മനുഷ്യര്‍ എത്ര പുരോഗമിച്ചാലും കുറ്റകൃത്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നില്ല.പരിഷ്‌കൃത രാജ്യങ്ങളില്‍ പോലും പിടിച്ചു പറിക്കലും മോഷണവും സര്‍വ്വ സാധാരണമാണ്. ഒരാളുടെ സ്വത്ത് അനുവാദമില്ലാതെ മറ്റൊരാള്‍ കൈവശപ്പെടുത്തുമ്പോള്‍ സാമ്പത്തിക നഷ്ടത്തോടൊപ്പം വ്യക്തികളുടെ സുരക്ഷിതത്വബോധം കൂടി തകരുന്നു.
ഒരു വ്യക്തി ജന്മനാ കള്ളനാകുന്നില്ല. ദാരിദ്ര്യവും
തൊഴിലില്ലായ്മയും, വിദ്യാഭ്യാസത്തിന്റെയും മൂല്യബോധത്തിന്റെയും അഭാവം , ബാല്യത്തില്‍
നേരിടേണ്ടിവരുന്ന അരക്ഷിതാവസ്ഥ , മദ്യത്തിനോടും ,മയക്കുമരുന്നിനോടുമുള്ള അമിതാസക്തി , സുഖഭോഗങ്ങള്‍ക്ക് എളുപ്പത്തില്‍ ധനം സമ്പാദിക്കുവാനുള്ള ത്വര
എന്നിങ്ങനെ വിവിധ സാഹചര്യങ്ങളിലാണ്
ഒരാള്‍ കള്ളനാകുന്നത്.
വീടുകളില്‍ കയറി മോഷണം നടത്തുന്നവര്‍,
പോക്കറ്റടിക്കാര്‍ , വാഹനമോഷ്ടാക്കള്‍
പിടിച്ചു പറിക്കാര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം
വളര്‍ന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ
ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സൈബര്‍ കള്ളന്മാരുടെ കാലമാണിന്ന്.ബാങ്ക് അക്കൗണ്ട്
വിവരങ്ങള്‍ , പിന്‍ നമ്പര്‍ , ഒ.ടി പി നമ്പര്‍ തുടങ്ങിയ ചോര്‍ത്തിയെടുത്ത് പണം അപഹരിക്കുന്ന സംഭവങ്ങള്‍ സാധാരണയാണ്.
അതിനാല്‍ മോഷണത്തിനെതിരായുള്ള ജാഗ്രത
മുന്‍കാലങ്ങളിലേക്കാളിന്ന് അത്യാവശ്യമാണ്.
ബൈക്കിലെത്തി കാല്‍നടക്കാരായ സ്ത്രീകളുടെ സ്വര്‍ണമാല അപഹരിക്കുന്ന
ഒരു ഉത്തരേന്ത്യന്‍ സംഘത്തെ പിടി കൂടിയ
വാര്‍ത്ത വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനശ്രദ്ധ നേടിയതാണ് . ഗുജറാത്തിലെയോ മറ്റോ ഒരു സ്വര്‍ണ വ്യാപാരി തന്നെയായിരുന്നു അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ‘ ഒരിക്കല്‍ കേരളത്തില്‍ വന്നപ്പോള്‍ സ്വര്‍ണമാല ധരിക്കാത്ത ഒരു സ്ത്രീയെപ്പോലും കണ്ടില്ല ‘ മോഷണ സംഘത്തെ നിയോഗിക്കുവാനുള്ള പ്രചോദനമായി അയാള്‍ പറഞ്ഞ കാരണമാണ്.
അക്കാലത്ത് ഞാന്‍ തൃശൂരാണ്
താമസിച്ചിരുന്നത്. മുണ്ടു പാലത്തുള്ള ഒരു ഇട വഴിയില്‍ വച്ച് ഹെല്‍മെറ്റ് ധരിച്ച ഒരു ബൈക്കുകാരന്‍ വഴി ചോദിക്കാനെന്ന ഭാവേന
അടുത്തെത്തിയതുമാണ് . ഏതോ ഉള്‍പ്രേരണ മൂലം നീങ്ങി നടന്നതിനാല്‍ അന്ന് നഷ്ടമൊന്നും
സംഭവിച്ചില്ല. സ്വര്‍ണവില കുതിച്ചുയരുന്ന ഇക്കാലത്ത് സ്വര്‍ണമാലയണിയുന്നത് ബുദ്ധിയല്ല.
സുരക്ഷിതവുമല്ല.
