മരണം ഒരു സ്വാഭാവിക അനുഭവവും അനിവാര്യമായ പ്രതിഭാസവുമാണ്. എങ്കിലും നാം മരണത്തെ സ്വീകരിക്കാനും അംഗീകരിക്കാനും തയ്യാറല്ല. ഒരു ജീവ ജാതിയും സ്വന്തം മരണം ഇച്ഛിക്കുന്നില്ല.
അപ്പോൾ നമുക്കിടയിലെ ആത്മഹത്യകളോ എന്ന് ചിന്തിച്ചേയ്ക്കാം. ഒരാളെ അത്തരം ഒരു പ്രവർത്തിയിലേക്ക് നയിക്കുന്നത് ഒരു പ്രത്യേക മാനസികാവസ്ഥയാണ്. ജീവിക്കുന്നതിനേക്കാൾ സന്തോഷകരം മരണമാണ് എന്ന ഒരു മാനസിക ഘട്ടത്തിൽ ഒരാൾ മരിക്കാൻ ആഗ്രഹിക്കുന്നു. മരണത്തെക്കാൾ ഖേദകരമായ അവസ്ഥയിൽ ജീവിക്കുന്ന വ്യക്തി മരണം സ്വീകരിക്കുന്നു. അത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്.
നാം മരണം കേൾക്കാനും കാണാനും ആഗ്രഹിക്കുന്നില്ല. ഒരിക്കൽ താനും അത്തരം ഒരു അവസ്ഥയിലേക്ക് ചേരും എന്ന ബോധമാവാം അതിനു കാരണം. സ്വന്തം മരണം മാത്രമല്ല ഇഷ്ടപ്പെടുന്ന ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മരണം കൂടി നാം ആഗ്രഹിക്കുന്നില്ല. ഒരു മരണ വീട്ടിൽ ഒരാൾ അനുഭവിക്കുന്ന മൗനം അത്തരമൊരു മാനസികാവസ്ഥയ്ക്ക് ഉദാഹരണമാണ്.
മരണം വേദനാജനകമാണ്. മരണത്തോടുള്ള ഭയവും ജീവിക്കാനുള്ള അമിതമായ വാച്ഛയും ആവാം ഒരു പക്ഷേ മരണാനന്തര ക്രിയകൾക്കും മരണാനന്തര സങ്കല്പങ്ങൾക്കും കഥകൾക്കും വിളക്കു തെളിച്ചത്. ഒക്കെയും തികച്ചും അന്ധ വിശ്വാസ ജടിലമാണ്. എങ്കിലും അത് ഒരുവന്റെ പ്രത്യേക മാനസികാവസ്ഥയോ വിഭ്രാന്തികളോ ഉണ്ടാക്കുന്ന പ്രതികരണവും ആവാം.
മരണങ്ങൾ പലപ്പോഴും നാം ആഘോഷമാക്കാറുണ്ട്. ചാനലുകളുടെ അതിപ്രസരം മൂലം അവയുടെ നില നിൽപ്പിനായി മരണങ്ങളെ ആഘോഷമാക്കി തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്തി നില നിൽപ്പ് ഉറപ്പിക്കാറുണ്ട്. ജനം അത്തരം ആഘോഷങ്ങൾ ആസ്വദിക്കുന്നത് കൊണ്ടാണല്ലോ ചാനലുകളുടെ അത്തരം ഉത്സവങ്ങൾ വിറ്റഴിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയും ഒട്ടും പിന്നിലല്ല.
ദൃശ്യം പകർത്താൻ എത്തുന്നവർ മരണത്തിൽ നിന്നും ഒരാളെ രക്ഷിക്കാൻ അല്ല, മരണം പകർത്താനാണ് ആഗ്രഹിക്കുന്നത്. എന്തു കൊണ്ട് ഒരാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നില്ല എന്ന് ചോദിച്ചാൽ മരണം പകർത്തുന്നതാണ് തങ്ങളുടെ തൊഴിൽ എന്ന് ഉത്തരം നൽകും. ഒരു മൊബൈൽ ഫോണുമായി മാലോകരെ പകർത്താൻ എത്തുന്നവരും ഇപ്രകാരം തന്നെ പറയും. മരണത്തിലേക്ക് പോകുന്നവർ സ്വന്തം ആൾക്കാരാണെങ്കിൽ ഇപ്രകാരം ചെയ്യുമോ എന്ന് അവരോട് ചോദിയ്ക്കരുത്.
