LIMA WORLD LIBRARY

അർബുദം9 വർഗ്ഗീകരണം – ഡോ. വേണു തോന്നയ്ക്കൽ 

ശരീരത്തിൽ എവിടെയും ഏതു പ്രായത്തിലും ക്യാൻസറുകൾ വരാം. ചോരക്കുഞ്ഞുങ്ങൾ മുതൽ വൃദ്ധജനം വരെ ക്യാൻസറുകളുടെ ഇരകളാണു്. ഒരുപാട് പേരെ മരണത്തിലേയ്ക്ക് കൂട്ടുന്ന ചെലവേറിയ ചികിത്സകൾ ആവശ്യപ്പെടുന്ന ഒരു രോഗമാണിത്. അതുകൊണ്ടാണ് ക്യാൻസർ എന്ന ശബ്ദം പോലും നമ്മെ ഭയവിഹ്വലരാക്കുന്നത്.

ഒരുപാട് തരം ക്യാൻസറുകളെ നാം അറിയും. അവയെ കേൾക്കുകയും വായിച്ചറിയുകയും ചെയ്തിട്ടുണ്ട്. അനുഭവിച്ചിട്ടുളളവരും കൂട്ടത്തിലുണ്ടാവാം. ക്യാൻസറുകളെ കുറിച്ച് തെറ്റായ ധാരണകൾ പുലർത്തുന്നവരും കുറവല്ല. എത്ര തരം ക്യാൻസറുകൾ ഉണ്ടെന്ന് അന്വേഷിക്കുന്നവരും ധാരാളം. ഏത് കലകളിലോ (tissue) അവയവങ്ങളിലോ ക്യാൻസറുകൾ ഉണ്ടാകാമെന്നതിനാലും, പലതിനും ഒന്നിലധികം ഉപവിഭാഗങ്ങളുണ്ടെന്നതിനാലും ഒരു നിശ്ചിത എണ്ണം ക്യാൻസറുകളില്ല. നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നൂറിലധികം വ്യത്യസ്ത തരം ക്യാൻസറുകൾ ഉണ്ടെന്ന് അഭിപ്രായപ്പെടുന്നു. സാധാരണയായി അവ ബാധിക്കുന്ന കോശത്തിന്റെയോ അവയവത്തിന്റെയോ പേരിലാണ് അറിയപ്പെടുന്നത്. തലച്ചോറിലെ മുഴകൾ (brain tumor), സ്തനാർബുദം (breast cancer), ശ്വാസകോശ അർബുദം (lung cancer), പ്രോസ്റ്റേറ്റ് ക്യാൻസർ (prostate cancer), അണ്ഡാശയ അർബ്ബുദം (ovarian cancer), രക്താർബ്ബുദം (Leukemia), ലിംഫോമ (lymphoma), മൈലോമ (Myeloma), എന്നിവയാണുദാഹരണങ്ങൾ.

നൂറിലേറെ തരം അർബ്ബുദ രോഗങ്ങൾ ഉണ്ടെന്ന് പറഞ്ഞല്ലോ. അതിൽ ക്യാൻസറിനെ പല തരത്തിൽ തരം തിരിക്കാം. ഏറ്റവും സാധാരണമായവ രൂപപ്പെട്ട കോശത്തേയോ കലകളേയോ അടിസ്ഥാനമാക്കിയുള്ളതാണ്. അവയാണ് കാർസിനോമകൾ (carcinomas). എപ്പിത്തീലിയൽ ടിഷ്യൂകളിലെ (epithelial tissue) അർബ്ബുദങ്ങൾ ആണത്. അവയവങ്ങളുടെയും ഗ്രന്ഥികളുടെയും പാളിയാണ് എപ്പിത്തീലിയൻ ടിഷ്യു. അവ എല്ലാത്തരം ക്യാൻസറുകളുടെയും ഏകദേശം 80–90 ശതമാനം വരും. സ്തനാർബ്ബുദം, ശ്വാസകോശ അർബ്ബുദം, പൗരുഷ ഗ്രന്ഥിയിലെ അർബ്ബുദം അഥവ പ്രോസ്റ്റേറ്റ് ക്യാൻസർ, സ്ക്വാമസ് സെൽ കാർസിനോമ (squamous cell carcinoma), അഡിനോകാർസിനോമ (adenoma carcinoma),
ബേസൽ സെൽ കാർസിനോമ (basal cell carcinoma), എന്നിവയാണുദാഹരണങ്ങൾ.