നിര്‍ബന്ധമുള്ളവര്‍ തൂക്കം കുറവുള്ളത് അണിയു
ന്നതാണ് സാമ്പത്തിക നഷ്ടം കുറക്കാനുള്ള മാര്‍ഗ്ഗം.
കള്ളനാണെന്നറിയാതെ ഒരാളെ ബഹുമാനപൂര്‍വ്വം സ്വീകരിച്ചിരുത്തിയ അനുഭവവുമുണ്ട് . ഗള്‍ഫിലുള്ള അമ്മാവന്റെ
മകന്‍ തന്നയച്ചതാണെന്നും പറഞ്ഞ് ഒരു പാഴ്സലുമായാണ് തട്ടിപ്പുകാരന്റെ രംഗ പ്രവേശം. അയാളുടെ സഹോദരനും അമ്മാവന്റെ മകനും
ഒരേ സ്ഥാപനത്തിലാണത്രേ ജോലി ചെയ്യുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആളിനെ വരാന്തയില്‍ കയറ്റിയിരുത്തി ജ്യൂസൊക്കെ നല്‍കി ഞാന്‍
സത്കരിച്ചു . അകത്ത് ഗൃഹജോലികളില്‍ സഹായിക്കുന്ന സഹായിയുടെ ശബ്ദം
കേട്ടപ്പോള്‍ അയാള്‍ പെട്ടെന്ന് പുറത്തേക്കിറങ്ങി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി . പാഴ്സല്‍ കെട്ടിയെടുക്കാന്‍ ഒരു കയര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് തലയിലെ ട്യൂബ് ലൈറ്റ് തെളിഞ്ഞ് എനിക്ക് സംശയം തോന്നിയത്. ടൗണിലുള്ള അമ്മാവന്റെ മകന്റെ വ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്നും പറഞ്ഞ് വാതിലടച്ചു.
സംഭവം തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു.
ഏതു വേഷത്തിലുംഭാവത്തിലും വന്നാലും അപരിചിതര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. മുന്തിയ വേഷഭൂഷാദികളും
ആഡംബരങ്ങളുമൊക്കെയായിട്ടാണ് ഇന്നത്തെ
കള്ളന്മാര്‍ പല വേദികളിലും അവതരിക്കുന്നത്.
ആരാധനാലയങ്ങളില്‍ ,ഉത്സവസ്ഥലങ്ങളില്‍, ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ എല്ലായിടത്തും നമ്മളിലൊരാളായി തിരിച്ചറിയാത്ത മുഖപടമണിഞ്ഞ് ഇവരുമുണ്ടെന്ന ബോധം എപ്പോഴും വേണം.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനകത്തേക്കു പ്രവേശിക്കുന്ന
കവാടത്തിലെ തിക്കിലും തിരക്കിലും മോഷണം
നിത്യ സംഭവമാണ്. ജാഗ്രത പുലര്‍ത്തേണ്ട മോഷ്ടാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതില്‍ ഇതര സംസ്ഥാനക്കാരായ
വനിതകളുടെ ചിത്രങ്ങളും കാണാം. അധികവും തമിഴ്‌നാട്, ആന്ധ്ര സ്വദേശികളാണ്. ഇനി
മോഷ്ടാക്കളുടെ ഫോട്ടോ കണ്ടാലോ , അവിടുള്ള
ഏതോ ജന്മി കുടുംബങ്ങളിലെ അംഗങ്ങളാണെന്ന് തോന്നിപ്പോകും. ശ്രീ കോവിലിലേക്കുള്ള വരിയില്‍ തൊട്ടടുത്ത് ഇവരൊക്കെ നിന്നാല്‍ മോഷ്ടാക്കളാണെന്ന് സാധാരണക്കാര്‍ ചിന്തിക്കുക പോലുമില്ല. അത്രക്ക് ലുക്കാണ് .
ഒരു ഗുരുവായൂര്‍ സന്ദര്‍ശവേളയില്‍ ഉണ്ടായ
അനുഭവമാണ്. വൈശാഖ മാസമായതിനാല്‍
നല്ല തിരക്കാണ്. മണ്ണ് നുള്ളിയിടാനാവാത്ത അവസ്ഥ . ദര്‍ശനത്തിനുള്ള വരിയാണെങ്കില്‍
മഞ്ജുളാല്‍ത്തറയ്ക്ക് സമീപം വരെ നീണ്ടു വരുന്നുണ്ട്.
