നമ്മള്‍ ജനിച്ചത് ബ്രിട്ടീഷ് കോളനിയിലാണ്, നമ്മളില്‍ ചിലര്‍ നാട്ടുരാജ്യങ്ങളിലും. എന്നാല്‍ ഒരു ബ്രിട്ടീഷ് പ്രജയുടെയോ ബ്രിട്ടീഷ് സംരക്ഷിത പ്രജയുടെയോ കഷ്ടപ്പാടുകള്‍ അറിയാനാകാത്ത വിധം നമ്മള്‍ വളരെ ചെറുപ്പമായിരുന്നു.
എന്തൊരു മഹത്തായ തലമുറ – ഒരു പ്രജ ആയാണ് ജനിച്ചത്. അതിന്റെ കെടുതികള്‍ അനുഭവിക്കാതെ കുട്ടിക്കാലം ചെലവഴിക്കുകയും ബാല്യത്തിന്റെ അവസാനഭാഗം മുതല്‍ പൗരനായി സന്തോഷത്തോടെ പൂക്കുകയും ചെയ്തു.
നമ്മുടെ മുന്‍ തലമുറയിലെ മാതാപിതാക്കളും അവരുടെ മാതാപിതാക്കളും എല്ലാം സഹിച്ചു. അവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി… അവര്‍ ജയിലില്‍ പോയി… നിസ്സഹകരണം നടപ്പാക്കി… ക്രൂരമായ കൂട്ടക്കൊലകള്‍ അനുഭവിച്ചു… അധിനിവേശക്കാരുടെ തുടര്‍ച്ചയായ അടിച്ചമര്‍ത്തലിന് അസാധ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. അധിനിവേശക്കാര്‍ക്കെതിരെ ചെറുത്തുനില്‍പ്പിന്റെ നിരവധി ധാരകള്‍ ഉണ്ടായിരുന്നു, എന്നാലും പ്രബലമായ ധാരയ്ക്ക് സമാധാനത്തിന്റെ അല്ലെങ്കില്‍ അഹിംസയുടെ ആയുധമാണ് ഉണ്ടായിരുന്നത്. ഈ ആയുധം കൊണ്ട് ലോകത്തെ സജ്ജീകരിച്ച മനുഷ്യന്‍ സ്വന്തം സല്ക്കര്‍മ്മത്തിന്റെ ഇരയായി മാറുന്നു! ആ ജീവത്യാഗിന്റെ നടുക്കം ഞങ്ങള്‍ക്കുണ്ടായില്ല, ഞങ്ങള്‍ അത്രക്കു ചെറുപ്പമായിരുന്നു.
33 കോടി ജനതയുടെ വിഭജിത രാഷ്ട്രമായിരുന്നു നമ്മുടെ സ്വതന്ത്ര നാട്, മറ്റൊരു 6 കോടി പേര്‍ 3500 കിലോമീറ്റര്‍ അകലത്തില്‍ രണ്ട് ബ്ലോക്കുകളിലായി മറ്റൊരു രാഷ്ട്രം രൂപീകരിച്ചു.
സാമ്പത്തികമായി തളര്‍ന്ന, സാംസ്‌കാരികമായി ശിധിലമായ, രാഷ്ട്രീയമായി വിഭജിക്കപ്പെട്ട ഒരു രാഷ്ട്രം. നമ്മുടെ മാതാപിതാക്കളുടെ തലമുറ നാശത്തില്‍ നിന്നും ഇല്ലായ്മയില്‍ നിന്നും നമ്മുടെ രാജ്യത്തെ കെട്ടിപ്പടുക്കാന്‍ തുടങ്ങി. നാട്ടുരാജ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു… രാഷ്ട്രം അതിന്റെ സുദീര്‍ഘ ചരിത്രത്തില്‍ ആദ്യമായി സംയോജിപ്പിക്കപ്പെട്ടു…
നമ്മള്‍ അവകാശങ്ങളും, കടമകളും, കര്‍ത്തവ്യങ്ങളുമുള്ള പൗരന്മാരായി, ആത്മാഭിമാനമുള്ള വ്യക്തികളായി, അടിമകളല്ല… വിധേയരുമല്ല.
നമ്മള്‍ സ്വന്തം ഭരണഘടന ഉണ്ടാക്കി. നിയമനിര്‍മ്മാണത്തിനും ഏകാഗ്രതയോടെ ഭരിക്കാനുമായി നമ്മള്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചു. ആവശ്യമായ പരിശോധനകളും ബാലന്‍സുകളും ഉറപ്പാക്കിക്കൊണ്ട് നീതിന്യായ വിതരണ സംവിധാനം നടപ്പിലാക്കുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും അവര്‍ ഉണ്ടാക്കി.
