ഏറ്റെടുത്തു.
അനുഷ്ഠാനപരമായ എല്ലാത്തരം പഴയ വിശ്വാസങ്ങളിലും സുഗന്ധപ്പൂക്കള്‍ക്കും ചന്ദനത്തിരികള്‍ക്കുംപ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. വളരെക്കാലം മരക്കഷണങ്ങളും കുന്തിരിക്കം പോലുള്ള വസ്തുക്കളും തീക്കനലില്‍ പുകയ്ക്കുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. വാസനയോടെ സ്വയം കത്തുന്ന കട്ടിയായ പദാര്‍ത്ഥം ചീനയിലാണ് ആദ്യം ഉണ്ടാക്കിയത്. ‘ജോസ്സ്തിരി’ (Joss Stick) എന്നു പേരുള്ള ഈ വസ്തു തീകൊളുത്തിയാല്‍ താനേ എരിയുന്ന ആദ്യത്തെ പരിമള വസ്തു ആയിരുന്നു. കളിമണ്ണും മറ്റും ചേര്‍ത്ത് ഉറപ്പിച്ച് ആരാധനാലയങ്ങളില്‍ കത്തിച്ചുവയ്ക്കാന്‍ തക്കവണ്ണം ഉണ്ടാക്കിയതായിരുന്നു ജോസ്സ് തിരി. ചീനക്കാരുടെ ഒരു വിഗ്രഹമായിരുന്നു ‘ജോസ്സ്’.
ക്രിസ്തുവിന് പിന്‍പ് നാലാംശതകത്തിലാണ് ക്രൈസ്തവ ദേവാലയങ്ങളില്‍ വ്യാപകമായി സുഗന്ധ വസ്തുക്കള്‍ പുകയ്ക്കുന്നത് പ്രചരിച്ചത്.ഹിന്ദുക്കളും ബുദ്ധന്മാരും ചീനയിലെ വിവിധ മതസ്ഥരും ഈ വിശ്വാസം പിന്തുടര്‍ന്നത് പിന്നെയും വളരെക്കാലം കഴിഞ്ഞാണ്.
കടല്‍പായലില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ‘അഗര്‍’ എന്ന ഒരുദ്രവ്യം ചന്ദനത്തിരിയുടെ നിര്‍മ്മാണത്തില്‍ വളരെ ആവശ്യമായി വന്നു.അപ്രകാരം നിര്‍മ്മിക്കുന്ന ചന്ദനത്തിരിയാണ് ‘അഗര്‍ബത്തി’ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ അഗര്‍ബത്തിയുടെ ആവിര്‍ഭാവം വെറും രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മാത്രമാണ്. പലതരം സുഗന്ധദ്രവ്യങ്ങള്‍ ക്രയവിക്രയം ചെയ്തിരുന്ന മുസ്ലിം സമുദായക്കാരിലൂടെയാണിത് തുടക്കമിട്ടത്.
പരിമളദ്രവ്യങ്ങള്‍ പൊടിരൂപത്തിലായിരുന്നുആദ്യംഉണ്ടായിരുന്നത്. ഒടുവില്‍ വടിയുടെ മേല്‍ മരപ്പശ തേച്ച് പൊടി അതിന്റെമുകളില്‍ അമര്‍ത്തിപ്പിടിച്ച് ഉണക്കിയാല്‍ കുറേക്കാലം സൂക്ഷിക്കാമെന്നായി. ഇങ്ങനെയുള്ള നിര്‍മ്മാണം പ്രധാനമായും നടത്തിയിരുന്നത് തമിഴ്‌നാട്ടിലായിരുന്നു. മുളയുടെ ചീന്തിയ തുണ്ട്,മരപ്പച്ച,അഗര്‍, കരി എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയെടുത്ത പ്പോള്‍ ആദ്യത്തെ ചന്ദനത്തിരി ഉണ്ടായി. ചെറിയ തിരികള്‍ വിറ്റഴിക്കാന്‍ എളുപ്പമായതോടെ നിര്‍മ്മാണം വര്‍ദ്ധിച്ചു. ചന്ദനത്തൈലം ഉണ്ടാക്കിയതിനുശേഷം ബാക്കി വരുന്ന ചന്ദനക്കൂട്ട് മാത്രമാണ് തിരികളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
‘ഗാന്ധി’ എന്ന പേരിന് സുഗന്ധദ്രവ്യയുമായി ബന്ധമുണ്ട്. ‘ഗന്ധ’ത്തില്‍ നിന്നാണ് ‘ഗാന്ധി’ എന്ന ജാതി പ്പേരുണ്ടായത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വടക്കേ ഇന്ത്യയില്‍ ചന്ദനവും കളഭവും മറ്റും കൂട്ടിച്ചേര്‍ത്ത് സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും തൊഴിലാക്കിയ ഒരു വിഭാഗം ജനങ്ങള്‍ ഉണ്ടായിരുന്നു. ‘ഗാന്ധികന്മാര്‍’ എന്നാണ് ഇക്കൂട്ടരെ വിളിച്ചിരുന്നത്.കാരണംസുഗന്ധദ്രവ്യത്തിന് സംസ്‌കൃതത്തില്‍ ‘ഗാന്ധികം’ എന്നാണ് പേര്. കാലക്രമത്തില്‍ ‘ഗാന്ധികന്മാര്‍’ വലിയ വ്യാപാരികളായിത്തീര്‍ന്നു. പിന്നെ പറഞ്ഞു പറഞ്ഞ് ‘ഗാന്ധികന്‍’ എന്നത്’ഗാന്ധി’എന്നായിചുരുങ്ങി. വ്യാപാരികളുടെ ഈ കുലത്തില്‍ ആയിരുന്നു ഗാന്ധിജിയുടെ ജനനം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px