‘ ചന്തിക്ക് ഒരു പെട കിട്ടാത്തതിന്റേതാണ് ‘ ഇത് ഞാൻ എന്റെ കുട്ടിക്കാലത്ത് മുതിർന്നവരിൽ നിന്ന് ഓരോ മിനുട്ടിലും കേൾക്കുന്ന ഭീഷണിസ്വരമാണ്.
മുതിർന്നവർ എന്ന് പറയുമ്പോൾ രക്ഷിതാക്കളെന്നോ അധ്യാപകരെന്നോ ബന്ധുക്കളെന്നോ അയൽവാസികളെന്നോ വഴിപ്പോക്കരെന്നോ വ്യത്യാസമില്ല.
അക്കാലത്ത് ഒരു പരിചയവുമില്ലാത്തവർ പോലും, ഭീഷണിപ്പെടുത്തുകയും, കണ്ണുരുട്ടുകയും, ചന്തിക്ക് നന്നായി പെടക്കുകയും ചെയ്തിട്ടുണ്ട്.
ചെവിപിടിച്ച് തിരിച്ചിട്ടുണ്ട്, തലയ്ക്ക് ചൊട്ട് തന്നിട്ടുണ്ട്, നടുപ്പുറം കലക്കിയിട്ടുണ്ട്. അന്നവർക്കതിന് അവകാശമുണ്ടന്നേ.. ഇന്നോ?
അന്ന് കുട്ടികളെന്നാൽ എല്ലാവരുടെയും കുട്ടികളാണ്, എന്നാൽ ഇന്ന് അങ്ങനെയല്ല!
എന്റെ ഹൈസ്കൂൾ കാലത്താണെങ്കിൽ പ്രദീപൻ മാഷ്, രാജീവൻമാഷ്, ടി.ടി ആർ മാഷ്, എന്നിവരിൽ നിന്നാണ് പെട നന്നായി എനിക്ക് കിട്ടിയത്. എന്നെപോലെ എന്റെ സഹപാഠികൾക്കും..
അധ്യാപകർ ഒട്ടും മനസ്സാക്ഷിയില്ലാത്തവരാണെന്ന് തോന്നിപ്പോവും. കുട്ടികളാണെന്ന പരിഗണനപോലുമില്ലെന്നും.
എനിക്ക് കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നൂ.. സിനിമകിളിലെ ക്രൂര രംഗങ്ങളിൽ ഇരയാക്കപ്പെടുന്നവരുടെ സ്ഥാനത്ത് അധ്യാപകരെ ഭാവനയിൽ കണ്ട്, അവരോടുള്ള പക അവിടെ തീർക്കും. ആ ഭാവനയിൽ സന്തോഷം കണ്ടെത്തും.
പകയും വെറുപ്പും കാത്തുസൂക്ഷിക്കുമ്പോഴും ഇന്നത്തെ കുട്ടികളുടെയത്ര ബുദ്ധിയും വിവരവും വിവേകവും ഇല്ലാത്ത അന്നത്തെ കുട്ടികൾക്ക് അറിയാമായിരുന്നൂ.. തെറ്റിനുള്ള ശിക്ഷയാണെന്നും നന്നാവാൻ വേണ്ടിയാണെന്നും.
യു.പി കാലത്ത് എന്നെയൊരിക്കൽ ഒരു അദ്ധ്യാപകൻ, കുട്ടികളുടെ മുന്നിൽ വെച്ച് തല്ലിച്ചതച്ചിട്ടുണ്ട്, കോളർ പിടിച്ചു വലിച്ചിട്ടുണ്ട്. ബെഞ്ചിൽ കേറ്റിനിർത്തി പാന്റ് പൊക്കി കാലിന് ചൂരൽ കൊണ്ട് പൊതിരെ തല്ലിയിട്ടുണ്ട്. ഒറ്റക്കാലിൽ മിനുട്ടുകളോളം നിലത്ത് കുത്താതെ നിൽക്കാൻ നിർബന്ധിച്ചിട്ടുണ്ട്. നിർത്താതെയുള്ള കരച്ചിൽ കാണാൻ അന്ന് ആരുമുണ്ടായിട്ടില്ല. കൂടെയുള്ള സഹപാഠികൾ പോലും.
ചോരപൊടിയുന്ന കാലുകളുമായി തൊണ്ടപൊട്ടും ഉച്ചത്തിൽ കരയുമെങ്കിലും, കരുവാളിച്ച ശരീരവുമായി വീട്ടിലേക്ക് നടക്കുമ്പോൾ ഞങ്ങളത് മറന്നിട്ടുണ്ടാവും.
ആ മറവി നാളെ മറ്റൊരു തെറ്റിലേക്ക് പ്രേരിപ്പിക്കുകയും താലേ ദിവസത്തെ അടിയേക്കാൾ ഭയാനകമായത് അന്നത്തെ ദിവസം നമ്മളെ കാത്തു നിൽക്കുന്നുമുണ്ടാകും.
ഞങ്ങൾ അന്നത്തെ വേദന സ്കൂളിൽ മാത്രമായി ഒതുക്കീയിരുന്നൂ.. വീട്ടിലെത്തിക്കാൻ ശ്രമിച്ചിരുന്നില്ല, അവരറിഞ്ഞാൽ ബാക്കി അവരുടെ വകയായിരിക്കുമെന്ന ബോധ്യം അവനവനിൽ തന്നെ ഒതുക്കി.