60-കള്‍ മുതല്‍ നമ്മുടെ തലമുറയും രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ അവരോടൊപ്പം ചേര്‍ന്നു.
നമ്മള്‍ നല്ല പുരോഗതി കൈവരിച്ചു.
ആധുനിക ക്ഷേത്രങ്ങള്‍ ആയ സ്റ്റീല്‍ മില്ലുകള്‍… ജലവൈദ്യുതി പദ്ധതികള്‍… വന്‍കിട വ്യവസായങ്ങള്‍… ഐഐടികള്‍… ഗവേഷണ സ്ഥാപനങ്ങള്‍… ലബോറട്ടറികള്‍… എല്ലാം ലോകനിലവാരത്തിലുള്ളവ…. ഹരിത വിപ്ലവത്തിലൂടെ ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം….
പുരോഗതിയുടെ
നാഴികക്കല്ലുകള്‍: സാക്ഷരത കേവലം 12 ല്‍ നിന്ന് 80 ശതമാനത്തിലേക്കും ആയുര്‍ദൈര്‍ഘ്യം 32 ല്‍ നിന്ന് 68 വര്‍ഷത്തിലേക്കും!
ശരിയാണ്, കോളനി അധീശത്വത്തിലെ കെടുതികളും അവശിഷ്ടങ്ങളും തുടച്ചുനീക്കാനുള്ള വേഗത കൈവരിക്കാന്‍ നമ്മള്‍ക്കായില്ല. നമ്മുടെ പോരായ്മകള്‍ മറച്ചു വെയ്ക്കാനുമാകില്ല. നമ്മുടെ തലമുറയും നമ്മളും പരാജയപ്പെടുകയാണ്. നമ്മള്‍ ഏറ്റു വാങ്ങിയതിനേക്കാള്‍ മോശമായ ഒരു രാഷ്ട്രീയ അന്തരീക്ഷം ബാക്കി വെച്ചാണ് നാം ഇവിടം വിട്ടു പോകുക.
നമ്മുടെ ധീരരായ പൂര്‍വ്വികര്‍ സ്വന്തം ജീവിതം കൊണ്ട് എല്ലാത്തിനെയും ചോദ്യം ചെയ്യാന്‍ പഠിപ്പിച്ചു, അതെ എല്ലാം. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഉള്‍ക്കാഴ്ചയോടെ. അവര്‍ കാണിച്ചുതന്ന വഴിയിലൂടെ നമ്മള്‍ സഞ്ചരിച്ചില്ല.
അതു മാത്രമോ?
ആധുനിക ക്ഷേത്ര നിര്‍മ്മിതി ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ്. നമ്മള്‍ ഇരുണ്ട മദ്ധ്യകാല ക്ഷേത്ര നിര്‍മിതിയുടെ അമ്പല സംസ്‌കാര പാതയിലാണ്… പൗരസമൂഹത്തിലെ സാഹോദര്യവും ഐക്യവും ദുര്‍ബലമാകുന്നു. ജാതികള്‍, ഗോത്രങ്ങള്‍, വംശങ്ങള്‍, മതങ്ങള്‍ എന്നിവയുടെ ഭിന്ന സ്വത്വങ്ങളിലെ പോയ കാല ധാരണകള്‍ തിരിച്ചു വരുന്നു. ക്ഷേമ സമൂഹത്തിന്റെ ദിശാബോധം നമുക്ക് നഷ്ടമാകുന്നു.
നാം ഐക്യത്തിനെ ഏകീകൃത സ്വരൂപമെന്ന ആശയക്കുഴപ്പത്തിലാണ്. നാം മിഥ്യയ്ക്കും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍ പെട്ടുപൊയിരിക്കുന്നു.
നമ്മളുടേത് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്, 5 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ ജര്‍മ്മനിയെയും പിന്നെ ജപ്പാനെയും മറികടന്ന് മുകളിലേക്കുള്ള പാതയില്‍ എത്തും! 144 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് ഇതൊരു മിഥ്യാധാരണയാണ്! 2,800 പിഎച്ച്ഡിക്കാരും 27,000 ബിരുദാനന്തര ബിരുദരും ലക്ഷക്കണക്കിന് ബിരുദധാരികളും പ്ലസ് 2 കടന്നവരും 162 പ്യൂണ്‍ തസ്തികയിലെ അപേക്ഷകര്‍! ഏറ്റവും കൂടുതല്‍ ജനങ്ങളുടെ സംസ്ഥാനത്തിലെ അവസ്ഥയാണിത്. ഭ്രമം എവിടെ? യാത്ഥാര്‍ത്യമെവിടെ? .
