ഇന്ന് കായലിലെ വെള്ളം എത്രകണ്ട് കലങ്ങിമറിഞ്ഞിരിക്കുന്നു മലവെള്ളം നിറഞ്ഞതുപോലെ. ചിങ്ങമാസമാണിത്… തുലാവർഷം നേരത്തെ പെയ്തു തീർക്കാനുള്ള തത്രപാടിലാണ് എത്ര ദിവസമായി മഴ ഇങ്ങനെ ചെയ്യാൻ തുടങ്ങിയിട്ട്? മഴ എന്നും എന്നെ മോഹിപ്പിച്ചിട്ടേ ഉള്ളൂ. ചിലപ്പോൾ മാത്രം വിരസതയും എന്റെ വിചാരങ്ങൾക്കും വി കാരങ്ങൾക്കും പ്രവചനാതീതം.മധുരമുള്ള നൊമ്പരം സമ്മാനിക്കുന്ന കാമുകനെ പോലെ.. ഇന്നു മുതൽകൂട്ടുകാരികൾ ഇല്ലാതെ യാത്ര.. നിന്നെ കുറിച്ച് ഓർത്ത് യാത്ര ചെയ്യാം നിശബ്ദത എന്നോട് മന്ത്രിച്ചു.ആകാശത്തിനു കീഴെയുള്ള എന്തും നിന്നോട് സംസാരിക്കാം നിന്റെ പേര് മഴയെന്നോ? വെയിലെന്നോ.? വാനമെന്നോ.? സാഗരമെന്നോ? സംഗീതമെന്നോ?..
7.45 ന് ജങ്കാർ എത്തി.അതിലേക്ക് കയറുമ്പോൾ ടീച്ചറുടെ ശബ്ദം എന്നെ ഉണർത്തി.. നാളുകൾക്കു ശേഷം കാണുകയാണ് അമൃത സ്കൂളിലെ ടീച്ചർ ചന്ദ്രമതി.. മീൻ ലോറികളും കാറുകളും ബൈക്കുകളുമെല്ലാം റോഡിൽ ഓടുന്നതിനെക്കാൾ വേഗത്തിൽ ജങ്കാറിലേക്ക് കയറുന്നു. ഓരോരുത്തരും തങ്ങളുടെ സ്ഥലം കരസ്ഥമാക്കാനുള്ള തത്രപാടിലാണ് യാത്രക്കാരെ ഇടിച്ചു വീഴ്ത്തുംമട്ടുള്ള ഓടിക്കയറൽ എന്തൊരു ഗമയാണ് ഈ വണ്ടികൾക്ക്? വാഹനങ്ങൾ മാത്രം കയറ്റാനുള്ളതാണല്ലോ ജങ്കാർ ,യാത്രക്കാരെ കയറ്റാനുള്ള അനുവാദമുണ്ടോ? നാളുകളായി ഞാനിതിലെ യാത്രക്കാരിയായി .ജങ്കാർ നീങ്ങി തുടങ്ങി ആകാശം സാക്ഷിയാക്കി നീങ്ങുന്ന യാനപാത്രം യാത്രികന്റെ മനസ്സുമായി വൈപ്പിനിൽ നിന്നും മഹാനഗരത്തിന്റെ തീരത്തേക്ക്… ഇതിനകത്ത് ഇണക്കുരുവികളുടെ സ്വകാര്യം പറച്ചിൽ ..ചിലയിടത്ത് തിരക്കിട്ട് കയറിയവരുടെ ലക്ഷ്യം മറുകരയാണ് ..പാരസ്പര്യത്തിന്റെയും സ്നേഹത്തിന്റെയും കൂട്ടായ്മ ഈ ജങ്കാർ യാത്രയിൽ സന്തോഷം നൽകുന്നു. ചിലർ പ്രഭാത ചിന്തകളിൽ..