അസ്ഥി, തരുണാസ്ഥി (cartilage), പേശി, കൊഴുപ്പ്, രക്തക്കുഴലുകൾ തുടങ്ങിയ ബന്ധിത കലകളിൽ (connective tissue) ( masenchymal tissue) ഉണ്ടാകുന്നതാണ് സാർകോമകൾ (sarcomas). ഓസ്റ്റിയോസാർകോമ (osteosarcoma)(അസ്ഥി), കോണ്ട്രോസാർകോമ (chondrosarcoma) (തരുണാസ്ഥി), ലിപോസാർകോമ (Iiposarcoma) (കൊഴുപ്പ്), ലിയോമിയോസാർകോമ (Ieiomyosarcoma) (പേശി), തുടങ്ങിയ തരം ക്യാൻസറുകളാണ് സാർകോമകൾ.
രക്തം രൂപപ്പെടുന്ന കലകളിലെ, പ്രത്യേകിച്ച് അസ്ഥിമജ്ജയിലെ (bone marrow) ക്യാൻസറുകളാണ് രക്താർബ്ബുദങ്ങൾ അഥവ ലുക്കീമിയ (leukemia). ഇത് അസാധാരണമായ രക്തകോശങ്ങൾ രക്തത്തിൽ പ്രവേശിക്കുന്നതിന് കാരണമാകുന്നു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് രക്താർബ്ബുദം (acute lymphoblastic leukemia) (ALL), അക്യൂട്ട് മൈലോയ്ഡ് രക്താർബ്ബുദം (acute myeloid leukemia) (AML), ക്രോണിക് ലിംഫോസൈറ്റിക് രക്താർബ്ബുദം (chronic lymphocytic leukemia) (CLL), ക്രോണിക് മൈലോയ്ഡ് രക്താർബ്ബുദം (chronic myeloid leukemia) (CML), എന്നിവ ഉദാഹരണങ്ങളാണ്.
ലിംഫറ്റിക് സിസ്റ്റത്തിലെ ക്യാൻസറുകളാണ് ലിംഫോമകൾ. ഹോഡ്ജ്കിൻ ലിംഫോമ (Hodgkin lymphoma), നോൺ-ഹോഡ്ജ്കിൻ ലിംഫോമ (Non-Hodgkin lymphoma) എന്നിവയാണ് രണ്ടു തരം ലിംഫോമകൾ.

ചർമ്മത്തിലെ വർണ്ണകം (pigment) ഉൽപാദിപ്പിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകളിൽ നിന്നാണ് മെലനോമകൾ (melanomas) ഉണ്ടാവുന്നത്. ക്യൂട്ടേനിയസ് മെലനോമയാണ് (cutaneous melanoma) ഉദാഹരണം. അസ്ഥിമജ്ജയിലെ പ്ലാസ്മ കോശങ്ങളിലെ ക്യാൻസറാണ് മൈലോമ (myeloma) ഉദാഹരണം മൾട്ടിപ്പിൾ മൈലോമ (multiple myeloma).

