ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അക്ഷീണപരിശ്രമങ്ങളേയും ത്യാഗങ്ങളേയും
അനുസ്മരിച്ചും ആദരിച്ചും ഈ വര്‍ഷവും ലോകതൊഴിലാളിദിനമായ മെയ് ഒന്ന് ഒരു അവധിദിനമായി കടന്നുപോയി.
പാടത്തും, പണിശാലകളിലും, ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളിലും, മരംകോച്ചുന്ന മഞ്ഞില്‍ തണുത്തുവിറച്ചും പണിയെടുത്തവരും പണിയെടുത്തുകൊണ്ടിരിക്കുക്കുന്നവരുമായ ലക്ഷോപലക്ഷം തൊഴിലാളികളുടെ അചഞ്ചലമായ സമര്‍പ്പണത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലങ്ങളാണ് നാമിന്നനുഭവിച്ചുകൊണ്ടിരിക്കുന്ന
എല്ലാ സുഖസൗകര്യങ്ങളും എന്ന നഗ്‌നസത്യം സൗകര്യപൂര്‍വ്വം വിസ്മരിച്ചുകൊണ്ട്, തൊഴിലാളികളെ ഇനിയും പുതിയ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എങ്ങനെ കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യാം എന്ന ചിന്തയിലാണ്
വരേണ്യവര്‍ഗ്ഗമെന്ന് കാലത്തിന്റ അടയാളങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
തുല്യജോലിക്ക് തുല്യശമ്പളത്തിനുവേണ്ടി,
ശമ്പളവര്‍ദ്ധനവിനുവേണ്ടി,
കൂലിവര്‍ദ്ധനവിനുവേണ്ടി,
തൊഴിലിടങ്ങളില്‍ മികച്ച സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുവേണ്ടി,
തൊഴിലിടങ്ങളിലെ സുരക്ഷാമുന്‍കരുതലുകള്‍ക്കുവേണ്ടി തൊഴിലാളികള്‍ തെരുവിലിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഇന്നും പല രാജ്യങ്ങളിലും നിലനില്‍ക്കുന്നത്. രാജ്യങ്ങള്‍ സാമ്പത്തികമായും സാസ്‌കാരികമായും എത്ര പുരോഗമിച്ചാലും
‘ഓണം വന്നാലും
ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ത്തന്നെ’ എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് തൊഴിലാളികളുടെ ഗതി അന്നും ഇന്നും അധോഗതി തന്നെ എന്ന് ഗതകാലസംഭവങ്ങള്‍ അടിവരയിട്ട് അടയാളപ്പെടുത്തുന്നു. തൊഴിലാളികളോടുള്ള സമീപനത്തിലും
ചൂഷണമനോഭാവത്തിലും അല്ലറചില്ലറ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ലോകാരംഭം മുതല്‍ ഇന്നും
നിര്‍ബാധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ചൂടുകാലങ്ങളില്‍ ശീതീകരിച്ച മുറികളിലും മഞ്ഞുകാലങ്ങളില്‍ ചൂടാക്കിയ മുറികളിലുമിരുന്ന ജോലിചെയ്യന്നവര്‍ മാസാവസാനം കൈനിറയെ കാശുമായി വീട്ടിലെത്തുമ്പോള്‍ തുറസ്സായ സ്ഥലങ്ങളില്‍ വെയിലിനോടും മഞ്ഞിനോടും,
ചൂടിനോടും തണുപ്പിനോടും പടപൊരുതി പാടത്തും പണിശാലയിലും വിമാനത്താവളങ്ങളിലും കല്‍ക്കരിഖനികളിലും , എണ്ണപ്പാടങ്ങളിലും, കെട്ടിടനിര്‍മ്മാണമേഖല, റോഡ്‌നിര്‍മ്മാണമേഖല…എന്നിവിടങ്ങളിലും ജോലിചെയ്യുന്നവരുടെ കീശകള്‍
ഒട്ടിക്കിടക്കുന്ന കാഴ്ചകള്‍ സമൂഹത്തില്‍ അധികമാരേയും വേദനിപ്പിക്കാറില്ല!പൊതുജനശ്രദ്ധയില്‍പ്പെടാറുമില്ല.
