LIMA WORLD LIBRARY

കർക്കിടകം പുലരുകയാണ് – ഗിരിജ ഉദയൻ മുന്നൂർകോഡ്

പണ്ടൊക്കെ കർക്കിടക മാസം തുടങ്ങുന്നതിന്റെ തലേ ദിവസത്തെ സന്ധ്യയിൽ വീട്ടിലെല്ലാവരും നല്ല തിരക്കിലായിരിക്കും. വീട് വൃത്തിയാക്കുന്ന ജോലികൾ തകൃതിയായി നടക്കും. പഴയതും ഉപയോഗശൂന്യമായതുമായ സാധനങ്ങൾ പുറത്തുപോകും. പടിയും തൂണുകളും ഉരച്ചു കഴുകൽ ഒരു വല്ലാത്ത പണി തന്നെയാണ്. പാറകത്തിന്റെ ഇല ഉരച്ചാണ് വൃത്തിയാക്കുക. പിന്നെ വാഴത്തണ്ട് നെടുകെ പൊളിച്ചു അത് വീശി ശബ്ദം ഉണ്ടാക്കി ” ചേട്ടെ പോ.. ചേട്ടെ പോ എന്നൊക്ക പറഞ്ഞു കുഞ്ഞയുടെ പിന്നാലെ പോയതൊക്കെ ഓർമയുണ്ട്. പിന്നെ പത്തിലക്കറി ഉണ്ടാക്കൽ.. അങ്ങനെ പലതും. അടിച്ചുവൃത്തിയാക്കിയ വടുക്കോരത്തും, നെടുമ്പരയിലും, മുറ്റത്തും ചാണകവെള്ളത്തിൽ മുക്കിയ ചൂലുമായി കുഞ്ഞ നടക്കും.

“ചേട്ട പുറത്ത്. ചേട്ടേ പോ ചേട്ടേ പോ, ഭഗവതി അകത്ത്.” ചാണകവെള്ളം തളിക്കുന്നതിനിടയിൽ ഒരു മന്ത്രോച്ഛാരണം പോലെ അമ്മയും, തങ്ക വലിയമ്മയും ഏറ്റുചൊല്ലും. ഞങ്ങൾ പെൺകുട്ടികൾ കൈ നിറയെ മൈലാഞ്ചിയണിയും. വീട്ടിലെ മൈലാഞ്ചി ഇല അരച്ചെടുത്തു കൈനിറയെ നിറച്ചു പൊത്തി പിടിക്കും.കുറെ കഴിഞ്ഞു കഴുകി വൃത്തിയാക്കുമ്പോഴേക്കും കൈകൾ ചുവന്നിരിക്കും. നാപ്പൻ തലയറുത്തു കൊന്ന കോഴി കുഞ്ഞയുടെ കൈയിൽ എത്തിയിരിക്കും.നെടുംപരയിൽ നിന്നും മസാല പുരട്ടിയതിളച്ചു തൂവുന്ന മണം മൂക്കിലൂടെ അടിച്ചു കയറുമ്പോൾ സന്ധ്യാ നാമം ജപിച്ചു പതിനാറ് പതിനാറ് ഇരുന്നൂറ്റിയമ്പത്താറ്ചോറ് ചൊല്ലി എപ്പോഴെങ്കിലും തറവാട്ടിൽ ഉണ്ടാക്കുന്ന ഇറച്ചി കറിക്കായി വായിൽ ഊറുന്ന വെള്ളവുമായി ഞങ്ങൾ കുട്ടികൾ അടുക്കളയിൽ പലകയിട്ടു ഭക്ഷണം കഴിക്കാൻ തയ്യാറായി ഇരിക്കുന്നുണ്ടാകും. കാരണം ഇനി പച്ചക്കറി വിഭവങ്ങൾ മാത്രമേ കുറെ കാലം വീട്ടിൽ വെക്കുകയുള്ളൂ. കർക്കിടക മാസം രാമായണമാസമാണ്. ആ മാസം പച്ചക്കറി മാത്രമാണ് എല്ലാ വീടുകളിലും ഉണ്ടാക്കുക.

കർക്കിടകം പുലരുകയാണ്. ലക്ഷ്മീദേവി എഴുന്നെള്ളിയെത്തുമ്പോൾ വീടും പരിസരവും വൃത്തിയായിരിക്കണം. പഞ്ഞമാസത്തിലെ ബുദ്ധിമുട്ടുകൾ കുറച്ച് ഒരു വർഷം മുഴുവൻ ഐശ്വര്യം ലഭിക്കണമെങ്കിൽ കർക്കിടകപുലരിയിൽ വിരുന്നിനെത്തുന്ന മഹാലക്ഷ്മീ ദേവിയെ സ്വീകരിച്ചാനയിക്കണം.നിലവിളക്കിനു
മുൻപിൽ ദശപുഷ്പങ്ങളും ശുദ്ധജലം നിറച്ച കിണ്ടിയുമൊക്കെ വേണം.
പിന്നെ, കുഴമ്പിന്റെ ഗന്ധവും ആവാഹിച്ചെത്തുന്ന കർക്കിടകക്കാറ്റിൽ രാമായണത്തിന്റെ ചിന്തുകളും ഉണ്ടാകണം.