കേന്ദ്ര നാഡീവ്യൂഹ അർബുദങ്ങൾ (central nervous system cancers) (CNS tumors) തലച്ചോറിലോ സുഷുമ്‌നാ നാഡിയിലോ കാണപ്പെടുന്നു. ഗ്ലിയോമ (Glioma), മെനിഞ്ചിയോമ (meningioma), മെഡുള്ളോബ്ലാസ്റ്റോമ (medulloblastoma)
എന്നിവയാണുദാഹരണങ്ങൾ.
ക്യാൻസർ കോശങ്ങളുടെ സ്വഭാവമനുസരിച്ച് ബെനിൻ ട്യൂമറുകൾ (Benign tumors) എന്നും മാലിഗ്നൻ്റ് ടൂമറുകൾ (Malignant tumors) എന്നും വർഗ്ഗീകരിക്കുന്നു. ഉപദ്രവമില്ലാത്തവ അഥവ അർബ്ബുദമില്ലാത്തവയാണ് (non-cancerous)
ബെനിൻ ട്യൂമറുകൾ. അവ പ്രാദേശികവൽക്കരിക്കപ്പെട്ടവയാണ്. ഒരിടത്ത് ഒതുങ്ങിക്കഴിയുന്നു. ഇതര കലകളൈ ആക്രമിക്കുകയോ മെറ്റാസ്റ്റാസ്സിസിന് (metastasis) വിധേയമാവുകയോ ചെയ്യുന്നില്ല.

ഉപദ്രവകാരികളും മാരകവുമാണ് മാലിഗ്നൻ്റ് ടൂമറുകൾ. അവ ചുറ്റുമുള്ള കലകളെ ആക്രമിയ്ക്കുകയും ശരീരത്തിൻ്റെ ഇതര പ്രദേശത്തേയ്ക്ക് പടരുകയും (മെറ്റാസ്റ്റാസിസ് ) ചെയ്യുന്നു.
. ഗ്രേഡ് അനുസരിച്ചും ക്യാൻസറുകൾ വർഗ്ഗീകരിക്കപ്പെടുന്നു. അസാധാരണമായ ക്യാൻസർ കോശങ്ങൾ എങ്ങനെ കാണപ്പെടുന്നുവെന്നും ട്യൂമർ എത്ര വേഗത്തിൽ വളരാനും പടരാനും സാധ്യതയുണ്ടെന്നും ക്യാൻസർ ഗ്രേഡ് വ്യക്തമാക്കുന്നു. മൈക്രോസ്കോപ്പിന് കീഴിൽ ക്യാൻസർ കോശങ്ങളെ പഠിച്ചാണ് കാര്യം ഗ്രഹിക്കുന്നത്. ക്യാൻസർ ടിഷ്യുവിനെ ആരോഗ്യമുള്ള കോശങ്ങളുമായി താരതമ്യം ചെയ്യുന്ന ഒരു പാത്തോളജിസ്റ്റാണ് ഇത് നിർണ്ണയിക്കുന്നത്. ഒരു ക്യാൻസർ എത്രത്തോളം ആക്രമണാത്മകമാണെന്ന് നിർണ്ണയിക്കുന്നതിനും ഗ്രേഡ് നിർണായകമാണ്.
സാധാരണയായി, ഗ്രേഡിംഗ് ഒന്ന് മുതൽ നാല് വരെയാണ്.
ഗ്രേഡ് ഒന്ന് (Low Grade / Well-Differentiated). അർബ്ബുദ കോശങ്ങൾ സാധാരണ കോശങ്ങളുമായി വളരെ സാമ്യമുള്ളതും സംഘടിതവുമാണ്. ഈ ക്യാൻസറുകൾ സാവധാനത്തിൽ വളരുകയും ആക്രമണാത്മകത കുറവുമായിരിക്കും.
ഗ്രേഡ് രണ്ട് (Intermediate Grade / Moderately Differentiated). കോശങ്ങൾ കൂടുതൽ അസാധാരണവും ഗ്രേഡ് ഒന്നിലെ കോശങ്ങളേക്കാൾ ഏതാണ്ട് വേഗത്തിൽ വളരുന്നവയുമാണ്.
ഗ്രേഡ് മൂന്നും നാലും (High Grade / Poorly Differentiated). കോശങ്ങൾ വളരെ അസാധാരണവും ക്രമരഹിതവുമായും കാണപ്പെടുന്നു, കൂടാതെ വേഗത്തിൽ വളരുകയും വ്യാപിക്കുകയും ആക്രമണാത്മകത ഏറിയിരിക്കുകയും ചെയ്യുന്നു.
ഒരു ട്യൂമറിന്റെ വലിപ്പത്തെയും അതിന്റെ യഥാർത്ഥ സ്ഥാനത്ത് നിന്ന് രോഗം എത്രത്തോളം വ്യാപിച്ചിരിക്കുന്നുവെന്നും അർബ്ബുദ ഘട്ടങ്ങൾ അഥവ ക്യാൻസർ സ്റ്റേജിംഗ് (cancer staging) വിശദമാക്കുന്നു. മിക്ക ഖര മുഴകളെയും സ്റ്റാൻഡേർഡ് സ്കെയിൽ ഉപയോഗിച്ച് 0 മുതൽ IV വരെയുള്ള അഞ്ച് പ്രധാന ക്യാൻസർ ഘട്ടങ്ങൾ ആയി തരംതിരിക്കുന്നു.
ഘട്ടം പൂജ്യം (stage o). അസാധാരണമായ കോശങ്ങൾ നിലവിലുണ്ട്, എന്നാൽ സമീപത്തുള്ള ടിഷ്യുവിനെ ആക്രമിച്ചിട്ടില്ല. ഇതിനെ കാർസിനോമ ഇൻ സിറ്റു (carcinoma in situ) (CIS) അല്ലെങ്കിൽ പ്രീ-കാൻസർ (pre-cancer) എന്നും വിളിക്കുന്നു.