ചില മരണങ്ങളെ ചരിത്രം രേഖപ്പെടുത്താറുണ്ട്. അവരിൽ പലരും രാഷ്ട്ര വികസനത്തിനും പുനർനിർമ്മിതിക്കും ലോക നന്മയ്ക്കുമായി ജീവിച്ചവർ. ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ, രാഷ്ട്രതന്ത്രജ്ഞർ അങ്ങനെ അനവധി പേർ ലിസ്റ്റിലുണ്ടാവും. എത്ര തലമുറ താണ്ടിയാലും നമ്മുടെ മനസ്സുകളിൽ നിന്നും അവരുടെ പേരുകളും നന്മകളും മായുകയില്ല.
നമ്മുടെ ഓർമ്മകളിലേക്ക് തിരുകി എത്തുന്ന പേരുകളിൽ പലതും അനന്ത കാലങ്ങളോളം നില നിൽക്കാൻ യോഗ്യമല്ല. അതൊന്നും നമ്മുടെ ഹൃദയങ്ങളെ തപിപ്പിക്കുന്നവയുമല്ല. ഓർമ്മകൾ ഉണ്ടാക്കാൻ ബുദ്ധിപൂർവ്വമായ ശ്രമങ്ങളാവും അത്തരം പേരുകളിലെ രഹസ്യം.
ഇവരിൽ ഒന്നും പെടാതെ അനവധി പേർ മണ്ണോടൊട്ടി അലിഞ്ഞു പോയിരിക്കുന്നു. നാം അവരെക്കുറിച്ച് ഒരിക്കലും ഓർക്കുന്നേയില്ല. മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയ കർഷക തൊഴിലാളികൾ, മലയിടിഞ്ഞു വീണ് മണ്ണോടമർന്നു ചേർന്നവർ, ഫാക്ടറികളിൽ അപായപ്പെട്ടവർ, കടൽ കയറി ഉറക്കപ്പായോടെ കടലിനൊപ്പം പോയവർ, അങ്ങനെ എത്രയോ ആയിരങ്ങൾ.
ഇവരൊക്കെ ആരാണ്? രാഷ്ട്രത്തിൻറെ പുരോഗതിക്കും വികസനത്തിനും വേണ്ടി അധ്വാനിച്ചവർ.
സ്വന്തം വയറിനും കുടുംബങ്ങളുടെ ഒരു നേരത്തെ അന്നത്തിനും വേണ്ടിയാണവർ അധ്വാനിച്ചത് എന്ന് പറയുമായിരിക്കും. അദ്ധ്വാനത്തിന് പ്രതിഫലവും കൊടുക്കുന്നു.
ശരിയാണ്. പിന്നെ എന്തിനവരെ നാം ഓർക്കുന്നു എന്നല്ലേ. ഒന്ന് ചോദിച്ചോട്ടെ, ഇവരാരും അധ്വാനിക്കുന്നില്ല എന്ന് കരുതുക. എന്താ സംഭവിക്കുക. രാജ്യം നിശ്ചലമാകും. ഭക്ഷണം, ശുദ്ധ ജലം, വസ്ത്രം, പാർപ്പിടം, യാത്രാസൗകര്യങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, അനുഭവിക്കുന്ന മറ്റ് സുഖ സൗകര്യങ്ങൾ, ഇതൊക്കെ എവിടെ നിന്ന് കിട്ടും?