കൊല്ലവർഷത്തിലെ അവസാന മാസമാണ് കർക്കിടകം. പിരിയുന്ന ഡിസംബറിന്റെ ദുഃഖങ്ങൾ പാടിയവരൊന്നുംതന്നെ കർക്കിടകത്തിന്റെ വേദന അറിഞ്ഞില്ല. ഒടുങ്ങാത്തവിരഹദുഃഖവുമായി സരയുവിന്റെ തീരത്തേക്ക് നടന്നുനീങ്ങിയ ശ്രീരാമചന്ദ്രൻ, അതുകൊണ്ട് തന്നെയായിരിക്കാം ദുഃഖങ്ങൾ സ്വയം ഏറ്റുവാങ്ങിയ ശ്രീരാമചന്ദ്രന്റെ അപദാനങ്ങൾപാടിപ്പുകഴ്ത്തുവാനായി നമ്മൾ കർക്കിടകമാസം തന്നെ തിരഞ്ഞെടുത്തത്.

ചിണുങ്ങി ചിണുങ്ങി ചാറുന്നമഴയ്ക്ക് ശക്തി വർദ്ധിക്കുമ്പോൾ മേടത്തിൽ പാകിയ വിത്തുകൾ മുളച്ച് ഞാറുകളായി മാറിയിരിക്കും. പാടത്തും പറമ്പിലും കാര്യമായ പണിയൊന്നും ആർക്കും ഉണ്ടാവില്ല.കഴിഞ്ഞ ഒരു കൊല്ലത്തെ കഠിനാദ്ധ്വാനത്തിന്റെ ക്ഷീണം കുറക്കുവാനും ഇനി ഒരുവർഷത്തേക്ക് ശരീരത്തെ അരോഗ്യത്തോടെ സംരക്ഷിക്കുവാനുമുള്ള ആയുർവേദ സുഖ ചികിത്സകൾ ആരംഭിക്കും .ആയുർവേദത്തിലെ മരുന്നുകൾ കൂടുതൽ ഫലവത്താകുന്നതും ഈ കാലാവസ്ഥയിലാണ്. അദ്ധ്വാനിക്കാതെ സുഖ ചികിത്സയിൽ കഴിയുമ്പോൾ ഭക്ഷണം ദഹിക്കുവാനും വിഷമമാണ്.
അതുകൊണ്ടാണത്രെ പോഷകഗുണമുള്ള , ദഹിക്കുവാൻ എളുപ്പമുള്ള കർക്കിടക കഞ്ഞി തയ്യാറാക്കുന്നത്..

പണ്ടൊക്കെ രാമായണകഥ വായിച്ചിരുന്നത് കൂടുതൽ സ്ത്രീകളും, വയസ്സായ പുരുഷന്മാരുമാണ്.
കർക്കിടക സംക്രാന്തിയിൽ സൂര്യൻ തന്റെ ദക്ഷിണായനമാരംഭിക്കും. സുഖസുഷുപ്തിയിലാണ്ടുകിടക്കുന്ന പിതൃക്കൾ നിദ്രവിട്ടുണരുന്നത് കർക്കിടകമാസത്തിലെ കറുത്തവാവിനാണത്രെ! അവരുടെ മരിക്കാത്തഓർമ്മകളായി മനസ്സിൽ ജീവിക്കുന്നവർക്ക് സങ്കല്പത്തിലെങ്കിലും പുനർജന്മം നൽകുന്ന ദിവസം. അതും അവർക്കുള്ള നമ്മുടെ മനസ്സിലുള്ള സ്നേഹവും ബഹുമാനവും നൽകാൻ.

അങ്ങിനെ മറ്റൊരു കർക്കിടകമാസം കൂടി എത്തുന്നു. കിളിപ്പാട്ടിന്റെ ശീലുകളിലും തർപ്പണമന്ത്രങ്ങളിലും വിശ്വാസത്തിന്റെ ശക്തി മാത്രമല്ല, കാൽപ്പനികതയുടെ സൗന്ദര്യവുമുണ്ട്. അതാണ് നമ്മുടെ സംസ്കാരം. കർക്കിടകകാറുകൾ നാളെ മുതൽ ഉരുണ്ടുകൂടും. കർക്കിടകത്തിന്റെ സൗന്ദര്യവും, മനസ്സിലേക്കാവാഹിച്ച് തയ്യാറെടുക്കാം,ഈ രാമായണമാസത്തെ സ്നേഹത്തോടെ വരവേൽക്കാൻ.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px