അഞ്ചാം സ്ഥാനത്ത് നമ്മുടെ ജിഡിപി 3.95 TD (ട്രില്യണ്‍ ഡോളര്‍, ട്രില്യണ്‍ = 100,000 കോടി) ആണ്, പ്രതിശീര്‍ഷ ജിഡിപി 2740 D ആണ്. ഇത് ഒരാള്‍ക്ക് പ്രതിദിനം 640 രൂപ. പ്രതിശീര്‍ഷ അടിസ്ഥാനത്തില്‍ ഇത് ഒരു ചൈനക്കാരന്റെ ഏഴിലൊന്ന് മാത്രമാണെങ്കിലും പ്രതിശീര്‍ഷ കണക്കില്‍ ഏറെ സമ്പന്നമായ രാജ്യത്തിന്റെ 2 ശതമാനത്തില്‍ താഴെയാണെങ്കിലും, ഇത് വളരെ ചെറുതല്ല, 5 പേരടങ്ങുന്ന ഒരു കുടുംബത്തിന് പ്രതിമാസം ഏകദേശം ഒരു ലക്ഷം രൂപയോളം വരുമിത്.
എന്നാല്‍ ഇത് ആര്‍ക്കാണ് ലഭിക്കുന്നത്? ജിന്‍ഡാലുകളുമായും നാടാര്‍മാരുമായും…അദാനികളുമായും അംബാനികളുമായും പങ്കിടുമ്പോള്‍ ഈ ശരാശരി 640 രൂപ…(നമുക്കിടയിലെ താഴേത്തട്ടിലുള്ള പകുതിയിലെ) ഒരാള്‍ക്ക് ലഭിക്കുന്നത് വെറും 40 രൂപ മാത്രമാണ്, അത് ഏറ്റവും കുറഞ്ഞ പോഷക ഭക്ഷണത്തിന് വേണ്ടതിന്റെ വെറും പകുതി മാത്രമാണ്!
താഴെ തട്ടിലുള്ള നമ്മളില്‍ പകുതി പേരും ബ്രിട്ടീഷ് കോളനിയില്‍ രാജ്യ സമ്പത്തിലെ എട്ടിലൊന്നിന്റെ ഉടമകളായിരുന്നു. ‘ജനാധിപത്യ’ ഇന്ത്യയില്‍ നമ്മുടെ ഭരണം ആ വിഹിതത്തെ പകുതി ആക്കി! ഇപ്പോള്‍ താഴെ പകുതി ജനത്തിന് രാജ്യ ജി ഡി പി യുടെ വെറും പതിനാറിലൊന്ന് മാത്രം! അതെ, നമ്മളും പിന്നെ മുതിര്‍ന്ന മക്കളും ചേര്‍ന്ന് മുമ്പെങ്ങുമില്ലാത്തവിധം തീവ്രമായ അസമത്വം നമുക്കിടയില്‍ സൃഷ്ടിച്ചു!
ഒരുവിരോധാഭാസം നമ്മളെ അലോസരപ്പെടുത്തുന്നു. അതെന്തെന്നാല്‍, ഈ താഴെ പകുതിയില്‍ ഉള്ള 80 ശതമാനം പേര്‍ക്ക് ഏത് തിരഞ്ഞെടുപ്പിലും സ്വന്തം സര്‍ക്കാര്‍ ഉണ്ടാക്കാം!
പുതിയ തലമുറ ഞങ്ങളോട് ക്ഷമിക്കണം. കലഹവും ഭയപ്പെടുത്തുന്ന അസമത്വവും നിറഞ്ഞ ഒരു രാഷ്ട്രം ഞങ്ങള്‍ ഉടന്‍ നിങ്ങള്‍ക്ക് നല്‍കും! ഞങ്ങള്‍ക്ക് അഭിമാനികളായ മാതാപിതാക്കളും മുത്തച്ഛന്മാരും മുത്തശ്ശിമാരും ഉണ്ടായിരുന്നു.
നിങ്ങള്‍ക്കോ?