ഘട്ടം ഒന്ന് (stage l). കാൻസർ ചെറുതാണ്, അത് പ്രാഥമികമായി ആരംഭിച്ച അവയവത്തിനുള്ളിൽ തന്നെയാവും. അതായത് ശരീരത്തിൻ്റെ ഇതര ഭാഗങ്ങളിലേക്ക് ക്യാൻസർ കോശങ്ങൾ സഞ്ചരിച്ചിട്ടില്ല. മെറ്റസ്റ്റാസ്സിസിന് വിധേയമായിട്ടില്ലയെന്നർത്ഥം.
ഘട്ടം രണ്ട് (stage II). ട്യൂമർ ഘട്ടം ഒന്നിനേക്കാൾ വലുതാണ്. പക്ഷേ ക്യാൻസർ പ്രാഥമിക അവയവത്തിൽ തന്നെയാണ്. ഇത് അടുത്തുള്ള ടിഷ്യുവിലേയ്ക്കോ പ്രാദേശിക ലിംഫ് നോഡുകളിലേയ്ക്കോ വ്യാപിക്കാൻ തുടങ്ങിയിരിക്കാം.
ഘട്ടം മൂന്ന് (stageIII). ട്യൂമർ വലുതാണ്. ചുറ്റുമുള്ള ആഴത്തിലുള്ള ടിഷ്യുകളിലേക്കും പ്രാദേശിക ലിംഫ് നോഡുകളിലേക്കും (lymph nodes) വ്യാപിക്കുന്നു.
ഘട്ടം നാല് (stage IV). ക്യാൻസർ കോശങ്ങൾ മെറ്റാസ്റ്റാസ്സിസിന് വിധേയമായി രക്തത്തിലൂടെയോ ലിംഫറ്റിക് സിസ്റ്റത്തിലൂടെയോ വിദൂര അവയവങ്ങളിലേക്ക് യാത്ര ചെയ്ത് പുത്തൻ ട്യൂമറുകൾ രൂപീകരിക്കുന്നു.

പല ഘട്ടങ്ങളിലും രോഗ നിവാരണം സാധ്യമാണെങ്കിലും സ്റ്റേജ് നാലിൽ എത്തി കഴിഞ്ഞാൽ പിന്നെ അർബ്ബുദത്തിൽ നിന്നൊരു സന്മൂർണ്ണ മോചനം പൊതുവേ അസാധ്യമാണ്. എന്നാൽ ചികിത്സ മൂലം രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താവുന്നതാണ്. അത് ക്യാൻസർ രോഗത്തിൻ്റെ തരം തിരിവ്, രോഗിയുടെ പ്രായം, ആരോഗ്യം, എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px