ഗുരജാഡ അപ്പാറാവിന്റെ കന്യാസുല്‍ക്കം എന്ന നാടകത്തെ വായിക്കുമ്പോള്‍ നമ്മള്‍ ഒരു കഥ മാത്രം വായിക്കുന്നില്ല; മറിച്ച് ഒരു സമൂഹം തന്റെ പഴയ തൊലി കളഞ്ഞ് പുതിയൊരു ലോകത്തേക്കു നടന്നു പോകുന്ന വേദനയും വിറയലും കേള്‍ക്കുന്നു. ചിതാഭൂമിയുടെ പുകയിലൂടെ ഉയരുന്ന ഒരു ശബ്ദം പോലെ ആ നാടകം ഇന്നും നമ്മളെ പിന്തുടരുന്നു. ”ലിറ്റില്‍ ബേര്‍ഡ്” എന്ന് വിളിക്കുന്ന ആ പാട്ട് മരണത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല; പഴയ ലോകം അവസാനിക്കുകയാണെന്നും ഒരു പുതിയ കാലം ജനിക്കുകയാണെന്നും അറിയിക്കുന്ന ഒരു ദുഃഖഗാനം കൂടിയാണ്.
കോളോണിയല്‍ മോഡേണിറ്റി ”കോളോണിയല്‍ ആധുനികത” എന്ന ആശയം ഈ നാടകത്തിന്റെ ഓരോ കഥാപാത്രത്തിലും ഒളിഞ്ഞിരിക്കുന്നു. ആധുനികത ഇവിടെ ഒരു പുത്തന്‍ വസ്ത്രം പോലെ സമൂഹത്തിന് മേല്‍ അണിയിക്കപ്പെട്ട ഒന്നല്ല; മറിച്ച് ഉള്ളില്‍ നിന്നു പൊട്ടിത്തെറിച്ച ഒരു അസ്വസ്ഥതയാണ്. പഴയ മതിലുകള്‍ ഇടിഞ്ഞു വീഴുമ്പോള്‍ ആളുകള്‍ പുതിയത് പണിയാന്‍ ശ്രമിക്കുന്നു, പക്ഷേ ആ പുതിയ ലോകം പോലും പൂര്‍ണ്ണമായ മോചനമല്ല. അതില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ തിളക്കമുണ്ട്, പക്ഷേ അതിന്റെ അടിയില്‍ അധികാരലോലുപതയും പച്ചനാട്യവുമുണ്ട്.
കന്ന്യാസുല്‍കം എഴുതപ്പെട്ട കാലഘട്ടം ഇന്ത്യയുടെ ആത്മാവില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്ന ഒരു സമയമായിരുന്നു. ബ്രാഹ്‌മണിക സാമൂഹിക ക്രമത്തിന്റെ ഉറച്ച പാളികള്‍ അലിഞ്ഞുതുടങ്ങി. ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു പുതിയ വര്‍ഗ്ഗത്തെ സൃഷ്ടിച്ചു. ഇംഗ്ലീഷ് സംസാരിക്കുന്ന, പാശ്ചാത്യ ചിന്തകളില്‍ ആകര്‍ഷിക്കപ്പെട്ട, എന്നാല്‍ സ്വന്തം ഉള്ളില്‍ പഴയ ലോകത്തിന്റെ ഇരുട്ട് ഇപ്പോഴും സൂക്ഷിച്ചുകൊണ്ടിരുന്ന ഒരു വര്‍ഗ്ഗം. ഈ മാറ്റത്തെ ഗുരജാഡ അതീവ സൂക്ഷ്മമായി പിടികൂടുന്നു.