ഇതിനിടയില്‍ അമ്മയുടെ ചുമലില്‍ ഉറങ്ങിക്കിടക്കുന്ന ഒരു കൊച്ചുകുഞ്ഞിന്റെ
വളയൂരാന്‍ ശ്രമിച്ച സ്ത്രീയെ തൊട്ടു പുറകില്‍ നിന്നിരുന്ന കുഞ്ഞിന്റെ അപ്പൂപ്പന്‍ കയ്യോടെ പിടികൂടി. നിരപരാധിയാണെന്ന് പറഞ്ഞ് ക്ഷേത്രനടയില്‍ നിന്ന് അലമുറയിടുന്ന , കാഴ്ചയില്‍ആഡ്യത്വം തോന്നുന്ന ആ സ്ത്രീയെ കണ്ട് പാവം തോന്നി ഞാന്‍ വക്കാലത്തുമായി ചെന്നു.
‘ ചേച്ചിക്ക് ഒരു പണിയുമില്ലേ ‘ എന്ന് കൂടെയുള്ള
തൃശൂര്‍ ഫ്‌ലാറ്റിലെ അയല്‍വാസി പറയുന്നുണ്ട്.
‘ഞാനൊരുറിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥനാണ് . എനിക്ക് മനസ്സിലാകും ‘ എന്ന് ഒന്ന് തറപ്പിച്ച് നോക്കിയിട്ട് കുഞ്ഞിന്റെ അപ്പൂപ്പന്‍ ഗൗരവത്തില്‍ പറഞ്ഞു . മോഷണ സംഘത്തിലെ കൂട്ടാളിയായി അന്ന് എന്നെ പിടിച്ച് ചേര്‍ക്കാഞ്ഞത് ഭാഗ്യം.
അവധിക്കാലത്തും ഉത്സവകാലത്തുമൊക്കെ പൂട്ടി കിടക്കുന്ന വീടുകള്‍ കള്ളന്മാര്‍ നോട്ടമിട്ട്
വയ്ക്കും. യാത്ര പോകുമ്പോള്‍ അയല്‍വാസികളെ അറിയിക്കണം. വില പിടിപ്പുള്ള ആഭരണങ്ങളും പണവും പൂട്ടിയിട്ട
വീടുകളില്‍ സൂക്ഷിക്കരുത്. പാസ് വേര്‍ഡുകള്‍
ഒ.ടി പി നമ്പരുകള്‍ തുടങ്ങിയവ മറ്റുള്ളവരുമായി
പങ്ക് വയ്ക്കരുത് . സി. സി ടി വി ക്യാമറകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും
സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിക്കുന്നത്
നല്ലതാണ്. മഴക്കാലം കള്ളന്‍മാരുടെ ചാകര ക്കാലമാണ് . രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ്
വാതിലുകള്‍ ഭദ്രമായി ബന്ധിക്കുവാനും വീടിനു പുറത്ത് വെളിച്ചം ലഭിക്കുന്ന വിധം ലൈറ്റുകള്‍
പ്രകാശിപ്പിക്കുവാനും ശ്രദ്ധിക്കണം.
ടാപ്പ് തുറന്ന് വെള്ളമൊഴുക്കുന്നതും കുഞ്ഞിന്റെ
കരച്ചില്‍ കേള്‍പ്പിക്കുന്നതുമൊക്കെ തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്നും വരുന്ന
തിരുടന്മാരുടെ കലാപരിപാടികളാണ്. വീടിന് വെളിയില്‍ എന്തെങ്കിലും ശബ്ദങ്ങള്‍ കേട്ടാല്‍
വാതില്‍ തുറന്ന് പുറത്തിറങ്ങുന്നത് ജീവന് തന്നെ
അപായമാണ്.
കള്ളന്മാരെ സൃഷ്ടിക്കുന്നത് തടയാന്‍ സമൂഹത്തിനും വിദ്യാലയങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. കുട്ടികളില്‍ ചെറുപ്പം മുതല്‍
സത്യസന്ധത , ധാര്‍മ്മികത , നിയമബോധം, അധ്വാനത്തിന്റെ മഹത്വം എന്നിവ വളര്‍ത്തിയെടുക്കണം. തൊഴില്‍ അവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുകയും ജാഗ്രതയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. സത്യസന്ധതയും
സാമൂഹിക ബോധവും വളരുമ്പോളാണ് സമൂഹവും സുരക്ഷിതമാകുന്നത്.












