LIMA WORLD LIBRARY

അനശ്വരമീ അപാരത – ജയന്‍ വര്‍ഗീസ്

കാല കര്‍മ്മമേ
അണയൂ ജീവിത
താള രൂപമേ
അണയൂ ,
ആദിമ തമസ്സിന്റെ
നാഭിയില്‍ വിരിയുന്ന
താമര മലരിന്റെ
ഇതളുകളായ് !

ആരുടെ മാനസ
ഭാവന വിരിയിച്ച
കാല രഥ ചക്ര
ഘര്‍ഷണങ്ങള്‍
തൂവിയ ദ്രവ്യ,
സമയ, യൂര്‍ജ്ജങ്ങളില്‍
രൂപം ധരിച്ചീ
പ്രപഞ്ച സാരം !

കോടാനുകോടി
യുഗങ്ങളെ പെറ്റിട്ട
രാസ ത്വരക
പരമ്പരകള്‍
ജീവനായ് മാറി
വരാനുള്ള ചിന്തയായ്
ശാശ്വത ബോധ
നിരാമയത്വം !

കാല മഹാ സാഗര –
ത്തിലെ വേര്‍പെട്ട
കേവല തുള്ളി നിന്‍
വര്‍ത്തമാനം.
നാളെ മടങ്ങാന്‍
വിളി വരുമ്പോള്‍
പിന്നെ നീയില്ല
നീയും മഹാസമുദ്രം !

സാരമില്ലൊന്നും
നശിക്കുന്നതില്ലയീ
രൂപ മാറ്റത്തിന്റെ
നാളെകളില്‍
കേവല തുള്ളി -in
യലിഞ്ഞ സമുദ്രമായ്
നാമും പ്രപഞ്ചത്തില്‍
എന്നുമെന്നും !

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px