കൈയിലിരിക്കുന്ന നിധി കുംഭങ്ങളോ സ്വർണമോ കറൻസിയോ ഫോർമുലകളോ ഒന്നും നിങ്ങളെ സഹായിക്കില്ല. ഒക്കെയും വിലയില്ലാത്ത മൂല്യമില്ലാത്ത വസ്തുക്കളോ കളിപ്പാട്ടങ്ങൾക്ക് സമാനമോ എന്ന് നിങ്ങൾ തിരിച്ചറിയും.
അധ്വാനിക്കുന്ന സമൂഹമാണ് കൈവശമുള്ള നിധി കുംഭങ്ങളെ മൂല്യവത്താക്കുന്നത്. അവരാണ് ഈ ലോകത്തെ ഉരുട്ടുന്നത്. അവർക്കില്ലാത്ത പ്രസക്തി മറ്റാർക്കാണുള്ളത്. മൂല്യവത്തായത് എന്ന് നാം പറയുന്നവയെക്കാൾ എത്രയോ മൂല്യം ഉള്ളതാണ് അധ്വാനവും അധ്വാനിക്കുന്ന സമൂഹവും.
രാഷ്ട്ര നിർമ്മിതിയിൽ സൂചി ഉണ്ടാക്കുന്ന കൊല്ലന്റെ പ്രാധാന്യം ഒരു നടനുണ്ടോ? സ്പോർട്സ് താരത്തിനുണ്ടോ?
ഇല്ല എന്ന് ഞാൻ പറഞ്ഞാൽ ചിലരെങ്കിലും തർക്കത്തിനെത്താം. ഒരുപാട് ന്യായവാദങ്ങൾ പറഞ്ഞുവെന്നിരിക്കും. അതിനും കാരണമുണ്ട്. നമ്മുടെ മസ്തിഷ്കം കാലങ്ങളായി നിരന്തരം പ്രക്ഷാളന വിധേയമായി കൊണ്ടിരിക്കുന്നു. തൊഴിലാളിയെ തികഞ്ഞ അവജ്ഞയോടെ കാണാനും അവൻറെ അധ്വാനത്തിന് പ്രാധാന്യം കുറച്ചു കാണാനും നാം ശീലിച്ചിരിക്കുന്നു.
രാജാവാണ് സർവ്വാധികാരിയും സർവ്വ ഐശ്വര്യങ്ങളുടേയും നിദാനം എന്ന് രാജാവിൻറെ സിൽബന്ധികളും അടിമ വൃന്ദങ്ങളും നമ്മെ പഠിപ്പിച്ചിരിക്കുന്നു. പിറന്നു വീഴുന്ന നിമിഷം മുതൽ നാം അതു കേട്ട് ശീലിച്ചു. രാഷ്ട്ര നിർമ്മിതിയുടെ അമരക്കാരെ നാം നമ്മുടെ മനസ്സിൽ നിന്നു പോലും പുറത്താക്കി. അവരെക്കുറിച്ച് ഓർക്കാൻ കൂടി നാം മടിക്കുകയോ മറക്കുകയോ ചെയ്യുന്നു. നമ്മുടെ സാമൂഹ്യ ജീവിതത്തിൽ അത്തരത്തിൽ ഒരു അപചയം ഉണ്ടായി. ആഗോള വ്യാപകമായി ആ രോഗം പടർന്നേറി. അത്തരം ഒരു മനോ:വൈകല്യത്തിന്റെ ഉടമകളായി ആധുനികതയുടെയും ശാസ്ത്ര പുരോഗതിയുടെയും ഭാഗമായി നാം ജീവിക്കുന്നു. ജനാധിപത്യത്തിൻറെ ഇക്കാലത്തും നാം മാറിയിട്ടില്ല. ജനം ജനങ്ങളാൽ ഭരിക്കപ്പെടുന്നു എന്നത് പള്ളിക്കൂടങ്ങളിൽ കുട്ടികൾക്ക് ചൊല്ലി പഠിക്കാനായി പാഠ പുസ്തകങ്ങളിൽ എഴുതി പിടിപ്പിച്ച പെരും നുണയായി മനസ്സിലാക്കുന്നു.