എല്ലാ തൊഴിലുകളേയും ആദരിക്കുകയും
എല്ലാ തൊഴിലാളികള്‍ക്കും ശരാശരി വേതനം ഉറപ്പാക്കുകയും ചെയ്ത് സാമൂഹ്യനീതി
നടപ്പിലാക്കിലാക്കേണ്ട ചുമതല ഭരണകൂടങ്ങളേപോലെതന്നെ
സമൂഹത്തിന്റെകൂടി കൂട്ടുത്തരവാധിത്വമായി കരുതേണ്ടിയിരിക്കുന്നു.
1886 മെയ് ഒന്നിന് എട്ട് മണിക്കൂര്‍ ജോലി
എട്ട് മണിക്കൂര്‍
വിനോദം
എട്ടുമണിക്കൂര്‍
വിശ്രമം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഏതാണ്ട് മൂന്നര ലക്ഷത്താലധികം തൊഴിലാളികള്‍
അമേരിക്കയിലെ ചിക്കാഗോയുടെ തെരുവീഥികളില്‍
അരങ്ങേറിയ ചരിത്രപ്രസിദ്ധമായ പണിമുടക്കു സമരത്തിന്റേയും, അതേതുടര്‍ന്ന്
തെരുവിലോഴുകിയ തൊഴിലാളികളുടെ ചുടുചോരയുടേയും സ്മരണാര്‍ത്ഥമാണ്
1890 മുതല്‍
മെയ് ഒന്ന് ലോകതൊഴിലാളിദിനമായി
ആചരിക്കപ്പെടുവാന്‍ തുടങ്ങിയത്.
ഭാരതത്തില്‍
ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെയുള്ള സാമൂഹ്യവിഭജന സമ്പ്രദായമായ ചാതുര്‍വര്‍ണ്ണ്യം
നിലനിന്നിരുന്ന കാലഘട്ടത്തില്‍ മറ്റു മൂന്നു വിഭാഗങ്ങളേയും
സേവിച്ചുകൊണ്ട്
ശാരീരികജോലി ചെയ്തിരുന്ന ശൂദ്രതൊഴിലാളികളുടെ അവസ്ഥ എന്തായിരുന്നുവെന്ന് പകല്‍പോലെ വ്യക്തം.
ജന്മികുടിയാന്‍
വ്യവസ്ഥയില്‍
കുടിയാന്മാരടെ അഥവാ തൊഴിലാളികളുടെ ദുരിതസാഹചര്യം ചരത്രരേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
യൂറോപ്പില്‍ നിലനിന്നിരുന്ന
ഫ്യൂഡലിസം അഥവാ നാടുവാഴിത്തവ്യവസ്ഥയില്‍ സാധരക്കാരയ കര്‍ഷകത്തൊഴിലാളികള്‍ രാജാക്കന്മാരില്‍നിന്നും പ്രഭുക്കന്മാരില്‍ നിന്നും അനുഭവിക്കേണ്ടിവന്ന
ദുരിതകഥകളുടെ ചരിത്രം ആര്‍ക്കും വായിച്ചെടുക്കാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന അടിമവ്യവസ്ഥ അഥവാ അടിമത്തസമ്പ്രദായത്തില്‍
തൊഴിലാളികളെ
അടിമകളാക്കി
പണിയെടുപ്പിച്ചിരുന്ന കിരാതമായൊരു
കാലഘട്ടത്തിന്റെ
വെറുപ്പുളവാക്കുന്ന ഓര്‍മ്മകള്‍പോലും ദുഷ്‌കരം .
ഇന്നും ലോകം തൊഴിലാളികളോട് നീതി പുലര്‍ത്തുന്നുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഓരോ തൊഴിലിനും പ്രത്യേകം പ്രത്യേകം പദവി നല്‍കി ആദരിക്കുന്നു. ജോലിയില്‍നിന്നു
ലഭിക്കുന്ന വരുമാനത്തിനും ഉന്നതപദവി നല്‍കി ആദരിക്കുന്നു.
ശാരീരികജോലി
ചെയ്യുന്നവരെ പണിക്കാരെന്നും
വേലക്കാരെന്നും
കൂലിക്കാരെന്നും മുദ്ര കുത്തി ‘കൂലി’ കൊടുക്കുമ്പോള്‍ ആപ്പീസുകളില്‍
ഗുമസ്തപ്പണി ചൊയ്യുന്നവരെ
‘ഉദ്യോഗസ്ഥരെ’ന്ന
വിഭാഗത്തില്‍പെടുത്തി
ശമ്പളവും വേതനവും നല്‍കുന്നു.
