ഈ പുലരി ആദ്യം നമ്മോട് ചോദിക്കുന്നത് നമ്മുടെ ജീവിതത്തിന് എന്ത് അർഥമുണ്ടെന്നാണ്. വെറുതെ വർഷങ്ങളുടെ കണക്കിൽ ജീവിച്ചു പിൻതള്ളിത്തീർക്കേണ്ടതല്ല ജീവിതം . എത്ര പേരുടെ മുഖത്ത് ചിരി പടർത്താനും ഹൃദയത്തിൽ സന്തോഷം നല്കാനും നമുക്ക് കഴിഞ്ഞു എന്നുള്ളതിന്റെ കണക്കാണ്. അതാണ് വൈക്കം മുഹമ്മദ് ബഷീർ പറയുന്നത്: “ജീവിക്കാൻ വേണ്ടി മാത്രം ജീവിക്കരുത്. മറ്റുള്ളവർക്കു വേണ്ടി കൂടെ ജീവിക്കാനാകണ”മെന്ന് . സ്വന്തം വിശപ്പു മാത്രം പരിഹരിക്കുന്ന ചെറു ജീവിതത്തിൽ നിന്നും അപരന്റെ ഒരു നേരത്തെ വിശപ്പടക്കാൻ കൂടെ നമ്മെ കൊണ്ടാകുമ്പോഴാണ് ജീവിതം വലുപ്പമുള്ളതാകുന്നത്.
നഷ്ടങ്ങളും വേദനകളും ഉണ്ടെങ്കിലും ജീവിതം വീണ്ടും പൂക്കും. ആ പ്രതീക്ഷയാണ് ജീവിതത്തിന്റെ അർഥം. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കിടയിലും മുന്നോട്ടു പോകുന്ന ധൈര്യമാണ് ജീവിതം . ഇന്ന് നമ്മുടെ ജീവിതം കൊണ്ട് ഈ ലോകത്തിന് ഒരു ചെറു നന്മയെങ്കിലും നല്കാനായാൽ നമ്മുടെ ജീവിതം അർഥമുള്ളതായിത്തീരും. ആ അർഥം തേടിയുള്ള ഒരു പുതിയ ദിനമാകട്ടെ ഇന്ന്.
“ഇത്രയും കാലം ജീവിച്ചിട്ടും ജീവിതമെന്താണെന്നറിയില്ല. എന്നാലും
ജീവിക്കണം” (ഭൂമിക്കൊരു ചരമഗീതം)