ഒരു കൊല്ലൻ മഴു പണിയാതിരുന്നാൽ എന്താണ് സംഭവിക്കുന്നത്? രാജ്യം നിശ്ചലമാവും. പട്ടിണിയും ദാരിദ്ര്യവും ആവും അനന്തര ഫലം.
ഒരു ക്രിക്കറ്റ് താരം കളിക്കാതിരുന്നത് കൊണ്ടോ സിനിമ നടൻ അഭിനയിക്കാതിരുന്നതു കൊണ്ടോ രാജ്യത്ത് ഒന്നും സംഭവിക്കില്ല. കഴിഞ്ഞ കോവിഡ് കാലം നമുക്കതു കാട്ടി തന്നു. അവയൊക്കെയും വിനോദമെന്ന് നാം തിരിച്ചറിയണം. അധ്വാനിച്ച് ക്ഷീണിച്ചവന് ക്ഷീണം മാറ്റി അടുത്ത പ്രഭാതത്തിൽ പണി തുടരാൻ മനസ്സിനെ പ്രാപ്തമാക്കാൻ വെറുമൊരു മാർഗ്ഗം. എന്നാൽ നാം അവയ്ക്ക് നൽകുന്ന പ്രാധാന്യവും പ്രതിഫലവും എത്രയോ വലുതാണ്. അതെന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
വിനോദമെന്നാൽ ആനന്ദലബ്ധിക്കുള്ള മാർഗ്ഗം എന്നല്ല മാലോകരുടെ ജീവനോപാധിയെന്ന് തെറ്റിദ്ധരിക്കുന്നവരുടെ കൂട്ടത്തിലാണ് നാമും ജീവിക്കുന്നത്. വയറു കരിയുന്ന ഗന്ധം മൂക്കിലൂടെ ഊതി വിടുന്നവന് എവിടെ വിനോദം?
മൊബൈൽ ഫോണിനുള്ളിൽ കയറിയിരുന്നു സോഷ്യൽ മീഡിയയിൽ ചാറ്റ് ചെയ്തതു കൊണ്ടോ ടെലിവിഷൻ പെട്ടി തുറന്നിരുന്ന് വിനോദിച്ചത് കൊണ്ടോ നമ്മുടെ വീട്ടിലെ പട്ടിണി ഒഴിയുകയില്ല. വിശപ്പിന് പരിഹാരമാവില്ല.
ചുട്ടു പഴുത്ത ലോഹ പ്രതലത്തിൽ മർദ്ദിക്കുന്ന ഒച്ചയോ ഉലയൂതുന്ന ശബ്ദമോ ഇല്ലാത്ത ഒരു രാഷ്ട്രത്തിൽ എപ്രകാരമാണ് വിശപ്പിന് മറുപടി പറയേണ്ടത്. എന്നാൽ നാം അവർക്ക് നൽകുന്ന പ്രാധാന്യവും പ്രതിഫലവും എത്രയോ ചെറുതാണ്.
യഥാർത്ഥ വജ്രത്തിന്റെ കടുപ്പമറിയാതെ പകരം കാരീയത്തെ പ്രതിഷ്ഠിക്കുന്നു. അധികാരത്തിന്റെ ഇടനാഴികളിൽ ഭരണകൂടങ്ങളുമായി കൈകോർത്ത് മീഡിയ പക്ഷപാതികളാവുന്നു. ഇതൊന്നും കാണാതെ പോകരുത്.
അവർ പടച്ചു വിടുന്നതാണ് ശരി എന്ന് പാഠപുസ്തകങ്ങളിലൂടെയും അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും നാം തെറ്റിദ്ധരിക്കപ്പെടാൻ തക്കവിധം നമ്മുടെ മനസ്സുകളെ ക്രമീകരിക്കുന്നു.
ഇതൊക്കെയും കണ്ട് അവരോട് കാട്ടുന്ന അവഗണനയ്ക്കും ക്രൂരതയ്ക്കും എതിരെ കൊല്ലന്റെ ആത്മാവ് ഗർജിക്കാതിരിയ്ക്കട്ടേ.