30 മിനിറ്റ് കൊണ്ട് ലോകത്തിലെ എല്ലാ കാര്യങ്ങളും പറഞ്ഞു തീർക്കുന്ന മറ്റൊരു കൂട്ടർ.. ആളൊഴിഞ്ഞ മൂലകളില്ലാതെ വാഹനങ്ങളെയും കൊണ്ട് നീങ്ങുകയാണ് ജങ്കാർ.. കപ്പൽ ചാലിലൂടെ ഗുണ്ട് ഐലന്റും ഡൈമൻ കെട്ടും കടന്ന്… മെല്ലെ… മഴതോർന്നില്ലിതുവരെ പളുങ്കുമണികൾ പോലെ കായലിൽ വീണുടയുന്ന മഴതുള്ളികൾ. കായലിൽ മഴ പെയ്യുന്ന കാണാൻ അത്ര ഭംഗിയാണ്..: ജങ്കാർ ഒന്നിളകി. കൈവരിയിൽ മുറുകെ പിടിച്ചു ജങ്കാർ നീയെന്നെ സ്നേഹിക്കുന്നുണ്ടോ നിന്റെ ഇരുമ്പു കൈവഴികളിൽ പിടിച്ചു നിൽക്കുമ്പോൾ പെണ്ണിന്റെ ആത്മാവിനെ അറിയാൻ കഴിയുന്നവനും ജീവിതത്തിന്റെ കരുത്തും ശക്തിയും പകർന്ന് ഒപ്പം നിൽക്കുന്നവനുമായ ഒരു പുരുഷനാണ് നീയെന്ന് എനിക്ക് തോന്നിപ്പോകുന്നു.വെള്ളോട് പോലെ വെട്ടിതിളങ്ങുന്ന കായൽപരപ്പിലൂടെ നിന്റെ പെണ്ണിനെ പോലെകാത്തു സൂക്ഷിച്ച് നീയെന്നെ കൊണ്ടുപോകില്ലേ ?
പേരറിയാത്ത യുവമിഥുനങ്ങൾക്കായി നീഢമൊരുക്കി കാത്തിരിക്കുന്ന ബോൾഗാട്ടിയുടെ തീരത്ത് കൂടെ നിന്റെ കൂടെ നിന്റെ മാറിൽ തല ചായ്ച്ച് ഞാനും സഞ്ചരിക്കട്ടെ! നിന്റെ ഉരുക്കിന്റെ കരുത്തുള്ള ദേഹത്ത് വന്ന് തട്ടി മിഴിയടഞ്ഞ് മടങ്ങുന്ന ഓളങ്ങൾ പോലെ എന്റെ മനസ്സിന്റെ മിഴികളും എന്നേ അടച്ചു ഞാൻ.കത്തി തിളങ്ങാതിരുന്നാൽ കനൽ മരിക്കും പോലെ എന്റെ ആത്മാവിനെ മഴവില്ലാക്കി സഞ്ചരിച്ചവരും എന്നേമണ്ണടിഞ്ഞു ആരെയും സ്നേഹിക്കാതിരിക്കൂ യാനപാത്രമേ ഒരു പക്ഷേ എന്നെ പോലും വെറുപ്പും നിരാശയും ഉയരുന്നത് സ്നേഹത്തിൽ നിന്നാണ്. ഒന്നിനെയും സ്നേഹിക്കാത്തവർ ഒന്നിനെയും വെറുക്കുന്നില്ല. ഇതാ, കരയടുത്ത് കഴിഞ്ഞല്ലോ അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിലേക്ക് നീയെന്നെ വിട്ടയക്കുകയാണ് അല്ലേ? നിന്റെ സ്നേഹതടവറയിൽ നിന്നും വൈകും നേരം വരെ ഒരു മോചനം.അപ്പോൾ നീ വീണ്ടും കാത്തു നില്ക്കും.
ഇവിടെ എന്റെ എന്റെ ഹീറോയെപ്പോലെ. നിന്റെ കൈവരികളിൽ എന്റെ ഹീറോ താളം പിടിക്കാറുള്ള ആ കൈവരികളിൽ ഒന്നു കൂടി തൊട്ടു കൊള്ളട്ടെ. ഇവിടെ കായലിലെ നീല പ്രഭനോക്കി നിൽക്കുമ്പോൾ അവനെന്നെ മൃദുവായി സ്പർശിക്കാറുണ്ട്.പ്രേമത്തിന് അതിർത്തിയില്ല മിത്രമേ. ഒരാളുടെ പ്രേമം തന്നെയാണ് മറ്റൊരാളിലും പ്രസരിക്കുന്നത്.ഇരുവരും പ്രേമപൂർവ്വം സ്പർശിക്കുമ്പോൾ പ്രേമത്തിന്റെ വൃത്തം പൂർണ്ണമാകുന്നു.. മഴ വീണ്ടും ചിന്നം പിന്നം ചെയ്യുന്നു. എന്റെ പോപ്പി കുടയുടെ സുരക്ഷിതത്തിൽ ഞാൻ നീങ്ങട്ടെ. ഭൂതകാലത്തിന്റെ സംഗീതമാണ് ഈമഴ. മഴ ഭ്രാന്തന്റെ അമ്മയാണെന്ന് പറഞ്ഞതാര്? എം.ടി യോ? അതോ സച്ചിതാനന്ദനോ?