വിദ്യാഭ്യാസം
പ്രതിഫലം നല്‍കുന്നതിന്
മാനദണ്ഡമായി
സ്വീകരിക്കുന്നു.
വിദ്യാസമ്പന്നരും
അധികാരശ്രണിയില്‍ ഉയര്‍ന്നുനില്‍ക്കുന്നവരും ജീവിതനിലവാരത്തിന്റെ അത്യുച്ചിയില്‍ ജീവിതം ആസ്വദിക്കുമ്പോള്‍
പാവപ്പെട്ട തൊഴിലാളികളുടേയും കൂലിപ്പണിക്കാരുടേയും ജീവിതനിലവാരത്തില്‍
കാര്യമൊയൊരു മാറ്റമൊന്നും കാണുവാന്‍
കഴിയുന്നില്ല
എന്നതല്ലേ സത്യം! സമൂഹത്തിന്റെ നിലനില്‍പ്പിനും
ലോകത്തിന്റെതന്നെ നിലനില്‍പ്പിനും
എല്ലാ തൊഴിലുകളും ,അവ ചെയ്യുന്ന തൊഴിലാളികളും
ഒരുപോലെ വിലപ്പെട്ടവരാണ്
എന്ന യാഥാര്‍ത്ഥ്യം
ആരും അംഗീകരിക്കുകതന്നെ ചെയ്യും .
ഇവിടെയാണ് കൂലിയും വേതനവും ശമ്പളവും തമ്മില്‍ ഒത്തുപോകേണ്ടതിന്റെ ആവശ്യകത വ്യക്തമാകുന്നത്.
ലോകതൊഴിലാളിദിനത്തില്‍ മിന്നാമിനുങ്ങിന്റെ നേരീയ വെളിച്ചത്തില്‍ കണ്ടുമറഞ്ഞ ഏതാനും ചില ചിന്തകള്‍ മാത്രം!
പാവങ്ങള്‍ക്കെന്നുമീഭൂമിയൊരു
തീരാശാപമായ് മാറുകയാണിവിടെ…
പാവങ്ങള്‍ തന്‍ ചില്ലിക്കാശുകൊണ്ട്
പറുദീസാ പണിയുകയാണിവിടെ…
ആരോ പാടിയൊരീരടികള്‍ക്കിന്നും
പഴയ രാഗം പകരുകയാണിവിടെ…
കാലം തെറ്റെന്നു തെളിയിച്ച പല്ലവി
പാലിച്ചു പോരുകയാണിവിടെ…
മണ്ണില്‍ മര്‍ത്ത്യനായ്
ജനിച്ചു പോയാല്‍
ജന്മം ശാപമായ് മാറുകയാണിവിടെ…
എത്രനാള്‍ മര്‍ത്ത്യനീകാഴ്ചകണ്ടുന്മത്തനായുലകില്‍ നടന്നീടുമോ ?
എത്രനാള്‍
മര്‍ത്ത്യനീക്കാഴ്ചകണ്ടുന്മേഷവാനായ് നടന്നീടുമോ ??
നില്‍ക്കുവാനൊട്ടും നേരമില്ലെങ്കിലും
നിന്നവന്‍ പിന്നോട്ടു ചിന്തിച്ചിടുമ്പോള്‍
താന്‍പോന്ന പാതകള്‍ തനിക്കുതാനേ
തീരാശാപമായ് തീര്‍ന്നെന്നു ബോധ്യമാവും!
പാവങ്ങള്‍ ചിന്തും വിയര്‍പ്പു പാരില്‍
പാലാഴി തന്‍ ശോഭ പകര്‍ന്നിടുന്നു !
പകലന്തിയോളം പണിചെയ്ത മര്‍ത്ത്യന്‍
പകലോന്‍ കണക്കേ പാരിലെന്നും
പരിശുദ്ധമാമീ പ്രപഞ്ചമാകെ
പരിശുദ്ധിതൂകും പരദേവതേ നിന്‍
പരിണാമചക്രം തിരിക്കുന്നു വീണ്ടും
പാവങ്ങളെന്നും നിന്‍ പണിക്കാര്‍ !