നാടകത്തിലെ കഥാപാത്രങ്ങള്‍ അതുകൊണ്ടുതന്നെ ജീവനുള്ളവരായി തോന്നുന്നു. അവര്‍ ”നല്ലവര്‍” അല്ലെങ്കില്‍ ”ചീത്തവര്‍” എന്ന ലളിതമായ ചട്ടക്കൂടുകളില്‍ ഒതുങ്ങുന്നില്ല. അവര്‍ മാറ്റത്തിന്റെ മനുഷ്യരാണ്. ഇംഗ്ലീഷ് പഠിച്ചവന്‍ പുരോഗമനവാദിയായി നടിക്കുമ്പോഴും സ്ത്രീയെ വസ്തുവായി കാണുന്നു. മതത്തെ പ്രബോധിപ്പിക്കുന്നവന്‍ തന്നെ കപടതയുടെ രൂപമായി മാറുന്നു. വിധവകള്‍ സമൂഹത്തിന്റെ ചട്ടങ്ങള്‍ക്കിടയില്‍ ശ്വാസംമുട്ടുന്നു. വേശ്യകള്‍ പോലും പലപ്പോഴും നാടകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായി പ്രത്യക്ഷപ്പെടുന്നു. ഇതാണ് കന്ന്യാസുല്‍കത്തിന്റെ വലിയ സത്യസന്ധത ,സമൂഹത്തിന്റെ മുഖംമൂടികള്‍ വലിച്ചെറിയാനുള്ള ധൈര്യം.
കോളോണിയല്‍ ആധുനികതയുടെ ഏറ്റവും വലിയ വൈരുധ്യവും ഇതുതന്നെയാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം മനുഷ്യരെ ”പുതിയവരാക്കി,” പക്ഷേ അവരെ മുഴുവനായും മോചിപ്പിച്ചില്ല. പഴയ അന്ധവിശ്വാസങ്ങള്‍ക്കെതിരെ സംസാരിച്ചവരില്‍ പോലും അധികാരലോലുപതയും പുരുഷാധിപത്യവും തുടര്‍ന്നു. പുതിയ കാലം വന്നെങ്കിലും പഴയ നിഴലുകള്‍ അതിന്റെ പിന്നാലെ നിന്നു.
ഗുരജാഡയുടെ പ്രതിഭ ഇതിനെ ഒരു സാമൂഹ്യപ്രഭാഷണമാക്കി മാറ്റാതിരുന്നതിലാണ്. അദ്ദേഹം ഉപദേശിക്കുന്നില്ല; പകരം സമൂഹത്തെ അതിന്റെ സ്വഭാവത്തില്‍ തന്നെ വേദിയില്‍ കാട്ടുന്നു. അതുകൊണ്ടാണ് ഈ നാടകം ഇന്നും ജീവിക്കുന്നത്. ഇന്നും നമ്മള്‍ കാണുന്ന പല സാമൂഹിക കപടതകളുടെയും വിത്തുകള്‍ അവിടെ കാണാം വിദ്യാഭ്യാസത്തിന്റെ പേരിലുള്ള അഹങ്കാരം, സ്ത്രീശരീരത്തിന്റെ വാണിജ്യം, ഭാഷയുടെ അടിസ്ഥാനത്തിലുള്ള അധികാരം, പുരോഗമനത്തിന്റെ മുഖംമൂടി ധരിച്ച പഴയ മനസുകള്‍.
കന്ന്യാസുല്‍കം അതുകൊണ്ട് ഒരു നാടകം മാത്രമല്ല; അത് ഒരു കാലഘട്ടത്തിന്റെ ആത്മകഥയാണ്. കോളോണിയല്‍ ഇന്ത്യയുടെ ആത്മാവില്‍ ഉണ്ടായ വിള്ളലുകളുടെ കഥ. പഴയ ലോകം ചിതയാകുമ്പോള്‍ അതിന്റെ പുകക്കിടയില്‍ നിന്നു ഉയര്‍ന്ന പുതിയ മനുഷ്യന്റെ കഥ.
ആ നാടകത്തിലെ ആ ചെറിയ പാട്ട് ഇന്നും ദൂരെയൊരിടത്ത് കേള്‍ക്കുന്നു .
”നിനക്കെന്നു നീ വിളിക്കുന്ന വീട്,
അവസാനം ചിതാഭൂമിയിലെ ഒരു തീക്കട്ടമാത്രം…’
അതൊരു മരണഗാനം അല്ല.
ഒരു സമൂഹത്തിന്റെ ഉണര്‍വ്വിന്റെ ഗാനം തന്നെയാണ്.












