LIMA WORLD LIBRARY

പന്തിരുകുലപ്പെരുമയുടെ ശ്വാസവേഗം – ഗിരിജാവാര്യര്‍

നടുമുറ്റത്തു ചിതറിവീഴുന്ന മഴനൂലില്‍ ചുണ്ടുചേര്‍ത്തു സ്വകാര്യം പറയുന്ന തുമ്പിയറിഞ്ഞില്ല അടുത്ത നിമിഷമതു പേമാരിയാകുമെന്ന്! മുല്ലത്തറയിലെ ഇലക്കുരുന്നില്‍ സമാധിയിരിക്കുന്ന പുഴുവിനെങ്കിലും ഒന്നോര്‍മ്മിപ്പിക്കാമായിരുന്നു. അതെങ്ങനെ?
സമാധിയുടെ ആത്മനിര്‍വൃതിയില്‍ അഭിരമിക്കുമ്പോള്‍ പുറത്തുള്ള താളങ്ങളൊക്കെയും അന്യമാകുമായിരിക്കും. മഴപ്പെയ്ത്തിന്റെ ആസുരഭാവമലിയിച്ചുചേര്‍ത്ത കാറ്റും അവളെ ശല്യപ്പെടുത്തേണ്ടെന്നു നിനച്ചുകാണും.

പാവം തുമ്പി. തെക്കിനിത്തറയുടെ ഓരംപറ്റിയൊഴുകി നീങ്ങുന്ന വാരാന്തയിലെ വട്ടത്തൂണുകളിലൊന്നില്‍ രാമമന്ത്രമുരുവിട്ട് വടക്കിനിയില്‍ ‘ചാത്ത’മൂട്ടുന്ന പന്തിരുകുലപ്പെരുമയുടെ ശ്വാസവേഗമോര്‍മ്മിച്ച്, ഇരുന്നാല്‍ മതിയായിരുന്നു..

അല്ലെങ്കില്‍ തൂക്കിയിട്ട ഭസ്മക്കൊട്ടയുടെ താഴേക്കുമിഴില്‍, പഴങ്കഥയുടെ ഓര്‍മ്മക്കുറിപ്പ് തൊട്ടെടുത്തപോലെ ശീവോതിപ്പുരയിലേക്ക് കടക്കുന്ന ഓരോലക്കുടയുടെ നരച്ച നിറത്തിനു വേണ്ടി തപംചെയ്ത്…

എന്തേ അതൊന്നും തോന്നിയില്ല??
തോന്നലുകളും ചില അവസ്ഥാന്തരങ്ങളല്ലേ?
ഇന്നീ മഴപെയ്ത്തില്‍ ചിറകൊടിഞ്ഞ്, അടിതെറ്റി..

സമാധിപ്പുഴു ശലഭമാകുമ്പോള്‍ ഒന്നിച്ചു പറക്കാനാവില്ലെന്ന സങ്കടത്തിലവളുരുകി.

(ചിത്രത്തില്‍ പന്തിരുകുലമഹിമ ആവാഹിച്ചെടുത്ത മേഴത്തോള്‍ അഗ്‌നിഹോത്രിയുടെ വേമഞ്ചേരി മനയുടെ അകത്തളം )

 

 

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts