ഒരു നിലവിളിയുടെ ശബ്ദം പോലെ ഭീതിയുണ്ടാക്കുന്ന കാറ്റ് കാതടപ്പിച്ചു. ആത്മാക്കളുടെ കണ്ണീര് പേമാരിയായി പെയ്ത അമാവാസി.
ആളന്തി എന്ന പവിത്ര ജലാശയം മൂന്ന് നദികളുടെ സംഗമ സ്ഥാനം ആണ്. മഹാരാഷ്ട്രയിലെ പൂനെ യിൽ ആണ് ഈ ദിവ്യ സംഗമം. ഈ ത്രിവേണിയിൽ ബലി തർപ്പണങ്ങളുടെ തിരക്കും ബഹളവും.
ശാന്തമായ ഒഴുക്ക് അല്ല. മറിച്ച് പ്രളയ സാമ്യമുള്ള ഭീതിതമായ ആർത്തലയ്ക്കൽ.
തൃപ്തമല്ലാതെ ഒടുങ്ങിയ ജന്മങ്ങളുടെ പ്രതിഷേധ പ്രകടനം പോലെ.
പൂജാരിമാർക്കു പഞ്ഞമില്ല. കച്ചവടമനോഭാവമാണ് പ്രധാനമായും.
നിറയെ ഭിക്ഷുക്കൾ. ഭിക്ഷാടനങ്ങൾ. മലയാളികൾ ആണ് കൂടുതലും മഹാരാഷ്ട്രയിൽ ബലി തർപ്പണം മറ്റൊരു ദിവസം ആയതുകൊണ്ട് തൊഴാനും കാണാനുമുള്ള ആൾക്കാർ മാത്രം.
ഇത്രയും കാക്കകൾ എവിടെ നിന്ന് എന്ന് തോന്നിക്കും വിധം ആത്മാക്കളെ ആവാഹിക്കാൻ തയ്യാറെടുപ്പോടെ എത്തിയ കാക്കകളുടെ നിര അത്ഭുതമുണ്ടാക്കുന്നു.
ആ ബഹളത്തിൽ ബലിയിടാൻ തോന്നാത്തതുകൊണ്ട് തിരിച്ചു വന്നു
ഫ്ലാറ്റിന്റെ ബാൽക്കണിയിൽ തന്നെ അമ്മയ്ക്കും അച്ഛനും ജ്യേഷ്ഠനും ബലിച്ചോർ ഉരുളകളാക്കി വെച്ചു വിളക്ക് വെച്ചു പ്രാർത്ഥിച്ചു. ഓർമ്മകളുടെ കുത്തിയോഴുക്കിനൊപ്പം കണ്ണുനീരിന്റെ നനവും ചേർന്നു നിന്നു.
നനഞ്ഞകൈകൾ കൂട്ടി കൊട്ടുമ്പോൾ കാക്കകൾക്ക് പകരം കുറച്ചു കഴുകന്മാർ ഇരുണ്ടആകാശത്തിൽ വട്ടത്തിൽ കറങ്ങി. അനുഗ്രഹം ലഭിച്ച ചാരിതാർഥ്യത്തോടൊപ്പം മനസ്സ് ശാന്തമായി. കച്ചവടങ്ങളിൽ പ്പെടാത്ത തനിച്ചുള്ള ബലി തർപ്പണം. കാക്കകൾക്ക് പകരം കഴുകന്മാർ. ഒരു പുതിയ അനുഭവം. പുതിയ വികാരം.
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്ന് ആരോ ചെവിയിൽ മൂളി














“ജാതസ്യ ഹി ധ്രുവോ മൃത്യു:
ധ്രുവം ജന്മ മൃതസ്യ ച
തസ്മാദപരിഹാരാർത്ഥേ
ന ത്വം ശോചിതുമർഹസി!”
എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനെ ഉപദേശിച്ചു. പക്ഷേ, നമുക്ക് ഭഗവാന്റെ വാക്കിനേക്കാളും വില, പൂണൂലിട്ടവരുടെ അർത്ഥമില്ലാത്ത വാക്കുകൾക്കാണ്. ജനിച്ചത് മരണവും മരിച്ചവന് ജനനവും തീർച്ചയാണെങ്കിൽ, ബലിതർപ്പണങ്ങൾ ക്ക് അർത്ഥമുണ്ടോ?
ഒരു ജ്വല്ലറിക്കാരന്റെ പരസ്യംപോലെ, “വിശ്വാസം, അതല്ലേ എല്ലാം”, അല്ലേ?