അതുകൊണ്ട് എന്ത് നേട്ടം? നേട്ടം തെറ്റുകളെ തെറ്റുകളായി വളരെ ചെറിയ പ്രായത്തിൽ തന്നെ തിരിച്ചറിയാൻ പഠിച്ചു.
ഇന്ന് ഞാൻ എന്റെ അധ്യാപകരെ കാണുമ്പോൾ ആ ഭയത്തോടെയും ബഹുമാനത്തോടെയും കാണും, രാജീവൻ മാഷിനെയും പ്രദീപൻ മാഷിനെയും ഇന്നും പേടിയാണ്. ഇന്ന് പേടിയും ബഹുമാനവും കലർത്തിയുള്ള നോട്ടത്തിൽ പരിചയം പുതുക്കും. അന്നവരുടെ ശിക്ഷണത്തിൽ വളർന്നതുകൊണ്ട് അച്ചടക്കമുണ്ട്, മുതിർന്നവരോട് ബഹുമാനമുണ്ട്, അക്ഷരങ്ങളെ നെഞ്ചിലേറ്റുന്നുണ്ട്.
പ്രിയപ്പെട്ട അധ്യാപകരെ നിങ്ങളെന്നോട് പൊറുക്കുക!!
ഇത്രയൊക്കെ പറഞ്ഞത്, രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വയറലായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിയെ അദ്ധ്യാപകൻ തല്ലുന്ന വീഡിയോയും അവിടെ എന്താണ് സംഭവിച്ചതെന്ന അധ്യാപകന്റെ വിശദീകരണ വീഡിയോയും ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ്.
കണ്ണിന് കാഴ്ചയില്ലാത്ത അദ്ധ്യാപകൻ ക്ലാസ് എടുത്തുകൊണ്ടിരിക്കെ, അധ്യാപകന്റെ മേശപ്പുറത്ത് കേറിയിരുന്ന് അദ്ദേഹത്തെ പരിഹസിച്ച കുട്ടിയെ മറ്റൊരു അധ്യാപകനാൽ പിടിക്കപ്പെട്ടപ്പോൾ കണ്ണുകാണാത്ത ആ മനുഷ്യൻ വേദനിച്ചു, കാഴ്ചയില്ലാത്ത തന്നെ,, തന്റെ ശിക്ഷണത്തിൽ വളരുന്ന ഒരു കുട്ടി തന്നെ പരിഹസിച്ചല്ലോ.. അത് തനിക്ക് കാണാനും കണ്ടുപിടിക്കാനും കഴിഞ്ഞില്ലല്ലോ എന്ന വേദന, അയാൾക്കത് സഹിക്കാവുന്നതിനുമപ്പുറം ആയിരുന്നൂ.. ആ വേദന അദ്ദേഹം ചന്തിക്ക് നോക്കി പെട കൊടുത്ത് തീർത്തു.
ആരായാലും ചെയ്തുപോവുന്ന പ്രതികരണം!!
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി സ്കൂളിൽ മൊബൈൽ കൊണ്ടുപോയതോ.. ക്ലാസിൽ നിന്ന് കാഴ്ചയില്ലാത്ത ഒരു അധ്യാപകന്റെ പ്രകോപനം നിറഞ്ഞ പ്രഹരം വീഡിയോ ചിത്രീകരിച്ചതോ.. മുൻപ് അവിടെ നടന്ന കാര്യങ്ങൾ വെളിപ്പെടുത്താതെ ആ അധ്യാപകനെ സമൂഹമാധ്യമങ്ങളിൽ വലിച്ചിഴച്ചതോ തെറ്റായി കണ്ടില്ല, പകരം ആ അധ്യാപകന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചു. അദ്ദേഹത്തെ കീറിമുറിച്ച് വന്യമൃഗങ്ങൾക്ക് മുന്നിലിട്ടുകൊടുത്തു.
ഓർക്കുക ഇന്നത്തെ തലമുറയിലെ മക്കൾ അവർ മിടുക്കരാണ് അവരെ കേട് വരുത്തുന്നത് നമ്മൾ രക്ഷിതാക്കളും. ഒപ്പം ഒരു പണിയുമില്ലാതെ ഇരുപത്തിനാല് മണിക്കൂറും റീൽസ് കണ്ട്, റിയാലിറ്റിയിൽ നിന്നും അകന്നുപോയ ഞാനടങ്ങുന്ന വിഡ്ഢികളായ മനുഷ്യരും.
ഗുരുക്കന്മാരോടുള്ള ഭയം ഇല്ലാതായി, ആദരവ് ഇല്ലാതായി, ബഹുമാനവുമില്ലാതായി. പഠിപ്പിക്കുന്ന വിദ്യാർത്ഥികളെ മക്കളെ പോലെ ഉപദേശിക്കാനോ തല്ലി നേർവഴി കാണിക്കാനോ അധ്യാപകർ ഭയപ്പെടുന്നൂ..
മക്കൾ വഴി തെറ്റുമ്പോൾ ആരാണ് ഉത്തരവാദികൾ? മക്കളാണോ ? അതോ നേർവഴികാണാത്ത ഇരുട്ടിലായ ഞാനടങ്ങുന്ന ഈ സമൂഹമോ? പറയൂ..!!












